കൊമാല, ബിരിയാണി, കവണ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളിലൂടെയും മാതംഗലീല എന്ന നോവലിലൂടെയും അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ സിനിമകളിലൂടെയും മലയാളിയുടെ മനസ്സിൽ ഇടം നേടിയ സന്തോഷ് ഏച്ചിക്കാനം സംസാരിക്കുന്നു.

To advertise here,

സന്തോഷേട്ടൻ കൗമാരവും യൗവനവും ചെലവഴിച്ച ഏച്ചിക്കാനം തറവാട്ടിന്റെ മുന്നിൽ നിന്നാണ് ഈ സംസാരം. ഒരുപാട് തെയ്യങ്ങളുള്ള ഒരുപാട് കഥകളുള്ള, ചരിത്രം ഉറങ്ങുന്ന ഏച്ചിക്കാനം തറവാട.് ആ തറവാട് മാതംഗലീല എന്ന നോവലിൽ വന്നിട്ടില്ല, മാതംഗലീല പാലക്കാടൻ പശ്ചാത്തലമാണ്. പാലക്കാടൻ മിത്തുകൾ, ആചാരങ്ങൾ, മാജിക്കൽ റിയലിസം ഒക്കെ കടന്നു വന്നിട്ടുള്ള നോവലാണ് മാതംഗലീല. ഈ എച്ചിക്കാനം തറവാട് മാതംഗലീല എന്ന നോവലിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചിട്ടുണ്ടോ?

തീർച്ചയായുമുണ്ട്. എനിക്ക് ഇവിടുന്ന് കിട്ടിയ എക്‌സ്പീരിയൻസിന്റെ ഭാഗമായിട്ടാണ് യഥാർത്ഥത്തിൽ ഞാൻ മാതംഗലീല ഒരുക്കിയെടുക്കുന്നത്. മാതംഗലീല പാലക്കാടിന്റെ പശ്ചാത്തലത്തിലാണെങ്കിൽ തന്നെയും അത് ഭയങ്കരമായ ഫാന്റസിയും റിയാലിറ്റിയുമൊക്കെ മിക്‌സ് ചെയ്തുകൊണ്ട് എഴുതിയ നോവലാണ്. വിഭ്രാത്മകമായ ഒരുപാട് സംഗതികൾ അതിനകത്തുണ്ട്. അതിനേക്കാളും എത്രയോ വലിയ വിഭ്രാത്മകമായ ലോകമാണ് എനിക്ക് ഈ തറവാട് എനിക്ക് തന്നിട്ടുള്ളത്.

പ്രീഡിഗ്രി കാലം മുതലാണ് ഞാൻ ഇവിടേക്ക് വരുന്നത്. വരുമ്പോൾ ഇവിടെ കറണ്ട് ഇല്ല. ഈ വലിയ വീട്ടിൽ കറണ്ട് ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇരുട്ടാണ് എപ്പോഴും നമ്മളെ ഭരിച്ചുകൊണ്ടിരിക്കുന്നത്. കുട്ടിക്കാലത്ത് ഞാൻ ബേഡകത്താണ് താമസിച്ചത്. അവിടെയും അന്ന് കറണ്ട് ഇല്ല. അപ്പോൾ നമ്മളെല്ലാം ഒരു ഇരുട്ടിനകത്താണ്. ഏഴു മണി ആകുമ്പോഴേക്കും മൊത്തത്തിൽ ഇരുട്ട് വന്നുമൂടും. പിന്നെ ആ ഇരുട്ടിനകത്താണ് നമ്മുടെ ജീവിതം കൂടുതലും ചെലവഴിച്ചിരിക്കുന്നത്.

ഇത് എട്ടു കെട്ടായിരുന്നു മുൻപ്. ഇതിന്റെ മുന്നിൽ ഒരു കിഴക്കേ മാളിക ഉണ്ടായിരുന്നു അപ്പുറത്ത് പടിഞ്ഞാറേ മാളിക. പിന്നെ ഇപ്പുറത്ത് പത്തായപ്പുര. കോത്തായി എന്നൊരു കള്ളൻ അന്ന് ഇവിടെ മോഷ്ടിക്കാൻ വന്നൊരു കഥയുണ്ട്. രസമുള്ള കഥയാണ്.

ഈ മൂന്ന് മാളികയും ഉണ്ടായിരുന്ന സമയത്താണ്. കോത്തായിയിൽ നിന്നാണ് പയ്യന്നൂരിലെ കോത്തിയിമുക്ക് എന്ന സ്ഥലപ്പേരുണ്ടാവുന്നത്. അത് വേറൊരു കഥ. മോഷണത്തിന് പോലീസ് പിടിച്ച് ജയിലിൽ പോകുമ്പോൾ അയാൾ സ്വർണ്ണമൊക്കെ ഒരിടത്ത് കുഴിച്ചിട്ടു. ജയിലിൽ നിന്ന് തിരിച്ചുവരുമ്പോൾ കുഴിച്ചിട്ടടത്ത് ഹൈവേ വന്നു...! പുള്ളിക്ക് പിന്നെയത് കുഴിച്ചെടുക്കാൻ പറ്റില്ല. ഭ്രാന്തായിപ്പോയി. അങ്ങനെയാണ് ആ സ്ഥലം കോത്തായി മുക്ക് ആവുന്നത്.

ആ കള്ളൻ വന്നു ഇവിടെ. വലിയ തറവാടല്ലേ, സ്വർണ്ണവുമൊക്കെ നല്ലോണം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിട്ട് വരുന്നതാണ്.

ഈ കള്ളൻ സന്ധ്യയ്ക്ക് വന്നിട്ട് അപ്പുറത്തിരുന്നു. അപ്പോൾ ഏകദേശം വൈകുന്നേരമായി. അവിടെ മൂന്ന് അമ്മാവന്മാരുണ്ട്. അതിൽ പടിഞ്ഞാറെ മാളികയിൽ ഒരു അമ്മാവൻ, കിഴക്കേ മാളികയിൽ ഒരു അമ്മാവൻ ഇവിടെ ഒരു അമ്മാവൻ, അങ്ങനെ മൂന്നാളുണ്ട്. അതിലൊരു അമ്മാവൻ ഏകദേശം ഏഴു മണി ആകുമ്പോൾ മദ്യപിക്കാൻ തുടങ്ങി. ഒമ്പത് മണിയായപ്പോൾ അയാൾ കിടന്നു.

അപ്പോൾ കോത്തായി വിചാരിച്ചു, മോഷണം തുടങ്ങാം..!

അങ്ങനെ നോക്കുമ്പോഴേക്കും രണ്ടാമത്തെ അമ്മാവൻ അപ്പോഴേക്കും എവിടുന്നോ വന്ന് സേവ തുടങ്ങി. ഒമ്പത് മണിക്ക് തുടങ്ങിയ അമ്മാവന്റെ സേവ തീർന്നത് 11 മണിക്ക്. കോത്തായി മോഷണത്തിന് വീണ്ടും എഴുന്നേറ്റതാണ്, അപ്പോഴേക്കും മൂന്നാമത്തെ അമ്മാവന്റെ വരവായി. എവിടെയോ നായാട്ടൊക്കെ കഴിഞ്ഞുള്ള വരവാണ്. വേട്ടയാടിയ മൃഗങ്ങളെ തറിക്കലും മുറിക്കലും പെരുംകുടിയുമായി അയാൾ ആഘോഷം തുടങ്ങി. അതെല്ലാം കഴിയുമ്പോഴേക്കും ഏകദേശം മൂന്നു-നാലുമണി ആയി. അപ്പോഴേക്കും ഇവിടുത്തെ പെണ്ണുങ്ങൾ എഴുന്നേറ്റിട്ട് രാവിലെയുള്ള പണി തുടങ്ങി.

അങ്ങനെ മൂന്നു ദിവസം കോത്തായി കാത്തിരുന്നു. മൂന്ന് ദിവസവും ഇത് തന്നെ സ്ഥിതി.

അങ്ങനെ മോഷ്ടിക്കാതെ കോത്തായി മടങ്ങിപ്പോയി. ഒരുപക്ഷേ കോത്തായിക്ക് മോഷണത്തിൽ പരാജയപ്പെട്ട ഒരേയൊരു വീട് ഇതായിരിക്കും.

മരണത്തിന് അപ്പുറത്ത് ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വെച്ചുപുലർത്തുന്ന ഒട്ടനവധികഥകൾ സന്തോഷേട്ടന്റേതായിട്ടുണ്ട്. പാമ്പിനെ വിഴുങ്ങുന്ന തവളയുടെ കഥ പറയുന്ന ഉഭയജീവിതം ഉൾപ്പെടെയുള്ള രചനകൾ..

കുറച്ചുകൂടി ശുഭാപ്തി വിശ്വാസത്തോടുകൂടിയാണ് ഞാൻ ലോകത്തെ കാണാൻ ശ്രമിക്കുന്നത്. ഞങ്ങൾ ഈ തറവാട്ടിലേക്ക് വരുമ്പോൾ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. തറവാട് എന്നൊക്കെ ഉള്ളൂ, നട്ട ദാരിദ്ര്യം ആയിരുന്നു. കാണുമ്പോൾ ഭയങ്കരമെന്ന് മാത്രമേ ഉള്ളൂ. അതിഭീകരമായ കഷ്ടപ്പാടുകളിലൂടെ ഞങ്ങൾ പോയിക്കൊണ്ടിരുന്നത്. കഷ്ടപ്പാടും അപമാനവും ഗതികേടും കൊണ്ട് ഈ തറവാട്ടിലേക്ക് നമ്മൾ കേറി വന്നതാ. ആത്മഹത്യക്കും ജീവിതത്തിനും ഇടയിലൂടെ കടന്നു പോകുന്നു എന്ന് പറഞ്ഞ പോലെയുള്ള അവസ്ഥ. പോരാത്തിതിന് എഴുത്തിന്റെ ഭ്രാന്തും. ഇതൊക്കെ കൂടിയിട്ട് തലക്കകത്ത് നിന്ന് കിളി പോയ പോയത് പോലെ ആയിരുന്നു. ആ സമയത്താണ് ഞാൻ 'ഉഭയജീവിതം' എന്ന കഥ എഴുതുന്നത്. പാതിരാത്രിയിൽ വരാന്തയിലിരുന്നാണ് കഥ തീർക്കുന്നത്. എഴുതിക്കഴിഞ്ഞ് ഞാൻ പേന കുത്തിപ്പൊട്ടിച്ചു. എന്തിനാ കുത്തിയുടച്ചതെന്നും എനിക്കറിയില്ല. എഴുതിക്കഴിഞ്ഞ് ഞാൻ ഭയങ്കരമായിട്ട് കരഞ്ഞു, കുറെ സമയം. അത് ഭയങ്കരമായ ഒരു റിലാക്‌സേഷൻ ആയിരുന്നു.

ഇപ്പോ മരണം എന്ന് പറഞ്ഞില്ലേ. മരണത്തിന്റെ മുകളിൽ നമ്മൾ നേടുന്ന വിജയമാണ് ജീവിതം. മരണത്തെ തോൽപ്പിക്കുന്ന ഒരു പരിപാടിയാണ് അത്. അപ്പോ പരാജയത്തെ തോൽപ്പിക്കുന്ന പരിപാടിയുടെ എക്സ്റ്റൻഷൻ ആണ് യഥാർത്ഥത്തിൽ എന്റെ എല്ലാ കഥകളും.

പിന്നെ കഥ വായിക്കുന്ന സമയത്ത് എനിക്ക് തോന്നുന്നു ജീവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒന്നുണ്ടാവണം കഥയിലെന്ന്. കഥയിൽ ഒരുപാട് സംഘർഷങ്ങളുണ്ടാവും. പരാജയങ്ങളുടെ വലിയ ഒരു ശ്രേണി തന്നെ ഉണ്ടാവും. പക്ഷേ അതിന്റെ അറ്റത്ത് എവിടെയോ ഒരു വിജയവും ഒരു പ്രതീക്ഷയും നമ്മൾ സമൂഹത്തിന് ഉണ്ടാക്കി കൊടുക്കണം. അതിനു വേണ്ടിയിട്ടാണ് നമ്മൾ കഥ എഴുതുന്നത്.

മലയാളത്തിൽ മുഴുവൻ സമയഎഴുത്തുകാരായി മാറിയ അപൂർവ്വം ചിലരിൽ ഒരാളാണ് നിങ്ങൾ. ബെന്യാമിൻ, കെ.ആർ.മീര അങ്ങനെ കുറച്ചുപേരേയുള്ളൂ. ഭയങ്കര റിസ്‌കല്ലേ ഇത്..
ചെറുപ്പത്തിലേ എന്റെ ഇഷ്ടത്തിനനുസരിച്ചേ ഞാൻ നടന്നിട്ടുള്ളൂ. ആ ഇഷ്ടങ്ങൾക്ക് വേണ്ടി ഞാൻ ലൈഫിൽ പല രീതിയിലും റിസ്‌ക് എടുത്തിട്ടുമുണ്ട്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്തിരിക്കുന്നത്. സീരിയലെഴുത്തൊക്കെ നിർത്തി, സിനിമയിലൊന്ന് കേറിയപ്പോഴാണ് കാഞ്ഞങ്ങാട് ദുർഗ്ഗ ഹൈസ്‌കൂളിൽ ജോലി കിട്ടുന്നത്. അന്ന് 'അന്നയും റസൂലൊ'ന്നും എഴുതിയിട്ടില്ല. സിദ്ധാർത്ഥ് ഭരതന്റെ 'നിദ്ര' മാത്രമാണ് ചെയ്ത സിനിമ. അതിലൊന്നും വലിയ കാശൊന്നും കിട്ടിയിട്ടുമില്ല. അങ്ങനെ ഭയങ്കരമായ അരക്ഷിതാവസ്ഥയിലാണ്. ജോലി കിട്ടിയപ്പോൾ എന്താ ചെയ്യേണ്ടതെന്ന് ആലോചിച്ചു. എന്തായാലും എഴുതിയിട്ട് ജീവിക്കാൻ തീരുമാനിച്ചതാണ്. അങ്ങനെ തന്നെ പോകാമെന്ന് തീരുമാനിച്ചു. 'സിനിമ എനിക്ക് കിട്ടും ഞാൻ അതിൽ നിന്ന് രക്ഷപ്പെടും' എന്ന് പറയുന്ന ഭയങ്കരമായ അപകടകരമായ ആത്മവിശ്വാസമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ജോലി ഉപേക്ഷിച്ചത്. ജോലി വിട്ടപ്പോൾ എല്ലാവർക്കും പ്രശ്‌നമായി, സ്‌കൂളിലും പ്രശ്‌നമായി. കുടുംബത്തിനകത്തും പ്രശ്‌നമായി. ജോലി വിട്ടതിന്റെ അടുത്ത ദിവസമാണ് രാജീവ് രവിയുടെ വിളി വരുന്നത്.

'എടാ, നമുക്കൊരു പടം ചെയ്യാലോ. നീ എനിക്ക് വേണ്ടി എഴുതുമോ?'

അതാണ് അന്നയും റസൂലൂം.

അതോടുകൂടി കണ്ടിന്യൂസ് ആയിട്ട് കുറെ പടങ്ങൾ വന്നു. പിന്നെ ഭാര്യക്ക് കോളേജിൽ ജോലിയായി. അവളുടെ കാര്യങ്ങൾ അവൾ നോക്കും. ഇപ്പോൾ കുഴപ്പമൊന്നുമില്ല.

ആ ജോലി വിട്ടതുകൊണ്ട് ഭയങ്കര നഷ്ടം ഒന്നും പറയാനില്ല. എനിക്ക് സ്വാതന്ത്ര്യമായിട്ട് ജീവിക്കാൻ പറ്റുന്നു. എവിടെ വേണമെങ്കിലും നടക്കാം. എപ്പോഴാണെങ്കിലും ഉറങ്ങി എഴുന്നേൽക്കാം.

അന്നയും റസൂലും എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട സിനിമയാണ്.
ഈ ന്യൂ ജനറേഷൻ സിനിമ എന്നൊക്കെ ഇപ്പോൾ പറയുന്നില്ലേ, അതിന്റെ തുടക്കമിട്ടത് അന്നയും റസൂലുമാണ്. അന്നയും റസൂലിന് ശേഷം അന്നയും റസൂലിനും മുമ്പ് എന്ന് പറയാവുന്ന അവസ്ഥയിലേക്ക് മലയാള സിനിമയെ കൊണ്ടുപോയി അത്.

placeholder
രാജീവ് രവി

രാജീവിനെ എനിക്ക് പണ്ടേ പരിചയം ഉണ്ട്. ഞാൻ പ്രസ് അക്കാദമിയിൽ ആണല്ലോ പഠിച്ചത്. ആ സമയത്ത് മഹാരാജാസ് കോളേജിൽ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ ഒരാളായിരുന്നു രാജീവ് രവി. മലയാളവും ഇംഗ്ലീഷും പുസ്തകങ്ങളെല്ലാം നന്നായിട്ട് വായിക്കുന്ന ഒരാളാണ്. പിന്നെ അറിയാലോ പുള്ളി വ്യത്യസ്തമായ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യനാണ്. രാജീവ് എന്നോട് പറഞ്ഞു, ഇപ്പോൾ സിനിമകളിൽ ഇല്ലാത്തത് കൾച്ചർ ആണ്. കൾച്ചറിൽ ഭാഷ എല്ലാം പെടും. അതിന്റെ എല്ലാ സാധനങ്ങളും സിനിമയിൽ വേണം.

ഞാൻ ഫോർട്ട് കൊച്ചിയിൽ കംപ്ലീറ്റ് തെണ്ടി നടന്ന് അവിടുത്തെ പാട്ടും കൾച്ചറും എല്ലാം കൂട്ടിച്ചേർത്ത് 250 സീൻ എഴുതി. 250 സീൻ സിനിമക്ക് വേണ്ട. അതിൽ നിന്ന് നമ്മൾ കട്ട് ചെയ്‌തെടുത്തിട്ടാണ് 141 സീൻ ഉണ്ടാക്കുന്നത്. അത് കുഞ്ഞുകുഞ്ഞു സീൻസ് ആണ്. അത് ഡയറക്ടറുടെ സിനിമയാണ്.

 

അന്നയും റസൂലും ഭയങ്കര എക്‌സ്പീരിയൻസ് ആയിരുന്നു. അത് ശരിക്കും പറഞ്ഞാൽ ആ സിനിമ സമൂഹത്തിന്റെ അകത്തേക്ക് കയറിയിട്ടാണ് കളിക്കുന്നത്. തിയേറ്ററിൽ ഇരിക്കുമ്പോൾ നമ്മൾ തെരുവിൽ ഇരിക്കുന്ന പോലെയുള്ള ഫീൽ വരും. സുന്ദരന്മാരുടെ മുഖം സിനിമയ്ക്ക് ആവശ്യമില്ല എന്ന് പറഞ്ഞ സിനിമായാണ്. ജീവിതമാണ് വേണ്ടത്, ക്യാരക്ടറുകളാണ് വേണ്ടത് നായകന്മാരല്ല എന്ന് ബോധ്യപ്പെടുത്തിയ സിനിമയാണ് അന്നയും റസൂലും.

ഇടുക്കി ഗോൾഡ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു ചെറുകഥയാണ്. അതാണ് സിനിമയായത്. ആ സിനിമ കണ്ടപ്പോൾ എന്താ തോന്നിയത്?

placeholder

എനിക്ക് സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ചില സന്ദേശങ്ങൾ എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല. കഞ്ചാവിനെ കുറച്ച് ബൂസ്റ്റ് ചെയ്യുന്ന രീതിയിൽ ചില സാധനങ്ങളൊക്കെ സിനിമയിൽ വന്നിട്ടുണ്ട്. പക്ഷേ ലഹരിയല്ല, സൗഹൃദമാണ് ഏറ്റവും വലിയ ലഹരി എന്ന് പറഞ്ഞാണ് സിനിമ അവസാനിക്കുന്നത.്

 

മാതംഗലീല സന്തോഷേട്ടന്റെ ആദ്യനോവലാണ്. സന്തോഷേട്ടന്റെ സമകാലികരായിട്ടുള്ള എഴുത്തുകാരെല്ലാം രണ്ടോ മൂന്നോ നാലോ നോവലൊക്കെ എഴുതി കഴിഞ്ഞു. എന്താണ് ഇത്ര വൈകിയത്..?

കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് നോവൽ എഴുതാൻ പേടിയായിരുന്നു. കഥയാകുമ്പോൾ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. അത് നമുക്ക് കൂട്ടി യോജിപ്പിക്കാൻ കഴിയും. പക്ഷേ ഇത് ഇത്രയും വലിയ ഒരു സംഭവത്തെ കൂട്ടി യോജിപ്പിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കരമായ പണിയാണ്. അപ്പോൾ ഇതിന്റെ ഒരു ക്രാഫ്റ്റ് ഉണ്ടാക്കിയെടുക്കണം.

 

കാരണം ഇത് എനിക്ക് ചെയ്യാൻ പറ്റുന്ന പ്രവർത്തിയാണോ എന്നുള്ളത് എപ്പോഴും ഞാൻ ഇ.സന്തോഷ് കുമാറിനോടും എസ്. ഹരീഷീനോടുമൊക്കെ പറയും. അവർ പറയും: നീ എഴുത് ശരിയാകും.

 

പിന്നെയാണ് ഞാൻ രണ്ടും കൽപ്പിച്ച് ഒരു നോവലെറ്റ് എഴുതിയത്. മലയാള മനോരമ വാർഷികപ്പതിപ്പിൽ. അത് വായിച്ചവർ നന്നായിട്ടുണ്ടെന്നും നോവലാക്കാനുള്ള വലുപ്പമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് മാതംഗലീല വരുന്നത്.
ഇതായിരുന്നില്ല ആദ്യത്തെ നോവൽ. ഞാൻ ഒരു റെസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ടായിരുന്നു കൊച്ചിയിൽ. അത് വൻനഷ്ടമായിരുന്നു. കുറെ ലക്ഷങ്ങൾ പോയി. അപ്പോൾ അതിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു. ഒന്നോ രണ്ടോ വർഷം നടത്തിയതിന്റെ അനുഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. പിന്നെ ഒരുപാട് കഥാപാത്രങ്ങളും. അപ്പോ അതിനെ അടിസ്ഥാനമാക്കി നോവൽ എഴുതാനായിരുന്നു പ്ലാൻ ചെയ്തത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്യാനായിരുന്നു വിചാരിച്ചത്.

placeholder

അപ്പോഴാണ് മാതംഗലീല വരുന്നത്. ഇത് വളരെ യാദൃശ്യമായിട്ട് സംഭവിച്ചതാണ്. ഒരു ദിവസം ഒരാൾ എന്നോട് വിളിച്ചു പറഞ്ഞതാണ്. എന്റെ കഥകൾ ഇഷ്ടമുള്ള ആളാണ്. 'സാറിന് ഒരു വേണമെങ്കിൽ കഥയുടെ ത്രെഡ് തരാം' എന്ന് പറഞ്ഞിട്ടാണ് അയാൾ വിളിച്ചത്. അയാളുടെ നാട്ടിൽ ഒരു ഒരാളുണ്ട്. അയാൾ എപ്പോഴും നമ്മളോട് വന്ന് പറഞ്ഞുകൊണ്ടിരിക്കും: 'ഞാൻ ഒരു ആനയായിരുന്നു. ഞാൻ അഞ്ചുപേരെ ചവിട്ടി കൊന്നിട്ടുണ്ട്..!' ആ മനുഷ്യനിൽ നിന്നാണ് മാതംഗലീലയുടെ തുടക്കം.

 

മാതംഗലീല ഇപ്പോൾ ഇരുപതാമത്തെ എഡിഷനിലേക്ക് കടന്നിരിക്കുകയാണ്. വെറും നാലു മാസത്തിനുള്ളിൽ ഇത്രയും പതിപ്പുകൾ..! എന്താണ് തോന്നുന്നത്..?

ഇരുപത് പതിപ്പുകളുണ്ടായി എന്നതിനപ്പുറം ഇത്രയും വായനക്കാർ നോവലിനെ സ്വീകരിച്ചു എന്നതിലാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. പല പ്രായത്തിലുള്ള ആളുകൾ നോവൽ വായിച്ച് വിളിച്ചിട്ടുണ്ട്. ജെൻസി മാത്രമല്ല ആൽഫ പ്രായത്തിലുള്ള പത്തും പതിമൂന്നും വയസ്സുള്ള ഏഴാം ക്ലാസ്സിലൊക്കെ പഠിക്കുന്ന കുട്ടികൾ അടക്കമുള്ള ആളുകൾ നോവൽ വായിച്ച് എന്നെ വിളിക്കുകയും നോവൽ വായിച്ചതിന്റെ സന്തോഷം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നോവൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ ആഴത്തെക്കുറിച്ചോ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ചോ കൃത്യമായിട്ടും അവർ മനസ്സിലാക്കി എന്നതല്ല അതിനർത്ഥം. പക്ഷേ എനിക്ക് തോന്നുന്നത് ആ നോവൽ അവരെ വായിപ്പിക്കുന്നുണ്ട് എന്നുള്ളതാണ്.

വളരെ ലളിതമായ ഭാഷയിൽ ഏതൊരു പ്രായത്തിൽ പെട്ട ആളുകളെയും അത് വായിപ്പിക്കുന്നുണ്ട് എന്നാണ് ഇത്രയും ചെറിയ പ്രായത്തിലുള്ള ആളുകൾ പോലും എന്നെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നത്. അതിന്റെയൊരു സന്തോഷം തീർച്ചയായുമുണ്ട്.

വായനക്കാരുടെ ഭാഗത്തു നിന്നുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ പൊതുവായിട്ട് എനിക്ക് മനസ്സിലായത് ഇത് ഹൈലി റീഡബിൾ ആയിട്ടുള്ള നോവൽ എന്നാണ്. വായിച്ച ആളുകളൊക്കെ എന്നോട് പറഞ്ഞിരിക്കുന്നത് വായന തുടങ്ങിയാൽ അവസാനിപ്പിച്ചിട്ടല്ലാതെ ഈ നോവൽ ഞങ്ങൾക്ക് താഴെ വയ്ക്കാൻ പറ്റുന്നില്ല എന്നാണ്. എന്റെ നോവലിനെ ഞാൻ തന്നെ ഒരു വിപണിയുടെ ഭാഗമാക്കി മാറ്റാൻ വേണ്ടി പറയുന്ന കാര്യങ്ങളല്ല ഇത്. കൃത്യമായും വായനക്കാരരിൽ നിന്നും എനിക്ക് ലഭിച്ച അഭിപ്രായങ്ങളാണ്.

'നിങ്ങൾ എന്റെ ഒരു ദിവസത്തെ ശമ്പളം ശമ്പളം ഇല്ലാണ്ടാക്കി' എന്ന് എന്നോടൊരു സുഹൃത്ത് പറഞ്ഞു.

എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളിക്കാരൻ എന്നോട് പറഞ്ഞത് 'ഞാൻ ഈ നോവൽ വായിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി, ഇത് അവസാനിപ്പിക്കാതെ പുസ്തകം താഴെ വയ്ക്കാൻ പറ്റില്ലെന്ന്. വേറെന്താ വഴി, ഞാനാ ദിവസം ലീവ് എടുത്തു. ലീവ് എടുത്ത് വായന തുടർന്നു..!'

ഈ നോവലിൽ പുതിയതായിട്ടുള്ളൊരു വേൾഡ് സൃഷ്ടിക്കുകയാണ്. യാഥാർത്ഥ്യങ്ങളുടെ മാത്രം ലോകത്ത് ആനയെ പോലെ സഞ്ചരിക്കുന്ന ഒരു നോവൽ അല്ലിത്. മറിച്ച് ഈ നോവൽ ഭാവനയുടെ ആയ മറ്റൊരു ലോകത്തിലൂടെ ഒരേ സമയം യാഥാർത്ഥ്യങ്ങളിലേക്കും അയാഥാർത്ഥ്യങ്ങളിലേക്കും സഞ്ചരിക്കുന്ന നോവലാണ്. അതുകൊണ്ടുതന്നെ അതിന്റെ അന്തരീക്ഷത്തിനകത്ത് പെട്ടുപോയ പല ആൾക്കാരും ഉണ്ട്. പെട്ടെന്ന് അതിൽ നിന്ന് പുറത്തു കടക്കാൻ പറ്റുന്നില്ല, അതിൽ സ്റ്റക്ക് ആയി പോയി എന്നൊക്കെ പറയുന്ന നിരവധി ആളുകൾ ഉണ്ട്. അതും നമുക്ക് വളരെയധികം സന്തോഷം തരുന്ന കാര്യങ്ങളാണ്. രണ്ടു ദിവസം കൊണ്ട് ഞാൻ ഈ നോവൽ വായിച്ചു തീർത്തു എന്നൊക്കെ പറയുമ്പോൾ ഭയങ്കര സന്തോഷമാണ്. ഈ നോവൽ 340 പേജുണ്ട്. അത് രണ്ടു ദിവസം കൊണ്ടൊക്കെ വായിച്ചു തീർക്കാൻ കഴിയുന്നു എന്നൊക്കെ പറയുന്നത് നല്ല കാര്യമല്ലേ. ഘട്ടം ഘട്ടമായി വായിക്കുന്ന ആൾക്കാരും ഉണ്ട് കേട്ടോ.

ആളുകളെ വായിപ്പിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ലെന്ന് ഞാൻ കരുതുന്നു. ബേസിക്കലി നമ്മൾ ഒരു നോവലെഴുതി കഴിയുമ്പോൾ ആദ്യം വേണ്ടത് അത് ആൾക്കാരെ വായിപ്പിക്കുക എന്നുള്ളതാണ്. അത് നല്ലതോ ചീത്തയോ എന്നുള്ള കാര്യങ്ങളൊക്കെ വേറെയാണ.് ഇപ്പോൾ ഒരു സാധാരണ പൾപ്പ് ഫിക്ഷനാണെങ്കിലും ക്രൈം നോവലാണെങ്കിലം സീരിയസ് ആയിട്ടുള്ള നോവലാണെങ്കിലും അത് ആദ്യം ആൾക്കാരെ വായിപ്പിക്കണം എന്നുള്ളതാണ്. പിന്നെയാണ് നമ്മൾ അതിന്റെ മറ്റ് പ്രശ്‌നങ്ങളിലേക്ക് കടക്കുക. ഇതൊരു സാമൂഹ്യ പ്രസക്തിയുള്ള നോവൽ ആണോ, അല്ല വെറും പെരിഫറൽ ആയിട്ടുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞു പോകുന്ന നോവൽ ആണോ എന്നുള്ള വിഷയങ്ങളൊക്കെ രണ്ടാമത്തേതാണ്.

വേറൊരാൾ പറഞ്ഞിരിക്കുന്ന ഒരു കാര്യം വളരെ രസകരമായ കാര്യമാണ്. അദ്ദേഹത്തിന് ഈ നോവൽ വായിച്ചിട്ട് ബിപി കയറിയത്രെ. നോവൽ മോശമായതുകൊണ്ടല്ല, നോവലിന്റെ അകത്ത് പെട്ടതുകൊണ്ട് അദ്ദേഹത്തിന് ബിപി കയറി. ആൾക്ക് ആകെ പ്രശ്‌നമാകുകയും ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരുകയും അങ്ങനെ ഡോക്ടർ അടുത്ത് പോയി. ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് ലേശം ബിപി ഉണ്ട്. അപ്പോൾ പുള്ളി എന്നോട് പറഞ്ഞു നിങ്ങളുടെ നോവൽ വായിച്ചിട്ടാണ് എനിക്ക് ബിപി കയറിയത്..!

അർജന്റീനയും സ്‌പെയിനും തമ്മിലുള്ള കളി കാണുമ്പോൾ നമുക്ക് ചിലപ്പോൾ ബിപി കയറും കാരണം അതിൽ ആര് ജയിക്കും എന്നുള്ളതിന്റെ ഒരു വലിയ പ്രശ്‌നമുണ്ട് അപ്പോൾ നമ്മൾ അതിനകത്ത് പെട്ടുപോകും. ആ കളിക്കകത്ത് നമ്മൾ പെട്ടുപോകുകയാണ്. ഇവിടെ നോവലിനകത്ത് അതിന്റെ ഭാഷക്കകത്ത് മനുഷ്യൻ പെട്ടുപോകുകയാണ്. അപ്പോഴാണ് ഇത്തരത്തിലുള്ള സാധനങ്ങൾ സംഭവിക്കുന്നത്.

എം.മുകുന്ദന്റെ ഒരു ദളിത് യുവതിയുടെ കദനകഥ എന്ന നോവൽ വായിച്ചിട്ട് ഞാൻ രണ്ടു ദിവസം ഉറങ്ങിയിട്ടില്ല. ഞാൻ അതിനകത്ത് പെട്ടുപോയി ആ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും അകത്ത് അരുന്ധതി എന്ന് പറഞ്ഞ ആ കഥാപാത്രം പെട്ടുപോകുന്നത് പോലെ ഞാനും അതിനകത്ത് പെട്ടുപോകുകയാണ്.