''എങ്ങനെയാണ് താൻ ഇത് ഉദ്ഘാടനം ചെയ്യാൻ പോണത്? നാട മുറിച്ചിട്ടാണോ? നമുക്കത് ഒരു പൂട്ടു തല്ലിപ്പൊളിച്ചിട്ട് ചെയ്താലോ?''

ആണവശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും വൈജ്ഞാനിക സാഹിത്യകാരനുമായിരുന്ന എം.പി പരമേശ്വരനെക്കുറിച്ച് എഴുത്തുകാരൻ അഷ്ടമൂർത്തി എഴുതിയ ഓർമ.
മനുഷ്യസംബന്ധമായ ഒരു സ്‌കെയിലു കൊണ്ടും അളക്കാൻ കഴിയാത്ത ആളായിരുന്നു എനിക്ക് എം. പി. പരമേശ്വരൻ.
സ്‌കൂൾ വിദ്യാഭ്യാസകാലത്ത് അച്ഛന്റെ ശിഷ്യൻ എന്ന ലേബൽ ഉണ്ടായിരുന്നുവെങ്കിലും വിവാഹം വഴി ബന്ധുവായപ്പോഴാണ് എനിക്ക് അദ്ദേഹവുമായി ഇടപഴകാൻ കൂടുതൽ അവസരമുണ്ടായത്. എന്നിട്ടും കാര്യമായ ഇടപഴകലൊന്നും ഉണ്ടായതുമില്ല.
ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്. അടുത്തു ചെല്ലാൻ പേടി തോന്നും. എൻ. വി. കൃഷ്ണവാരിയർ അങ്ങനെയൊരാളായിരുന്നു.
തല നിറയെ ആശയങ്ങളായിരുന്നു. കേട്ടാൽ ശുദ്ധഭ്രാന്ത് എന്നു തോന്നിപ്പിക്കുന്ന അഭിപ്രായങ്ങൾ. ഒന്നും പരമ്പരാഗതരീതിയിൽ ആവരുത് എന്ന് നിർബ്ബന്ധമുണ്ടായിരുന്നു.
രവിപ്രകാശ് കാലപ്പറമ്പത്തിന്റെ പെരിഞ്ഞനത്തുള്ള ഗ്രന്ഥപ്പുര ഉദ്ഘാടനവേദിയിൽ ഇരിക്കുമ്പോൾ എന്നോടു ചോദിച്ചു. ''എങ്ങനെയാണ് താൻ ഇത് ഉദ്ഘാടനം ചെയ്യാൻ പോണത്? നാട മുറിച്ചിട്ടാണോ? നമുക്കത് ഒരു പൂട്ടു തല്ലിപ്പൊളിച്ചിട്ട് ചെയ്താലോ?''
പെരിഞ്ഞനത്തേയ്ക്ക് പോവുംവഴി കൂട്ടിക്കൊണ്ടുപോവാൻ വേണ്ടി എന്റെ വീട്ടിൽ വന്നപ്പോൾ സബി കുറേ മാമ്പഴം ഒരു ചാക്കിലാക്കി കൊടുത്തിരുന്നു. വേദിയിൽ പ്രസംഗങ്ങൾ നടക്കുമ്പോൾ ചിന്താധീനനായി കാണപ്പെട്ട അദ്ദേഹം പെട്ടെന്ന് എന്റെ നേരെ തിരഞ്ഞ് ചോദിച്ചു. ''ചന്ത്രക്കാരനാണോ?''
ആ സമയത്ത് അദ്ദേഹത്തിന്റെ മനസ്സു നിറയെ മാമ്പഴമായിരുന്നു.
ഇരട്ടകളായ എന്റെ രണ്ട് അളിയന്മാരുടെ വിവാഹത്തലേന്ന് തന്റെ വീട്ടുവളപ്പിലെ പ്ലാവിൽനിന്ന് പഴുത്ത ചക്കയിട്ട് അതിന്റെ ചുള പറിച്ച് വരട്ടി ചക്കപ്രഥമനുണ്ടാക്കി അതിഥിളെയെല്ലാം സൽക്കരിച്ചതു കണ്ട് ഞാൻ അന്തംവിട്ട് ഇരുന്നിട്ടുണ്ട്. ആ സമയത്ത് അദ്ദേഹം ന്യൂ ദൽഹി ആസ്ഥാനത്തിലുള്ള National Literacy Missionsന്റ ചെയർമാനായിരുന്നു. ഇന്ദിരാഗാന്ധിയെ ഒരൊറ്റ ഫോൺ കറക്കലിൽ കിട്ടുമായിരുന്ന കാലം!
ഒരു സംഭവം കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം. കേട്ട കഥയാണ്.
കൊല്ലം ഓർമ്മയില്ല. കൊല്ലത്തുവെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനസമ്മേളനം നടക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ഒരതിഥി അർദ്ധരാത്രിയിൽ കൊല്ലം സ്റ്റേഷനിൽ വണ്ടിയിറങ്ങുന്നു. ഏതോ സ്‌കൂളിലാണ് പരിപാടി നടക്കുന്നത്. ആസ്ഥാനത്തെത്തിയ അതിഥി തനിക്ക് കിടന്നുറങ്ങാൻ എന്തു സൌകര്യമാണ് ചെയ്തിട്ടുള്ളതെന്ന് അന്വേഷിക്കുന്നു. പ്രത്യേകിച്ച് ഒന്നും ഒരുക്കിയിട്ടില്ല എന്നറിഞ്ഞ് അലോസരപ്പെട്ട അതിഥി 'എം. പി. പരമേശ്വരൻ എവിടെയാണ് കിടക്കുന്നത്' എന്ന് അന്വേഷിക്കുന്നു. ഭാരവാഹികൾ അദ്ദേഹത്തെ സ്‌കൂളിന്റെ ഒരു ഹാളിലേയ്ക്ക് ആനയിക്കുന്നു. അവിടെ നിരനിരയായി നീർത്തിയിട്ടിട്ടുള്ള തഴപ്പായകളിലൊന്നിൽ മറ്റുള്ള നിരവധി വാളന്റിയർമാരുടെ ഇടയിൽ എം. പി. പരമേശ്വരൻ കാക്കൂട്ടിൽ കയ്യും തിരുകി സുഖമായി ഉറങ്ങുന്നു!
Content Highlights: Prominent nuclear scientist, communist theorist, and science writer M.P. Parameswaran passed away., One of the founders of Kerala Sasthra Sahithya Parishad (KSSP) and a former BARC scientist., Introduced the controversial 'Fourth World Theory', leading to his expulsion from the CPI(M) in 2004., Authored around 100 books in Malayalam and English on science and literature.
Published: 12 Aug 2026, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented