ഗ്രന്ഥശാലകൾക്കായ് ഒരു ദിനം...സെപ്തംബർ 14

വായനയെ സ്നേഹിക്കുന്നവരുടെയും സ്നേഹിക്കാത്തവരുടെയും ഉള്ളിൽ ഒരു വായനശാലയെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകും. വായനയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് ആദ്യമായി വായനയുടെ അത്ഭുതലോകം തുറന്ന ഒരിടമായിരിക്കും. ചിത്രകഥകളിലും കുട്ടിക്കഥകളിലും തുടങ്ങി ആലീസിന്റെ അത്ഭുതലോകത്തിലെ പെൺകുട്ടിയെപ്പോലെ വായനയുടെ മുയൽക്കുതിപ്പിന് പിന്നാലെ പാഞ്ഞ ദിനങ്ങളുടെ ഓർമ്മകൾ. ബഷീറിനെയും തകഴിയേയും എം.ടിയെയും എന്നുവേണ്ട ഓർഹൻ പാമുക്കിനെയും മാർക്കേസിനെയും കാഫ്കയെയും വരെ നമ്മുടെ ബന്ധുക്കളാക്കിയ ഒരിടം. നിളയുടെ തീരം മുതൽ വോൾഗയുടെ തീരം വരെ ചിരപരിചിതമായ നാടുകളാക്കിയ ഒരിടം. കൂറകുത്തി കടലാസ് പിന്നിയ പുസ്തകത്താളിൽ കൗമാരം പ്രണയവും പ്രതീക്ഷയും കണ്ടെത്തിയ ഒരിടം. വായനയെ ഇഷ്ടപ്പെടാത്തവരെയും വായനശാലകൾ സ്വാധീനിച്ചിട്ടുണ്ടെന്നത് നിസ്തർക്കമാണ്. എത്രയോ വായനശാലകൾ നമ്മുടെ നാട്ടിൽ ക്ലബ്ബുകളുടെ കൂടി റോൾ ഏറ്റെടുത്തിട്ടുണ്ട്. വായനശാലയുടെ മുറ്റത്ത് കളിച്ചുവളർന്ന, പെട്രോമാക്സിന്റെ വെളിച്ചത്തിൽ നാടകം പരിശീലിച്ച, സന്നദ്ധപ്രവർത്തകരായ ഒരു തലമുറ വിദൂര ഓർമ്മയല്ല. എന്നാൽ ഇന്ന് ആ വായനശാലകളുടെ പ്രവർത്തനങ്ങൾ അത്രമേൽ കാര്യക്ഷമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ കുട്ടിക്കാലത്ത് സജീവമായിരുന്ന ഗ്രാമീണ വായനശാലകൾ ഇന്ന് അത്ര കണ്ട് സജീവമാണോ? കാലത്തിന്റെ മാറ്റങ്ങൾ അവയെയും ബാധിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് വായനശാലകൾക്കായ് ഒരു ദിനം അഥവാ ഗ്രന്ഥശാല ദിനം പ്രസക്തമാകുന്നത്. സെപ്തംബര് 14 ആണ് കേരളത്തിൽ വായനശാല ദിനമായി ആഘോഷിച്ചു വരുന്നത്.
കേരളത്തിന്റെ വായനാസംസ്കാരത്തിനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രമുണ്ട്. 1829-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല അടയാളങ്ങളിലൊന്ന്. തിരുവിതാംകൂർ ഭരണാധികാരി സ്വാതിതിരുനാളിന്റെ കാലത്ത് രാജകുടുംബാംഗങ്ങൾക്കായി ആരംഭിച്ച ഈ ഗ്രന്ഥശാല പിന്നീട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
കാലക്രമേണ വായനയോടുള്ള താത്പര്യം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. നാട്ടിൻപുറങ്ങളിലടക്കം നിരവധി ഗ്രന്ഥശാലകൾ രൂപംകൊണ്ടു. പുസ്തകങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ കൂട്ടായ്മകൾ പിന്നീട് സംഘടിതമായ ഒരു പ്രസ്ഥാനമായി വളരുകയും ചെയ്തു.
1937 ജൂൺ 14-ന് കെ. കേളപ്പന്റെ അധ്യക്ഷതയിൽ കോഴിക്കോട്ട് നടന്ന ഒന്നാം മലബാർ വായനശാലാ സമ്മേളനം ഈ വളർച്ചയിലെ നിർണായക ഘട്ടമായിരുന്നു. സമ്മേളനത്തിൽ ‘മലബാർ വായനശാല സംഘം’രൂപീകരിക്കപ്പെട്ടു. അതേ കാലയളവിൽ കൊച്ചിയിൽ സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിലും ഗ്രന്ഥശാലകളുടെ സംഘടന നിലവിൽ വന്നു.
തിരുവിതാംകൂറിലും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കർ 1945 സെപ്റ്റംബർ 14 ന് ഗ്രന്ഥശാലകളെ ഏകോപിപ്പിക്കുന്നതിനായി അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചുചേർത്തു. ഇതിന്റെ ഭാഗമായി രൂപംകൊണ്ട ‘അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം’ പിന്നീട് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിക്കുന്ന ശക്തമായ പ്രസ്ഥാനമായി വളർന്നു.’വായിച്ചു വളരുക’ എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. 1956-ൽ പ്രസ്ഥാനം കൂടുതൽ കരുത്താർജിക്കുകയും കേരള ഗ്രന്ഥശാലാസംഘം ആവുകയും ചെയ്തു. 1977-ൽ കേരള ഗ്രന്ഥശാലാസംഘത്തെ സർക്കാർ ഏറ്റെടുക്കുകയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ രൂപീകരിക്കപ്പെടുകയും ചെയ്തു. അതിനാലാണ് കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാലാദിനമായി ആചരിക്കുന്നത്. നമ്മുടെയെല്ലാം കുട്ടിക്കാലത്തെ അവിസ്മരണീയമാക്കിയ ഒരു ഗ്രന്ഥശാല ഇപ്പോൾ മനസ്സിൽ തെളിയുന്നുണ്ടെങ്കിൽ ഈ ദിനം ആ ഗ്രന്ഥപ്പുരയെ ഓർക്കാം.
Content Highlights: Significance of September 14 as Grandhasala Dinam in Kerala, Historical evolution of the organized library movement from 1829, Contributions of P.N. Panicker and formation of Kerala State Library Council, Nostalgia and cultural impact of village libraries on generations
Published: 14 Sept 2026, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented