സ്വന്തം അമ്മയിലാണ് താൻ ശ്രീനാരായണ ഗുരുവിന്റെ യഥാർത്ഥ ദർശനങ്ങൾ കണ്ടതെന്നു പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭൻ. ‘97-ലെ വെളിച്ചപ്പൊക്കം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഹ മാടായി മോഡറേറ്ററായി.

To advertise here,

ഗുരു പറഞ്ഞതു മുഴുവൻ ജാതിക്കും മതത്തിനുമെതിരേയാണ്. അമ്മ അമ്പലത്തിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല. എന്നുവെച്ച് നിരീശ്വരവാദിയും ആയിരുന്നില്ല. എന്റെ സന്തത സഹചാരിയായ രാമചന്ദ്രന്റെ ജാതി അമ്മ നോക്കിയിരുന്നില്ല.

ഭാര്യ മരിച്ചപ്പോൾ തിരുനെല്ലിയിൽ കർമം ചെയ്തത് രാമചന്ദ്രനായിരുന്നു. എന്റെ കർമവും രാമചന്ദ്രൻ തന്നെ ചെയ്യും. ഭാര്യ എനിക്കൊന്നും വിൽപത്രത്തിൽ എഴുതി വെച്ചിട്ടില്ല, എന്നാൽ, രാമചന്ദ്രന് വലിയ സംഖ്യ എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ആ ഗുണം എനിക്ക് ലഭിച്ചത് അമ്മയിൽ നിന്നാണ്- പദ്മനാഭൻ പറഞ്ഞു. ഇന്ന് ജാതിയില്ലെന്നു പുറമേ പറയുന്ന പലരേയും ചുരണ്ടി നോക്കിയാൽ ജാതി കാണാം. ഞാൻ മരിച്ചാൽ തിരുനെല്ലിയിൽ കർമത്തിന് പോവേണ്ട. തിരുനാവായയിൽ ഇപ്പോൾ പരിപാടി നടക്കുന്ന ഇടത്തേക്കും കൊണ്ടുപോവേണ്ട. അവിടെനിന്ന് വിട്ട് ഒരു സ്ഥലത്ത് രാമചന്ദ്രൻ കർമം ചെയ്യും. അതിന് മുസൽമാനായ എന്റെ സുഹൃത്ത് നേതൃത്വം വഹിക്കും. -അദ്ദേഹം തുടർന്നു.

എന്തുകൊണ്ടാണ് പദ്മനാഭന്റെ കഥകളിൽ ദുഷ്ട കഥാപാത്രങ്ങളില്ലാത്തത് എന്ന ചോദ്യത്തിന് ഈ ലോകത്ത് ദുഷ്ട കഥാപാത്രങ്ങൾ ധാരാളമുണ്ടല്ലോ, ഇനി ഞാനും കൂടി സൃഷ്ടിക്കണോ എന്നായി മറുചോദ്യം.

സമകാലികനായ മറ്റൊരു കഥാകൃത്തിനെ അൽപമൊന്ന് പരിഹസിച്ചുകൊണ്ട് മറ്റൊരു സംഭവം കൂടി അദ്ദേഹം ഓർമിച്ചു. ‘ഒരിക്കൽ മദ്രാസിൽനിന്ന് വരുമ്പോൾ ഷൊർണൂരിൽ വെച്ച്, പിൽക്കാലത്ത് ­കേരളത്തിലെ, ലോകത്തിലെത്തന്നെ പ്രസിദ്ധനായ ­കഥാകൃത്തിനെ കണ്ടു. എന്നേക്കാൾ പ്രായംകൊണ്ടും ആകാരംകൊണ്ടും ചെറുതാണ്. ഞാൻ പറഞ്ഞു, കഥയൊക്കെ ­വായിക്കുന്നുണ്ട്. സ്ത്രീകളുടെ അവയവങ്ങൾ ഒക്കെ കാണാൻ ഭംഗിയുള്ളതാണ്. പക്ഷേ പരമമായ സത്യമല്ല. നമ്മൾ ഉപാസിക്കേണ്ടത് പരമമായ സത്യത്തേയാണ്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. എങ്കിലും ഭക്തൻമാരുടെ എണ്ണം നാൾക്കുനാൾ പെരുകുകയാണ്’-പദ്മനാഭൻ പറഞ്ഞു.