ആഗസ്റ്റ് 1- ഗസല്‍ മാന്ത്രികന് ഉമ്പായി ഓര്‍മയായിട്ട് 8 വര്‍ഷം. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, അകലെ മൗനം പോല്‍, ഗാനപ്രിയരേ തുടങ്ങിയ നിരവധിഗാനങ്ങള്‍. ബോംബെയില്‍ അധോലോക സംഘാംഗമായിരുന്നു. ഉമ്പായി എന്ന പേര് നല്‍കിയത് സംവിധായകന് ജോണ്‍ എബ്രഹാം.

ആഗസ്റ്റ് 1- ഗസൽ മാന്ത്രികൻ ഉമ്പായി ഓർമയായിട്ട് 8 വർഷം. പാടുക സൈഗാൾ പാടൂ, ഒരിക്കൽ നീ പറഞ്ഞു, സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്, അകലെ മൗനം പോൽ, ഗാനപ്രിയരേ തുടങ്ങി മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗൃഹാതുരതയുടെയും ലഹരി പടർത്തിയ നിരവധി ഗാനങ്ങളുടെ ഗായകൻ.
പി.എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായിയുടെ യഥാർഥ പേര്. മീൻ കച്ചവടക്കാരനായും തോണിക്കാരനായും ജോലി നോക്കിയിട്ടുള്ള ഉമ്പായി തീക്ഷ്ണമായ നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോംബെയിൽ അധോലോക സംഘാംഗമായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് മുജാവർ അലിഖാന്റെ ശിഷ്യനായി. പി. എ. ഇബ്രാഹിമിന് ഉമ്പായി എന്ന പേര് നൽകിയത് പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാം ആയിരുന്നു. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ ഗസൽ ആലപിച്ചിരുന്നു. മട്ടാഞ്ചേരിയിലെ കൽവത്തിയിൽ 1950ൽ അബുവിന്റെയും ഫാത്തിമയുടെയും മകനായാണ് ഉമ്പായി ജനിക്കുന്നത്.
ഉമ്മയുടെ പ്രിയപ്പെട്ട ഉമ്പായി
ഉമ്മ ഫാത്തിമയ്ക്ക് മകൻ ഇബ്രാഹിമിനോട് വലിയ സ്‌നേഹമായിരുന്നു. സംഗീതത്തോടുള്ള അടങ്ങാത്ത മോഹം ഉമ്പായി എന്ന കുട്ടിയുടെ ഹൃദയത്തിൽ അറബിക്കടൽ പോലിളകിയിരുന്നു. ഉപ്പയുടെ ശാഠ്യവും ശാസനയും കാരണം കൈവിരലുകളാൽ താളം തട്ടാൻ പോലും പേടിയായിരുന്നു. എല്ലാം ശരിയാകുമെന്നു പറഞ്ഞ് അപ്പോഴൊക്കെ ആശ്വസിപ്പിച്ചത് എന്റുമ്മയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. മട്ടാഞ്ചേരിയെന്ന ഖരാനയിൽ തബലയുമായി അലഞ്ഞുതിരിഞ്ഞ കുറെ നാളുകൾ. തുടർന്ന് തബല പഠിക്കാനായി മുംെബെയിലെ ഗലിയിലേയ്ക്ക്. ആ യാത്രയ്ക്കിടയിൽ നാട്ടിൽനിന്ന് ഉപ്പയുടെ കത്ത്. ഉമ്മ അസുഖം ബാധിച്ച് ഗുരുതര നിലയിലാണ്. കാണണമെങ്കിൽ വരണം. ആ കത്ത് കൈയിൽ പിടിച്ച് ഉമ്പായി വിയർത്തു. തീവണ്ടി ജനാലയിൽക്കൂടി ശൂന്യതയിലേക്ക് നോക്കിയിരുന്ന് മടക്കം. പക്ഷേ, പ്രാർഥനകൾക്ക് ഫലമുണ്ടായില്ല. ഉമ്പായിയുടെ ആ സ്‌നേഹസാന്നിധ്യം പോയ്മറഞ്ഞു.
ഉസ്താദ് മുജാവിർ അലിഖാനെന്ന കരുതൽ
മുംബൈയിലെത്തിയത് സംഗീതം പഠിക്കാൻ. പക്ഷേ, ആരുടെ ശിക്ഷണത്തിലെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നില്ല. ഒടുവിൽ ഉസ്താജ് മുജാവിർ അലിഖാനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായി. ഉമ്മയ്ക്കു ശേഷം ഉമ്പായിയുടെ ജീവിതത്തിൽ സ്‌നേഹവും കരുതലും നിറച്ചത് ഗുരുവായ ഉസ്താദ് മുജാവിർ അലിഖാനായിരുന്നു. അഞ്ചു വർഷം ഉസ്താദിന്റെ കീഴിൽ ഹിന്ദുസ്ഥാനി അഭ്യസിച്ചു. നാലു വർഷം തബല പഠിച്ചു കഴിഞ്ഞപ്പോൾ ആകസ്മികമായി ഉമ്പായിയുടെ പാട്ടു കേട്ട് ഉസ്താദ് അദ്ദേഹത്തെ പാട്ടിലേക്ക് തിരിച്ചുവിട്ടു.മുംബൈ തെരുവിൽ ചരസ് ഹുക്ക വലിച്ചുനടന്ന ഉമ്പായിക്ക് കരണം പുകയ്ക്കുന്ന ഒരടി കിട്ടി. മുജാവിർ അലിഖാൻ ആയിരുന്നു അത്. കഴിവുകൾ നഷ്ടപ്പെടുത്തിക്കളയുന്നതിലുള്ള ഒരു ഗുരുവിന്റെ രോഷം. അന്നത്തോടെ അത്തരം ലഹരികളിൽനിന്ന് ഉമ്പായി തിരിഞ്ഞുനടന്നു. ഗുരുവിന്റെ മുന്നിലായിരുന്നു ആ പ്രതിജ്ഞ.
ജോൺ എബ്രഹാമിന് വേണ്ടി പാടിയ ഉമ്പായി
ഹാർമോണിയം പെട്ടിയിൽ ഉമ്പായിയുടെ വിരലുകൾ മാന്ത്രികം നിറയ്ക്കുന്ന സംഗീത സായാഹ്നത്തിലേക്ക് ഒരു മനുഷ്യൻ കടന്നുവന്നത് തികച്ചും യാദൃച്ഛികമായായിരുന്നു. ഒരു പാട്ടു പാടിത്തരുമോയെന്ന ചോദ്യവുമായി മദ്യ ലഹരിയിലാണ് വരവ്. അകത്തുകയറി ഇരുന്നോട്ടെയെന്ന് ചോദ്യം. 'വേണ്ട.' ഒരു ദാക്ഷിണ്യവുമില്ലാത്ത മറുപടി. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി അകത്തുകയറ്റി.പാട്ടുകേട്ട് കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു: എന്റെ സിനിമയിൽ പാടണം. 'അതിന് താനാരാ'ണെന്ന് ഉമ്പായി. 'ഞാൻ സംവിധായകൻ എബ്രഹാം'. അത് പിന്നീട് ഉമ്പായിയെ എത്തിച്ചത് 'അമ്മ അറിയാൻ' എന്ന സിനിമയുടെ റെക്കോഡിങ് സ്റ്റുഡിയോയിലാണ്.
ജീവിതം തന്നെ സംഗീതമാണെന്ന് ഉമ്പായി മനസ്സിലാക്കിയത് അവിടെ നിന്നാണ്. തന്റെ ശബ്ദം ആദ്യമായി ഉമ്പായി തിരിച്ചറിയുന്നതും അവിടെ നിന്നാണ്.ഉമ്മ വിളിക്കുന്ന പേരു തന്നെ ഞാനും വിളിയക്കുന്നുവെന്നു പറഞ്ഞു ജോൺ. ഇബ്രാഹിം അങ്ങനെ എല്ലാവരുടെയും ഉമ്പായിയാകുകയായിരുന്നു. മലയാളത്തിന്റെ ഗസൽ ശബ്ദമെന്ന് ഉമ്പായിയെ ആദ്യം വിശേഷിപ്പിച്ചതും ജോണായിരുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയനെന്ന തുണ
ഗസലിന്റെ വഴിയിലേക്കിറങ്ങിയപ്പോൾ തനിക്ക് തുണയായത് ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നുവെന്ന് ഉമ്പായി പറഞ്ഞിട്ടുണ്ട്. ഒ.എൻ.വി. കുറുപ്പിനെ കണ്ട് ഉമ്പായിക്കു വേണ്ടി സംസാരിച്ചത് അദ്ദേഹമായിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പലപ്പോഴായി ഒ.എൻ.വി. ഉമ്പായിക്കു വേണ്ടിയെഴുതി. ഉമ്പായി ഗസലുകളുടെ ഹിറ്റ് ലിസ്റ്റുകളിൽ പെട്ടതായിരുന്നു അതെല്ലാം.വിദേശത്തും സ്വദേശത്തുമായി നിരവധി പരിപാടികൾ. ഉമ്പായിയെന്ന ഗസൽഗായകനെ ജനങ്ങളിലേക്കെത്തിച്ചതിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സ്ഥാനം വലുതാണ്.
Content Highlights: Born P.A. Ibrahim in 1950, he overcame a troubled past in the Mumbai underworld., Trained under Ustad Mujavir Ali Khan, transitioning from tabla to vocals., Discovered by filmmaker John Abraham, who gave him the stage name 'Umbai'., Collaborated with O.N.V. Kurup and East Coast Vijayan to popularize Ghazals in Malayalam., Commemorating 8 years since his passing, his legacy remains deeply etched in Malayali hearts.
Published: 01 Aug 2026, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented