വിശ്വസാഹിത്യത്തെക്കുറിച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്നൊരു സംവാദത്തില്‍ വി.സി ഹാരിസ് ഒരു കുസൃതി ചോദ്യമെയ്യുന്നുണ്ട്- മഹാഭാരതത്തിലും ടോള്‍സ്റ്റോയായിലും സുന്നത്തുകല്യാണമുണ്ടോ എന്നായിരുന്നു അത്. വിശ്വസാഹിത്യമെന്ന ഗണത്തിന്റെയും ആസ്വാദനതലത്തിലെ അനുഭൂതിയുടെ ആപേക്ഷികതയിലേക്കുമാണ് വി.സി ഹാരിസ് നമ്മളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മാര്‍ക്ക കല്യാണവും കുരുത്തോല പ്രദക്ഷിണവും പാശ്ചാത്യമായ നരവംശശാസ്ത്രപരമായ നോട്ടത്തിനു മാത്രം വിധേയമാകേണ്ടതല്ല. ജീവിക്കുന്ന സംസ്‌കാരത്തിന്റെ പകര്‍ച്ചകള്‍ എന്ന നിലയില്‍ അതിന്റെ സാഹിത്യ പ്രതിനിധാനങ്ങള്‍ ജീവിതവ്യവസ്ഥകളുടെ അടയാളപ്പെടുത്തലും അനുഭവവിനിമയങ്ങളിലെ ആവിഷ്‌ക്കാരസംയുക്തങ്ങളുമാണ് (assemblage). സര്‍വലൗകിക മനുഷ്യാവസ്ഥ കേവലവും അതേസമയം കാലാതീതവും ദേശാതീതവുമാണ് അനുഭൂതി എന്നൊക്കെയുള്ള അമൂര്‍ത്ത സങ്കല്‍പനങ്ങളെ മറികടക്കുന്ന സാംസ്‌കാരിക ഭാവുകത്വമാണ് ഇന്ന് ലോകോത്തര പുരസ്‌കാരങ്ങള്‍ക്ക് നിയതമാകുന്നത്. ജീവിക്കുന്ന സംസ്‌കാരത്തിന്റെ അടരുകളാല്‍ സമ്പന്നമായ സാഹിത്യത്തിന്റെ പ്രതിനിധാനത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടാണ് ഈ ഭാവുകത്വപരമായ വ്യതിയാനത്തിനു നിധാനമാകുന്നത്. ലോകത്തിലെ വിവിധ ഭാഷകളിലെ സാഹിത്യരചനകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം. ബാനു മുഷ്താഖിന്റെ കന്നട കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനു അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ മുന്‍ചൊന്ന ഭാവുകത്വപരമായ തിരിച്ചറിവിനെക്കൂടിയാണ് രേഖപ്പെടുത്തുന്നത്.
ഇന്ത്യന്‍ ഭാഷാസാഹിത്യത്തിനു രണ്ടാമത്തെ തവണയാണ് അംഗീകാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന് ഡെയ്‌സി റോക്ക്‌വെല്‍ നിര്‍വഹിച്ച ഇംഗ്ലീഷ് വിവര്‍ത്തനമായ 'Tomb of Sand'നാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2022-ല്‍ ലഭിച്ചത്. 2025-ല്‍ ദീപ ഭസ്തി വിവര്‍ത്തനം ചെയ്ത ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ 'ഹൃദയവിളക്കി'നു (Heart Lamp) ലഭിച്ചപ്പോള്‍ കന്നഡ സാഹിത്യം മാത്രമല്ല സാഹിത്യ സമ്പന്നമായ ഓരോ ഇന്ത്യന്‍ ഭാഷയുമാണ് ആദരിക്കപ്പെട്ടത്. കാരണം 'ഹൃദയവിളക്കി'ലെ കഥകള്‍ കൈകാര്യം ചെയ്തിരിക്കുന്ന ജീവിതാനുഭവലോകങ്ങള്‍ക്ക് സദൃശ്യമായ ആവിഷ്‌ക്കാരസംയുക്തങ്ങള്‍ (assemblage) ജീവിക്കുന്ന ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യത്തിലും കാണുവാന്‍ കഴിയുന്നു എന്നതാണ്. വിശ്വസാഹിത്യം എന്ന പ്രതിഭാസത്തിനു മുന്‍പില്‍ വലിയൊരു മിഴിവോടെയാണ് ഇന്ത്യന്‍ ഭാഷകളിലെ ന്യൂനസാഹിത്യം (minor literature) നിലകൊള്ളുന്നത്
സുന്നത്തുകല്യാണം മുഖ്യപ്രമേയമായി വരുന്ന ബാനു മുഷ്താഖിന്റെ 'ചുവന്ന ലുങ്കി' (Red Lungi) എന്ന കഥ മാത്രമല്ല, Heart Lamp എന്ന കഥാസമാഹാരത്തിലെ മറ്റു ചില കഥകളെങ്കിലും ബഷീറിന്റെ കഥകളെ ഓര്‍മിപ്പിക്കും. 'ചുവന്ന ലുങ്കി' എന്ന മൊഴിമാറ്റവും ശ്രദ്ധേയമാണ്. വിവര്‍ത്തനം ചെയ്യുമ്പോള്‍ കൂടുതല്‍ സുപരിചിതമായ വാക്ക് ഉപയോഗിക്കുന്നത് സംവേദനത്തിനു ഉപകരിക്കുമെന്നുള്ളതിനാല്‍ 'ലുങ്കി' എന്നതിന് പകരം 'ധോത്തി' എന്ന് ഉപയോഗിക്കാമായിരുന്നു, വസ്ത്രത്തെ മാത്രം ദ്യോതിപ്പിക്കുവാനാണെങ്കില്‍. എന്നാല്‍, ലുങ്കിയല്ല ധോത്തി. സമാനതകളില്ലാത്ത സാംസ്‌കാരികമായ വലിയ വ്യത്യാസമുണ്ട് രണ്ടു വാക്കുകളും തമ്മില്‍. ലുങ്കി സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു. ചുവന്ന ലുങ്കി സംസ്‌കാരത്തിന്റെ ഉള്ളടരുകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ആവിഷ്‌കൃതമാകുന്ന ജീവിതാനുഭവത്തെ പുറമേ നിന്നും വീക്ഷിക്കാനല്ല അകത്തു നിന്നും അനുഭവപ്പെടുത്താനാണ് വിവര്‍ത്തനം വാതില്‍ തുറക്കുന്നത്. ദീപ ഭസ്തിയുടെ കന്നടത്തില്‍ നിന്നും ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റത്തെ 'റാഡിക്കല്‍' വിവര്‍ത്തനമെന്നാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാന ജൂറി വിശേഷിപ്പിച്ചിരിക്കുന്നത്. റാഡിക്കല്‍ എന്നതിനു മൗലികം എന്നര്‍ത്ഥമാണ് ഇവിടെ പ്രാധാന്യം.
'ചുവന്ന ലുങ്കി' തെക്കന്‍ കര്‍ണാടകത്തില മുസ്ലിം ജീവിതത്തിന്റെ സൂക്ഷ്മ അടരുകളിലേക്ക് ഭാഷയെ വ്യാപനം ചെയ്യുന്നു. കാല്പനിക നിറപ്പകര്‍ച്ചയായല്ല ന്യൂനപക്ഷ ജീവിതം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ന്യൂനപക്ഷാത്മകത ജീവിത പ്രതിപാദനത്തിന്റെ ഓരോ അടരുകളിലും അനുഭവവേദ്യമാകുന്നത് ഈ ജീവിതസ്ഥലങ്ങളില്‍ അധികാരത്തില്‍ പങ്കാളിത്തം എന്ന നിലയില്‍ തീര്‍ത്തും ന്യൂനപക്ഷമായ ഉമ്മമാരും ഭാര്യമാരും കുഞ്ഞുങ്ങളുടെയും ലോകമാണ്. ഇതിലെ മുഖ്യ ആഖ്യാതാക്കള്‍ അവരാണ്. അവരുടെ കാഴ്ചപ്പാടില്‍ അല്ലെങ്കില്‍ അവരുടെ വീക്ഷണത്തെ പ്രതിബിംബിക്കുന്ന കാഴ്ചപ്പാടിലൂടെയാണ് ഓരോ കഥയും പ്രതിപാദനം ചെയ്യപ്പെടുന്നത്. 'ചുവന്ന ലുങ്കി'യില്‍ പ്രമേയമാക്കിയിരിക്കുന്നത് ഒരു അവധിക്കാലത്തു കുട്ടികള്‍ക്ക് സുന്നത്തു കര്‍മം നിര്‍വഹിക്കുന്ന മതപരമായ ചടങ്ങിനെക്കുറിച്ചാണ്. ഈ കഥയിലൂടെ ബാനു മുഷ്താഖ് ആവിഷ്‌ക്കരിച്ചിരിക്കുന്നതോ മത ജീവിതവ്യവസ്ഥയിലുള്ള വര്‍ഗപരമായ അസമത്വങ്ങളെയും. വര്‍ഗപരമായ വ്യത്യാസങ്ങള്‍ പരിചരിക്കപ്പെടുന്ന രീതിയില്‍ ജീവിതത്തിന്റെ വിസ്മയങ്ങളും സര്‍വലൗകികമെന്നു പറയാവുന്ന ബന്ധവൈചിത്ര്യങ്ങളും വൈകാരിക തലങ്ങളും അനാവരണം ചെയ്യപ്പെടുന്നു. മുസ്ലിം കുടുംബങ്ങളിലെ ബന്ധുജന ബാഹുല്യം രസകരമായി ഓരോ കഥയിലും കാണാം. മധ്യവര്‍ഗ അണുകുടുംബ ജീവിതത്തെ അഭിലഷിക്കുന്ന യുവതികള്‍ ഈ കഥകളിലുണ്ടെങ്കിലും അവര്‍ ഒരു വിപുലമായ കുടുംബവ്യവസ്ഥയുടെ ഭാഗമായാണ് നിലകൊള്ളുന്നത്. കൂട്ടായ ആഹ്‌ളാദത്തിന്റെയും പലപ്പോഴും ഒറ്റപ്പെടലിന്റെയും ഏകാന്തയുടേയുമൊക്കെ വ്യക്തിഗത അനുഭവങ്ങള്‍ ഇതില്‍ പ്രതിപാദ്യമാകുന്നുണ്ട്.
'ഹൃദയവിളക്ക്' എന്ന കഥയില്‍ പുരുഷാധിപത്യ വ്യവസ്ഥ നിസ്സഹായയാക്കിയ മെഹ്റൂണിന്റെ സങ്കടജീവിതമാണ് പറയുന്നത്. പക്ഷേ, നിസ്സഹായാവസ്ഥയിലും വലിയ സ്‌നേഹമാണ് അവരെ ജീവിതത്തോട് അടുപ്പിച്ചുനിര്‍ത്തുന്നത്. സ്‌നേഹം പകര്‍ന്നു തരുന്നത് മകളും. ഉമ്മയും മകളും തമ്മിലുള്ള വ്യതിരിക്തമായ ബന്ധവും ഈ കഥയില്‍ പ്രകടമാകുന്നുണ്ട്. മെഹ്റൂണ്‍ ഭര്‍ത്താവിനാല്‍ തിരസ്‌കൃതയാകുമ്പോള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങാനാണ് സ്വന്തം ഉമ്മ ആവശ്യപ്പെടുന്നത്. അതേസമയം, മെഹ്റൂണിന്റെ മകള്‍ അവളുടെ ഉമ്മയുടെ നിസ്സഹായാവസ്ഥയിലും ഹതാശമായി തീര്‍ന്ന ജീവിതത്തോട് അനുതാപപ്പെട്ടു ഉമ്മയെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പാരമ്പരാഗതമായ മതജീവിതസന്ദര്‍ഭങ്ങളില്‍ പുരുഷ മേല്‍ക്കോയ്മയുടെയും സ്ത്രീകളോടുള്ള അവഗണനയെയും നിര്‍വികാരമായ പ്രതികരണങ്ങളിലൂടെ കാണിച്ചുതരുന്നു. നിസ്സഹായാവസ്ഥയിലും വിധേയപ്പെട്ടു എല്ലാ വിട്ടുകൊടുക്കാനുള്ള വിമുഖതയാണ് ഈ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ പോരാളികളാക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ക്കോ ആണ്‍കോയ്മയുടെ തിട്ടൂരങ്ങള്‍ക്കോ കീഴടങ്ങുന്നവരല്ല ബാനു മുഷ്താഖിന്റെ കഥാനായികമാര്‍. അവര്‍ ഓരോ അളവിലും പ്രതിരോധിക്കുകയാണ് - ചിലപ്പോള്‍ സാമാന്യ യുക്തി ഉപയോഗിച്ചുകൊണ്ടും ചിലപ്പോള്‍ മതപരമായ വ്യവസ്ഥകള്‍ ഉദ്ധരിച്ചുകൊണ്ടും ചിലപ്പോള്‍ തികച്ചും നിസ്സംഗമായ പ്രതികരണങ്ങളിലൂടെയും.
ഫെമിനിസ്റ്റ് ജീവിത വീക്ഷണം സാമൂഹ്യ വിമര്‍ശനമായി ആവിഷ്‌കൃതമാകുന്ന കഥയാണ് 'പ്രഭുവേ, നീയൊരിക്കല്‍ പെണ്ണായിരുന്നെങ്കില്‍' എന്ന കഥ. പ്രഭു എന്നാണ് കഥയില്‍ ദൈവത്തെ അഭിസംബോധന ചെയ്യുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ പരിപൂര്‍ണമായും ഒറ്റപ്പെടുന്ന, സാമ്പത്തികമായി അരക്ഷിതാവസ്ഥയിലാകുന്ന കഥാപാത്രങ്ങളെ ബാനു മുഷ്താഖിന്റെ കഥകളിലെ സവിശേഷ സാന്നിധ്യമാണ്. അങ്ങനെയുള്ള ഒരു ഉമ്മയാണ് ഇക്കഥയിലെ ആഖ്യാതാവ്. എം.എന്‍ കാരശ്ശേരിയുടെ 'ഉമ്മമാരുടെ സങ്കട ഹര്‍ജി' എന്ന തലക്കെട്ടിനെ ഓര്‍മിപ്പിക്കുന്നു. പക്ഷേ, ഇവിടെ സങ്കടഹര്‍ജി പരമകാരുണികനായ ദൈവത്തോടാണ്. ഇഹലോകത്തില്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദൈന്യതയും ജീവിതപ്രാരാബ്ധങ്ങളും ഒന്നൊന്നായി പറഞ്ഞുകൊണ്ടും ദൈന്യതയെ ചൂഷണം ചെയ്യുന്ന മതചട്ടക്കൂടുകളെ ചോദ്യം ചെയ്തുമാണ് പ്രഭുവിനോട് സ്ത്രീയുടെ വേദനയറിയാന്‍ ഒരു പെണ്ണായിക്കൂടെ എന്ന സങ്കട ഹര്‍ജി ബോധിപ്പിക്കുന്നത്, മതത്തിന്റെ പേരില്‍ അനുശാസനകള്‍ അടിച്ചേല്‍പ്പിക്കുന്ന ആണധികാരികളെ തീര്‍ച്ചയായും ഈ കഥ അലോസരപ്പെടുത്തും. ബാനു മുഷ്താഖിനെതിരേ മതപരമായ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ തുനിഞ്ഞതിനു മറ്റു കാരണം കണ്ടെത്തേണ്ടതില്ല.
ബാനു മുഷ്താഖിന്റെ കഥകളില്‍ മുഖ്യമായും പ്രമേയവല്‍ക്കരിക്കപ്പെടുന്ന ഒന്നാണ് മതത്തിനകത്തുള്ള ജീവിതം. ഈ കഥകളൊന്നും മതനിഷേധമോ മതനിരാസമോ ആവിഷ്‌ക്കരിക്കുന്നവയല്ല. മതപരമായ അനുശാസനകളും മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്പിക്കപ്പെടുന്നതുമായ നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ മതപരമായ വ്യഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങളുമാണ് കഥകളില്‍ പ്രതിപാദ്യമാകുന്ന പ്രധാന വിഷയം. പുരുഷാധിപത്യപരമായ തീരുമാനങ്ങള്‍ പലപ്പോഴും സാധൂകരിക്കപ്പെടുന്നത് മതപരമായ കീഴ്‌വഴക്കങ്ങളെ മുന്‍നിര്‍ത്തിയാണ്. ഓരോ കഥകളിലും ഇഴചേര്‍ന്നു നില്‍ക്കുന്ന ദക്ഷിണ കന്നഡയിലെ മത സംസ്‌കാരം വളരെ ഹൃദ്യമായ അനുഭവമാകുന്നു. ബന്ധുക്കളുടെയും അടുപ്പക്കാരുടെയും നിറസാനിധ്യം ഇക്കഥകളിലെ ജീവിതപരിസരത്തിനു മേളനത്തിന്റെ പ്രതീതിയും നല്‍കുന്നു. വേഷം, ഭാഷ, ഭക്ഷണം - മതജീവിതവ്യവസ്ഥയുടെ ഉള്‍തളിരുകളെയാണ് കഥയില്‍ സ്പര്‍ശനീയമാകുന്നത്.

'അറബിക്ക് ടീച്ചറും ഗോബി മഞ്ചൂരിയനും' എന്ന രസകരമായ കഥയുണ്ട് ഇൗ സമാഹാരത്തില്‍. കഥയിലെ ആഖ്യാതാവ് ബാനു മുഷ്താഖിനെ പോലെയുള്ള ഒരു തിരക്കുള്ള അഭിഭാഷകയാണ്. അതേസമയം, കുടുംബത്തിലെ ഓരോ കാര്യത്തിന്റെയും ഉത്തരവാദിത്തവുമുണ്ട് അവര്‍ക്ക്. പതിനാറും പന്ത്രണ്ടും വയസ്സുള്ള പെണ്‍മക്കള്‍ക്ക് വീട്ടിലിരുന്ന് മത വിദ്യാഭ്യാസം നല്‍കാനായി ഒരു അറബി അധ്യാപകനെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ്. അനിയന്‍ ഇമാദിനോടാണ് ഈക്കാര്യം പറയുന്നത്. ഇമാദ് ഒരു അറബി അധ്യാപകനെ തപ്പിപ്പിടിച്ചു കൊണ്ടുവരികയാണ്. അയാള്‍ പക്ഷേ, കന്നഡിഗനല്ല ഉത്തരപ്രദേശക്കാരനാണ്. ഉറുദുവാണ് സംസാരിക്കുക. ചെറുപ്പക്കാരനാണ്. പെണ്‍കുട്ടികളെ പഠിപ്പിക്കാനായി അയാളെ ചുമതലപ്പെടുത്തുന്നതില്‍ ആശങ്കയുണ്ട്. എങ്കിലും സമീപമുള്ള ദര്‍ഗയിലാണ് ആളിന്റെ കുടിയിരിപ്പ്. പക്ഷേ, കഥ പിന്നീട് പോകുന്ന വഴി വേറെയാണ്. അറബി അധ്യാപകന്റെ പ്രധാന ദൗര്‍ബല്യം ഗോപി മഞ്ചൂരിയനാണ്. ഗോപി മഞ്ചൂരിയന്‍ മുസ്ലിം വീടുകളിലെ അടുക്കളകള്‍ക്ക് അപരിചതമായ ചൈനീസ് ഇറക്കുമതിയും. ബാനു മുഷ്താഖിന്റെ സൂക്ഷ്മദര്‍ശനം ഇവിടെ കാണാം. പേര്‍ഷ്യന്‍ ഭക്ഷണം നമ്മുടെ അഭിരുചികളുടെ ഭാഗമായിട്ട് സഹസ്രാബ്ധങ്ങളായി. ചൈനീസ് രുചി പ്രവണതയായിട്ട് കുറച്ചു ദശകങ്ങളേ ആയിട്ടുള്ളൂ. കൗതുകമുണര്‍ത്തുന്നതാണ് ഇക്കഥയുടെ പരിസമാപ്തി. നിയമമല്ല, പാചകക്കുറിപ്പാണ് ഇവിടെ ഉപദേശമായി നല്‍കപ്പെടുന്നത്. ഈ കഥയില്‍ തന്നെ രസകരമായ സംഭാഷണ ശകലങ്ങളുണ്ട്. ഇതിലെ കഥാനായിക അനുജനെ വിളിച്ചു പറയുന്നത്- നീ നിന്റെ മരുമകള്‍ക്ക് ശകുനിയാകരുത് എന്നാണ്. അതിനുള്ള മറുപടി- അറബി അധ്യാപകനെ വേണമെന്ന കാര്യത്തിന് എന്തിനാണ് ഏച്ചി മഹാഭാരതവും രാമായണവും കൊണ്ടുവരുന്നത്- എന്നാണ്. ബാനു മുഷ്താഖിന്റെ കഥകളില്‍ സമ്മിശ്ര ജീവിതസംസ്‌കാരത്തിന്റെ അടരുകള്‍ തെളിഞ്ഞുകാണാം.
സ്നേഹനിര്‍ഭരമായ ബന്ധങ്ങളുടെയും ഓര്‍മ്മകള്‍ അയവിറക്കുന്നതോടൊപ്പം ചെറുപ്പത്തിലെ അനുഭവങ്ങളുടെ ഒരു കല്ലുകടിയേയും ഓര്‍ത്തെടുക്കുന്ന കഥയാണ് 'മൃദുമന്ത്രണം'. ഓര്‍മകളിലെ ബാല്യത്തെ അയവിറക്കുന്നു ഇതിലെ കഥാപാത്രം. ബാല്യത്തിലെ ഉപ്പൂപ്പന്റെയും ഉമ്മൂമ്മാന്റെയും മുഴുവന്‍ വാത്സല്യവും അനുഭവിച്ചതിന്റെ അതിരേകം കഥയില്‍ പന്തലിച്ചു നില്‍ക്കുന്നു. അജ്ജിയും അജ്ജയുമാണ് വാത്സല്യം ചൊരിയുന്ന ഉമ്മൂമ്മയും ഉപ്പൂപ്പയും, എന്നാല്‍ അമ്മിജ്ജനും അബ്ബാജനും കുറച്ചു കര്‍ക്കശക്കാരും ആധുനികരുമാണ്. കഥയില്‍ കശ്മീര്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമര്‍ശം മുതല്‍ ഭക്ഷണം സംബന്ധിച്ചുള്ള കാര്യങ്ങളും ദക്ഷിണ ഭാരതത്തിലെ മുസ്ലിം ഉത്സവങ്ങളിലെ ഉറൂസും ചന്ദനക്കുടവും ദര്‍ഗകളിലെ ഗുരുവും പരാമര്‍ശിക്കപ്പെടുന്നു. സ്‌നേഹവും കരുതലും നിറഞ്ഞുനില്‍ക്കുന്ന പരിസരത്തില്‍ കല്ലുകടിയാകുന്നത് ബാല്യകാലത്തിലെ സഹപ്രായക്കാരന്റെ വഴിവിട്ട പെരുമാറ്റമാണ്. പക്ഷേ, ആ സഹപ്രായക്കാരന്‍ വളര്‍ന്നുപക്വത വന്നു ദര്‍ഗയിലെ പ്രധാന വ്യക്തിയായി മാറിയിരിക്കുന്നു ഇന്ന്. അവര്‍ തമ്മില്‍ വീണ്ടുമുള്ള കണ്ടുമുട്ടലാണ് പതിഞ്ഞ ഹാസ്യത്തിലൂടെ ബാനു മുഷ്താഖ് പ്രതിപാദിക്കുന്നത്.
പതിഞ്ഞ ഹാസ്യവും കൊള്ളിവാക്കും ഒരു പ്രതിരോധതന്ത്രമായി ബാനു മുഷ്താഖിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷാധികാരികള്‍ക്കെതിരെ ഉന്നയിക്കുന്നത് നോക്കാം. ഏതു നിസ്സഹായാവസ്ഥയിലും പ്രതിരോധത്തിന്റെ ചെറിയ ഒരു പരിശ്രമമെങ്കിലും നടത്തുന്നവരാണ് ഈ സമാഹാരത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍. ഇതിലെ പുരുഷന്മാര്‍ ഒന്നിനൊന്നു കണ്ണില്‍ ചോരയില്ലാത്ത അധികാരികളല്ല. സകല പരിധികള്‍ക്കത്തും സ്ത്രീകളോട് അനുഭാവപ്പെടുന്നവരെയും ഇവിടെ കണ്ടുമുട്ടാം. ഉമ്മയോടുള്ള കടപ്പാട് സ്‌നേഹാതിരേകമായി ബീവിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ ഹതഭാഗ്യനാണ് 'ഹൃദയത്തിന്റെ തിരുമാനം' എന്ന കഥയിലെ യൂസഫ്. യൂസഫ് തന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. എങ്കിലും ഉമ്മയുടെ അഭിപ്രായം അന്വേഷിക്കുന്നില്ല. അവസാന സന്ദര്‍ഭം വരെ വാത്സല്യവതിയായ, നിശബ്ദമായി എല്ലാം സഹിച്ചിരുന്ന ഉമ്മ പെട്ടെന്നു തന്റെ സ്വന്തം കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതോടെ സ്വന്തം ഉണ്മയുടെ അധികാരി താന്‍ തന്നെയെന്നു വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ കണ്ണുകളെ ചെറുതായെങ്കിലും നനയിപ്പിക്കുന്ന ഈ സമാഹാരത്തില്‍ വേറിട്ടുനില്‍ക്കുന്ന കഥയാണ് 'ആവരണം' (Shroud). കഫാന്‍ എന്നാണ് അറബി ഭാഷയില്‍. ദേഹം മൂടുന്ന തുണി. സംസം പുണ്യതീര്‍ത്ഥത്തില്‍ മുക്കിയ കഫാന്‍ മരണാന്തരം ദേഹത്തു മൂടുക ഒരന്ത്യാഭിലാഷമാണ്. ജീവിതം മുഴുവന്‍ അധ്വാനിച്ചു കഷ്ടപ്പെട്ട യാസീന്‍ ബുവ്വയുടെ അഭിലാഷമായിരുന്നു ഇത്. ഷാസിയും ഭര്‍ത്താവും ഹജ്ജിന് പോകുമ്പോള്‍ വീട്ടില്‍ വേലയ്ക്കു നിന്നിരുന്ന യാസീന്‍ ബുവ സംസം തീര്‍ത്ഥത്തില്‍ മുക്കിയ കഫാന്‍ മാത്രമേ ഷാസിയോടു അഭ്യര്‍ത്ഥിച്ചുള്ളൂ. അതു വാങ്ങാനുള്ള പണവും നല്‍കി. കഥയുടെ മുഖ്യഭാഗത്തു വിശുദ്ധ നഗരമായ മക്കയാണ്. കഥയുടെ പരിണാമത്തില്‍ പ്രതിപാദ്യമാകുന്നത് സാമ്പത്തിക അന്തരത്തിന്റെയും തന്നിമിത്തമുള്ള മേധാവിത്തത്തിന്റെയും പ്രൗഢിയുടേയും യഥാര്‍ത്ഥ മൂല്യം ശൂന്യമാണെന്ന തിരിച്ചറിവാണ്. പശ്ചാത്താപപ്പെടാന്‍ മാത്രമുള്ളതാണ് വര്‍ഗ വ്യത്യാസത്തില്‍ നിഹിതമായിരിക്കുന്ന അഹന്ത എന്ന് കഥ അനുഭവപ്പെടുത്തുന്നു. വര്‍ഗപരമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന പരോക്ഷ ഹിംസ ബാനു മുഷ്താഖിന്റെ മറ്റു കഥകളിലും കാണാം.
വര്‍ഗവ്യത്യാസവും ഉച്ചനീചത്വവും സൃഷ്ടിക്കുന്ന അന്തരവും അകല്‍ച്ചകളും അതിക്രമവും ബാനു മുഷ്താഖിന്റെ കഥകളില്‍ നിസ്വരുടെ പ്രതിരോധത്തിന്റെ സാധ്യതയായാണ് ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്. കന്നഡ ഭാഷയിലെ സാഹിത്യ പ്രതിരോധ പ്രസ്ഥാനമായ 'ബാന്ധയ' (resistance)യുടെ ഭാഗമായാണ് ബാനു മുഷ്താഖ് എഴുത്തിലേക്ക് കടന്നുവരുന്നത്. ലങ്കേഷ് പത്രികയില്‍ പത്രപ്രവര്‍ത്തകയായിരുന്നു അഭിഭാഷകയായി തൊഴില്‍ ആരംഭിക്കുന്നതിനു മുമ്പ്. ബാനു മുഷ്താഖിന്റെ കഥകള്‍ ലോകസമക്ഷം കൊണ്ടുവന്ന ദീപ ഭസ്തി പ്രത്യേകം ആദരവ് അര്‍ഹിക്കുന്നു. രാഷ്ട്രീയമായ സൂക്ഷ്മധാരണയോടെയാണ് ഈ മൊഴിമാറ്റം നിര്‍വഹിച്ചിട്ടുള്ളത്. ന്യൂനസാഹിത്യത്തെ (minor literature) വിശ്വസാഹിത്യത്തിന്റെ വേദികളിലേക്ക് ആനയിക്കുമ്പോള്‍ ഭാവുകത്വപരവും സാംസ്‌കാരികവുമായ വ്യതിരിക്തത (singularity) സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. തീര്‍ച്ചയായും ദീപ ഭസ്തിയുടെ ഈ മികവിനാണ് അന്താരാഷ്ട്ര PEN പുരസ്‌ക്കാരം അന്താരാഷ്ട്ര ബുക്കറിനു മുന്‍പേ ലഭിക്കാനുള്ള കാരണവും. വിവര്‍ത്തനത്തിലെ ഭാഷാപ്രശ്‌നം മുതല്‍ വിവര്‍ത്തനകാലത്തില്‍ അധീശത്വം വഹിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ആലോചനകള്‍ പങ്കിടുന്ന ദീപ ഭസ്തിയുടെ കുറിപ്പ് കഥാസമാഹാരത്തിന്റെ അവസാനഭാഗത്തു ചേര്‍ത്തിട്ടുണ്ട്. നിരവധി ഭിന്നതകളാല്‍ വിഘടിക്കപ്പെട്ട ലോകത്തില്‍ സാഹിത്യം സാംസ്‌കാരിക വ്യതിരിക്തതയുടെ സൗന്ദര്യം ആവിഷ്‌ക്കരിച്ചുകൊണ്ടു സംവാദങ്ങള്‍ക്ക് പുത്തന്‍ ഇടങ്ങളും പുത്തന്‍ ഊര്‍ജ്ജവും നല്‍കുന്നു. അങ്ങനെയുള്ള സംവാദ ഭൂമികയിലേക്ക് സവിശേഷമായ അനുഭവലോകവുമായാണ് ബാനു മുസ്താഖും ദീപ ബസ്തിയും അനുവാചകരെ ഉള്ളുതുറന്ന സംഭാഷണത്തിനായി ക്ഷണിക്കുന്നത്.
Content Highlights: banu mushtaq international booker prize damodar prasad heart lamp story collection
Published: 24 May 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented