മുഹമ്മദ് അബ്ബാസ് എന്ന സാധാരണക്കാരന്റെ ഓര്‍മക്കുറിപ്പുകളാണ്  'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകം. അത് വായിക്കുന്നവര്‍ക്ക് ഉള്ളുപൊള്ളിയെന്നുവരാം. പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതിയതുപോലെ, തന്റെ ജീവിതപ്പാച്ചിലില്‍ കാലില്‍ തറച്ച മുള്ളുകളുടെ, ഹൃദയത്തില്‍ പൊടിഞ്ഞ ചോരയുടെ അടയാളങ്ങളാണ് ആ കുറിപ്പുകളില്‍ നിറയെ. ജീവിക്കാനായി, അപമാനിക്കപ്പെടാതിരിക്കാനായി ജീവിതപ്രാരാബ്ധങ്ങള്‍ക്കിയിലും തെരുവില്‍നിന്ന് അക്ഷരങ്ങള്‍ പഠിച്ച്, പുസ്തകവായനയിലൂടെ വളര്‍ന്ന അബ്ബാസിന്റെ എഴുത്തുകള്‍ ജീവിതത്തോട് മാത്രം ഒട്ടിച്ചേര്‍ന്നവയാണ്. തന്റെ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു;

To advertise here,

ഫെയ്​സ്ബുക്ക് കുറിപ്പുകളിലൂടെ ആളുകള്‍ക്ക് സുപരിചിതനായ താങ്കളെ ഇപ്പോള്‍ 'വിശപ്പ് പ്രണയം ഉന്മാദം'എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച മാതൃഭൂമി പതിപ്പിലൂടെ വലിയൊരു വായനാസമൂഹം ഏറ്റെടുത്തിരിക്കുകയാണ്. പുസ്തകം വായനക്കാരിലേക്കെത്തിയിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ മുഹമ്മദ് അബ്ബാസിന്റെ ജീവിതം കൂടുതല്‍ പേരിലേക്കെത്തിയെന്ന് പറയാമെന്ന് തോന്നുന്നു?

അതെ. അച്ചടിമാധ്യമങ്ങളിലൊന്നും എഴുതിത്തുടങ്ങിയ ആളല്ല ഞാന്‍. ഫെയ്​സ്ബുക്കിലായിരുന്നു എല്ലാം എഴുതിയിട്ടത്. ആ മാധ്യമമില്ലായിരുന്നെങ്കില്‍ എന്നെപ്പോലെ ഒരാള്‍ ഇങ്ങനെ അനുഭവമെഴുതിയാല്‍ ആരും വകവെക്കില്ലല്ലോ. നമ്മള്‍ തന്നെയാണ് അവിടെ പബ്ലിഷറും എഡിറ്ററുമെല്ലാം. എന്തുമെഴുതാന്‍ എല്ലാവര്‍ക്കും അവിടെ സ്വാതന്ത്ര്യമുണ്ടല്ലോ. അതേസമയം, ആ സ്വാതന്ത്ര്യം ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. നല്ല വായനാശീലമുള്ള ഒരാള്‍ക്ക് അതിലെ നെല്ലും പതിരും വേര്‍തിരിച്ചറിയാനാകും. കഴിവുള്ള ഒരാളുടെ എഴുത്ത് പെട്ടെന്ന് മനസ്സിലാകും. ആര്‍. രാജശ്രീയുടെ നോവല്‍ ഫേസ്ബുക്കില്‍ വന്നപ്പോള്‍ വായനക്കാര്‍  തിരിച്ചറിഞ്ഞതുപോലെ.

ആലോചനയിലൂടെയും സങ്കല്‍പ്പങ്ങളിലൂടെയും മെനഞ്ഞെടുക്കുന്നത് മാത്രമല്ല എഴുത്ത്. എന്റെ എഴുത്തില്‍ യഥാര്‍ഥ വ്യക്തികളാണുള്ളത്. അവരിലെന്റെ കുടുംബക്കാരടക്കമുണ്ട്. എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യമെനിക്കുണ്ട്. വസ്ത്രത്തിന്റെ നിറമൊക്കെ വര്‍ണിക്കുന്നതിന് ആ നിറത്തില്‍ മാറ്റം വരുത്തിയെഴുതും എന്നതൊഴിച്ചാല്‍ എഴുത്തിന്റെ ഭംഗിക്കായി മറ്റ് ഭാവനകളൊന്നും ഞാനതില്‍ ചേര്‍ത്തിട്ടില്ല. എല്ലാം സത്യമാണ്. അതിലും മോശമായ ജീവിതങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവയെല്ലാം നമ്മളറിയാതെ പോകുന്നവയാണെന്നു മാത്രം.

placeholder
പുസ്തകത്തിന്റെ മുഖചിത്രം

ഒരു സാധാരണ വായനക്കാരന്റെ മനസ്സിലുള്ളൊരു ധാരണ വിദ്യാഭ്യാസമുള്ള, ബുദ്ധിജീവിയായ, പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം വായിച്ച ഒരാളാകാം  എഴുത്തുകാരന്‍  എന്നെല്ലാമാണ്. ഞാന്‍ ഇതെല്ലാം വായിച്ചിട്ടുണ്ട്. എന്നാല്‍ എഴുത്തുകാര്‍ വായിച്ചിരിക്കണം എന്ന് പറയുന്നത്രയും വായിച്ച ആളല്ല ഞാന്‍. മറ്റുള്ളവര്‍ പറയുന്ന പോലെ എവിടെനിന്നും വലിയ പ്രചോദനമൊന്നും എനിക്ക് കിട്ടിയിട്ടുമില്ല.  സാഹിത്യം വായിക്കുന്ന സാദാ ഒരാള്‍.

എന്റെ ഭാഷ വളരെ സാധാരണമായിരിക്കും. അതുകൊണ്ടുതന്നെയാണ് അതില്‍ സാഹിത്യഭംഗി തിരയരുതെന്ന് ഞാന്‍ പറയുന്നത്. വലിയ പാണ്ഡിത്യമുള്ളവര്‍ക്ക് സാഹിത്യഭാഷയുണ്ടാക്കാന്‍  പ്രയാസമുണ്ടാകില്ല. എനിക്കത് വലിയ പാടാണ്. അറിയുകയില്ല എന്നതാണ് സത്യം. ഇല്ലാത്തതിനെ ഞാന്‍ ഉയര്‍ത്തിക്കാണിക്കേണ്ടതില്ലല്ലോ. ഞാന്‍ എങ്ങനെയാണോ അങ്ങനെത്തന്നെ അവിടെ നില്‍ക്കുകയാണ്.

