രുവൻ അവനവന്റെ ഗുരുവിനെ അറിയുന്നത്, അവനവനെത്തന്നെ തിരിച്ചറിഞ്ഞുകൊണ്ടാണെന്ന് എപ്പോഴും തോന്നാറുണ്ട്. ഗുരുവിനെ അറിയുക എന്നത്, അമ്മയുടെ ഗർഭപാത്രത്തിലേയ്ക്കുതന്നെ മടങ്ങിപ്പോവുകയും, പിന്നീട് അതേ ദൂരമൊട്ടാകെ തിരിച്ചു സഞ്ചരിക്കുകയും ചെയ്യുന്നതു പോലെയെന്നാണ് അനുഭവം. അത്തരത്തിൽ അനുഭവമാകുന്ന ഗുരുത്വം വിരളമാണെന്ന് അതറിഞ്ഞവർ സമ്മതിക്കാതിരിക്കില്ല. ആ അനുഭവം ഉണ്ടാകുമ്പോഴാകട്ടെ ലോകത്തിലെ സകല ഗുരുനാഥൻമാരും ഒരേയൊരു ഗുരുത്വത്തിലേക്ക് ലയിച്ചുനിൽക്കുന്നതായും അനുഭവപ്പെടാറുണ്ട്. സാഫല്യം എന്ന വാക്കിനെ, അനുഭവിപ്പിച്ചുകൊണ്ട് ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുത്ത അതികായന്മാരായ ഗുരുപരമ്പരയിലൊരാൾ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ എന്റെ കമാരത്തിനും തുടർന്നുളള ജീവിതത്തിനും ഉപലബ്ധമായിരുന്നു.

To advertise here,

മൊനാലിസയുടെ നിഗൂഢ സ്മിതം പോലെ ആ ഗുരുത്വം അപ്രാപ്യലാവണ്യമാവുന്നു. അതുകൊണ്ടുതന്നെ, ആ അനുഭവത്തിന്റെ ഉറവിടത്തിലേയ്ക്ക് വീണ്ടും വീണ്ടും തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നു. അദ്ധ്യയനം എന്ന സാധനയുടെ ആൽക്കെമി പിടിതരാത്തതുതന്നെയായി അനുഭവപ്പെടുന്നു. പ്രൊഫ.ജയേന്ദ്രൻ, ഒരദ്ധ്യാപകൻ എന്ന നിലയിൽ, ശിഷ്യനിലെ ഏതേതു മൗലികതകളെയാണ് തളിർപ്പിച്ചെടുത്തതെന്ന് ഓർത്തു നോക്കുമ്പോൾ ആ ശിക്ഷണത്തിന്റെ പരിലാളനയും, മാർഗദർശനവും ലഭിക്കാത്തതായി അവനവനിലെ ഒരംശവുമില്ലെന്നും തിരിച്ചറിയുന്നു.

''സഹവീര്യം കരവാവഹൈ'' എന്നതിന് ശരിയായ അർത്ഥം തെളിഞ്ഞുവരുന്നു. എണ്ണമില്ലാത്ത ജയേന്ദ്രൻ മാഷുമാരായി ശിഷ്യർ പെരുകിവരുന്നു; അവരിലെ ആത്മവത്തയുടെ വിഭിന്ന സ്വരൂപങ്ങളെല്ലാം തനതായ ജയേന്ദ്രൻ മാഷുമാരായി ജീവിതം നേടുന്നു. 'I am large, I contain multitudes' എന്ന് Whitman ന്റെ Leaves of Grass പഠിപ്പിക്കുമ്പോൾ മാഷങ്ങനെ

എടുത്തു പറഞ്ഞിട്ടുമുണ്ടായിരുന്നില്ല!

ജയേന്ദ്രൻ മാഷെ ചൂഴന്നു നിൽക്കുന്ന ഓറയുടെ രഹസ്യമെന്തായിരുന്നുവെന്ന്് ആലോചിച്ചുനോക്കിയിട്ടുണ്ട്. ഗുരുവിനെയും അതുവഴി പിതൃരൂപത്തെയും തകർത്തെറിയാതെ അവനവന് മൂന്നാമത്തെ കാലടിവെയ്ക്കാൻ ഇടം കിട്ടില്ലെന്ന് Bulfinch ന്റെ Mythology യും Frazer ഉടെ Golden Bough ഉം തൊട്ട് മാഷ് സാക്ഷ്യം പറയാൻ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ആ ഓറയുടെ മാസ്മരികതയെ തകർക്കാൻ കഴിയാത്തതെന്ത്? ഒരു കാരണം തേടുമ്പോൾ, അത്, മാഷുടെ സഹവാസം കരുത്തൻമാരുടെ കൂടെയായിരുന്നു എന്നതുകൊണ്ടാണെന്ന് ഉത്തരവും കിട്ടുന്നു.

Emerson ഉം Thoreau ഉം Plato ഉം Socrates ഉം Hemingway ഉം Melville ഉം Dante യുംShakespeare ഉം Tagore ഉം Gibran ഉം Neruda യും മുതൽ കാളിദാസനും,ജിയും, പിയും, കുഞ്ചൻ നമ്പ്യാരും, എഴുത്തച്ഛനും, ചുള്ളിക്കാടും, റഫീക്ക് അഹമ്മദും വരെ ഒരാളുടെ കൂടെ നടക്കുമ്പോൾ അയാൾക്ക് അത്തരം ഓറ കൈവരുമായിരിക്കാം. അയാൾക്ക് സാക്ഷ്യം പറയാൻ Michelangelo യും Davinci യും മുതൽ Van Gogh ഉം Picasso യുംവരെ വരാൻ തയ്യാറുള്ളപ്പോൾ O'Neill ഉം Beckett ഉo Pinter ഉം lonesco ഉം അയാളുടെ അടുക്കളപ്പുസ്തകങ്ങളുടെ രചയിതാക്കളാവുന്നതിൽ വിരോധം പറയാത്തപ്പോൾ, Susan Sontag നും Simone de Beauvoir നും വരെ അയാളുടെ പ്രണയിനിമാരാവുന്നതിൽ ആഹ്ലാദം തോന്നാനിടയുള്ളപ്പോൾ Rumi യും Kabir ഉം അയാളുടെ ചാരുകസേരയിൽ ഇളവേൽക്കാനുള്ളപ്പോൾ Winston Churchill അയാൾക്ക് ഒരു ചുരുട്ട് പങ്കിടാൻ തയ്യാറാണ് എന്നുള്ളപ്പോൾ പൗഷാലിയെന്ന ജ്ഞാനാശ്രമത്തിന്റെ മുറ്റത്ത്, മരച്ചുവട്ടിൽ Castro യും Che Guevara യും ഒരു ഗറില്ലാപ്പോരിന്റെ വിശദാംശങ്ങൾ ചർച്ച നടത്താൻ തയ്യാറുള്ളപ്പോൾ, പണ്ട് ഊരാച്ചേരിത്തറവാട്ടിൽ വന്നപ്പോൾ വിശ്രമിച്ചിരുന്ന അതേ ചാരുകസേര മതി തനിക്കെന്ന്, എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് കയറിവരാവുന്ന നാരായണഗുരു പറയാനിടയുള്ളപ്പോൾ, അയാൾ അസാധാരണമായ ഒരു വാഴ്‌വ് ആകുന്നു. അയാളും അയാളെപ്പോലുള്ളവരും ഏതുതരം Walden കളിലാണ് ധ്യാനത്തിലിരിക്കുന്നതെന്ന് കണ്ടെത്തുക എളുപ്പമല്ലതന്നെ.

ബി.എ. ക്ലാസുമുറിയിൽ എൺപതുകളുടെ അവസാനത്തിൽ, ആർതർമില്ലറുടെ All My Sons -നെയും കൊണ്ടാണ് പ്രൊഫസർ ജയേന്ദ്രൻ കടന്നുവന്നത്. അതൊരു അസാധാരണ വരവായിരുന്നു. പഠിപ്പിച്ചിരുന്ന അമേരിക്കൻ സാഹിത്യത്തിന്റെ പ്രാകൃതം സ്വന്തം വൃക്തിത്വത്തിലും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു വരവ്. Hemmingway യുടെ ശരീരപ്രകൃതം, കൗബോയ് ചെക്ക് ഷർട്ട്, വീതിയുള്ള തുകൽ ബെൽറ്റ്, കൗബോയ് സ്‌റ്റൈലിലുള്ള പാന്റും ഷൂസും, വെളുത്തുതടിച്ച മുഖത്ത് ക്ലിന്റ് ഈസ്റ്റ് വുഡ് ശൈലിയിൽ ഇറങ്ങിയ മീശ, നടത്തത്തിന് ഒരു വൈൽഡ് വെസ്റ്റ് മട്ടും ചുവയും. ഉച്ചതിരിഞ്ഞുള്ള ആദ്യ പിരീയഡിലേക്ക് അമേരിക്കൻ നാടകസാഹിത്യവുമായി, ഒന്നാം നിലയിലെ വരാന്തയിലൂടെയുള്ള നടന്നുവരവിനുതന്നെ അധികാരികതയുടെ ഒരു ഗാംഭീര്യമുണ്ട്. പിന്നീടുള്ള ഒരു മണിക്കൂർ ദേവഗിരിയിലെ ആ ക്ലാസുമുറി ന്യൂയോർക്കിലെ നഗരപ്രാന്തത്തിലെവിടെയോ ഉള്ള ഒരു വീട്ടുമുറിയാവുന്നു. ആർതർ മില്ലറുടെ സെയിൽസ്മാനായ പ്രൊറ്റാഗണിസ്റ്റ് അയാളുടെ അസ്തിത്വ വ്യഥകൾ അവിടെ കുട

ഞ്ഞിടുകയാണ്. അവിടെ വികാരവിക്ഷോഭങ്ങളും, കുമ്പസാരവും, അലർച്ചകളും, പതനവുമുണ്ട്. ഒരമേരിക്കൻ ജീവിതദുരന്തത്തിന് സാക്ഷ്യം നിൽക്കുന്നതിന്റെ അപരിചിതത്വം ബിരുദ ക്ലാസിന്റെ അശിക്ഷിതത്വത്തിലും പരിചയക്കുറവിലുമായിരുന്നിട്ടുപോലും തോന്നിയിട്ടില്ല. ഒരു ചലച്ചിത്രം പോലെ ആ നാടകം മിഴിവാർന്നുവന്നു. മില്ലറുടെ സിലബസിലില്ലാത്ത മറ്റു നാടകങ്ങളന്വേഷിച്ച് ലൈബ്രറിയിലേക്ക് ഓടിപ്പോയ ദിവസങ്ങൾ മറന്നുപോവാറില്ല.

ആർതർ മില്ലറെ പഠിപ്പിക്കാൻ പ്ലേറ്റോയും അരിസ്റ്റോട്ടിലും മുതൽ കാളിദാസനും ഭാസനും വരെ ക്ലാസിലിറങ്ങി നടന്നു. ആംഗലേയ സാഹിത്യത്തിന്റെ കൊളോണിയൽ ഗരിമകളെ ഓറിയന്റൽ സിദ്ധാന്തങ്ങൾ കൊണ്ട് അഴിച്ചുപണിത് പുതിയ തച്ചുകൾ തീർക്കുന്നത് ഞങ്ങൾ അത്ഭുതത്തോടെ കണ്ടു. ആർതർ മില്ലറെ സി.ജെ തോമസിനെക്കൊണ്ടും കാവാലത്തിനെക്കൊണ്ടും വായിച്ചെടുക്കാമെന്നുമുളള എല്ലുറപ്പും ഉണ്ടാക്കിത്തന്നു.

ആവേശമായിരുന്നു ആ ക്ലാസുകളുടെ പശ്ചാത്തല സംഗീതം. അത് സാഹിത്യം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടാക്കിത്തന്നു. നാട്ടുമ്പുറത്തുകാരനായ അശിക്ഷിതനായ ഒരു കൗമാരക്കാരന് ആദ്യമായി ആത്മവിശ്വാസമുണ്ടാക്കിത്തന്നു.

അക്കാലങ്ങളിലൊന്നും പ്രൊഫ. ജയേന്ദ്രൻ വ്യക്തിപരമായ അടുപ്പം കാണിച്ചിരുന്നത് ഓർമ്മയിലില്ല. സദാ കർമ്മനിരതനായിരുന്ന അത്തരമൊരദ്ധ്യാപകന്റെ സമയം സ്വകാര്യമായ പരിചയത്തിന് അപഹരിക്കുന്നതിലും അക്കാലത്ത് ലജ്ജയുണ്ടായിരുന്നു, എനിക്കും സഹപാഠികൾക്കും. ദേവഗിരിയിൽത്തന്നെ ബിരുദാനന്തരബിരുദത്തിനും പ്രവേശനം നേടാൻ കഴിഞ്ഞപ്പോഴാണ് മാഷുമായുള്ള ബന്ധം സുദൃഢമായിത്തീർന്നത്. പ്രൊവിഡൻസ് വിമൻസ് കോളേജിൽ നിന്നും ഉയർന്ന മാർക്കുമായി വന്ന ''പഠിപ്പി'' സ്റ്റുകളുടെ ആധിപത്യമുണ്ടായിരുന്ന എം.എ ക്ലാസിൽ സ്വതേ അപകർഷതയുടേയും ലജ്ജയുടേയും തടവിലായിരുന്നവന് മാഷോടുണ്ടായിരുന്ന അടുപ്പം വലിയ ഉൾബലം തന്നു.

സാഹിത്യത്തെക്കൊണ്ട് ജീവിതത്തെ ഹരിച്ചാൽ ഋണസംഖ്യയായിരിക്കും ഉത്തരമെന്ന് അറിയിക്കാതെ പഠിപ്പിച്ചു എന്നതാണ് ജയേന്ദ്രൻ മാഷുടെ ശക്തിയും ദൗർബല്യവുമെന്ന് ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്നു. സാഹിത്യം അതിൽത്തന്നെ പൂർണ്ണതയുള്ള ഒരാഖ്യാനമാണെന്നും അതിന്റെ മാനദണ്ഡങ്ങളും മൂല്യങ്ങളും അതിൽത്തന്നെ തിരയണമെന്നുമുള്ള വാൾട്ടർ പേറ്ററുടേയും ഓസ്‌ക്കാർ വൈൽഡിന്റേയുമൊക്കെ ദർശനങ്ങളായിരുന്നു ആ അദ്ധ്യയനരീതിശാസ്ത്രത്തിന്റെ അസ്ഥിയും മജ്ജയും. എന്നാൽ ജയേന്ദ്രൻ മാഷിൽ ഈ ശുദ്ധകലാപരത, ദാർശനികതയുടെ ഒരു സാധൂകരണം കൂടിയായി ഉദാത്തമായിക്കൊണ്ടിരുന്നു. റ്റാഗോറിനേയും, ജിയേയും ഉപയോഗിച്ച് ആ അത്യുന്നത അഭിരുചി വിറ്റ്മാനേയും ഷെലിയേയും അപനിർമ്മിച്ചു. സാഹിത്യപഠനത്തിനു വേണ്ടിയുള്ള ഒരുപാധിയും അസംസ്‌കൃതവസ്തുവും മാത്രമായി ഭൗതിക ജീവിതത്തെ അത് നോക്കിക്കണ്ടു. ഭൗതികതയുടെ ആർത്തിയും, ഉത്ക്കർഷേച്ഛയും, കിടമത്സരവും, അതുകൊണ്ട് ആ അഭിരുചിയ്ക്ക്, നിർമ്മതയോടെയും, നിഷ്‌കാമമായും റദ്ദുചെയ്യാൻ കഴിഞ്ഞു.

എന്നാൽ ആ നിലപാടുകളോടുള്ള യുവതുർക്കികളായ ഞങ്ങളെപ്പോലുളളവരുടെ പ്രതികരണം വിയോജിപുകളില്ലാതെയായിരുന്നില്ല.

റൈറി ഈഗിൾട്ടനെപ്പോലെയുളളവരുടെ സിദ്ധാന്തങ്ങളും മുൽക്ക് രാജ ആനന്ദ്,, വി.എസ് നയ്പാൽ, നിരാദ് സി. ചൗധരി തുടങ്ങിയവരുടെ കൃതികളുമൊക്കെ പരിചയപ്പെട്ടുതുടങ്ങിയിരിക്കുന്നതുകൊണ്ട് സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സന്ദേഹങ്ങളിൽ നിന്നായിരുന്നു ഒരു തലത്തിൽ മാഷോട് വിയോജിപ്പുണ്ടായിരുന്നത്.

പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് വിമർശനത്തിന്റേതായി റൊലാങ് ബാർത്ത് മാത്രമേ സിലബസിലുണ്ടായിരുന്നുവെങ്കിലും ദെറിദയെയും ലക്കാനെയുമെല്ലാം തൊണ്ണൂറുകളിലെ തുടക്കത്തിൽ ഡിപ്പാർട്ട്മെന്റിൽ ചർച്ചക്കെടുത്തു തുടങ്ങിയിരുന്നതിൽ നിന്നുണ്ടായ പുത്തനുണർവിന്റെ വിയോജിപ്പായിരുന്നു മറ്റൊന്ന്. സാഹിത്യത്തെ തിയറികൊണ്ട് പകരം വെക്കുന്ന ഡികൺസ്ട്രക്ഷന്റെ ഫാഷൻ, ഞങ്ങളും ഉത്തരാധുനികർ എന്ന് മേനിനടിക്കാൻ കൊതിച്ചു നടന്ന ഞങ്ങൾക്ക് പഥ്യമായിക്കൊണ്ടിരുന്ന ദിവസങ്ങൾ. പ്രൊഫ. നാഗേഷും പുതുതായി ഡിപ്പാർട്ടുമെന്റിലെത്തിയ സലിൽ വർമ്മയും സിബിയും പുതിയ ദർശനങ്ങളുടെ സമ്മാനപ്പൊതികൾ ഒളിച്ചുകടത്തിക്കൊണ്ടു വന്നുകൊണ്ടിരുന്നു.

ഈ തിരമാലകൾക്കു മുകളിലൂടെ കിഴവൻ സാന്റിയോഗോ മാർലിൻ വേട്ട നടത്തിയതു പോലെ അചഞ്ചലനായി ജയേന്ദ്രൻ മാഷ് നിലകൊണ്ടു. അസാധാരണമായ ഒരു പൈതൃകത്തിന്റെ ധന്യതയായിരുന്നു മാഷുടെ നിലപാടിൽ പ്രതിബിംബിച്ചത്. പ്രൊഫ.സി.എ ഷെപ്പേർഡ് എന്ന മഹാഗുരുനാഥനിൽ നിന്നും ഏറ്റുവാങ്ങിയ ചൈതന്യത്തിന്റെ പ്രസരം. എന്തും വിറ്റഴിക്കുന്ന ഒരു സെയിൽസ്മാനെപ്പോലെയാവണം സാഹിത്യാദ്ധ്യാപകൻ എന്ന് നിസ്സംഗനായപ്പോഴും, സ്വകർമ്മത്തിന്റെ അനന്യതയെ സദാ ഉദാത്തവൽക്കരിച്ച ഷെപ്പേർഡ് സാർ, ജയേന്ദ്രൻ മാഷിലുടെ ഞങ്ങളുടെ സിരകളിലേക്കും ഒഴുകി.

ലൈബ്രറിയിൽ നിന്നും വാരിയെടുത്തു കൊണ്ടുവരുന്ന പുസതകങ്ങൾ കൊണ്ടു സാക്ഷ്യം പറഞ്ഞ് സഹൃദയത്വത്തിന്റേയും, സർഗ്ഗാത്മമതയുടേയും സുവിശേഷമായി മാഷുടെ ക്ലാസുകൾ മാറി. അതൊരൊഴുക്കായിരുന്നു. സാഹിത്യം മാത്രമല്ല സിനിമയും, നാടകവും, സംഗീതവും, ചിത്രകലയും, മനഃശാസ്ത്രവുമെല്ലാം കുത്തിയൊഴുകിക്കൊണ്ടിരുന്ന അസാദ്ധ്യ പ്രഭാഷണങ്ങൾ. ഫ്രഞ്ചും, ജർമ്മനും, സംസ്‌കൃതവും, ബംഗാളിയും, മലയാളവും തകർത്താടിയ രാജകീയപ്രകടനം. ക്ലാസിലെ ഇരുപതുപേരിൽ ഓരോരുത്തരേയും വ്യക്തിപരമായി സ്പർശിച്ച സർഗ്ഗശിക്ഷണം.

അന്നു തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് മാഷുടെ രീതിശാസ്ത്രത്തിന്റെയും സമീപനത്തിന്റെയും സാംസ്‌ക്കാരിക വിവക്ഷകൾ ആലോചിച്ചു നോക്കാൻ ശ്രമിച്ചിട്ടുണ്ട്. Greatness എന്നു പേരിട്ടുവിളിക്കാവുന്ന സവിശേഷത സാഹിത്യത്തിൽ പ്രകടിതമാവുന്നത് അതിന്റെ പശ്ചാത്തലമായ ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചുളള അവബോധത്തിൽ നിന്നാണെന്നായിരുന്നു മാഷ് പഠിപ്പിക്കാൻ ശ്രമിച്ചത്. ജീവിതത്തിന്റെ മഹത്വം പ്രകൃതിയുമായുള്ള സാകല്യത്തിന്റെ ഉപോല്പന്നമാണെന്ന് ആ ദർശനം ഊന്നിപ്പറഞ്ഞു. ചലനവും പരിണാമവുമാണ് ആ ജൈവബാന്ധവത്തിന്റെ പ്രകൃതമെന്നും അതിന്റെ ലയമാണ്

സൗന്ദര്യാനുഭവമെന്ന ലാവണ്യാനുഭൂതിയെന്നും മാഷ് ഉറച്ചുപഠിപ്പിക്കുകയായിരുന്നു. അതുകൊണ്ട് ഷെയ്ക്‌സ്പിയറിലും കാളിദാസനിലും ഒരുപോലെ ആ അഭിരുചി സമകാലികത അനുഭവിച്ചു. എമേഴ്‌സണിലും ശങ്കരനിലും ഒരേ മാനദണ്ഡങ്ങളുടെ തെളിമ കണ്ടു. മെൽവിലിലും കസൻദ്‌സാക്കിസിലും അത് ഒരേ സാഹോദര്യം വായിച്ചു. റ്റാഗോറിലും ഫ്രാൻസിസ് തോംപ്‌സണിലും ഒരേ കവിത കൂടിക്കുഴഞ്ഞു. പേർത്തും പേർത്തും പറയാൻ മാഷെന്നും ശ്രമിക്കുന്നതുപോലെ ആ ദർശനം ഇംഗ്ലീഷിന്റേതോ, സംസ്‌കൃതത്തിന്റേതോ, ജർമ്മന്റേതോ ഫ്രഞ്ചിന്റേതോ ആവാതെ ആഗോളമായി മാറി. മാഷുടെ ആരാധനാലയമായ റ്റാഗോറിന്റെ ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴസിറ്റിയുടെ മുഖവാക്യമായ 'യത്ര വിശ്വം ഭവത്യേക നീഡം' അതിന്റെ ചുരുക്കെഴുത്തായി എനിക്ക് തോന്നാറുണ്ട്.

ഇതൊക്കെയായിരുന്നിട്ടും ദേവഗിരിയിൽ നിന്നും പഠനം പൂർത്തിയാക്കിക്കഴിഞ്ഞതിനുശേഷമാണ് മാഷുമായി വ്യക്തിപരമായ ബന്ധമുറയ്ക്കുന്നത്. പഠനം കഴിഞ്ഞ് ജോലിയില്ലാതെയിരുന്ന ദിവസങ്ങളിലൊന്നിൽ മാഷ് എന്നെയന്വേഷിച്ച് വീട്ടിൽ വന്നു. കോഴിക്കോട് ശ്രീനാരായണ എജ്യൂക്കേഷൻ സൊസൈറ്റി നടത്തിയിരുന്ന PG Centre ൽ പ്രൊഫ. പി.കെ.ജി വിജയറാം സാറിന്റെ കൂടെ ജോലിചെയ്യാൻ ക്ഷണിക്കാനായിരുന്നു വരവ്. ആത്മവിശ്വാസക്കുറവുകൊണ്ട് ഒഴിഞ്ഞുമാറാൻ പരമാവധി ശ്രമിച്ചെങ്കിലും ''പിടിച്ച പിടിയാലെ' കൂട്ടിക്കൊണ്ട് ജോലിയിൽ പ്രവേശിപ്പിച്ചു. എന്റെ സവിശേഷമായ ചരരാശിയുടെ പ്രത്യേകതകൊണ്ട് ഞാനവിടെ അധികകാലം തുടർന്നില്ലെങ്കിലും സാഹിത്യഅദ്ധ്യയനത്തിൽ മാഷെനിക്ക് ഹരിശ്രീഃ കുറിക്കുകയായിരുന്നു. പ്ലൈവുഡ് പാനലുകൾകൊണ്ട് വേർതിരിച്ച ക്ലാസുമുറിയിൽ എന്റെ Hamlet ക്ലാസിന്റെ കതിരും പതിരും വേർതിരിക്കാൻ കാതോർത്ത് പ്രൊഫ.വിജയറാം എന്ന ഞങ്ങളുടെയൊക്കെ ഭയങ്കരൻ അപ്പുറത്തിരിപ്പുണ്ട് എന്ന ഉൾക്കിടിലത്തോടെ

അദ്ധ്യയനവൃത്തി ആരംഭിച്ച ആ ദിവസങ്ങളാണ് ഇന്നും ആകെ മൂലധനം.