പലരും പല കാലങ്ങളിലായി ഗുരുവചനങ്ങൾ രേഖപ്പെടുത്തുകയും ശേഖരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അപ്രകാരം ലഭ്യമായവയെല്ലാം തേടിപ്പിടിച്ച് ഒരുക്കിയ പുസ്തകമാണ്

To advertise here,

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ശ്രീ നാരായണഗുരു വൈഖരി'. ഗുരുവിന്റെ സംഭാഷണങ്ങൾ, കത്തുകൾ, നിർദ്ദേശങ്ങൾ, പ്രസംഗം, വിൽപത്രം തുടങ്ങി ഗുരുമുഖത്തുനിന്നു പുറപ്പെട്ട ഓരോ മൊഴിമുത്തും ഇവിടെ സമാഹരിച്ചിരിക്കുന്നു. ശ്രീനാരായണഗുരുഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഡോ. ടി. ഭാസ്‌കരൻ, ഗുരു എഴുതിയതിനൊപ്പം പറഞ്ഞതിനെക്കൂടെ ചേർത്തുവെക്കുന്ന അപൂർവ്വഗ്രന്ഥം. പുസ്തകത്തിൽ നിന്നൊരു ഭാഗം വായിക്കാം.

 

1100 കുംഭം 30/1925 മാർച്ച് 13 മൂന്നുമണിക്ക് ഗാന്ധ്യാശ്രമത്തിൽ വെച്ചു ഗുരുവും മഹാത്മജിയും തമ്മിൽ കൂടിക്കാഴ്ച. ദ്വിഭാഷി എൻ. കുമാരൻ.
ഗാന്ധിജി: ‘‘സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേ?’’
സ്വാമി: ‘‘ഇല്ല. മഹാത്മജിക്കു സംസ്‌കൃതം അറിയാമോ?’’
മഹാത്മജി: ‘‘ഇല്ല. ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്കറിവുണ്ടോ?’’
സ്വാമി: ‘‘ഇല്ല.’’
മഹാ: ‘‘അയിത്തം ഇല്ലാതാക്കുവാൻ വൈക്കത്തു നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തിൽ സ്വാമിജിക്കു ഭിന്നാഭിപ്രായം ഉണ്ടോ?’’
സ്വാമി: ‘‘ഇല്ല.’’
മഹാ: ‘‘ആ പ്രസ്ഥാനത്തിൽ കൂടുതലായി വല്ലതും ചേർക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായമുണ്ടോ?’’
സ്വാമി: ‘‘ഇല്ല. അതു ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്. അതിൽ മാറ്റം വല്ലതും വരുത്തണമെന്നഭിപ്രായമില്ല.’’
മഹാ: ‘‘അധഃകൃത വർഗ്ഗക്കാരുടെ അവശതകളെ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ മറ്റ് എന്തെല്ലാം വേണമെന്നാണു സ്വാമിജിയുടെ അഭിപ്രായം?’’
സ്വാമി: ‘‘അവർക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രവിവാഹമോ മിശ്രഭോജനമോ വേണമെന്നു പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരെയുംപോലെ അവർക്കുമുണ്ടാകണം.’’
മഹാ: ‘‘അക്രമരഹിതമായ സത്യാഗ്രഹംകൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?’’
സ്വാമി: ‘‘ബലപ്രയോഗം നന്നാണെന്ന് തോന്നുന്നില്ല.’’
മഹാ: ‘‘ബലപ്രയോഗം ഹൈന്ദവധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ടോ?’’
സ്വാമി: ‘‘രാജാക്കന്മാർക്കും മറ്റും അത് ആവശ്യമാണെന്നും അവർ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായമായിരിക്കയില്ല.’’
മഹാ: ‘‘മതപരിവർത്തനം ചെയ്യണമെന്നും അതാണു സ്വാതന്ത്ര്യലബ്ധിക്കു ശരിയായ വഴിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവദിക്കുന്നുണ്ടോ?’’
സ്വാമി: ‘‘മതപരിവർത്തനം ചെയ്തവർക്കു സ്വാതന്ത്ര്യങ്ങൾ ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോൾ ജനങ്ങൾ മതപരിവർത്തനം നന്നെന്നു പറയുന്നതിൽ അവരെ കുറ്റപ്പെടുത്തുവാനില്ല.’’

മഹാ: ‘‘ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്നു സ്വാമിജി വിചാരിക്കുന്നുണ്ടോ?’’
സ്വാമി: ‘‘അന്യമതങ്ങളിലും മോക്ഷമാർഗ്ഗം ഉണ്ടല്ലോ.’’
മഹാ: ‘‘അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?’’
സ്വാമി: ‘‘ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങൾ അധികം ഇച്ഛിക്കുന്നത്.’’
മഹാ: ‘‘അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ? അതിരിക്കട്ടെ. ആദ്ധ്യാത്മികമോക്ഷത്തിനു മതപരിവർത്തനം ആവശ്യമാണെന്നു സ്വാമിജിക്കഭിപ്രായമുണ്ടോ?’’
സ്വാമി: ‘‘ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവർത്തനം ആവശ്യമില്ല.’’
മഹാ: ‘‘ലൗകികസ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അതു സഫലമാകാതെ വരുമോ?’’
സ്വാമി: ‘‘അതു സഫലമാകാതെ വരില്ല. അതിന്റെ രൂഢമൂലത ഓർത്താൽ പൂർണ്ണ ഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും.’’
മഹാ: (ചിരിച്ചുകൊണ്ട്) ‘‘എന്റെ ആയുഷ്‌കാലത്തിൽത്തന്നെ അതു സഫലമാകുമെന്നാണ് എന്റെ വിശ്വാസം. അധഃകൃതവർഗ്ഗക്കാരിൽത്തന്നെ അയിത്താചാരം ഉണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?’’
സ്വാമി: ‘‘എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയക്കുട്ടികളും പറയക്കുട്ടികളും ശിവഗിരിയിൽ മറ്റുള്ളവരോടൊപ്പം ഊണു കഴിച്ചു താമസിച്ചു പഠിക്കുന്നുണ്ട്. ആരാധനകളിൽ സംബന്ധിക്കുന്നുമുണ്ട്.’’
മഹാ: ‘‘വളരെ സന്തോഷം.’’

ജാതി ചോദിക്കരുത്
ഒരിക്കൽ സ്വാമി തൃശ്ശിവപേരൂർനിന്നു കോഴിക്കോട്ടേക്കു തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. സ്വാമിയുടെ സംഭാഷണം കേട്ടു സ്വാമിയുടെ നേരെ വളരെ ബഹുമാനം തോന്നി ആ മുറിയിൽ ഒരു രാജാവും ഒരു നമ്പൂതിരിയും ഇരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ രാജാവ് ഇങ്ങനെ ചോദിച്ചു.

‘‘നിങ്ങളുടെ പേരെന്താണ്?’’
സ്വാമി: ‘‘നാരായണൻ.’’
രാജാ: ‘‘ജാതിയിൽ ആരാണ്?’’
സ്വാമി: ‘‘കണ്ടാൽ അറിഞ്ഞുകൂടേ?’’
രാജാ: ‘‘അറിഞ്ഞുകൂട.’’
സ്വാമി: (മന്ദസ്മിതപൂർവ്വം) ‘‘കണ്ടാൽ അറിഞ്ഞു കൂടെങ്കിൽ പിന്നെ കേട്ടാൽ അറിയുന്നതെങ്ങനെ?’’
കെ. ദാമോദരൻ,
ശ്രീനാരായണഗുരുസ്വാമി ജീവചരിത്രം.
 

ജാതിയില്ലാത്ത സഭ
തൃശ്ശിവപേരൂർ അദ്വൈതാശ്രമത്തിൽ കിഴക്കുപുറത്തെ കോലായിൽ ഒരു ചാരുകസാലമേൽ സ്വാമികൾ വിശ്രമിക്കുന്നു. ഉച്ചയ്ക്ക് ഉദ്ദേശം പന്ത്രണ്ടുമണിയായിരിക്കും. മുട്ടുവരെ ഇറങ്ങുന്ന കോട്ടു ധരിച്ച ഒരു മേൽമീശക്കാരൻ താഴെ വന്നു നിന്നു ഭക്തിയോടെ തൊഴുതു.
സ്വാമി: ‘‘എവിടുന്ന്?’’
സാംബൻ: ‘‘സാംബവർ മഹാജനസംഘത്തിലെ ഒരു ലീഡർ ആണ്. പതിന്നാലു സംവത്സരമായി ഇങ്ങനെ പൊതുകാര്യങ്ങൾക്കുവേണ്ടി ശ്രമിച്ചു തുടങ്ങിയിട്ട്. തെക്കേ ഇന്ത്യ മുഴുവൻ പ്രസംഗിച്ചു നടന്നിട്ടുണ്ട്.’’
സ്വാമി: ‘‘സാംബവർ എന്നു പറഞ്ഞാൽ ആരാണ്? എന്താണ് അർത്ഥം?’’
സാബൻ: ‘‘ശംഭുവിന്റെ വർഗ്ഗക്കാരാണ്. ശിവൻ ഒരു സാംബവനായിരുന്നു. അതിനു പ്രമാണങ്ങൾ ഉണ്ട്. ഞങ്ങൾക്കു ജാതിയില്ല. എല്ലാവരെയും സാംബവർ സംഘത്തിൽ എടുക്കുന്നുണ്ട്.’’
സ്വാമി: ‘‘കൊള്ളാമല്ലോ. സാംബവർ അല്ലാത്തവരും സംഘത്തിൽ ഉണ്ടോ?’’
സാംബൻ: ‘‘അതില്ല. സംഘത്തിൽ ചേരുമ്പോൾ എല്ലാവരും സാംബവർ ആകും.’’
സ്വാമി: ‘‘അതു നല്ല സൂത്രം. മാധവന്റെ സംഘത്തിലും അങ്ങനെയാണല്ലോ. ചേരുമ്പോൾ എല്ലാവരും ഈഴവരാകും. അതു നന്നല്ല. അധികം ആളുകൾ ചേരില്ല. ഉവ്വോ? പ്രത്യേക മതം ഉണ്ടോ? മതം ഏതായാലും വിരോധമില്ലല്ലോ, മനുഷ്യൻ നന്നായാൽ മതി.’’
സാംബൻ: ‘‘ഞാൻ ക്രിസ്ത്യാനിയാണ്. ഞങ്ങൾക്ക് രണ്ടു സ്ഥാപനങ്ങളുണ്ട്; സാംബവർ മഹാജനസംഘവും സാംബവർ ക്രിസ്റ്റ്യൻ ചർച്ചും. ചർച്ചിൽ ഞങ്ങൾ സാംബവരല്ലാത്ത അച്ചന്മാരുടെ അധികാരം അനുവദിക്കയില്ല. സായ്‌പന്മാർ വന്നപ്പോൾ പുറത്തു നിൽക്കുവാൻ പറഞ്ഞു.’’
സ്വാമി: ‘‘നല്ല ചൊടിയുണ്ടല്ലോ. ശിവൻ ക്രിസ്ത്യാനിയാണോ? ആയിരിക്കാം. ഇപ്പോൾ ശിവൻ ഉണ്ടെങ്കിൽ തീർച്ചയായും മതം മാറിയിരിക്കണം. അങ്ങനത്തെ കാലമാണിത്.
ഒരന്തേവാസിയെ നോക്കി സ്വാമികൾ സംഭാഷണം തുടരുന്നു: ‘‘കണ്ടില്ലേ? എന്തൊരു ചൊടിയാണ്, അങ്ങനെ വേണം. നമുക്ക് അങ്ങനെ ആരും ശ്രമിക്കാൻ ഇല്ലല്ലോ. ജാതിയില്ലാത്ത ഒരു സഭ സ്ഥാപിക്കണമെന്ന് നമുക്കു വിചാരമുണ്ട്. പലരോടും പറഞ്ഞിട്ടുണ്ട്. ആരും ശ്രമിക്കാനില്ല. കഴിയുമോ?’’
അന്തേവാസി: ‘‘ശ്രമിക്കാം.’’
സ്വാമികൾ: ‘‘മനുഷ്യർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഇപ്പോൾ എന്താണ്, ഒന്നും ചെയ്തിട്ടില്ലല്ലോ. ജാതിയില്ലാത്ത ഒരു സഭ സ്ഥാപിക്കണം. ഇവരെല്ലാം അതിൽ ചേരും.’’
ധർമ്മം, പു.1, ലക്കം16, 1103 മകരം 24 (1928 ഫെബ്രുവരി)
പത്രാധിപന്മാർ: നടരാജൻ, ധർമ്മതീർത്ഥർ
 

ജാതിയുടെ കാലം പോയി
തൃപ്പാദങ്ങൾ പാലക്കാട്ട് റാവു ബഹദൂർ ഡോ.കൃഷ്ണന്റെ ബംഗ്ലാവിൽ വിശ്രമിക്കുന്നു. പലരും സന്ദർശനാർത്ഥം വന്നുകൂടിയിട്ടുണ്ട്. പാലക്കാട്ടുള്ള ജനങ്ങളുടെ സ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നു.
സ്വാമികൾ: ‘‘ഇവിടെ നല്ല ഒരു സ്ഥാപനം ഉണ്ടാക്കാം. ജനങ്ങൾക്കു വിദ്യയും ധനവും ഉണ്ട്.’’
ഭക്തൻ: ‘‘ജാതിയുടെ ശല്യം കുറേ അധികമാണ്. കൽപ്പാത്തിയിലെ സമരം ഇനിയും അവസാനിച്ചു എന്നു വിചാരിച്ചുകൂടാ.’’
സ്വാമികൾ: ‘‘ഇല്ല. ജാതി ഇനി എവിടെ നിൽക്കും? ജാതിയുടെ കാലം പോയി. ജാതി ഇല്ലല്ലോ. എല്ലാവരുംകൂടി ഒത്തൊരുമിച്ചു ശ്രമിക്കണം. അപ്പോൾ എല്ലാം നേരെയാവും.’’
എഫ്.
ധർമ്മം, പു.1, ലക്കം 12, 1103 ധനു 18 (1928 ജനുവരി 2)
പത്രാധിപന്മാർ: നടരാജൻ, സി.പി. മേനോൻ
ജാതിയുടെ വേരു പറിഞ്ഞു
1100–ാം മാണ്ടു തുലാമാസത്തിൽ (1924) സവർണ്ണ ഹിന്ദു ജാഥ ശിവഗിരിയിൽ ചെന്നു സ്വാമികളെ നമസ്‌കരിച്ചു തിരുവനന്തപുരത്തേക്ക് യാത്രയായശേഷം ടി മാസം 29–ാം തീയതി മൂലൂർ എസ്. പദ്മനാഭപ്പണിക്കർ ശിവഗിരിയിൽ ചെന്നു സ്വാമികളെ അഭിവന്ദിച്ചു നിൽക്കവേ ഉദ്ദേശം പത്തു വയസ്സു പ്രായം കാണുന്ന ശിവഗിരി ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥിയായ ഒരു ബ്രാഹ്മണക്കുട്ടിയും പണിക്കരുടെ അടുത്തു വന്നു. ‘ഇതൊരു ബ്രാഹ്മണക്കുട്ടിയാണ്. ഇവർക്കാർക്കും ജാതിയില്ല’ എന്നു സ്വാമികൾ പണിക്കരോടു പറഞ്ഞശേഷം ആ കുട്ടിയോടു ‘ജാതിയുണ്ടോ?’ എന്നു ചോദിച്ചു. ‘എനിക്കു ജാതിയില്ല’ എന്നു കുട്ടി ഉത്തരം പറഞ്ഞു. ‘ഉള്ളിലും ഇല്ലേ?’ എന്നു വീണ്ടും സ്വാമി ചോദിച്ചു. ‘എന്റെ ഉള്ളിലും ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേ ഉള്ളൂ’ എന്ന് കുട്ടി വീണ്ടും മറുപടി പറഞ്ഞു. അപ്പോൾ സ്വാമികൾ പണിക്കരെ നോക്കിയിട്ട്, ‘ജാതിയുടെ വേരു പറിഞ്ഞു പോയിരിക്കുന്നു. ഈ കുട്ടിക്കും നല്ല പാകം വന്നിരിക്കുന്നു. ഉണ്ണിമാങ്ങ പഴുത്തതുപോലെ’ എന്നു
കൽപ്പിച്ചു.
അനന്തരം സ്വാമികൾ പണിക്കരോട് ഇങ്ങനെ ചോദിച്ചു: ‘‘സവർണ്ണ ജാഥയുടെ അപേക്ഷയ്‌ക്കു മഹാരാജ്ഞിയുടെ മറുപടിക്കൽപ്പന എന്തായിരുന്നു?’’
പണിക്കർ: ‘‘നിയമനിർമ്മാണസഭയിൽ ഈ വിഷയം പര്യാലോചനയ്ക്ക് വന്നിട്ടുണ്ട്. സഭയിലെ തീരുമാനത്തിനുശേഷം ഇതിനെപ്പറ്റി ഇവിടെ ഗാഢമായി ആലോചിക്കാം എന്നായിരുന്നു.’’
സ്വാമി: ‘‘സാർവ്വത്രികമായ സഞ്ചാരസ്വാതന്ത്ര്യം കിട്ടിയില്ലെങ്കിലും ജാഥകൊണ്ട്‌ ഒരു വലിയ കാര്യം സാധിച്ചല്ലോ.’’
മൂലൂർ
തമ്പുരാട്ടി
തൃപ്പാദങ്ങൾക്കു വളരെക്കാലം മുമ്പു പരിചയമുള്ള ഒരു ബ്രാഹ്മണ സ്ത്രീ തൃപ്പാദദർശനത്തിനായി കൊടുങ്ങല്ലൂർ വന്നു.
സ്ത്രീ: ‘‘ഞാൻ ശാസ്ത്രിത്തമ്പുരാന്റെ തമ്പുരാട്ടി ആണ്.’’
സ്വാമികൾ: ‘‘വീട്ടിൽ വെച്ച് ഇങ്ങനെ തന്നെയാണോ പറയുക?’’
ഗുരുപ്രസാദ്
പു.1., ല. 35, 1103 മിഥുനം 5 (1928 ജൂൺ 15)
പത്രാധിപന്മാർ: ധർമ്മതീർത്ഥർ, മൂർക്കോത്ത്‌ കുമാരൻ
തീണ്ടലും പരിഹാരവും
സ്വാമി ധർമ്മതീർത്ഥരവർകൾക്ക് 8–8–1104–ൽ(1929) കെ.എസ്. ശങ്കു അയച്ച എഴുത്തിന്റെ ഒരു ഭാഗം:
1080 (1905) കുമരകം ക്ഷേത്രം തൃപ്പാദങ്ങളെ കാണാൻ കുറെ പുലയർ വന്നു ദൂരത്തുവശായി.
സ്വാമികൾ: ‘‘അവർക്ക് ഇവിടെ വരരുതോ, അനുവാദം വേണമായി
രിക്കും.’’
അയ്യപ്പനാശാൻ: ‘‘അനുവദിച്ചാലും അവർ വരികയില്ല, സ്വാമീ.’’
സ്വാമി: ‘‘വിളിക്കാഞ്ഞിട്ടാണ്. പണിക്കർ എവിടെ?’’
സമീപത്തു നിന്നിരുന്ന കൊച്ചുപിള്ള പണിക്കർ വന്നു നമസ്‌കരിച്ചു. ‘‘ഈ പഞ്ചസാര അവർക്കു കൊടുക്കുക.’’ പണിക്കർ അവിടെ ഉണ്ടായിരുന്ന പഞ്ചസാരപ്പൊതിയുമെടുത്തു പുലയർ നിൽക്കുന്ന സ്ഥലത്തേക്കു ദ്രുതം നടന്നു.
സ്വാമി: ‘‘ഇവിടെ വിളിച്ചു വരുത്തി കൊടുക്കണം.’’
പണിക്കർ അവരെ കൈമാടി വിളിച്ചു. അവർ കുറേ അടുത്തുവന്നു. കൈയ്ക്കു പഞ്ചസാര വിതരണം ചെയ്തു.
സ്വാമികൾ: (പണിക്കരോട്) ‘‘ഇനിയും കുളിക്കണമായിരിക്കും. തീണ്ടിയല്ലോ.’’
പണിക്കർ: ‘‘അടിയൻ മുമ്പിനാലെ ഇങ്ങനെ തന്നെയാണ്.’’
സ്വാമികൾ: ‘‘തീണ്ടിയാൽ കുളിക്കയില്ല?’’
പണിക്കർ: ‘‘കുളിക്കാതെ വീട്ടിൽ കേറുകയില്ല.’’
സ്വാമികൾ: ‘‘പണിക്കനായതുകൊണ്ടു കുളിച്ചില്ലെങ്കിലും വിരോധമില്ല.’’
അയ്യപ്പനാശാൻ: (വാ പൊത്തിക്കൊണ്ട്) ‘‘ജാതിഭ്രഷ്ടനാവും, പന്തിഭോജനവും ഇല്ലാതാകും.’’
സ്വാമികൾ: ‘‘ഭ്രഷ്ട് തീർപ്പാൻ പണിക്കന്മാർക്കു കഴിയുമല്ലോ, ഇല്ലേ?’’
അയ്യപ്പനാശാൻ: ‘‘അതിനു ബ്രാഹ്മണർക്കാണ് അധികാരവും അവകാശവും.’’
സ്വാമികൾ: ‘‘അവകാശം കൊടുക്കുന്നതുകൊണ്ടാണ് അധികാരം നടത്തുന്നത്. വഴി മാറുന്നതിന് അവകാശം കൊടുക്കുമോ?’’
ധർമ്മം, പു.2, ല.23
1104 മീനം 14 (1929 ഏപ്രിൽ1)
പത്രാധിപന്മാർ: ധർമ്മതീർത്ഥർ, മൂർക്കോത്ത്‌ കുമാരൻ
തീണ്ടൽ മതത്തിന്
കോഴിക്കോട്ടു വെച്ച് ഒരാൾ സ്വാമിയോടു തീണ്ടലിനെപ്പറ്റി സംസാരിച്ചപ്പോൾ ഹിന്ദുവായിരിക്കുമ്പോൾ തീണ്ടലുള്ള ഒരാൾ ക്രിസ്ത്യാനിയോ മുസൽമാനോ ആയാൽ തീണ്ടലില്ലാതെ വരുന്നതിന്റെ സാരം എന്താണെന്നു ചോദിച്ചു.
സ്വാമി: ‘‘സാരം ഇത്രമാത്രമേയുള്ളൂ. ആൾക്കല്ല, മതത്തിനാണു തീണ്ടൽ അതാണു മതം മാറുമ്പോൾ സുഖം കിട്ടുന്നത്.’’
മൂലൂർ
1914 ജൂലായ് ലക്കം മിതവാദിയിൽനിന്നും പുനഃപ്രസിദ്ധീകരണം–
ഗുരുസന്നിധി, ലക്കം 60, 1989 ഓഗസ്റ്റ് 20, സെപ്റ്റംബർ 20
തീണ്ടലില്ലാത്ത ദേവൻ
തലശ്ശേരി, കോഴിക്കോട്, ചെറായി മുതലായ തീയ്യക്ഷേത്രങ്ങളിൽ പുലയർ മുതലായവരെ പ്രവേശിപ്പിക്കുന്നതിനു ക്ഷേത്രഭാരവാഹികൾ അൽപ്പം വൈമുഖ്യം കാണിക്കുന്നതു കണ്ടിട്ട് സ്വാമികൾ ഇങ്ങനെ കൽപ്പിച്ചു:
‘നാം പ്രതിഷ്ഠിക്കുന്ന ദേവൻ തീണ്ടുള്ള ദേവനല്ല; അവിടെ ആരാധിക്കുവാൻ വരുന്നവരെ അകറ്റിനിർത്തരുത്; ജാതിയെ നിലനിർത്താനുള്ള സ്ഥാപനങ്ങളല്ല, തകർക്കാനുള്ള സ്ഥാപനങ്ങളാണു തീയ്യർക്കു വേണ്ടത്.’
മൂലൂർ

തീയനും ക്രിസ്ത്യാനിയും
ഒരിക്കൽ ചാത്തന്റെ ഉപദ്രവനിവൃത്തി വരുത്തുന്നതിനായി രണ്ടു പേർ സ്വാമികളുടെ അടുക്കൽ വന്നു. അവർ പ്രസ്തുത സംഗതിയെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘‘ഇവരുടെ ജാതിക്കാർ ഇവിടെ അറികയില്ല. അതുകൊണ്ടാണ് ഞാൻ കൂടി വന്നത്.’’
സ്വാമികൾ: ‘‘അപ്പോൾ നിങ്ങൾ രണ്ടുപേരും ഒരു ജാതിയല്ല, അല്ലേ?’’
വന്നയാൾ: ‘‘ഞാൻ തീയ്യനാണ്, മറ്റേയാൾ ക്രിസ്ത്യാനിയും.’’
സ്വാമികൾ: (രണ്ടുപേരോടുമായി) ‘‘എങ്ങനെ അറിയും? തിരിച്ചറിയാമോ? അന്യോന്യം നോക്കണം.’’
ക്രിസ്ത്യാനി: (മറ്റേ ആളിനെ നോക്കി) ‘‘തലയിൽ മുടിയുള്ളതുകൊണ്ട് ഇന്നാരാണെന്ന് അറിയാം.’’ (രണ്ടുപേരും പ്രായം അധികം ആയവരാണ്. അവരുടെ തല കഷണ്ടി കേറി രോമം മിക്കവാറും കൊഴിഞ്ഞിരിക്കുന്നു. തീയ്യനെന്നു പറഞ്ഞ ആളിന്റെ തലയിൽ മൂന്നോ നാലോ രോമമേ ഉള്ളൂ.)
സ്വാമികൾ: (സസ്‌മിതം) ‘‘തീയനൊക്കെ കൊഴിഞ്ഞു പോയല്ലോ. ഇനിയും തീയനാണോ.’’
മൂലൂർ
ശ്രീനാരായണ ഗുരുവും ശ്രീ സുന്ദരേശ്വരക്ഷേത്രവും
ഇവിടെ കുമാരനാശാന്റെ ദുരവസ്ഥയിലെ വരികൾ അനുസ്മരിക്കുക
തേച്ചു മിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകൾ ഭാരതാംബേ,
താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ
കാണാതെ ആറേഴു കോടിയിന്നും
തോലും ചെണ്ടയും
വൈക്കം സത്യാഗ്രഹം നടന്ന കാലത്തു നിരോധിക്കപ്പെട്ട റോഡിൽക്കൂടി കോട്ടൻ സായ്‌പിന്റെകൂടെ ഒരു തീയൻ പോയെന്നും അതിനു ബ്രാഹ്മണാദികൾക്കു യാതൊരു വിരോധവും ഉണ്ടായില്ലെന്നും ഒരു ഭക്തൻ സ്വാമി തൃപ്പാദങ്ങളെ അറിയിച്ചു.
സ്വാമികൾ: ‘‘കന്നിൻതോൽ കാലിൽ ചേർന്നാൽ ക്ഷേത്രത്തിൽ കടന്നുകൂടലല്ലോ. ചെണ്ടയിൽ ആയാൽ ക്ഷേത്രത്തിൽ കൊണ്ടുപോകുന്നതിനു വിരോധമില്ല. സായ്പിന്റെ ഭരണംകൊണ്ടു പല ഗുണങ്ങളും ഉണ്ടായിട്ടുണ്ട്.’’
ധർമ്മം, പു.1, ല.28, 1103 മേടം 11 (ഏപ്രിൽ 23)
പത്രാധിപന്മാർ: ധർമ്മതീർത്ഥർ, മൂർക്കോത്ത്‌ കുമാരൻ
ദേവന്മാരും മനുഷ്യരും
ഒരിക്കൽ പറവൂർ ‘കാളികുളങ്ങര’ ക്ഷേത്രാന്തികത്തിൽവെച്ചു നടത്തിയ ഒരു യോഗത്തിൽ സ്വാമികൾ സന്നിഹിതനായിരുന്നു. അവിടെ രണ്ടു പുലയവിദ്യാർത്ഥികൾ വന്നു സ്വാമിപാദങ്ങളെ വന്ദിച്ചു. അവരോടു രണ്ടാളോടും പേരെന്താണെന്നു സ്വാമികൾ ചോദിച്ചു. ‘തേവൻ’ എന്നാണു രണ്ടു പേരുടെയും പേരെന്ന് അവർ മറുപടി പറഞ്ഞു. ഇതുകേട്ടു സ്വാമികൾ മറ്റുള്ളവരോടു പറഞ്ഞു: ‘തേവൻ എന്നതു ദേവൻ എന്നായിരിക്കുമല്ലോ. ഇവർ മാത്രം ദേവന്മാർ. നാമൊക്കെ മനുഷ്യർ.’
മൂലൂർ

നാം ജാതിമതഭേദം വിട്ടിരിക്കുന്നു
1916 പ്രബുദ്ധ കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയ വിളംബരം: നാം ജാതി ഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
എന്ന്
(ഒപ്പ്) നാരായണഗുരു
പഞ്ചമൻ

കീഴ്ജാതികളെന്നു പറയപ്പെടുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് അത്ര സമ്മതമില്ലാത്ത ഒരു ഭക്തൻ:
‘‘പഞ്ചമന്മാർ ഇനിയും ശുചിയുള്ളവർ ആയിട്ടില്ല. അവരെ നമ്മുടെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് ആയിട്ടില്ലെന്നാണ് അടിയനു തോന്നുന്നത്.’’
സ്വാമികൾ: ‘‘പഞ്ചമൻ എന്നു പറഞ്ഞാൽ അഞ്ചാമൻ എന്നല്ലേ അർത്ഥം? അത് ഇത്ര നികൃഷ്ടമോ? ഒരിക്കലും അല്ല. ജോർജ്ജ് പഞ്ചമൻ എന്നു കേട്ടാൽ നമുക്കൊക്കെ ബഹുമാനം തോന്നുന്നില്ലേ? നല്ലവരെ നന്നാക്കാൻ ശ്രമിക്കേണ്ട ആവശ്യമില്ലല്ലോ. അവർക്കു ക്ഷേത്രപ്രവേശനം നൽകിയാൽ നന്നാവാൻ മാർഗ്ഗമുണ്ട്.’’
ഗുരുപ്രസാദ്
ധർമ്മം പു. 1, ല. 28, 1103 മേടം 11 (1928 ഏപ്രിൽ 28)
പത്രാധിപന്മാർ: ധർമ്മതീർത്ഥർ, മൂർക്കോത്ത്‌ കുമാരൻ
പണിക്കർ
ഒരിക്കൽ മൂലൂർ എസ്. പദ്മനാഭപ്പണിക്കരോടു സ്വാമികൾ നായന്മാർക്കും ഈഴവർക്കുമുള്ള പണിക്ക സ്ഥാനത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു. മുമ്പൊക്കെ ഈഴവർ ‘പണിക്കർ’ എന്നെഴുതിയാൽ അത് ഉയർന്ന വർഗ്ഗക്കാർക്ക് ഇഷ്ടമായിരുന്നില്ലെന്നും അതു തനിക്ക് അനുഭവമാണെന്നും പണിക്കർ ദൃഷ്ടാന്തപൂർവ്വം സ്വാമിയെ അറിയിക്കുന്നു. സ്വാമികൾ –രാമഃ എന്നും രാമൗ എന്നും കഴിഞ്ഞിട്ട് രാമാഃ (രാമഃ രാമൗ രാമാഃ) എന്നു വരുന്നതുപോലെ പണിക്കൻ പണിക്കരാകാതെ നിെെത്യകവചനമായിരുന്നാൽ മതിയാവില്ലല്ലോ.
ഗുരുദേവൻ മാസിക

 

ബ്രാഹ്മണാദികളുടെ ഉദ്ഭവം
ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാർ ബ്രഹ്മാവിന്റെ വായിലും കൈയിലും തുടയിലും പാദത്തിലും നിന്നും ജനിച്ചവരാണെന്നും മറ്റും ഒരാൾ വിസ്തരിക്കുന്നതു കേട്ടിട്ടു സ്വാമി: ‘‘ബ്രാഹ്മണനു വായിൽനിന്നു പുറപ്പെടാൻ ഒരുവിധം സൗകര്യം കിട്ടിയിരിക്കും; ക്ഷത്രിയനു കൈയിൽനിന്നു പുറത്തിറങ്ങാനുണ്ടായ സൗകര്യമെങ്ങിനെ,’’ എന്നു ചോദിക്കയും ‘വണ്ണപിളർന്നു പുറത്തുചാടുകയായിരിക്കാ’മെന്നു മറ്റേയാൾ പറയുകയും ചെയ്തപ്പോൾ ‘പുറത്തായിരുന്നില്ലേ കുറേക്കൂടി സൗകര്യം?’ എന്നാണു സ്വാമി ചിരിച്ചും കൊണ്ടു ചോദിച്ചത്.
മനുഷ്യക്കുട്ടികൾ
ശിവഗിരിയിൽ അന്തേവാസികളായിരുന്ന ചില കുട്ടികളെ ശിവഗിരി സന്ദർശിച്ച ദിവാൻ വാട്‌സിനു പരിചയപ്പെടുത്തിക്കൊണ്ട് എ.കെ. ദാസ് പറഞ്ഞു:
‘‘ഇവർ പറയക്കുട്ടികളായിരുന്നു. ഇവരെ ആശ്രമത്തിലെടുത്തു മനുഷ്യരാക്കിയിരിക്കയാണ്.’’
അതുകേട്ട സ്വാമി ഇങ്ങനെ തിരുത്തി
‘‘അവർ ആദ്യമേ മനുഷ്യർതന്നെ. പക്ഷേ, ആ സംഗതി മറ്റുള്ളവർ വകവച്ചു കൊടുക്കാതിരുന്നതാണ്.’’
ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ.
മനുഷ്യജാതി
ശ്രീനാരായണഗുരുസ്വാമി അവർകളെ തിരുവിതാംകൂർ ഗവൺമെന്റ് കൽപ്പനപ്രകാരം കോടതി ഹാജരിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ കമ്മീഷൻ മുഖാന്തിരം മൊഴി വാങ്ങുകയാണ് പതിവ്. ഒരിക്കൽ കമ്മീഷൻ ജാതി, വയസ്സ് മുതലായവ ആദ്യമായി ചോദിച്ചതിനാൽ ‘എന്റെ ജാതി മനുഷ്യജാതിയാണ്’ എന്നു സ്വാമി പറയുകയും പ്രതിനിധി സവിനയം വീണ്ടും ജാതി വിവരം ആവശ്യപ്പെട്ടിട്ടും ‘ഞാൻ ജാതിയിൽ മനുഷ്യൻതന്നെ’ എന്ന് ഒന്നുകൂടി ഉറപ്പിച്ചു പറയുകയും അങ്ങനെ കമ്മീഷൻ എഴുതുകയുമാണ് ചെയ്തത്.
മൂലൂർ