വാഴ്ത്തപ്പെട്ട പുതു രചനകൾക്കിടയിൽ ലജ്ജാവിവശയായി ഒതുങ്ങിയിരിക്കുന്നു ആ പഴയ സുന്ദരി; എന്നെ ഓർമ്മയുണ്ടോ കുട്ടീ എന്ന നിശ്ശബ്ദ ചോദ്യവുമായി....

To advertise here,

ഒരിക്കലുമില്ല. ജീവിതത്തിലാദ്യമായി വായിച്ചുതീർത്ത നോവലിലെ നായികയെ എങ്ങനെ മറക്കാൻ ? പുതുമോടിയോടെ നിരന്നിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്ന് "സുജാത"യെ സ്നേഹവാത്സല്യങ്ങളോടെ പൊടിതട്ടി കയ്യിലെടുത്തപ്പോൾ ഒരു കാലം മുഴുവൻ ഓടിക്കയറിവന്നു മനസ്സിലേക്ക്; കുരുമുളകിന്റെയും ടർപ്പന്റൈൻ ഓയിലിന്റെയും രൂക്ഷഗന്ധത്തിന്റെ അകമ്പടിയോടെ.

ആ ഗന്ധങ്ങളില്ലാതെ കെ സുരേന്ദ്രന്റെ "സുജാത" എന്ന നോവലുമില്ലല്ലോ.

വയനാട്ടിലെ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ നിന്ന് കുറച്ചകലെ കാപ്പിക്കുരു ഉണക്കാനിടുന്ന കളത്തിനരികിലായിരുന്നു പഴയ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്റ്റോർ മുറി. പണിയായുധങ്ങളും കാപ്പിച്ചാക്കുകളും കേടുവന്ന വീട്ടുപകരണങ്ങളുമൊക്കെ സൂക്ഷിച്ചിരുന്ന ആ മുറിയുടെ കോണിലൊരു തടിയലമാരയുണ്ട്. ഒരിക്കലും തുറന്നുകണ്ടിട്ടില്ലാത്ത ആ അലമാരയിൽ എന്ത് രഹസ്യമാണ് ഒളിഞ്ഞിരിക്കുന്നത് എന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു അന്നത്തെ ഏഴാം ക്ലാസ്സുകാരന്. അച്ഛനോട് ചോദിച്ചുകൂടാ. "വേണ്ടാത്തോടത്ത് തലയിടാൻ പോണ്ട കുട്ട്യോള്" എന്നാവും മറുപടി. പിന്നത്തെ ആശ്രയം ചിന്നമ്മു വല്യമ്മയാണ്. അച്ഛന്റെ ഏടത്തി. പൊതുവെ പരുക്കൻ സ്വഭാവക്കാരിയെങ്കിലും എന്നോടൊരു സവിശേഷ വാത്സല്യമുണ്ട്; മകനോടെന്നപോലെ.

ആ വാത്സല്യം മുതലെടുത്തുകൊണ്ട് ചോദിച്ചപ്പോൾ വല്യമ്മ പറഞ്ഞു: "ഗോമ്മാമടെ പുസ്തകങ്ങളാണ്. നെനക്ക്‌ വായിച്ചാ മനസ്സിലാവില്യ. ഒക്കെ ഇംഗ്ളീഷാ.."

ഗോമ്മാമ എന്നാൽ ഗോവിന്ദമ്മാമ. ഡോക്ടർ ഗോവിന്ദൻ നായർ. അച്ഛന്റെയും വല്യമ്മയുടേയുമൊക്കെ മാതൃ സഹോദരൻ. വയനാട്ടിലെ മലമ്പനി നിർമ്മാർജ്ജന ദൗത്യവുമായി ചുരം കയറിവന്ന ആദ്യത്തെ ഡോക്ടർ. മൂപ്പൈനാട് ആശുപത്രിയായിരുന്നു മൂപ്പരുടെ തട്ടകം. താമസം ചുണ്ടയിലെ എസ്റ്റേറ്റ് ബംഗ്ലാവിലും. നല്ലൊരു വായനക്കാരനായിരുന്നുവത്രെ ആൾ. നാട്ടിൽ നിന്ന് അക്കാലത്ത് വാങ്ങിക്കൊണ്ടുവന്ന മെഡിക്കൽ ഗ്രന്ഥങ്ങളാവണം അലമാര നിറയെ.

കൂട്ടത്തിൽ ഒരു മുന്നറിയിപ്പ് കൂടി തന്നു വല്യമ്മ: "പിന്നേയ്, സൂക്ഷിച്ചോണ്ടു ചെക്കാ നീയ്യ്. ആ ഭാഗത്ത് ന്നാളൊരു വള്ളിക്കെട്ടനെ കണ്ടിരുന്നൂത്രേ. കടിച്ചാ ഒരു സുഖോം ണ്ടാവില്ല്യ."

ഒന്ന് നടുങ്ങി എന്നത് സത്യം. എന്നാലും പിന്തിരിഞ്ഞില്ല. അത്രയും കലശലായിരുന്നു വായനപ്രാന്ത്.

വീട്ടിൽ ആരുമില്ലാത്ത ഒരു ദിവസം അച്ഛന്റെ മേശയിൽ നിന്ന് കവർന്നെടുത്ത താക്കോൽക്കൂട്ടത്തിന്റെ സഹായത്തോടെ അലമാര തുറന്നപ്പോൾ മുന്നിൽ വെളിപ്പെട്ടത് പുസ്തകങ്ങളുടെ ഒരു മഹാപ്രപഞ്ചം. വല്യമ്മ പറഞ്ഞ പോലെ ഇംഗ്ളീഷ് പുസ്തകങ്ങൾ മാത്രമായിരുന്നില്ല. പഴയ മലയാളം ഗ്രന്ഥങ്ങൾ, ആനുകാലികങ്ങൾ, വാർഷികപ്പതിപ്പുകൾ.... അങ്ങനെ പലതും. ചിലതൊക്കെ കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു തുടങ്ങിയിരുന്നു. സിനിമാപ്രസിദ്ധീകരണങ്ങളായിരുന്നു അധികവും: ദീപ്തി, സിനിമാമാസികം നർഗീസ്, ഫിലിം... പിന്നെ ചമ്പക്കുളം ബുക്ക് ഡിപ്പോയുടെ ചെറുകഥ, ഡിറ്റക്ടർ തുടങ്ങിയ പുസ്തകങ്ങൾ. ഫിലിം ഫെയർ, ഇലസ്ട്രേറ്റഡ് വീക്കിലി, സ്ട്രാൻഡ് മാഗസിൻ, റീഡേഴ്സ് ഡൈജസ്റ്റ്, നാഷണൽ ജ്യോഗ്രഫിക്.....

ഏറ്റവും വലിയ ആകർഷണം ഭദ്രമായി കെട്ടിവച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ലക്കങ്ങളായിരുന്നു. 1940 കൾ മുതൽ 60 കൾ വരെയുള്ള വാരികകൾ. തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷമായിരുന്നു കുട്ടിക്ക്. അലമാരയിലെ പുസ്തകങ്ങളിൽ ആർത്തിയോടെ ഊളിയിട്ടിറങ്ങി അവൻ. തരം കിട്ടുമ്പോഴെല്ലാം അച്ഛന്റെ കണ്ണുവെട്ടിച്ചു സ്റ്റോറിൽ പതുങ്ങിയെത്തി. മുറിയുടെ ഓരത്ത് കൂട്ടിയിട്ടിരുന്ന കുരുമുളക് ചാക്കുകളും കാപ്പിക്കുരുവും ടർപ്പന്റൈൻ ഓയിലും അറക്കപ്പൊടിയുമൊന്നും അവന്റെ ഏകാഗ്രതയെ ബാധിച്ചതേയില്ല. എല്ലാ ഗന്ധങ്ങളും ആസ്വദിച്ചുകൊണ്ട്, കാപ്പിച്ചാക്കുകളിൽ തല ചായ്ച്ചു കിടന്ന് വായിച്ചുകൊണ്ടേയിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ.

ആ ദിവസങ്ങളിലൊന്നിൽ നിനച്ചിരിക്കാതെ കണ്മുന്നിൽ വന്നു പുഞ്ചിരിച്ചു നിൽക്കുകയായിരുന്നു സുജാത; മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളിൽ. 1960 കളിലെ ഏതോ ലക്കത്തിൽ നോവലിന്റെ ആദ്യ അധ്യായം വായിച്ചപ്പോൾ അടുത്ത അധ്യായം വായിക്കാൻ മോഹം. ആഗ്രഹംവളർന്നുകൊണ്ടിരുന്നു; വായനയും. സുജാതയും വിക്രമനും ഭരതനുമൊക്കെ ഉറക്കത്തിൽ പോലും പിന്തുടരാൻ തുടങ്ങി. കഥാപാത്രങ്ങളായല്ല; ചോരയും നീരുമുള്ള മനുഷ്യരായി.

രാഷ്ട്രീയവും കുടുംബബന്ധങ്ങളും ഇഴചേർന്നു കിടക്കുന്ന കഥയാണ് സുജാത. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ച് ഉൾക്കാഴ്ച്ച നൽകുന്ന കൃതി. ആ ചെറുപ്രായത്തിൽ പോലും മനസ്സിനെ തൊട്ടു നോവലിലെ കഥാപാത്രങ്ങളുടെ അന്തഃസംഘർഷങ്ങൾ. എന്തോ ഒരു മാജിക് ഉണ്ടായിരുന്നു ആ എഴുത്തിൽ.

കെ സുരേന്ദ്രൻ. ആ പേര് ആദ്യമായി മനസ്സിൽ തടഞ്ഞത് അന്നാണ്. ലളിതസുന്ദരമായ ആ രചനാശൈലിയോട് ഭ്രമം തോന്നിയതുകൊണ്ടവാം, കുറേക്കാലത്തേക്ക് സുരേന്ദ്രന്റെ രചനകൾ തിരഞ്ഞുപിടിച്ചു വായിക്കലായിരുന്നു ജോലി. മായ, ദേവി, കാട്ടുകുരങ്ങ്, താളം, സീമ, മരണം ദുർബലം.... അധികവും സിനിമയായി മാറിയ നോവലുകൾ.

പിന്നീടെത്രയോ കഥാകാരന്മാരും നോവലിസ്റ്റുകളും ജീവിതത്തിൽ വന്നുപോയി. എല്ലാ ജനുസ്സിലും പെട്ടവർ. പക്ഷേ ആദ്യമായി മനസ്സിനെ കീഴടക്കിയ എഴുത്തുകാരനെ എങ്ങനെ മറക്കാൻ?

പതിറ്റാണ്ടുകൾക്ക് ശേഷം ഒരു വൈകുന്നേരം ജോലി ചെയ്തിരുന്ന പത്രമോഫീസിന് മുന്നിലൂടെ നടന്നുപോയ ആളെ ചൂണ്ടി "അതാ ആ പോണ ആളാണ് കെ സുരേന്ദ്രൻ" എന്ന് കൂട്ടുകാരൻ മന്ത്രിച്ചപ്പോൾ തോന്നിയ ആഹ്ളാദത്തിന് അതിരില്ല. കൗതുകത്തോടെ അദ്ദേഹത്തെ നോക്കിനിന്നു, കാഴ്ച്ചയിൽ നിന്ന് മറയും വരെ.

കുരുമുളകിന്റെയും ടർപ്പന്റൈൻ ഓയിലിന്റെയും ഗന്ധമുണ്ടായിരുന്നു അപ്പോൾ അന്തരീക്ഷത്തിൽ.