'ഞാന്‍ ജനല്‍പ്പാളികള്‍ വലിച്ചടച്ചു. തിരശ്ശീല വലിച്ചിട്ടു. എന്നിട്ട് മച്ചിലെ വെളിച്ചത്തോട് ചിലപ്പോള്‍ എല്ലാ ആശയും നഷ്ടപ്പെട്ട് അത്രമാത്രം തകര്‍ന്ന ഒരുവനാണ് ഞാനെന്ന് സ്വയം തോന്നുന്നതിനെപ്പറ്റിയുള്ള കഥപറഞ്ഞു.' പോര്‍ച്ചുഗീസ് എഴുത്തുകാരനായ അന്തോണിയോ ലോബു അന്ത്യൂണ്‍സിന്റെ (Antonio Lobo Antunes) പ്രഖ്യാതനോവലായ The Land at the End of the World-ല്‍നിന്നുള്ള ഈ ഭാഗം ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിച്ച കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകളെ സംബന്ധിച്ചും ശരിയാണ്. തന്റെ സമുദായത്തിലെ അനാചാരങ്ങളെ തുറന്നുകാണിക്കുമ്പോഴും ദൈന്യതയാണ് ആ കഥകളുടെ മുഖമുദ്ര.
ഗീതാഞ്ജലി ശ്രീയ്ക്കുശേഷം ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരംനേടിയ ബാനു മുഷ്താഖ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് ജനിച്ചത്. നിയമബിരുദധാരിയും സാമൂഹികപ്രവര്‍ത്തകയുംകൂടിയാണ് അവര്‍. സ്ത്രീവിമോചനത്തിനായുള്ള പ്രതിഷേധസ്വരങ്ങളാണ് അവരുടെ കഥകളില്‍. പക്ഷേ, അപ്പോഴും ബുക്കര്‍ പുരസ്‌കാരസമിതി വിലയിരുത്തുന്നതുപോലെ ദൈനംദിന സ്ത്രീജീവിതത്തിന്റെ ഭംഗികളും ആ കഥകളിലുണ്ട്.
ബുക്കര്‍ പുരസ്‌കാരം ലഭിച്ച Heart Lamp എന്ന കഥാസമാഹാരത്തിലെ ആദ്യത്തെ കഥയാണ് Stone Slabs for Shaista Mahal. പുരുഷന്റെ കപടമായ സ്‌നേഹം, സ്വാര്‍ഥത എന്നിവ ഈ കഥ തുറന്നുകാണിക്കുന്നു. കഥപറയുന്നത് സീനത്ത് എന്ന സ്ത്രീയാണ്. അവര്‍ സ്വന്തം ഭര്‍ത്താവായ മുജാഹിദിനെ വായനക്കാരന് പരിചയപ്പെടുത്തുന്നതിങ്ങനെ: 'മുജാഹിദ് എന്റെ വീട്ടുകാരനാണ്. ഓ, അതു ശരിയല്ല. സ്ത്രീയാണല്ലോ വീട്ടിലിരിക്കുക. ഒരുപക്ഷേ, മുജാഹിദ് എന്റെ ഓഫീസുകാരനായിരിക്കും. ഛെ, എനിക്ക് വീണ്ടും തെറ്റി. ഓഫീസ് എന്റേതല്ലല്ലോ. ഞാനയാളെ യജമാനനെന്നു വിളിച്ചാല്‍ ഞാനൊരു വേലക്കാരിയോ, മൃഗമോ, നായയോ ആയിപ്പോകും.' ബിരുദധാരിയായ അവളെ തുടര്‍ന്നു പഠിക്കാനോ ജോലിക്കുപോകാനോ അയാള്‍ അനുവദിച്ചില്ല. എങ്കിലും ഭര്‍ത്താവ് ദൈവമാണെന്നു വീട്ടില്‍നിന്ന് പഠിപ്പിച്ചുവിട്ടിട്ടുള്ളതിനാല്‍ അയാളെ അനുസരിക്കുകമാത്രം ചെയ്തു, അവള്‍.
വിവാഹംകഴിഞ്ഞ സമയത്ത് അവളുടെ ഇഷ്ടമെന്തെന്ന് അന്വേഷിക്കാതെ അവളെ ആധുനികവസ്ത്രങ്ങള്‍ ധരിപ്പിക്കാനും പുകവലിപ്പിക്കാനുമൊക്കെ അയാള്‍ ശ്രമിച്ചിരുന്നു. വൈകാതെതന്നെ ആ കൗതുകമൊക്കെ അയാള്‍ക്ക് നഷ്ടപ്പെട്ടു. ഒരു സാധാരണ വീട്ടമ്മയായി അയാളവളെ ഒതുക്കി.
കഥ തുടങ്ങുമ്പോള്‍ അവരിരുവരുംചേര്‍ന്ന് മുജാഹിദിന്റെ പരിചയക്കാരനായ ഇഫ്തിഖാറിനെ കാണാന്‍പോവുകയാണ്. വലിയൊരു വീടായിരുന്നു അയാളുടേത്. അയാളും ഭാര്യയായ ഷയിസ്തയും ചേര്‍ന്ന് അവരെ സ്വീകരിച്ചു. ആറുകുട്ടികളുണ്ട് അവര്‍ക്ക്. ഷയിസ്ത ഏഴാമതൊന്നിനെ ഗര്‍ഭംധരിച്ചിരിക്കുകയുമാണ്. കുട്ടികളെ നോക്കാന്‍വേണ്ടി മൂത്തമകള്‍ ആസിഫ പഠനംനിര്‍ത്തി വീട്ടിലിരിക്കുന്നു. ''അവളെന്റെ മകളല്ല, അമ്മയാണ്'' എന്നൊക്കെ ഷയിസ്ത പറയുന്നുണ്ടെങ്കിലും ദയനീയമാണ് അവളുടെ കാര്യം.
സുന്ദരിയായ ഷയിസ്തയെ ഇഫ്തിഖാര്‍ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ്. താന്‍ കൂടുതല്‍ ധനികനായിരുന്നെങ്കില്‍ താജ്മഹല്‍പോലൊന്ന് അവള്‍ക്കുവേണ്ടി പണിതുകൊടുക്കുമായിരുന്നു എന്നയാള്‍ പറയുന്നു. ഭാര്യയോടുള്ള അയാളുടെ സ്‌നേഹംകണ്ട് സീനത്ത് അസൂയപ്പെടുന്നു. പക്ഷേ, താജ്മഹല്‍ മരിച്ചുപോയ സ്‌നേഹത്തിന്റെ സ്മാരകമാണെന്നാണ് മുജാഹിദിന്റെ പക്ഷം. അയാളെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ സ്‌നേഹം അത്രവലിയ കാര്യമൊന്നുമല്ല. അമ്മ മരിച്ചാല്‍ ആ സ്‌നേഹം മറ്റെവിടെനിന്നും ലഭിക്കില്ല. പക്ഷേ, ഭാര്യ ഇല്ലാതായാല്‍ മറ്റൊരു ഭാര്യയെ ലഭിക്കും. അവളില്‍നിന്ന് സ്‌നേഹവും. ഇതുകേട്ട് ഞെട്ടുകയാണ് സീനത്ത്. പക്ഷേ, അവളെ കൂടുതല്‍ ഞെട്ടിച്ചുകൊണ്ട് ഷയിസ്ത മുജാഹിദിന്റെ അഭിപ്രായം ശരിവെക്കുന്നു. സ്ത്രീകളില്‍ത്തന്നെയുള്ള സ്ത്രീവിരുദ്ധതയെയാണ് എഴുത്തുകാരി ലക്ഷ്യമാക്കുന്നത്.
തുടര്‍ന്ന് അവര്‍ പലപ്പോഴും പരസ്പരം ഭവനസന്ദര്‍ശനം നടത്തുന്നു. ഇതിനിടയില്‍ ഷയിസ്ത പ്രസവം അവസാനിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടി സീനത്തിന്റെ അഭിപ്രായം ചോദിക്കുന്നു. തുടര്‍ന്ന് സീനത്ത് പ്രസവിക്കുന്നതിന്റെയും അവള്‍ അതിനുശേഷം സ്വന്തം ആരോഗ്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിനെപ്പറ്റിയും എഴുത്തുകാരി പറയുന്നു. കൂടാതെ സീനത്തിന്റെ അമ്മ അവരുടെ പെണ്‍മക്കള്‍ക്ക് നല്‍കിയ പ്രസവശുശ്രൂഷയുടെയും വിശേഷപ്പെട്ട ഭക്ഷണങ്ങളുടെയും ദീര്‍ഘവിവരണം കഥയില്‍ കാണാം. സമുദായത്തിലെ ആചാരങ്ങളുടെ സവിശേഷതകളെപ്പറ്റിയാണ് ബാനു മുഷ്താഖ് എഴുതുന്നതെങ്കിലും കഥ ചിലപ്പോഴൊക്കെ വഴിതെറ്റിപ്പോകുന്നതായി വായനക്കാരന് തോന്നാനിടയുണ്ട്.
സീനത്തിന്റെ അമ്മ മരിക്കുന്നു. മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് ഷയിസ്തയുടെ നവജാതശിശുവിനെ കാണാന്‍ അവരുടെ വീട്ടിലെത്തുന്ന സീനത്ത് കാണുന്നത് പതിനെട്ടു വയസ്സുമാത്രമുള്ള ഒരു പെണ്‍കുട്ടിയെയാണ്. ഷയിസ്ത മരിച്ചെന്നും കുട്ടികളെ നോക്കാന്‍വേണ്ടി മറ്റൊരു സ്ത്രീയെ താന്‍ വേഗംതന്നെ വിവാഹംകഴിച്ചെന്നും ഇഫ്തിഖാര്‍ അറിയിക്കുന്നു. അയാളോട് സീനത്ത് പറയുന്നതിങ്ങനെ: ''അതു നന്നായി. അവള്‍ക്കുവേണ്ടി നിങ്ങളൊരു ഷയിസ്തമഹല്‍ പണിയുകയോ അവളുടെ ശവക്കല്ലറയ്ക്കുചുറ്റും കല്‍പ്പാളികള്‍ നാട്ടുകയോ വേണമെന്നില്ല. പക്ഷേ, നിങ്ങളുടെ അനശ്വരമായ പ്രണയം അവള്‍ കിടക്കുന്നിടത്തെത്തുകയും അവളെഴുന്നേറ്റ് തിരിച്ചുവരുകയും ചെയ്താല്‍ നിങ്ങള്‍ കുഴപ്പത്തിലാകും.'' പുരുഷന്റെ സ്വാര്‍ഥതയ്ക്കുനല്‍കുന്ന കനത്തപ്രഹരമാണ് സീനത്തിന്റെ വാക്കുകള്‍.
The Shroud എന്ന മറ്റൊരു കഥയിലാകട്ടെ, ധനികയായ സ്ത്രീ ദരിദ്രയായ വേലക്കാരിയോടു കാണിക്കുന്ന അവഗണനയും തുടര്‍ന്ന് അവള്‍ക്കുണ്ടാകുന്ന പശ്ചാത്താപവുമാണ് വിഷയം. ഷസിയ എന്ന സ്ത്രീയോട് ഹജ്ജ്കര്‍മം കഴിഞ്ഞുവരുമ്പോള്‍ ഒരു കഫാന്‍ (മൃതദേഹം മൂടാനുപയോഗിക്കുന്ന വസ്ത്രം) കൊണ്ടുവരാന്‍ വേലക്കാരിയായ യസീന്‍ ബുവാ അപേക്ഷിക്കുന്നു. ഹജ്ജിനുശേഷം തനിക്കാവശ്യമായ വിലയേറിയ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ ഷസിയ അത് മനഃപൂര്‍വം മറക്കുന്നു. വീട്ടിലെത്തുന്ന അവളോട് യസീന്‍ ബുവാ കഫീന്‍ ആവശ്യപ്പെടുമ്പോള്‍ ഷസിയ അവളെ ആട്ടിയോടിക്കുന്നു. യസീന്‍ ബുവാ മരിച്ചതറിയുമ്പോള്‍ തെറ്റിച്ച വാഗ്ദാനത്തിന് പരലോകത്തില്‍ നല്‍കേണ്ടിവരുന്ന വിലയോര്‍ത്ത് വിലപിക്കുകയാണവള്‍.
തുറന്ന എഴുത്താണ് ബാനു മുഷ്താഖിന്റെ ശൈലി. അതുകൊണ്ടുതന്നെ അതിനാടകീയതയിലേക്ക് ചിലപ്പോഴൊക്കെ അത് വഴുതിപ്പോകുന്നുണ്ടെന്നുകൂടി പറയാതിരിക്കാന്‍ വയ്യ.
ഒരു കഥയും ചെറുതല്ലെന്ന, മനുഷ്യാനുഭവത്തിന്റെ ചിത്രപടത്തിലെ ഓരോ നൂലിഴയും അതിന്റെ മുഴുവന്‍ ഭാരത്തെയും താങ്ങുന്നുവെന്ന വിശ്വാസത്തില്‍നിന്ന് പിറന്ന പുസ്തകമാണിത്. നമ്മെ പലപ്പോഴും വിഭജിക്കാന്‍ ശ്രമിക്കുന്ന ലോകത്ത് നഷ്ടപ്പെട്ടുപോയ പവിത്രസ്ഥലിയായി സാഹിത്യം ഇപ്പോഴും തുടരുന്നു. അവിടെ നമുക്ക് മനസ്സുകളില്‍ പരസ്പരം ജീവിക്കാന്‍ കഴിയും, ഏതാനും താളുകളില്‍ മാത്രമാണെങ്കിലും -ബാനു മുഷ്താഖ് പുരസ്കാരവേദിയിൽ പറഞ്ഞു.
ആദ്യവായനയില്‍ത്തന്നെ പ്രിയംതോന്നിയ കൃതി -വിധിനിര്‍ണയ സമിതി
ലണ്ടന്‍: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് 'ഹാര്‍ട്ട് ലാംപ്' ഉള്‍പ്പെടെ ആറുകൃതികളാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഇംഗ്ലീഷ് വായനക്കാര്‍ക്ക് തീര്‍ത്തും പുതിയ അനുഭവമാണ് 'ഹാര്‍ട്ട് ലാംപെ'ന്ന് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനനിര്‍ണയസമിതിയുടെ അധ്യക്ഷന്‍ മാക്‌സ് പോര്‍ട്ടര്‍ പറഞ്ഞു. വിധികര്‍ത്താക്കള്‍ക്ക് ആദ്യ വായനയില്‍ത്തന്നെ പ്രിയംതോന്നിയ പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. നേട്ടത്തെ 'വൈവിധ്യത്തിന്റെ വിജയ'മെന്ന് ബാനു മുഷ്താഖ് വിശേഷിപ്പിച്ചു. പരിഭാഷക ദീപ ഭസ്തിയാണ് 'ഹാര്‍ട്ട് ലാംപി'ലെ കഥകളെല്ലാം തിരഞ്ഞെടുത്തത്. 2022-ല്‍ ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലിന്റെ പരിഭാഷയായ 'ടൂം ഓഫ് സാന്‍ഡി'നായിരുന്നു അന്താരാഷ്ട്ര ബുക്കര്‍.
ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലോ അയര്‍ലന്‍ഡിലോ പ്രസിദ്ധീകരിച്ച നോവലിനോ ചെറുകഥസമാഹാരത്തിനോ ആണ് ഓരോവര്‍ഷവും അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. ചുരുക്കപ്പട്ടികയിലെത്തിയ കൃതികള്‍ക്ക് 5000 പൗണ്ട് വീതം നല്‍കും.
Content Highlights: banu mushtaq heart lamb international bookerprize jayakrishnan vakkolam
Published: 22 May 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented