1960-കളുടെ പകുതിക്ക് തുടങ്ങിയതാണ് എനിക്ക് സി.ആർ ഓമനക്കുട്ടനുമായുള്ള ആത്മബന്ധം. കൊല്ലം എസ്.എൻ കോളേജിൽ അക്കാലത്ത് ഞങ്ങൾ സഹപാഠികളായിരുന്നു.കഴിഞ്ഞ 35- വർഷത്തിലേറെ ഞങ്ങൾ മഹാരാജാസിൽ സഹപ്രവർത്തകരായും ഒന്നിച്ചുജീവിച്ചു. അന്ന് കൊല്ലം എസ്എംപി എന്ന പുരാതനമായ തിയേറ്ററില്  സത്യജിത് റേ ഫെസ്റ്റിവൽ, ഘട്ടക് ഫെസ്റ്റിവൽ, ഹിച്ച്‌കോക്ക് ഫെസ്റ്റിവൽ തുടങ്ങിയ ചലച്ചിത്രോത്സവങ്ങൾ നടക്കുമായിരുന്നു. വിരലിലെണ്ണാവുന്ന പ്രേക്ഷകർ മാത്രം. മൂന്നാലുദിവസം കൊണ്ട് കാണികൾ പരസ്പരം സുഹൃത്തുക്കളാവും. ഞാനും ഓമനക്കുട്ടനും സ്ഥിരം കാണികളായിരുന്നു. മറ്റൊന്ന് എസ് ജയചന്ദ്രൻ നായരുമായിരുന്നു. എസ്.ജെ അക്കാലത്ത് കൊല്ലത്ത് മലയാളരാജ്യത്തിലെ പത്രാധിപരായിരുന്നു. അങ്ങനെ കണ്ടുകണ്ട് ഞങ്ങൾ ഒരു യൂണിയനിലായി എന്നുവേണം പറയാൻ. പാതിരാത്രി ആകുമ്പോൾ മൂന്നാല് വഴിക്ക് ഞങ്ങൾ പിരിയുകയുകയാണ് പതിവ്. \ ഞങ്ങൾ പഠിക്കുന്ന കോളേജിൽ തന്നെ വിവിധതരം നാടക അവതരണങ്ങളും സാംസ്‌കാരിക പ്രവർത്തനങ്ങളും യൂണിയൻ പ്രവർത്തനങ്ങളും ഒക്കെയായി അവിടെ ഉണ്ടാക്കാവുന്ന സ്ഥിരം കുഴപ്പങ്ങളൊക്കെ ഓമനക്കുട്ടൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഒരിക്കൽ കോളേജിൽ നിന്നും ഓമനക്കുട്ടനെ വിളിച്ചു : 'നിർബന്ധമായും പറഞ്ഞുവിടണോ അതോ സ്വന്തം നിലയ്ക്ക് പോകുന്നുണ്ടോ' എന്നായിരുന്നു ഓമനക്കുട്ടനോടുള്ള ചോദ്യം. സ്വന്തം നിലക്ക് പൊക്കോളാം എന്ന് പറഞ്ഞ് ഓമനക്കുട്ടൻ അവിടുന്ന് പിരിഞ്ഞുപോന്നു.

To advertise here,

നടൻ തിലകൻ ഓമനക്കുട്ടന്റെ കസിൻബ്രദറാണ്. തിലകനും ഇതേപോലെ തന്നെ എസ്.എൻ കോളേജിൽ നിന്നും പോയതാണ്. അതും കമ്പൽസറി ടി.സി ആയിരുന്നില്ല സ്വന്തം നിലയ്ക്ക് തന്നെയുള്ള പോക്കായിരുന്നു. അക്കാലത്തെ ഓർമ്മകൾ ഒരുപാട് പിന്നീട് ഓമനക്കുട്ടൻ തന്നെ പല ലേഖനങ്ങളിൽ എഴുതിയിട്ടുണ്ട്- ഒന്നിച്ച് സിനിമ കാണാൻ പോയതും ക്ലാസ്മുറിക്കകത്തെ തർക്കങ്ങളും പിന്നെയുള്ള എല്ലാ കലാപരിപാടികളും. നാടകാവതരണങ്ങളും സാംസ്‌കാരിക പ്രവർത്തനങ്ങളുമൊക്കെയായി സജീവമായിരുന്നു സി.ആർ എന്നും. പഠിക്കുന്ന കാലത്തും പഠിപ്പിക്കുന്ന കാലത്തും. കോളേജിൽ പഠിപ്പിക്കുന്നതിനുമുമ്പ് കുറച്ചുകാലം പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തപ്പോഴും സി.ആർ സാംസ്‌കാരികപ്രവർത്തനത്തിൽ നിന്നും മാറിനിന്നിട്ടില്ല.

