ന്‍റനാഷണല്‍ ബുക്കര്‍ പ്രൈസ് വേദിയില്‍ വര്‍ണാഭമായ ആ ഇന്ത്യന്‍ സാരി അഭിമാനത്തോടെ നിവര്‍ന്നുനിന്നു, കന്നട എഴുത്തുകാരി ബാനു മുഷ്താഖിനെ പൊതിഞ്ഞുകൊണ്ട്! തന്റെ കഥകളിലൂടെ എന്നും കലഹിച്ച സാമൂഹിക -സാംസ്‌കാരിക അസമത്വത്തോട് ബുക്കര്‍ സമ്മാനവേദിയിലെ ആ അനര്‍ഘനിമിഷത്തിലൂടെ ബാനു മുഷ്താക്ക് പൊറുത്തു, പൊരുത്തപ്പെട്ടു. തന്റെ സ്വതസിദ്ധമായ വിനയവും മൃദുമന്ദഹാസവും എന്നെത്തേയും പോലെ സമൃദ്ധമായി അനുവാചകരിലേക്ക് പകര്‍ത്തിക്കൊണ്ട് ബാനു പറഞ്ഞുതുടങ്ങി:

To advertise here,

''ആദരണീയരായ വിധികര്‍ത്താക്കളേ, സഹഎഴുത്തുകാരേ, ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരേ, എന്റെ സംസ്‌കൃതിയിലെ തന്നെ ഒരു ശൈലിയില്‍ പറയുകയാണെങ്കില്‍ ഒരൊറ്റ വാനത്ത് ആയിരക്കണക്കിന് മിന്നാമിന്നികള്‍ പ്രകാശിച്ചു നില്‍ക്കുന്നതുപോലെയാണ് ഈ നിമിഷത്തെ ഞാന്‍ കാണുന്നത്. അന്തിമപ്പട്ടികയിലെ അസാധാരണമായ ബൗദ്ധിക-സര്‍ഗാത്മകശേഷിയുള്ള എഴുത്തുകാര്‍ക്കൊപ്പം ഈയിടത്തില്‍ നില്‍ക്കുന്നു എന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. മഹത്തായ ഈ പുരസ്‌കാരം ഒരു വ്യക്തിനേട്ടമായിട്ടല്ല സ്വീകരിക്കുന്നത്, മറിച്ച് ഒരുപാട് എഴുത്തുകാര്‍ക്കൊപ്പം ഉയര്‍ത്തിയ ശബ്ദത്തിനുള്ള അംഗീകാരമാണ്.''

ബാനു മുഷ്താഖ് എന്നറിയപ്പെടുന്ന സയ്യിദ ഖുഷ്താര ബാനു, പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമാണ്. ഇന്ത്യയിലെ ചുരുക്കം ചില മുസ്ലീം സ്ത്രീകളാണ് എഴുത്തുകാരികളായി അറിയപ്പെട്ടിട്ടുള്ളത്. അതില്‍ കര്‍ണാടകയെ പ്രതിനിധാനം ചെയ്ത സാറാ അബൂബക്കറും ബാനു മുഷ്താഖും അവര്‍ കൈകാര്യം ചെയ്ത പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ട് സമകാലിക എഴുത്തുകാരില്‍ നിന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തിയവരാണ്. 

ബാനു മുഷ്താഖിന്റെ കഥയെ ആസ്പദമാക്കി ഗിരീഷ് കാസറവള്ളി നിര്‍മ്മിച്ച കന്നഡ ചിത്രം 'ഹസീന' നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം യാഥാസ്ഥിതിക മുസ്ലിം സമുദായത്തിലെ സ്ത്രീജീവിതങ്ങളുടെ നേര്‍പ്പകര്‍പ്പുകളായിരുന്നു. സമൂഹത്തില്‍ അരികുവത്ക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങള്‍ക്കുചുറ്റും തന്റെ അക്ഷരവലയങ്ങള്‍ തീര്‍ത്ത് ജീവസുറ്റ കഥകള്‍ സൃഷ്ടിക്കാന്‍ ബാനുവിന് കഴിഞ്ഞു. കര്‍ണാടകയിലെ ഹാന്‍സയില്‍ താമസിക്കുന്ന ബാനു അറിയപ്പെടുന്ന അഭിഭാഷക കൂടിയാണ്. സാമൂഹിക പ്രതിബദ്ധതപുലര്‍ത്തുന്ന വിവിധ സംഘടനകള്‍ അംഗമായ ബാനു മുഷ്താഖ് അകത്തളങ്ങളിലിരുന്ന് തന്റെ കഥാപാത്രങ്ങളുടെ ജീവിതം ഭാവനയില്‍ വിടര്‍ത്തിയെടുത്ത എഴുത്തുകാരിയല്ല. ബാനുവിന്റെ കര്‍മലോകം വളരെ വലുതാണ്. അതുപോലെ തന്നെ അവരുടെ കഥാപാത്രങ്ങളുടെ ആഴവും!

'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ  കന്നഡ സാഹിത്യം നോക്കുകയാണെങ്കില്‍, എഴുതപ്പെട്ട മുഖ്യധാരാ കഥകളില്‍, പുരോഗമന കന്നഡ സാഹിത്യത്തിലെ ഒരു പ്രമുഖ സ്ത്രീശബ്ദമാണ് ബാനു മുഷ്താഖ്. ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹത്തിലെ പെണ്‍കുട്ടികളും സ്ത്രീകളും ഇവരുടെ കഥകളില്‍ നിറഞ്ഞുനില്‍ക്കുണ്ട്. ഈ കഥകള്‍ അധികാരത്തോട് സത്യം സംസാരിക്കുകയും സമകാലിക സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന ജാതി, വര്‍ഗം, മതം എന്നിവയുടെ പോരായ്മകളെ മുറിച്ചുകടക്കുകയും അഴിമതി, അടിച്ചമര്‍ത്തല്‍, അനീതി, അക്രമം എന്നിവയെ തുറന്നുകാട്ടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. തനിക്കുചുറ്റുമുള്ള പെണ്‍വേദനകളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുന്നതില്‍ ബാനു കാണിച്ച ആത്മാര്‍ഥത പലപ്പോഴും പിതൃമേധാവിത്വ സമൂഹത്തിന് ഭീഷണിയായിരുന്നു. പലപ്പോഴും എതിര്‍പ്പുകളാല്‍ പ്രതിസന്ധിയിലായ എഴുത്തിലെ ആര്‍ജ്ജവം പ്രതിരോധത്തിലും തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

''ഹെജെ മൂടിദ ഹാദി (പാത്ത് ഓഫ് ദി സ്റ്റെപ്പ്ഡ് വണ്‍), ബെങ്കി മളെ(ഫയര്‍ ആന്‍ഡ് റെയിന്‍), എദേയ ഹന തേ ,(ഹാര്‍ട്ട് ലാംപ്) സഫിറ, ബഡവറ മകളു ഹെന്നല്ല(A poor man's daughter is not a woman.), കുബ്ര എന്ന നോവല്‍, ഇബ്ബാനിയാ കാവു എന്ന ലേഖന സമാഹാരം, ''ഒദ്ദേ ബാഗിന ''എന്ന കവിതാസമാഹാരം, ''നിയമ കൃതികള്‍ ' തുടങ്ങിയ കൃതികള്‍ വായനാസമൂഹത്തില്‍ ഏറെ സ്വീകരിക്കപ്പെട്ടവയാണ്. ഉറുദു, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലേക്ക്  
ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 

സ്ത്രീകള്‍ എന്ത് എഴുതണം, എത്രമാത്രം എഴുതണം, എങ്ങനെ എഴുതണം എന്ന് നിര്‍ദ്ദേശിക്കുന്ന സാംസ്‌കാരിക-ബൗദ്ധിക പുരുഷാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് തന്റെ സമൂഹത്തിന്റെ അപൂര്‍ണചിത്രം അവതരിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാതെ, ബാനു നടത്തിയ അക്ഷരസമരങ്ങള്‍ക്കുള്ള അംഗീകാരമാണ് കന്നട സാഹിത്യത്തിന് അവരാല്‍ കൈവന്നിരിക്കുന്ന അന്താരാഷ്ട്ര ബുക്കര്‍പ്രൈസ്. 

ബുക്കര്‍ സമ്മാനത്തിന് അര്‍ഹമായിരിക്കുന്ന ഹാര്‍ട് ലാമ്പ് എന്ന സമാഹാരത്തില്‍ പന്ത്രണ്ട് കഥകളാണ് ഉള്ളടങ്ങിയിരിക്കുന്നത്. മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങളും പ്രതിരോധങ്ങളും ജീവിതസാഹചര്യവും ഈ കഥകള്‍ തുറന്നുപറയുന്നു. ദീപ ഭാസ്തിയാണ് കഥകള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 

കന്നഡ ഭാഷയില്‍ നിന്ന് ബുക്കര്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും അവാര്‍ഡ് നേടുകയും ചെയ്യുന്ന ആദ്യത്തെ കന്നഡ സാഹിതി എന്ന ബഹുമതി ബാനു മുസ്തക് നേടിയിരിക്കുകയാണ്. ഒപ്പം തന്നെ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യന്‍ ചെറുകഥാ സമാഹാരമായി മാറുന്നു, ''ഹാര്‍ട്ട് ലാമ്പ്'.

അന്താരാഷ്ട്ര വനിതാ റേഡിയോ, ദൂരദര്‍ശന്‍ അവാര്‍ഡ് (1999), കര്‍ണാടക വനിതാ എഴുത്തുകാരുടെ അസോസിയേഷന്റെ മികച്ച കവിക്കുള്ള അവാര്‍ഡ് (1999), കര്‍ണാടക വനിതാ എഴുത്തുകാരുടെ അസോസിയേഷന്റെ എച്ച്.വി. അവാര്‍ഡ് എന്നിവയുള്‍പ്പെടെ സാഹിത്യ കൃതികള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി അവാര്‍ഡുകള്‍ ബാനു മുഷ്താഖ് നേടിയിട്ടുണ്ട്. 'സാവിത്രമ്മ ദത്തിനിധി അവാര്‍ഡ് (2000)', കര്‍ണാടക സര്‍ക്കാരിന്റെ 'സാഹിത്യ രാജ്യോത്സവ അവാര്‍ഡ് (2002), 'കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് '(2004), അഖിലേന്ത്യാ ജൈന വനിത മഹാസ്തംഭശാഖ അവാര്‍ഡ് (2004) തുടങ്ങിയവയും ബാനുവിനെ തേടി എത്തിയിട്ടുണ്ട്.