സിംഗപ്പൂർ ജനതയുടെ വായനാശീലം തിരിച്ചുപിടിക്കാനൊരുങ്ങി വൻ പദ്ധതികളുമായി സർക്കാർ. ഓരോ വായനയ്ക്കും അർഹമായ് പ്രതിഫലം വാദ്ഗാനം ചെയ്തുകൊണ്ടാണ് പൗരന്മാരെ ഗുരുതരമായ സോഷ്യൽമീഡിയ അഡിക്ഷനിൽനിന്നും മോചിപ്പിക്കാനുള്ള ശ്രമത്തിന് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. സിംഗപ്പൂർ നാഷണൽ ലൈബ്രറി ബോർഡിന്റെ ReadSG എന്ന പഞ്ചവത്സര ദേശീയ വായനാ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

To advertise here,

ദിവസവും നിശ്ചിതസമയം വായനയ്ക്കായി മാറ്റിവെക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് പണം നേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വായനയിലൂടെ പൗരന്മാരിൽ ഏകാഗ്രതയും ചിന്താശക്തിയും ഭാവനയും വർധിപ്പിക്കാനാവുമെന്നാണ് ഈ പദ്ധതിയിലൂടെ സർക്കാറിന്റെ പ്രതീക്ഷ.

സിംഗപ്പൂർ ഗവണ്മെന്റിന്റെ പുതിയ പദ്ധതി പ്രകാരം വായിച്ചു പണം നേടാൻ ആഗ്രഹിക്കുന്നവർ ഗവണ്മെന്റിന്റെ ക്രൗഡ് സോഴ്‌സിംഗ് സൈറ്റ് ആയ CrowdTaskSG എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. ആ വെബ്‌സൈറ്റിലൂടെ പതിനഞ്ചോ അതിലധികമോ മിനിട്ടുള്ള ഒരു ഒരു സെഷൻ പൂർത്തിയാക്കുമ്പോൾ 20 വിർച്വൽ കോയിൻസ് ലഭിക്കുന്നു. ഇത്തരത്തിൽ 1000 നാണയങ്ങൾ ലഭിക്കുമ്പോൾ ഒരു സിംഗപ്പൂർ ഡോളറാകുന്നു. 50 സെഷനുകളിൽ വരെ ഒരാൾക്ക് പങ്കെടുക്കാമെങ്കിലും ഒരു ദിവസം ഒരു ഒരാൾക്ക് ഒരു സെഷൻ മാത്രമാണ് അനുവദനീയം.

ഇത്തരം ചെറിയ തുടക്കങ്ങളിലൂടെ ശക്തമായ ഒരു ശീലം കെട്ടിപ്പടുക്കുക എന്നതാണ് സിംഗപ്പൂർ ഗവണ്മെന്റിന്റെ ലക്‌ഷ്യം.  വായനാശീലം വളർത്താനും സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കാനുമായി നടത്തുന്ന ആകർഷകമായ പതിഫലം നൽകിക്കൊണ്ടുള്ള പദ്ധതികൾ മുൻപും സിംഗപ്പൂർ കൈക്കൊണ്ടിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് സൂപ്പർ മാർക്കറ്റുകളിൽ ക്യാഷ് വൗച്ചറുകളും പ്രൈസുകളും നൽകി ആരോഗ്യസംരക്ഷണത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതികൾ മുമ്പ്‌ സർക്കാർ ആവിഷ്‌കരിച്ചിരുന്നു.

 സോഷ്യൽ മീഡിയയിലെ അമിതമായ സമയം ചെലവഴിക്കൽ നിയന്ത്രിക്കാനായി ഒട്ടുമിക്ക രാജ്യങ്ങളും നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും കുട്ടികളുടെ പല സോഷ്യൽ മീഡിയ ഉപയോഗങ്ങൾക്കും മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. ഈ വിഷയത്തെ കുറിച്ച് പഠിച്ച ഇക്കണോമിക് സർവ്വേ ഓഫ് ഇന്ത്യ ഡിജിറ്റൽ അഡിക്ഷനെ ‘നിശബ്ദ അടിയന്തരാവസ്ഥ’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയും ഈ വിഷയത്തെ നിയമപരമായും ആരോഗ്യപരമായും അക്കാദമികമായും സാമൂഹികമായും നേരിടാൻ തയ്യാറാവുകയാണ്.