കോഴിക്കോട്: അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ (83) അന്തരിച്ചു. കോഴിക്കോട് കാരപ്പറമ്പ് പൗഷാലിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഹെർമൻഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാരുടെ തറവാടായ കണ്ണൂർ ഊരാച്ചേരിയിലെ പിൻമുറക്കാരനാണ്.

To advertise here,

കോഴിക്കോട് ദേവഗിരി സെന്റ്.ജോസഫ്സ് കോളേജിൽ കാൽനൂറ്റാണ്ടിലേറെക്കാലം ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ചു. വകുപ്പ് മേധാവിയായി വിരമിച്ചശേഷം നിരവധി യാത്രകളും സാംസ്‌കാരികപ്രഭാഷണങ്ങളും നടത്തി. സാഹിത്യം, കല, ചരിത്രം, ദർശനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഒട്ടുമിക്ക മുഖ്യധാരാമാധ്യമങ്ങളിലും പംക്തികളെഴുതിയിട്ടുണ്ട്.

ഇർവിങ്‌സ്‌റ്റോണിന്റെ ലസ്റ്റ് ഫോർ ലൈഫ്, ടാഗോറിന്റെ ശേഷേർ കൊബിത, ശങ്കറിന്റെ ഒജേന ഒജേനാ ബിബേകാനന്ദോ റെമാർക്കിന്റെ ഓൾ ക്വയറ്റ് ഓൺ വെസ്‌റ്റേൺ ഫ്രണ്ട് തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. മിഠായിത്തെരുവും മക്കാണ്ടോയുമാണ് ഏറ്റവും അവസാനമായി ഇറങ്ങിയ പുസ്തകം. സംസ്‌കാരം വൈകിട്ട് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.