ഓമനക്കുട്ടനെ ഓർക്കുമ്പോൾ എനിക്കാദ്യം ഓർമ വരുന്നത് ആ വെറ്റിലമുറുക്കാണ്. അതുവിട്ടൊരു കാര്യം ഓമനക്കുട്ടനില്ലായിരുന്നു. രണ്ടാമത്തെ കാര്യം; ഇത്രയും കഥകൾ ഓർമ്മിക്കുന്ന ഒരു മനസ്സ് ഞാൻ കണ്ടിട്ടില്ല എന്നതാണ്. നാടോടിക്കഥകൾ, കോട്ടയം കഥകൾ, സാഹിത്യകഥകൾ ചില പ്രത്യേക കഥാപാത്രങ്ങൾ ആർടിസ്റ്റ് ശങ്കരൻകുട്ടി തുടങ്ങിയിട്ടുള്ള ആൾക്കാർ പിന്നെ മിസ് കുമാരി തുടങ്ങിയിട്ടുള്ള നടീനടന്മാർ... ഇങ്ങനെ ഒരുപാട് വ്യക്തികളെ കേന്ദ്രീകരിച്ചും സ്ഥലങ്ങളെ കേന്ദ്രീകരിച്ചും സംസ്‌കാരത്തെ കേന്ദ്രീകരിച്ചുമൊക്കെയുള്ള അനവധിയനവധി കഥകളുടെ സ്രോതസ്സായിരുന്നു ഓമനക്കുട്ടൻ.

ആ കൂട്ടത്തിൽ പലതും ഓമനക്കുട്ടൻ എഴുതി. അതിൽ ചില സംഗതികൾ അഗാധമായി നമ്മെ സ്പർശിക്കുന്നതായിരുന്നു. ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവ് എന്ന് മാവോ തന്നെ ആദരപൂർവം വിളിച്ചിട്ടുള്ള ലൂ ഷിൻ സി.ആറിന് വളരെയധികം ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു. ലൂ ഷിന്റെ മിക്ക കഥകളും നോവലുകളും മറ്റു സാംസ്‌കാരിക-രാഷ്ട്രീയ സംഭാവനകളും അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ് സി.ആർ. ലൂ ഷിന്റെ 'മാഡ്മാൻസ് ഡയറി' അദ്ദേഹം 'ഭ്രാന്തന്റെ ഡയറി' എന്നപേരിൽ മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് ആണ് അത് പ്രസിദ്ധീകരിച്ചത്. ഭ്രാന്തന്റെ ഡയറിയുടെ ആദ്യരൂപം എവിടെയോ വന്നിരുന്നു പക്ഷേ ഓമനക്കുട്ടന്റെ ഭാഷയിലേക്ക് അതെത്തിയപ്പോൾ ഗംഭീരമായി. ലൂ ഷിനെപ്പറ്റി അക്കാലത്ത് ചൈനീസ് ലിറ്ററേച്ചറുകളിലും മറ്റുപലയിടങ്ങളിലും വന്നിട്ടുള്ള ലേഖനങ്ങൾ സമാഹരിക്കുകയും ലൂ ഷിനെപ്പറ്റിത്തന്നെ ഒരു പുസ്തകമെഴുതാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഭ്രാന്തന്റെ ഡയറിയെപ്പറ്റി വളരെ അവഗാഹമുള്ളൊരു ലേഖനം ആമുഖമായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. ലൂ ഷിന്റെ പാരമ്പര്യം ഏതോ തരത്തിൽ നമ്മുടെ പുരോഗമന സാഹിത്യത്തിന്റെ ഏകമാനവും യാന്ത്രികവുമായ രീതികളിൽ പല ദൗർബല്യങ്ങളെയും നിഷേധിച്ചുകൊണ്ട് ആഴത്തിന്റെതായ ഒരു പുതിയ മാനം ചേർക്കാൻ ഗുണപ്പെടുമെന്ന ഒരു പ്രതീക്ഷ സ്വകാര്യമായി സി.ആർ പുലർത്തിയിരുന്നു. 

സ്വന്തം കഥകളും കവിതകളും ലേഖനങ്ങളെല്ലാം കൂട്ടിച്ചേർത്തിട്ടുള്ള പുസ്തകം പിന്നീട് ഓമനക്കുട്ടൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഞങ്ങളുടെ കൂട്ടിന് അറുതിയില്ലാത്തവിധം മഹാരാജാസ് കോളേജിൽ അധ്യാപകരായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ഞങ്ങൾ. എനിക്കുമുമ്പേ മഹാരാജാസിൽ ഓമനക്കുട്ടൻ എത്തിയിരുന്നു. പിന്നെ പതിനഞ്ചുകൊല്ലമാണ് ഒന്നിച്ചുണ്ടായിരുന്നത്.

അതിനുമുമ്പേ തൃശ്ശൂരിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഇവിടെ വന്ന് എന്റെ ലോഡ്ജിൽ കൂടെ താമസിക്കുമായിരുന്നു ഓമനക്കുട്ടൻ. ഒരു രാത്രിയോ മറ്റോ മാത്രമേ തങ്ങുകയുള്ളൂ അതിവെളുപ്പൻകാലത്ത് എഴുന്നേറ്റ് പോവുകയും ചെയ്യും. ഓമനക്കുട്ടൻ വരിക എന്നുപറഞ്ഞാൽ കഥകൾ ഇരച്ചെത്തുക എന്നാണർഥം. കഥകളായിരുന്നു ഓമനക്കുട്ടനെന്നാൽ. കഥ പറച്ചിൽ രീതിയിൽ ആരെയും ഓമനക്കുട്ടൻ വശീകരിച്ചുകളയുമായിരുന്നു.

വെറുമൊരു സ്റ്റോറിടെല്ലർ എന്നല്ല, ഒരു മാസ്റ്റർ സ്റ്റോറി ടെല്ലർ ആയിരുന്നു ഓമനക്കുട്ടൻ.

ഡിപ്പാർട്ട്‌മെന്റിൽ അദ്ദേഹം ഉണ്ടായിരുന്ന കാലത്ത് ചിരിക്കാതിരിക്കാൻ ആർക്കും പറ്റില്ലായിരുന്നു. ഡിപ്രഷനൊന്നും അവിടെ ഒരു സ്‌പേസുമില്ലായിരുന്നു. ഓമനക്കുട്ടന്റെ സാന്നിധ്യം മതിയായിരുന്നു, അതോടെ പരിസരം മൊത്തം എനർജിയിൽ ആയിക്കോളും.

കുട്ടികൾക്കും അതുപോലെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മുമ്പിൽ മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളെന്നോ, ആണെന്നോ പെണ്ണെന്നോ അധ്യാപകരെന്നോ, സാധാരണ ജീവനക്കാരെന്നോയുള്ള യാതൊരു വിവേചനവുമില്ല. മനുഷ്യർ മാത്രമേയുള്ളൂ. അതായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യതയും. ഓമനക്കുട്ടനോളം സ്വീകാര്യത ഉണ്ടായിരുന്ന ഒരു അധ്യാപകനും അന്ന് മഹാരാജ് കോളേജിൽ ഉണ്ടായിരുന്നില്ല.

കോളേജ് -യൂണിവേഴ്‌സറി യൂത്ത് ഫെസ്റ്റിവൽ വരുമ്പോൾ കുട്ടികളെ അദ്ദേഹമായിരുന്നു തീർഥാടകസംഘത്തെയും കൊണ്ടുപോകുന്നതുപോലെ പോകുക. തിരികെ വരുമ്പോൾ നൂറ് കഥകൾ പിള്ളേരെപ്പറ്റിയും ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ടാവും.

ഇതിനൊക്കെ പുറമെ ചാപ്ലിൻ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ഉപാസന മൂർത്തി എന്നുപറയാം.

ചാപ്ലിന്റെ ആർട്ട,് പ്രത്യേകിച്ച് മോഡേൺ ടൈംസിന്റെ ആർട്ട് അതിന്റെ ദർശനം, ചാപ്ലിന്റെ ചിരി... അതെല്ലാം ഓമനക്കുട്ടൻ അതിഗഹനമായി മനസ്സിലാക്കിയിരുന്നു.

ചാപ്ലിനും ബഷീറും ഞാനും എന്ന ഒരു ദീർഘമായ ഒരു ലേഖനം അദ്ദേഹം എഴുതിയിരുന്നു. നല്ല രസമുള്ള ഭാഷയും നിരീക്ഷണവുമൊക്കെയായിരുന്നു അതൊക്കെ. പക്ഷേ സാഹിത്യ വിമർശകരോ സാഹിത്യാസ്വാദകരോ ഒന്നുംതന്നെ അതിനെ വേണ്ടതുപോലെആ ഗൗരവത്തിൽ എടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ഈ തമാശ കാരണം ആളുകൾ ആ കൃതിയുടെ ആത്മഗൗരവത്തെ അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

‘നാണു’ എന്ന പേരിൽ ശ്രീനാരായണ ഗുരുവിനെ പറ്റിയും ‘കുമാരു’ എന്ന പേരിൽ കുമാരനാശാനെപ്പറ്റിയും അദ്ദേഹം നോവലുകൾ എഴുതി. ചരിത്ര-ജീവചരിത്ര നോവലുകളിൽ വലിയ പരീക്ഷണമായിട്ടാണ് ‘നാണു’വും ‘കുമാരു’വും എനിക്കനുഭവപ്പെട്ടത്. സാധാരണ സംഭാഷണത്തിലില്ലാത്തവിധം ഭാഷയുടെ സാന്ദ്രത ‘നാണു’, ‘കുമാരു’ തുടങ്ങിയ കൃതികളിൽ സി.ആർ കൊണ്ടുവന്നിട്ടുണ്ട്. ക്രിയേറ്റീവ് നോൺഫിക്ഷൻ എന്നുപറയാവുന്ന ഒരുപാട് കൃതികൾ അദ്ദേഹമെഴുതിയിട്ടുണ്ട്. അതൊക്കെ തന്നെയും കോട്ടയത്തും കൊല്ലത്തും പലപ്പോഴും അധോലോകങ്ങളിൽത്തന്നെയുമുള്ള മനുഷ്യരെ അദ്ദേഹം കണ്ടറിഞ്ഞതിന്റെ പരുക്കൻ യാഥാർഥ്യവും ജീവിതവും വളരെ ഏകാന്തമായ മനസ്സുമൊക്കെ എഴുത്തിൽ വെളിപ്പെട്ടുവന്നിട്ടുണ്ട്. ചിലതെല്ലാം നർമ്മങ്ങളാണെങ്കിലും അതെല്ലാം ബാഹ്യാഭരണങ്ങളാക്കിക്കൊണ്ട്‌ ദരിദ്രരുടെ, പാവപ്പെട്ടവരുടെ, കീഴാളരുടെ ജീവിതത്തിന്റെ നൈതികമായ ആഖ്യാനങ്ങളായിരുന്നു. അതിൽ പല ദേശങ്ങൾ വരുന്നുണ്ട്. കേരളവും ബാംഗ്ലൂരും കൽക്കട്ടയും നവോത്ഥാന ചരിത്രവും നവോത്ഥാനകാല മാനുഷികസമസ്യകളും എല്ലാം ചേർന്ന അപൂർവ്വമായ ഒരു അന്തഃസ്ഥലവിസ്തൃതി ആ നോവലുകളിൽ കാണാൻ കഴിയും. ഇത് വലിയ പരീക്ഷണമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചെറുകഥയ്ക്ക് പകരം ഒരു ആന്റിഫിക്ഷൻ പോലെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഒരു നോൺ ഫിക്ഷൻ പ്രോസ്-പോയം എന്നൊക്കെ പറയാവുന്ന പോലത്തെ എഴുത്താണ് പല ലേഖനങ്ങളും. ഓർമ്മക്കുറിപ്പുകളായിരുന്നു ഓമനക്കുട്ടന്റെ മറ്റൊരു മേഖലതന്നെ.

ഒരിടത്തെവിടെയും നിൽപ്പില്ലാത്ത, അരമണിക്കൂർ ഒരിടത്ത് നിൽക്കുന്ന ഓമനക്കുട്ടനെ ഞാൻ കണ്ടിട്ടേയില്ല, ഒരു മനുഷ്യനായിരുന്നു. നിൽക്കുകയും നടക്കുകയും ചെയ്തുകൊണ്ടാണ് സംഭാഷണവും കഥപറച്ചിലുമെല്ലാം. സ്റ്റാഫ് റൂമിലും അങ്ങനെ തന്നെ.

അത്തരത്തിൽ സദാപ്രസന്നതയുള്ള വലിയൊരു സാന്നിധ്യമായിരുന്നു അദ്ദേഹം. എല്ലാവർക്കും പ്രിയപ്പെട്ട, എനിക്ക് വളരെ പ്രിയപ്പെട്ട വിശിഷ്ട സുഹൃത്ത്. തമ്മിൽ കാണാതെ മൂന്നുവർഷമായി എന്നാണ് ആ വിയോഗത്തെക്കുറിച്ച് പറയാൻ എനിക്കിഷ്ടം. ഓമനക്കുട്ടന്റെ ഓർമ ഒരു ദിവസമല്ല.

ഓമനക്കുട്ടൻ ഇപ്പോൾ മറക്കപ്പെട്ടു എന്ന് തോന്നും പക്ഷേ കാലം കഴിയുന്തോറും ദിവസം എത്രയോ തവണ ഓമനക്കുട്ടനെ ഓർമ്മിക്കും ഓമനക്കുട്ടൻ പറഞ്ഞ കഥകൾ ഓർമ്മിക്കും. എന്നുമാത്രമല്ല. ഈ ഓമനക്കുട്ടൻ വീണ്ടെടുക്കപ്പെടും കണ്ടെടുക്കപ്പെടും. നമ്മുടെ എഴുത്തിൽ സ്വന്തം ശൈലി ഉണ്ടായിരുന്ന ഒരാൾ. സ്വന്തം ആഖ്യാനരീതി ഉണ്ടായിരുന്ന ഒരാൾ. അദ്ദേഹത്തിൽ അന്തർലീനമായി വളരെ ദൃഢമായ നർമ്മബോധം ഉണ്ടായിരുന്ന ഒരാൾ. സ്വന്തം പെർസ്‌പെക്ടീവിൽ തന്നെ, വീക്ഷണത്തിൽ തന്നെ ഒരുതരം ഒരു ശുഭാപ്തിവിശ്വാസം ലയിച്ചു കിടക്കുന്ന ഒരാൾ. വിഭജനങ്ങൾക്കെല്ലാം അതീതമായി മനുഷ്യരാശിയെ ഒന്നായി കാണുന്ന തരത്തിലുള്ള ഒരു സ്വപ്നാത്മകമായ ഒരു ഹ്യൂമിനിസം കൊണ്ടുനടന്നിരുന്ന ഒരാൾ. ഇങ്ങനെ സങ്കീർണമായിട്ടുള്ള ഒരു കാലത്ത് ബഷീറും ചാപ്ലിനും ഒക്കെ വായിക്കപ്പെട്ടതുപോലെ വായിക്കാൻ കഴിയണം, എഴുതിയതുപോലെ എഴുതാൻ കഴിയണം, എന്നൊക്കെ ഒരു സമയവ്യാഖ്യാനത്തിനു വേണ്ടി ആഗാധമായി ആഗ്രഹിച്ചിരുന്ന ഒരു ഒരു മനസ്സ് സി.ആർ ഓമർ കുട്ടനുണ്ടായിരുന്നു. പക്ഷേ കാര്യഗൗരവത്തിന്റേതായ ആഴം മൂടിക്കളയുന്ന തരത്തിലുള്ള വളരെ വാചാലമായ നർമ്മം കൊണ്ട് സ്വയം തന്നെ ഒരു കോമാളി വേഷം ആകാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്; മനഃപൂർവം.

സി.ആർ. ഓമനക്കുട്ടന്റെ എഴുത്തുകളുടെ ആത്മഗരിമ ക്രമേണ ഭാവി വായനക്കാരോ വിമർശകരോ കണ്ടെടുക്കും.അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം സാഹിത്യരംഗത്ത് ലഭിക്കുകതന്നെ ചെയ്യും.

ഞാനത് പരേതാത്മാവിനോട് ഇടയ്ക്കിടയ്ക്ക് സംസാരിക്കുമ്പോൾ പറയാറുമുണ്ട്.