ജീവിതാനുഭവങ്ങളെഴുതുന്നത് ഒരു ഫിക്ഷന്‍ എഴുതുന്നതിനേക്കാള്‍ ശ്രമകരമാണോ? 

അനുഭവമെഴുതാന്‍ റിസ്‌ക് കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍ പോലും എന്റെ രണ്ട് നോവലുകള്‍ എഡിറ്റ് കഴിഞ്ഞ് ഇരിപ്പുണ്ട്. എനിക്ക് തൃപ്തിയാവാത്തതുകൊണ്ട് അങ്ങനെതന്നെ കിടക്കുകയാണ്. പക്ഷേ, അതെഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന സ്വാതന്ത്ര്യം വലുതാണ്. മുമ്പില്‍ കാണുന്ന ഒരു വ്യക്തിയുടെ പേര് മാറ്റിയും തിരിച്ചും മറിച്ചും, ആണിന്റെ അനുഭവങ്ങളെ പെണ്ണിന്റേതായും തിരിച്ചും മറിച്ചുമെല്ലാം ഉപയോഗിക്കാം. എന്നാല്‍ ജീവിതാനുഭവങ്ങളെഴുതുമ്പോള്‍ ഒരു രക്ഷയുമില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ആളുകളെ  അധികം വിഷമിപ്പിക്കാതിരിക്കുക, പറ്റുമെങ്കില്‍ അവരുടെ പേര് മാത്രം ഒന്ന് മറച്ചുവെക്കുക എന്നുള്ളതാണ്.

അങ്ങനെ എഴുതുമ്പോള്‍ അലങ്കാരങ്ങളൊന്നും ചേര്‍ക്കാനില്ല. ഞാന്‍ കണ്ടതോ അനുഭവിച്ചതോ ആയ ഒരു വൈകാരികമുഹൂര്‍ത്തം പറയുമ്പോള്‍ എനിക്കവിടെ ഭാഷകൊണ്ട് ഒന്നും കാണിക്കാന്‍ പറ്റില്ല. ആ അനുഭവം എന്നെക്കൊണ്ട് കഴിയുന്ന ഭാഷയില്‍ അങ്ങനെത്തന്നെ പറയാനേ ആകൂ. എഴുതിത്തുടങ്ങുമ്പോള്‍ അത് റിസ്‌ക് ആയി തോന്നുമെങ്കിലും തുടര്‍ന്നെഴുതുമ്പോള്‍ ആത്മവിശ്വാസം വരാറുണ്ട്. പിന്നെ ഫേസ്ബുക്കിലെഴുതുമ്പോള്‍ പെട്ടെന്നുതന്നെ എഴുത്തിന് പ്രതികരണം കിട്ടുമല്ലോ. നല്ലതെന്നോ മോശമെന്നോ എന്താണ് വായനക്കാര്‍ക്ക് അനുഭവപ്പെടുന്നതെന്ന് ഉടനെ അറിയാം. അതുകൊണ്ടു കൂടിയാവാം ഞാനങ്ങനെ തുടര്‍ച്ചയായി എഴുതിയിട്ടുണ്ടാവുക. അനുഭവമെഴുത്തില്‍ പോളിഷും മേക്കപ്പുമൊന്നും ചെയ്യാന്‍ കഴിയില്ല.

അങ്ങനെയാണെങ്കിൽ എഴുതുമ്പോഴും അതിനുശേഷവും ഒരേ ലോകത്ത് തന്നെയാണല്ലോ താങ്കള്‍ ജീവിക്കുന്നുണ്ടാവുക. ആളുകളെ പരാമര്‍ശിച്ച് എഴുതുമ്പോള്‍ ഇതറിഞ്ഞ് അവര്‍ പ്രതികരിക്കാറുണ്ടോ? ഏതു തരത്തിലുള്ള പ്രതികരണങ്ങളാണ് അവ?  

ഞാന്‍ എഴുതുന്നത് പലതും കുടുംബാംഗങ്ങളെക്കുറിച്ചുള്ള എഴുത്തുകളായതിനാല്‍ സ്വകാര്യമായ  പല കാര്യങ്ങളും അതിലുണ്ട്. വൈകുന്നേരമായാല്‍ നാട്ടിലെ പ്രായം ചെന്ന ആളുകളോടൊപ്പമിരുന്നാണ് ഞാന്‍ സംസാരിക്കാറ്. ഞാന്‍ പുസ്തകമെഴുതിയിട്ടുണ്ട് എന്നൊന്നും അവര്‍ക്കറിയില്ല. എന്നാല്‍ എഴുത്തിന് ചില പ്രതികരണങ്ങളൊക്കെ പലരുടെ അടുത്തുനിന്നും ഉണ്ടാകാറുണ്ട്. തങ്ങളെക്കുറിച്ച് എഴുതിയത് മറ്റുള്ളവര്‍ പറഞ്ഞുകേട്ടുകൊണ്ട് ആളുകള്‍ എന്റെ അടുത്തുവന്ന് ചോദ്യം ചെയ്യാറുണ്ട്. നമ്മളെപ്പറ്റിയെഴുതും, കരുതിയിരിക്കണം എന്ന ധാരണയോടെയും ആളുകള്‍ എന്നെ കാണാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇത്തരമൊരെഴുത്ത് വെല്ലുവിളിയാണ്.

കഥയോ നോവലോ എഴുതുമ്പോഴായാലും എഴുത്ത് കഴിയുന്നതോടുകൂടി അവിടെ ഒന്നും തീരുന്നില്ല. അതിന്റെ അനന്തരഫലങ്ങളും എഴുത്തുകാരന്‍ അനുഭവിക്കേണ്ടി വരും. നമുക്കറിയാവുന്നതുപോലെ അത്തരം എഴുത്തുകാര്‍ക്കെതിരേ മതവിമര്‍ശനത്തിന്റേയോ മറ്റു കാരണങ്ങളുടേയോ പേരില്‍ ഭീഷണികളുയരാറുണ്ട്. അനുഭവക്കുറിപ്പുകളെഴുതുമ്പോള്‍ സമൂഹത്തില്‍ നമ്മള്‍ നോട്ടപ്പുള്ളികളാണ്. നിങ്ങളെ അവര്‍ നിരന്തരം ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കും.  

placeholder
'വിശപ്പ്, പ്രണയം, ഉന്മാദം’ എന്ന പുസ്തകത്തിന്റെ പ്രകാശനം
എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവും സ്മിത ഗിരീഷും നിർവഹിക്കുന്നു. 

എന്നെ മാത്രമല്ല, കുടുംബത്തേയും അത് ബാധിക്കുന്നുണ്ട്. അവര്‍ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ ഞാന്‍ എഴുതിയ പല കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അവരോട് ആളുകള്‍ പെരുമാറാറുണ്ട്. മരണംവരെ അതൊരു റിസ്‌ക്കായിതന്നെ തുടരുമെന്നതാണ് സത്യം. മറ്റ് എഴുത്തുകാരുടെ കാര്യത്തിലും അതങ്ങനെതന്നെയാകും. സാധാരണക്കാരനായതുകൊണ്ട് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ടെനിക്ക്. ഐ.എ.എസ്. ഉദ്യോഗസ്ഥനോ മറ്റാരായാലും ഒരു മറയുമില്ലാതെ ആത്മകഥയെഴുതിയാൽ ആ മനുഷ്യന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളി അപാരമായിരിക്കും. എന്നാല്‍ അത് ഫിക്ഷനെഴുതുമ്പോള്‍ സംഭവിക്കില്ല.

വേദനയുടെ ഒരു കണിക പോലുമില്ലാതെ രചന ജന്മംകൊള്ളുന്നില്ലെന്ന വാദം ശക്തമാണല്ലോ. സങ്കടത്തില്‍നിന്നാണോ താങ്കളുടെ എഴുത്ത്?

എന്റെ പുസ്തകത്തിലെ പല കുറിപ്പുകളും ഇത് പുറത്തറിയണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഞാനെഴുതിയത്. കാരണം അന്ന് അതിനെതിരേ പ്രതികരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഒരുപാട് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ആകെ ബുദ്ധിമുട്ടിലായി നില്‍ക്കുന്ന അവസരങ്ങളിലാവും അത്തരം അനീതികള്‍ നടക്കുക. അവിടെ പ്രതികരിക്കാന്‍ എനിക്കൊരു വഴിയുമില്ല. കാര്യം എങ്ങനെയെങ്കിലും നടത്തിയെടുക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നും അവിടെയുണ്ടാവില്ല. എനിക്ക് മാത്രമല്ല ഇത് നേരിടേണ്ടി വരുന്നത്. ഞാന്‍ ചുറ്റുമുള്ളവരെയും കാണുന്നുണ്ട്. അവര്‍ പലതരം അനീതികള്‍ അനുഭവിച്ചു പോകുന്നവരാണ്. അവര്‍ക്കാര്‍ക്കും ഇതൊന്നും പറയാന്‍ സ്ഥലമില്ല. പണിയെടുത്തതിന് പണം കിട്ടാതെ, കിട്ടുന്ന പണം വാങ്ങിയും അതുപോലും നിഷേധിക്കപ്പെട്ടും അവര്‍ പലരും കരഞ്ഞുകൊണ്ട് മടങ്ങിപ്പോകുന്നത് ഞാന്‍ കാണുന്നതാണ്. അത്ര വിദ്യാസമ്പന്നരൊന്നുമല്ല അവര്‍. പത്തിലേ പഠനം നിര്‍ത്തിയവര്‍, ഗള്‍ഫിലൊക്കെ പോയി ഒന്നുമാകാനാകാതെ തിരിച്ചുവന്നവര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരൊക്കെയാണ്.

എന്റെ എഴുത്തൊരു പ്രതിഷേധമാണ്. എന്നാല്‍, അതങ്ങനെയല്ല താനും. വലിയ പ്രതിഷേധം പ്രകടിപ്പിക്കണം, വലിയ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ബോധത്തില്‍നിന്നൊന്നുമല്ല അതുണ്ടാകുന്നത്. ഒരു  അസ്വസ്ഥതയില്‍നിന്നാണ്. സമൂഹമാധ്യമങ്ങളിലെഴുതുമ്പോള്‍ ആളുകള്‍ പല അഭിപ്രായങ്ങള്‍ പറയും. എപ്പോഴും ഈ കഷ്ടപ്പാടുകള്‍ എഴുതുന്നത് എന്തുകൊണ്ടെന്ന ചോദ്യം വരും. എനിക്കറിയാവുന്ന കാര്യങ്ങളേ എനിക്കെഴുതാനറിയൂ എന്നാണ് അതിനുള്ള മറുപടി. വല്ലാത്ത സന്തോഷമുണ്ടെങ്കില്‍ അതെഴുതാം. അതില്ലാത്തൊരു വ്യക്തി അവന്റെ അനുഭവമല്ലേ എഴുതുക? ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ചുറ്റും സാധാരണ മനുഷ്യരാണ്. അന്നന്നത്തെ അന്നം കിട്ടാനായി ഓടിപ്പായുന്ന പെയിന്റ് പണിക്കാരും ഓട്ടോതൊഴിലാളികളും വാടകവീടുകളില്‍ താമസിക്കുന്നവരുമെല്ലാമാണവര്‍. അവര്‍ക്കൊക്കെയുള്ള പ്രശ്‌നങ്ങളേ എനിക്കുമുള്ളു. അവരുടെ പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യാന്‍ ഒരാള്‍ വേണ്ട? അങ്ങനെയുമുണ്ടല്ലോ. വലിയ കാര്യങ്ങള്‍ മാത്രം പറയുന്നതിനിടയില്‍ കുഞ്ഞുജീവിതങ്ങളും പറയണ്ടേ?

അസാധാരണമായ ജീവിതാനുഭവങ്ങളിലൂടെയാണ് അബ്ബാസ് കടന്നുവന്നത്. വേരുപറിച്ചെടുക്കപ്പെട്ട ഒരു ചെടി പുതുമണ്ണില്‍ വേരുപിടിച്ച് പ്രതിസന്ധികളിലൂടെ വളര്‍ന്ന് വലിയ വൃക്ഷമായി മാറിയ പോലൊരു അനുഭവമാണ് ഈ പുസ്തകം വായിക്കുന്നവര്‍ക്ക്?  

മലബാറില്‍നിന്നു ഉപജീവനത്തിനായി തിരുവിതാംകൂറിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമായിരുന്നു എന്റേത്. അന്ന് ഉപ്പയും ഉമ്മയുമെത്തിയ പ്രദേശം പിന്നീട് തമിഴ്‌നാടിന്റെ ഭാഗമായി മാറി. കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിലാണ് ഞാന്‍ ജനിക്കുന്നത്. ഞങ്ങള്‍ പത്ത് മക്കളായിരുന്നു. അരസ് നടുനിലൈ പള്ളി സ്‌കൂളില്‍ ഞാന്‍ എട്ടുവരെ പഠിച്ചു. സ്‌കൂളിന് എണ്ണം തികയ്ക്കാനായി കുട്ടികളെ ആവശ്യമായി വന്നപ്പോള്‍ ഏട്ടന്മാരെ സ്‌കൂളില്‍ ചേര്‍ത്ത സമയം എന്നെ മൂന്നാം വയസ്സില്‍തന്നെ ചേര്‍ത്തു എന്നാണ് ഉമ്മ പറഞ്ഞത്. ഉപ്പയും ഉമ്മയും തങ്ങളുടെ വേരുതേടി മലപ്പുറത്തെ കോട്ടക്കലിലേക്ക് (നാട്ടിലേക്ക്) തിരിച്ചുപോന്നപ്പോള്‍ എന്റെയും സഹോദരങ്ങളുടെയും വേരുകളറുക്കപ്പെടുകയായിരുന്നു.

placeholder
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: ജമേഷ് കോട്ടക്കല്‍

തമിഴ് വായിച്ചും എഴുതിയുംപോന്ന എനിക്ക് നാട്ടിലെത്തിയപ്പോള്‍ മലയാളം വലിയൊരു സമസ്യയായി. വീട്ടില്‍ സംസാരിക്കുന്നത് മലയാളമായിരുന്നെങ്കിലും അക്ഷരങ്ങളൊന്നുമറിയില്ലായിരുന്നു. മലയാളത്തിലെഴുതിയ ബസ്സിന്റെ ബോര്‍ഡും കടകളുടെ പേരും ഒന്നും വായിക്കാനാകാതെ കുഴങ്ങി. പെരിന്തല്‍മണ്ണ വഴിയാണ് വീട്ടില്‍ പോകേണ്ടത്. അക്ഷരങ്ങളുടെ ആകൃതി നോക്കി ബസ്സില്‍ കയറും. പക്ഷേ, ബോര്‍ഡ് വായിക്കാനറിയാത്തതിനാല്‍ വഴി തെറ്റുകയും വഴിയില്‍ ബസ്സുകാര്‍ ഇറക്കിവിടുകയുമൊക്കെയുണ്ടായി. അപമാനിതനാവുന്ന പല അനുഭവങ്ങള്‍ നേരിടേണ്ടിവന്നപ്പോള്‍ ജീവിക്കാനായി ഭാഷ പഠിക്കേണ്ടത് അത്യാവശ്യമായി വന്നു.  

ഭാഷ പഠിക്കാതെ വേറെ വഴിയില്ല എന്ന് മനസ്സിലാക്കിയ ഉപ്പ എന്നെ സ്‌കൂളില്‍ ചേര്‍ത്താന്‍ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ പത്രം നിവര്‍ത്തി മാഷ് ഒരു വാക്ക് കാണിച്ച് വായിക്കാന്‍ പറഞ്ഞെങ്കിലും എനിക്കതിനായില്ല. കാര്യങ്ങള്‍ മനസ്സിലായ അധ്യാപകന്‍ എന്നെ രണ്ടാം ക്ലാസിലിരുത്താമെന്ന് പറഞ്ഞു. ഇന്നായിരുന്നെങ്കില്‍ എന്നെ അവിടെയും ഇരുത്താന്‍ സാധിക്കില്ലെന്ന് തോന്നുന്നു. സഹോദരങ്ങളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു. അങ്ങനെ ഞങ്ങളുടെ വിദ്യാഭ്യാസം അവിടെവെച്ച് നിന്നുപോയി.

മലയാളം അക്ഷരങ്ങളറിയാത്ത കുട്ടി പിന്നീടെങ്ങനെയാണ് വായനയുടെ ലോകത്തേക്കെത്തിയത്?

അന്ന് അയല്‍പ്പക്കത്തെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നു. അവരുടെ പുസ്തകത്തിന്റെ ഘടനയും അക്ഷരങ്ങളുമെല്ലാം എനിക്ക് പുതുമയുള്ളവയായിരുന്നു. മറ്റേതോ ഒരു ലോകം. സ്വാഭാവികമായും അത് പഠിച്ചെടുക്കണമെന്ന് ഉള്ളില്‍ തോന്നി. കണ്ണിലുടക്കുന്ന പുസ്തകങ്ങളില്‍നിന്നും മറ്റും ഞാന്‍ അക്ഷരങ്ങളെ പരിചയപ്പെട്ടു. കോട്ടക്കലില്‍ ഒരു കമേഴ്ഷ്യല്‍ ആര്‍ട്ടിസ്റ്റ് ഹെല്‍പ്പറായി ഞാന്‍ ജോലി ചെയ്തിരുന്നു. ബാനറിലും മറ്റുമായി അക്ഷരങ്ങളെഴുതുകയായിരുന്നു ജോലി.  എന്താണ് എഴുതുന്നത് എന്നൊന്നും അറിയില്ല. ഒപ്പമുള്ളയാളോട് ഇതേത് അക്ഷരമാണെന്ന് ചോദിച്ച് മനസ്സിലാക്കുമായിരുന്നു. പതിയെ അവ പഠിച്ചെടുത്തു. ആക്രിക്കടകളില്‍നിന്ന് ബാലപ്രസിദ്ധീകരണങ്ങള്‍ വാങ്ങി ചിത്രകഥകള്‍ നോക്കിയും പണിക്കിടെ പഠിച്ച അക്ഷരങ്ങളുപയോഗിച്ചും ഞാന്‍ വായിക്കാന്‍ ശ്രമിച്ചു. വളരെ ബുദ്ധിമുട്ടിയാണ് വായിച്ചിരുന്നത്. ഒരു പേജ് വായിക്കാന്‍ രണ്ട് ദിവസമൊക്കെയെടുത്ത സമയമുണ്ടായിരുന്നു. എങ്കിലും കഷ്ടിച്ച് വായിച്ചൊപ്പിക്കും. അങ്ങനെ രണ്ട് വര്‍ഷം ജോലിയെടുത്തു. വായന പഠിച്ചെടുത്തു. തമിഴും മലയാളവും തമ്മില്‍ വലിയ അന്തരമൊന്നുമില്ലെന്ന് എനിക്ക് മനസ്സിലായി.

