ബെംഗളൂരു: 'ആന്‍ഡ് ദ പ്രൈസ് ഗോസ് ടു ഹാര്‍ട്ട് ലാംപ്... അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് ജൂറി ചെയര്‍മാന്‍ ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ എന്റെ തല കാലിയായിപ്പോയി. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാത്ത അവസ്ഥയായിരുന്നു...' ഒട്ടുമേ പ്രതീക്ഷയില്ലാതെ ലോകസാഹിത്യത്തിലെ ഉന്നതമായൊരു പുരസ്‌കാരം തന്നിലേക്കെത്തിയ നിമിഷത്തെ ഓര്‍ത്തെടുക്കുകയായിരുന്നു കന്നഡ കഥാകാരി ബാനു മുഷ്താഖ്.
ലണ്ടനില്‍ ബുക്കര്‍ സമ്മാനം പ്രഖ്യാപിച്ച നിമിഷം വരെയും അത് തന്റെ പുസ്തകത്തിനായിരിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നെന്ന് അവര്‍ പറഞ്ഞു. പുരസ്‌കാരം സ്വീകരിച്ച് ലണ്ടനില്‍നിന്ന് സ്വന്തം നാടായ കര്‍ണാടകയിലെ ഹാസനിലേക്കുള്ള യാത്രയ്ക്കിടയില്‍ ബെംഗളൂരുവില്‍ ലഭിച്ച സ്വീകരണത്തിലാണ് ബാനു മുഷ്താഖ് ആ അനുഭവം പങ്കിട്ടത്.
Also Read
'ബുക്കര്‍ സമ്മാനം എന്താണെന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്റെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഭാഷയുടെ തടസ്സത്തെ മറികടന്ന് കൂടുതല്‍ ആളുകളിലേക്കെത്തണമെന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ദീപാ ഭസ്തിയെ പരിചയപ്പെട്ട് കഥകള്‍ തര്‍ജമ ചെയ്യാന്‍ ഏല്‍പ്പിച്ചത്. 12 കഥകള്‍ ഇങ്ങനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. അത് പ്രസിദ്ധീകരിക്കാന്‍ പ്രസാധകനെയും കിട്ടി. അതോടെ എനിക്ക് തൃപ്തിയായി.'- ബാനു മുഷ്താഖ് പറഞ്ഞു.
പുസ്തകം പുരസ്‌കാരത്തിന് അയച്ചത് പ്രസാധകരാണ്. പുസ്തകം ബുക്കര്‍ പുരസ്‌കാരത്തിന്റെ ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടെന്ന് പിന്നീടറിഞ്ഞു. ലോങ് ലിസ്റ്റ് എന്താണെന്ന് അന്ന് അറിയുമായിരുന്നില്ല. ഭര്‍ത്താവ് മുഷ്താഖിനും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പമാണ് പുരസ്‌കാരം സ്വീകരിക്കാന്‍ ലണ്ടനിലേക്ക് പോയത്. പുരസ്‌കാരം ലഭിച്ചതോടെ പുസ്തകം കൂടുതല്‍ വിറ്റഴിഞ്ഞു. പ്രസാധകന് ആറു കോടി രൂപയുടെ വ്യാപാരമുണ്ടായതായും അവര്‍ പറഞ്ഞു. കന്നഡ ഭാഷ ലോകത്തിന്റെ ശ്രദ്ധയിലെത്തി. പുസ്തകം ലോകത്തിലെ 35 ഭാഷകളിലേക്കും 12 ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാന്‍ വഴിയൊരുങ്ങി. കഥ സിനിമയാക്കാനും വഴിതെളിഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലെ ഒട്ടേറെ സാഹിത്യോത്സവങ്ങളിലേക്ക് ക്ഷണം ലഭിച്ചു. ബാനു മുഷ്താഖ് പറഞ്ഞു. കന്നഡയില്‍നിന്ന് ആദ്യമായാണ് ഒരു കൃതിക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.
കര്‍ണാടകത്തിലെ മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ ബാനു മുഷ്താഖിന് കര്‍ണാടക കാര്യനിരത പത്രകര്‍തര സംഘമാണ്(കര്‍ണാടക യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്സ്) ബെംഗളൂരുവിലെ ഗാന്ധിഭവനില്‍ സ്വീകരണ പരിപാടി ഒരുക്കിയത്. പ്രസിഡന്റ് ശിവാനന്ദ തകടൂരു, ജി.എല്‍. മോഹന്‍, കെ.വി.പ്രഭാകര്‍, ചന്നഗൗഡര്‍, പദ്മ ശിവമോഗ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Writer Banu Mushtaq speech at Banglore
Published: 29 May 2025, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented