വിതപോലെ, സംഗീതംപോലെ മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചും ഭാവിയിലേക്ക് വഴികാട്ടിയും ആ പ്രതിഭ വാചാലനായപ്പോള്‍ കുട്ടികള്‍ക്കത് പല കാലങ്ങള്‍ കണ്ടുള്ള യാത്രയായി. ശ്രീകുമാരന്‍ തമ്പിയെന്ന മഹാവൃക്ഷത്തിനു ചുവട്ടിലേക്ക് കേരളപ്പിറവി സമ്മാനമായി പുതുവസ്ത്രങ്ങളുമായാണ് കുട്ടികളെത്തിയത്. 'നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ജീവിതമുണ്ടാകട്ടെ, നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാകട്ടെ'യെന്ന് അനുഗ്രഹിച്ച് മലയാളത്തിന്റെ പ്രിയകവി അവരെ സ്വീകരിച്ചു.

To advertise here,

ശ്രീകുമാരന്‍ തമ്പിയുടെ പേയാട് പള്ളിമുക്കിലുള്ള വീട്ടിലാണ് മാതൃഭൂമി അക്ഷരോത്സവ വിളംബരത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികളെത്തിയത്. കേരളം കേരളം..., മലയാളിപ്പെണ്ണേ നിന്റെ മനസ്സ്... തുടങ്ങി തന്റെ മലയാണ്മ നിറഞ്ഞ പാട്ടുകള്‍ പാടിക്കൊണ്ടാണ് ശ്രീകുമാരന്‍ തമ്പി പാട്ടനുഭവങ്ങളിലേക്ക് കടന്നത്. സംഭാഷണത്തിനിടയ്ക്ക് കഥകളിപ്പദങ്ങളും ലളിതഗാനങ്ങളും ഓരോ പാട്ടിനുപിന്നിലെയും കഥകളുമൊക്കെ കടന്നുവന്നു. 1977-ല്‍മാത്രം താന്‍ 37 സിനിമയ്ക്ക് പാട്ടും 12 സിനിമകള്‍ക്ക് തിരക്കഥയും എഴുതുകയും രണ്ടുസിനിമകള്‍ നിര്‍മിക്കുകയുംചെയ്ത കാര്യം പറഞ്ഞപ്പോള്‍ പുതുതലമുറ കണ്ണുമിഴിച്ചു. എംജി കോളേജില്‍നിന്നുള്ള ബിരുദ, പിജി വിദ്യാര്‍ഥികളായ കസ്തൂരി കൃഷ്ണന്‍, ശില്പ എസ്.കെ., ജിജിന്‍ എ., സാനിയ, മാര്‍ ഇവാനിയോസ് കോളേജില്‍നിന്നുള്ള പദ്മ, ദിയ, എവിലിന്‍ എന്നിവരാണ് പ്രിയകവിയുമായി സംവദിച്ചത്.

സാഹിത്യോത്സവം വിളംബരംചെയ്യുന്ന ഉപഹാരങ്ങള്‍ മാതൃഭൂമി ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി. അനില്‍കുമാര്‍ റീജ്യണല്‍ മാനേജര്‍ ആര്‍. മുരളി എന്നിവര്‍ ശ്രീകുമാരന്‍തമ്പിക്ക് കൈമാറി.