പിന്നീട് ആ ജോലി ഒഴിവാക്കി കര്‍ക്കശക്കാരനായ എന്റെ മൂത്ത ഏട്ടന്റെ കൂടെ പെയിന്റിങ് ജോലിക്ക് ഹെല്‍പ്പറായി പോയി. എന്നെ അടിച്ചുവളര്‍ത്തണം, സിനിമയ്ക്ക് വിടരുത് എന്നൊക്കെയായിരുന്നു മൂപ്പരുടെ അഭിപ്രായം. ഏട്ടന്റെ അക്രമം സഹിക്കവയ്യാതെയായപ്പോള്‍ ഞാന്‍ കോഴിക്കോട്ടേക്ക് നാടുവിട്ടു. ഹോട്ടലില്‍ ശുചീകരണ തൊഴിലാളിയായി പണിയെടുത്തു. അവിടെ ഒരുപാട് കുട്ടികള്‍ ജോലിക്കുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും അക്ഷരാഭ്യാസമുണ്ടായിരുന്നു. ആ സമയത്താണ് മംഗളം, മനോരമ, കുങ്കുമം തുടങ്ങിയ വാരികകളെല്ലാം ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. നമ്മള്‍ തള്ളിക്കളയുമെങ്കിലും ഒരുപാട് പേരെ വായനയിലേക്ക് കൊണ്ടുവന്നതില്‍ അവയ്‌ക്കെല്ലാം വലിയ പങ്കുണ്ട്. ഈ കുട്ടികളുടെ സഹായത്തോടെ ഞാന്‍ മലയാളം എഴുതാന്‍ പഠിച്ചു. അന്ന് പന്ത്രണ്ട് മണിക്കൂറാണ് ജോലി. വൈകീട്ട് ആറുമണിക്ക് ജോലികഴിഞ്ഞ് വന്നാല്‍ ഒന്നുകില്‍ സിനിമക്ക് പോകും അല്ലെങ്കില്‍ ടെറസ്സില്‍ പോയി വായിച്ചും നോക്കിയെഴുതിയും പഠിക്കും. അതായിരുന്നു അന്ന് സകൂള്‍. എഴുതാനും വായിക്കാനുമെല്ലാം അറിയുമായിരുന്ന കുട്ടികള്‍ക്ക് പഠിപ്പിച്ചു തരാന്‍ വലിയ താല്‍പ്പര്യമായിരുന്നു. അങ്ങനെ ഞാന്‍ ഭാഷ പഠിച്ചു.

അടുത്ത ഘട്ടം എഴുത്തായിരുന്നോ?

നാടുവിട്ടുപോയ കുട്ടിയെ തിരയാന്‍ അന്ന് വഴികളൊന്നുമില്ലല്ലോ. കോഴിക്കോടായിരുന്നു അന്ന് എല്ലാവരുമെത്തിച്ചേരുന്ന സ്ഥലം. കുറ്റ്യാടി എനിക്ക് ഒരമ്മാവനുണ്ടായിരുന്നു. അദ്ദേഹം കോഴിക്കോട്ട്  ഹോട്ടലില്‍വെച്ച് എന്നെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. റബ്ബര്‍ ടാപ്പിങും മറ്റുമായി ജീവിച്ചു. അവിടെത്തെ ലൈബ്രറികളില്‍നിന്ന് പുസ്തകമെടുത്ത് വായന തുടര്‍ന്നു. ബഷീറിനെയൊക്കെ വായിച്ചു. അപ്പോഴൊക്കെ എഴുതണം എഴുതണം എന്ന് മനസ്സില്‍ വിചാരിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും എഴുതിതുടങ്ങിയിട്ടില്ലായിരുന്നു.

placeholder
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: മധുരാജ്‌

മംഗളം, മനോരമ, പമ്മന്‍, അയ്യനേത്ത്..... ആ എഴുത്തുകള്‍ താണ്ടിയിട്ടേ കുറ്റാന്വേഷണനോവലുകളിലേക്കും, ബഷീര്‍, ഒ.വി. വിജയന്‍, എം.ടി. എന്നിവരിലേക്കുമെല്ലാം എന്റെ തലമുറ എത്തിയിട്ടുണ്ടാകൂ. പമ്മനൊക്കെ അന്ന് വല്ലാതെ വിറ്റുപോയിരുന്നു. അവര്‍ വായനക്കാരെ വലുതായി പിടിച്ചുനിര്‍ത്തി. ബഷീറിലെത്തിയപ്പോള്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇവിടെയാണ് എനിക്ക് ജീവിച്ചു പോകാവുന്നൊരു ജീവിതമുള്ളതെന്ന് തോന്നി. ഒരുപാട് കാര്യങ്ങളുണ്ടല്ലോ ബഷീര്‍ സാഹിത്യത്തില്‍. പട്ടിണിയും പ്രണയവും എല്ലാം. പിന്നീട് ആര് എന്നന്വേഷിച്ച് ഒ.വി. വിജയനിലെത്തി. മലയാളത്തിനുശേഷം വിവര്‍ത്തന സാഹിത്യം വായിക്കാന്‍ തുടങ്ങി. ദസ്തയേവ്സ്‌ക്കി, ടോള്‍സ്‌റ്റോയ് എന്നിവരെ വായിച്ചു.

പിന്നീട് ചെറിയ എഴുത്തുകളുണ്ടായി. അതെല്ലാം ഞാന്‍ തന്നെ നശിപ്പിച്ചു. എന്റെ അന്തംവിട്ട വായന കണ്ട് ഒരിക്കല്‍ ഉമ്മ എഴുത്തുകളെല്ലാം എടുത്ത് കത്തിച്ചിരുന്നു. അന്ന് എഴുതിവെക്കും എന്നല്ലാതെ അത് പ്രസിദ്ധീകരണത്തിന് അയക്കാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. അതെല്ലാം ചാക്കിലാക്കി കെട്ടിവെച്ചു. അതാണ് ഉമ്മ എടുത്ത് കത്തിച്ചത്. വായന ഞാനിന്നും തുടരുന്നു. ലൈബ്രറിയില്‍നിന്നു പുസ്തകമെടുത്ത് വായിക്കും. പണികഴിഞ്ഞെത്തിയാലും പണിയില്ലെങ്കിലും വായിക്കും. പുലര്‍ച്ചെവരെ ഇരുന്ന് വായിക്കുന്ന ദിവസങ്ങളുണ്ട്.

പുസ്തകങ്ങളിലും വായനയിലും അഭയം പ്രാപിക്കുകയായിരുന്നോ?

തീര്‍ച്ചയായും. എനിക്ക് ചുറ്റും അറിയാത്ത ഭാഷ, അറിയാത്ത മനുഷ്യര്‍ ഒക്കെയായിരുന്നല്ലോ. തമിഴ്‌നാട്ടില്‍നിന്ന് വന്നതുകൊണ്ട് 'അണ്ണാച്ചി' എന്ന വിളി എനിക്കെതിരേ സജീവമായുണ്ടായിരുന്നു. തമിഴിലത് ബഹുമാനത്തോടെയാണ് വിളിക്കുന്നതെങ്കില്‍ ഇവിടെ അത് മനുഷ്യരല്ലാത്ത ഒരു വിഭാഗത്തെ വിളിക്കുന്ന പോലെയായിരുന്നു. ഒരു തെറിവാക്കുപോലെ. പണ്ട് വിറക് വെട്ടാനും കക്കൂസിന് കുഴിവെട്ടാനുമെല്ലാം തമിഴരെത്തുമായിരുന്നു. അവരെ അന്ന് ആളുകളിങ്ങനെ വിളിച്ചിരുന്നു. വളരെ ചെറുപ്പത്തിലൊക്കെ പള്ളിയില്‍ പോകുമ്പോള്‍ എന്നെയും സഹോദരങ്ങളേയും 'അണ്ണാച്ചി' എന്നുവിളിച്ച് പലരും കല്ലെടുത്തെറിയുമായിരുന്നു.

ഇങ്ങനെ അപമാനവും കളിയാക്കലുകളുമൊക്കെ വരുമ്പോള്‍ നമ്മളൊന്ന് ഉള്‍വലിയും. നമുക്ക് അഭയമായി എന്തെങ്കിലും വേണം. അത് ബാലഭൂമിയായാലും മംഗളമായാലും ബഷീറായാലും പമ്മനായാലും മനോഹരമാണവിടം. ആരും എന്നെയവിടെ ചോദ്യംചെയ്യുന്നില്ല, പരിഹസിക്കുന്നില്ല. ഞാനവിടെ സ്വസ്ഥനാണ്. അതുകൊണ്ടുതന്നെയാണ് ആ വായന ഇന്നും വിടാതെ കൂടെയുള്ളത്.

വളരെ അന്തര്‍മുഖനായൊരു വ്യക്തിയാണ് ഞാന്‍. സാഹിത്യ സദസ്സിലൊന്നും പോകാറില്ല. എഴുത്തുകാരൊക്കെയായി എനിക്ക് ബന്ധമൊന്നുമില്ല. പണ്ട് പുസ്തകം വായിച്ച് ചില എഴുത്തുകാര്‍ക്ക് കത്തുകളെഴുതുമായിരുന്നു. ചിലതിന് മറുപടി കിട്ടിയിട്ടുമുണ്ട്. അത്രേയുള്ളു. എന്നാല്‍, വായനക്കാരുമായി എനിക്ക് ബന്ധമുണ്ട്. നാട്ടിലാര്‍ക്കുമെന്നെ അത്ര അറിയില്ല. വളരെയടുത്ത സുഹൃത്തെന്ന് പറയാന്‍ ഭാര്യ മാത്രമേയുള്ളു.

placeholder
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: ജമേഷ് കോട്ടക്കല്‍

സത്യത്തില്‍ പുറംലോകമറിയാനായി ഞാന്‍ എഴുതി തുടങ്ങുന്നത് 2017-ലാണ്. സ്മാര്‍ട്ട് ഫോണ്‍ കൈയില്‍ കിട്ടിയപ്പോള്‍. ഫേസ്ബുക്കില്‍ ഒരുപാടുപേര്‍ എഴുതുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ട് എഴുതിക്കൂടാ എന്ന് ചിന്തിച്ചു. വായനാക്കുറിപ്പുകളെഴുതി. കുറ്റ്യാടിയായിരുന്നപ്പോള്‍ കുന്നിന്‍ മുകളിലിരുന്ന് വായിച്ചതും പിന്നീട് ഭ്രാന്താശുപത്രിയിലിരുന്ന് വായിച്ചതുമെല്ലാം കൂട്ടിച്ചേര്‍ത്തായിരുന്നു ഞാന്‍ എന്റെ വായനാക്കുറിപ്പുകളെഴുതിയത്. അതുകൊണ്ടായിരിക്കാം ആളുകള്‍ അവ വായിക്കാനിഷ്ടപ്പെട്ടത്. 'ഒരു പെയിന്റു പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍' എന്ന പേരില്‍ പിന്നീട് ആ കുറിപ്പുകള്‍ പുസ്തകമായി. ജീവിക്കാനായി ഭാഷ പഠിച്ച് തുടങ്ങി, വായനയില്‍ കുടുങ്ങിപ്പോയി. അത് നല്ലതല്ല. ആ അവസ്ഥയിലായപ്പോഴാണ് എനിക്കന്ന് മാനസികപ്രശ്‌നം വന്നത്.

മരണമുഖത്തുനിന്നും തിരിച്ചുവന്നതിനെപ്പറ്റിയും എഴുതിയിരുന്നല്ലോ. വായനമാത്രമായിരുന്നോ മനസ്സിന്റെ ഉന്മാദാവസ്ഥക്ക് കാരണമായത്?

ഞാന്‍ മരണത്തിലേക്ക് പോകാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമൊക്കെയുള്ള കാരണം വായ നതന്നെയാണ്. ഫിക്ഷനായിരുന്നു ഞാന്‍ വായിച്ചു കൊണ്ടിരുന്നത്. പെട്ടെന്നൊരു ദിവസം മനഃശാസ്ത്രത്തിലേക്ക് കടന്നു. സൈക്കോളജി ടെക്സ്റ്റ് ബുക്കുകള്‍ വരെ വായിച്ചു. അതിനോടൊപ്പം ഉപനിഷത്തും വായിച്ചു. ചെറിയ മനഃശാസ്ത്ര ടെസ്റ്റുകളും നടത്തുമായിരുന്നു. എട്ടാം ക്ലാസുവരെ മാത്രമല്ലേ ഞാന്‍ പഠിച്ചുള്ളു. ആ ഞാന്‍ വര്‍ണങ്ങളും ഇന്ദ്രിയങ്ങളുടെ പ്രവൃത്തിയുമെല്ലാം അറിഞ്ഞപ്പോള്‍ അമ്പരന്നുപോയി. വല്ലാത്തൊരു പേടിയില്‍ ചെന്നുപെട്ടു. ആ പേടിയില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാശ്രമങ്ങള്‍ നടത്തിയത്. പ്രണയനൈരാശ്യമാണോ ആത്മഹത്യാശ്രമങ്ങള്‍ക്കുള്ള കാരണമെന്നറിയാന്‍ അന്ന് വീട്ടുകാര്‍ എന്റെ ഡയറിയൊക്കെ തിരഞ്ഞുനടന്നത് എനിക്കോര്‍മയുണ്ട്.  

എന്താണ് എന്റെ ആത്മഹത്യാശ്രമങ്ങള്‍ക്കുള്ള കാരണങ്ങളെന്ന് അവര്‍ അന്വേഷിച്ചു നടന്നു. ഈ ഭയമാണ് അന്നെനിക്കൊപ്പം കൂടിയത്. ചിന്തിച്ച് ചിന്തിച്ച് ഞാന്‍ കാടുകയറി. ഭൂമിയില്‍ ഞാന്‍ മാത്രമേയുള്ളു എന്നുള്ള തോന്നല്‍ വരെയെത്തി. എല്ലാം എന്റെ സങ്കല്‍പ്പമാണ് എന്ന് ചിന്തിച്ച് ഞാനെത്തിയ ഒരു ബിന്ദുവുണ്ട്. അവിടെവെച്ച് പേടിച്ച് ഞാന്‍ ഉമ്മയോട് എനിക്കുറങ്ങണമെന്ന് പറഞ്ഞു. സൈക്യാട്രിസ്റ്റുകളെ കണ്ടെങ്കിലും കാര്യം പിടികിട്ടിയില്ല.  എനിക്ക് വിഷാദരോഗമുണ്ടെന്നും അതോടൊപ്പം ആത്മഹത്യാപ്രവണതയുണ്ടെന്നും അതാദ്യം സ്വയം അംഗീകരിച്ച്  മരുന്ന് കഴിക്കാനും ഒരു ഡോക്ടര്‍ നിർദേശിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നുമെനിക്ക് ആത്മവിശ്വാസം കിട്ടി. വായനയും തിരിച്ചുകിട്ടി. പിന്നീട് മരുന്നും സങ്കീര്‍ണമായ ജീവിതത്തിന്റെ ഓട്ടവും കൂടിയായപ്പോള്‍ ആ ഉന്മാദാവസ്ഥ പതിയെപ്പതിയെ എന്നില്‍നിന്നും അകന്നുപോയി.

ഇന്ന് മൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ് താങ്കള്‍. എന്ത് തോന്നുന്നു?

എനിക്ക് വിശേഷിച്ച് ഒന്നും തോന്നുന്നില്ല. എല്ലാവരും പറയുംപോലെ വലിയ ആനന്ദമൊന്നും തോന്നുന്നില്ല. ഞാന്‍ എഴുതുന്ന എഴുത്ത് അതേപോലെ എഴുതുന്നു. നാലാമത്തെ പുസ്തകമാകാന്‍ സാധ്യതയുള്ളത് ഖസാക്കിനെപ്പറ്റിയുള്ളൊരു വായനയാണ്. മൂന്ന് നോവലുകള്‍ എന്റെ കൈയിലുണ്ട്. അതില്‍ പണിയെടുത്തു കൊണ്ടിരിക്കുകയെന്നല്ലാതെ മറ്റൊന്നുമില്ല. പറഞ്ഞ് ഫലിപ്പിക്കാന്‍ മാത്രം ഒന്നും തോന്നുന്നില്ല. എനിക്ക് എന്റെ എഴുത്തിലെ പരിമിതിയറിയാം. പിന്നെ മുതുകാട് സാറിനെപ്പോലെയുള്ളവര്‍ അഭിനന്ദനമറിയിച്ച് സംസാരിക്കുമ്പോള്‍ വളരെ സന്തോഷം.

ഫേസ്ബുക്കിലെ വായനക്കാര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സൗഹാര്‍ദപരമായാലും എഴുത്തിനെ സംബന്ധിച്ചാണെങ്കിലും. ഏതെഴുത്തുകാരനും വായനക്കാരുമായി ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാലത് സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പരിഹരിക്കപ്പെടുന്നു.

മലയാളസാഹിത്യത്തില്‍ ഏതെങ്കിലും എഴുത്തുകാരനോടോ പുസ്തകത്തിനോടോ ഇഷ്ടക്കൂടുതലുണ്ടോ?

അത് ഒ.വി. വിജയനല്ലാതെ മറ്റാരാണ്?  'ഖസാക്കിന്റെ ഇതിഹാസ'മാണ് എനിക്കിഷ്ടപ്പെട്ട പുസ്തകം. 19-ാം വയസ്സിലാണ് ഞാന്‍ 'ഖസാക്കിന്റെ ഇതിഹാസം' വായിക്കുന്നത്. 'ഇതിഹാസത്തിന്റെ ഇതിഹാസം' വായിച്ചപ്പോള്‍ അതില്‍ ഖസാക്കില്‍നിന്നുള്ള ചില ഉദ്ധരണികള്‍ കണ്ടു. അത് വായിക്കുമ്പോഴാണ് ഇങ്ങനെയൊരു ഭാഷയുണ്ട് മലയാളത്തില്‍, ഇങ്ങനെയും എഴുതാന്‍ കഴിയും എന്നെല്ലാം ചിന്തിച്ചറിയുന്നത്. കവിത പോലുള്ള വരികള്‍ നോവലിന് പറ്റും എന്നുള്ളത് ഞാന്‍ ആ പുസ്തകത്തില്‍നിന്നാണ് മനസ്സിലാക്കിയത്. പിറ്റേന്ന് രാവിലെതന്നെ ഞാന്‍ ലൈബ്രറിയില്‍ പോയി 'ഖസാക്കിന്റെ ഇതിഹാസ'മെടുത്ത് വായിച്ചു. ആദ്യവായനയില്‍തന്നെ പ്രണയം തോന്നി. അത് തിരിച്ചുനല്‍കാന്‍ പോലും തോന്നിയില്ല. രണ്ടോ മൂന്നോ തവണ കൊണ്ടുവന്ന് ഞാനത് വായിച്ചു. പിന്നീട് ഫൈനടച്ചാണ് പുസ്തകം തിരികെ കൊടുത്തത്. ഒരിക്കലങ്ങനെ ഞാനത് സ്വന്തമായി വാങ്ങി.

placeholder
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: ജമേഷ് കോട്ടക്കല്‍

എന്നോട് ചോദിച്ചാല്‍ അതാണ് ഏറ്റവും മികച്ച കൃതി എന്നാണ് ഞാന്‍ പറയുക. അതെന്റെ അഭിപ്രായമാണ്. പലരും എന്നോട് തര്‍ക്കിക്കാറുണ്ട്. ഞാന്‍ എല്ലാവരേയും വായിക്കും, ആരോടും ഇഷ്ടക്കുറവില്ല. എന്നാല്‍ ഇഷ്ടക്കൂടുതല്‍ ഒ.വി. വിജയനോടും ഖസാക്കിനോടുമാണ്. പുതിയ എഴുത്തുകാരേയും വായിക്കാറുണ്ട്. ഇടയ്ക്ക് ചില ക്ലാസിക് കൃതികള്‍ വായിക്കണമെന്ന് തോന്നുമ്പോള്‍ ലൈബ്രറിയില്‍ പോയി പുസ്തകമെടുത്തുവന്ന് വായിക്കും. വായനയില്‍ ഒരു മാറ്റവും എനിക്ക് വന്നിട്ടില്ല. ഞാനൊരു വായനക്കാരനാണ് എന്ന് പറയുകയാവും ശരി. അതാണ് എനിക്ക് സന്തോഷവും.

ഒരെഴുത്തുകാരനാകാന്‍ അടിസ്ഥാനപരമായി എന്തൊക്കെ വേണമെന്നാണ് മുമ്പ് വിചാരിച്ചിരുന്നത്? ഇപ്പോഴുള്ള ധാരണയോ? 

അന്നും ഇന്നും ഞാന്‍ കരുതുന്നത് എഴുത്തുകാരനാകാന്‍ അനുഭവങ്ങള്‍ വേണമെന്നാണ്‌. ജീവിതാനുഭവങ്ങളുണ്ടായിരിക്കണം. എന്നോട് അതിസമ്പന്നമായ വീട്ടിലെ ഭക്ഷണരീതിയെപ്പറ്റി വിവരിക്കാന്‍ പറഞ്ഞാല്‍ എനിക്കറിയില്ല. വളരെ സാധാരണക്കാരനായ ഒരാളുടെ വീട്ടിലെ സ്ഥിതി എനിക്കറിയാം. അറിയുമെങ്കിലേ എനിക്ക് എഴുതാന്‍ കഴിയുകയുള്ളു. അപ്പോള്‍ ഞാന്‍ അറിയാത്ത വീട്ടില്‍ പോയി സന്ദര്‍ശിക്കേണ്ടിവരും. 

ആദ്യം വേണ്ടത് അനുഭവങ്ങള്‍ തന്നെയാണ്. അതോടൊപ്പം ഈ അനുഭവിക്കുന്നവരും നമ്മളെപ്പോലെ മനുഷ്യരാണ് എന്നുള്ളൊരു ബോധവും ഉണ്ടാകണം. എഴുതുന്നയാള്‍ക്ക് ഭാഷവേണം എന്ന് ഞാനെങ്ങനെ പറയും? ഞാനതൊട്ടും പഠിക്കാത്തൊരാളാണ്. എഴുതാന്‍ എന്തെങ്കിലുമൊന്നുണ്ടാവുക, അത് പറയേണ്ടപോലെ ലളിതമായി പറയുക എന്നതിലാണ് കാര്യം.

എഴുത്തില്‍ ഇനി?

നല്ലൊരു നോവലെഴുതണം. ഒന്നാണ് എഴുതുന്നതെങ്കിലും അത് നല്ലൊരു നോവലാകണം. നല്ലതെന്ന് എനിക്ക് തോന്നുന്നത്. എഴുത്തുകാരനാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടൊന്നുമില്ല. പണ്ട് പേര് അച്ചടിച്ചുവരാനുള്ള ആഗ്രഹമുണ്ടായിരുന്നു. അന്ന് എവിടേക്കും എഴുത്ത് അയച്ചില്ല. അയക്കണമെങ്കില്‍ ആദ്യം അക്ഷരത്തെറ്റ് തിരുത്തണമായിരുന്നു. മൂന്ന് പുസ്തകമെഴുതാനാകും എന്നൊന്നും ഞാന്‍ വിചാരിച്ചിട്ടേയില്ല. സാഹിത്യം ഒരുപാട് മുകളിലും സാധാരണക്കാരുടെ ജീവിതം പുറത്തുമായി പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ആ അന്തരം എന്റെ എഴുത്തിലുണ്ടാകാതിരിക്കാനാണ് ശ്രമം.