കമ്മ്യൂണിസം ആത്മഹത്യയുടെ വഴിയിലാണ്. വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട്. വന്ദേമാതരത്തെ ദേശീയഗീതം എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ല.

കവിതയുടെ ഒരു വൻകടലിനെയോ വൻകരയെയോ അഭിമുഖീകരിക്കുന്നതുപോലെയാണ് കവി,സച്ചിദാനന്ദനുമായുള്ള അഭിമുഖീകരണങ്ങൾ. അപാരമായ കാവ്യസമൃദ്ധിയുള്ള രചനാലോകമാണത്; കൂടാതെ അത്ര തന്നെ സമൃദ്ധമായ കാവ്യവിവർത്തനങ്ങളുടെയും മറ്റെഴുത്തുകളുടേതുമായ ഒരു സമാന്തരലോകവും. ഇന്ത്യൻകവിതയുടെയും ലോകകവിതയുടെയും ഭിന്നകാലങ്ങളിലേയ്ക്ക് തുറന്നിരിക്കുന്ന വലിയൊരു മനസ്സിൻ്റെ സാന്നിധ്യമുണ്ട് അവയിലെല്ലാം. മലയാളകവിതയെ ആധുനികമാക്കുന്നതിലും സദാ നൈതികതയുടെ രാഷ്‌ട്രീയം സംസാരിക്കുന്ന നാവുമരമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ച കവി.'ക്ഷീണിക്കാത്ത മനീഷ',' മഷിയുണങ്ങീടാത്ത പൊൻപേന' എന്നിവ ഈ കവിയെ, മറ്റാരേക്കാളും, സൂക്ഷ്മമായും സമഗ്രമായും വിവരിക്കുന്ന രൂപകങ്ങൾ. എൺപത് വയസ്സ് പിന്നിട്ട കവിയുമായി പ്രശസ്ത നിരൂപകനും കവിയുമായ സജയ്.കെ.വി സംസാരിക്കുന്നു.
ഒരു പെരുംവെള്ളച്ചാട്ടം പോലെ രചനാസമൃദ്ധി നിറഞ്ഞതാണല്ലോ അങ്ങയുടെ കവിതാലോകം. ധാരാളമായെഴുതുകയും നിരന്തരമായെഴുതുകയും ചെയ്യുന്ന ഈ ശീലത്തിനു പിന്നിലെ കാവ്യസമീപനത്തെക്കുറിച്ച്?
ലോകത്തെ എല്ലാ വലിയ കവികളും അവർ എഴുതിയിട്ടുള്ളതിൻ്റെ ഒരു ചെറിയ ശതമാനം മാത്രമായ മികച്ച കവിതകളാലാണ് അറിയപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നത്. അതാണ് എൻ്റെ അനുഭവം. ഷെല്ലിക്ക് 'സ്‌കൈലാർക്' എന്ന പോലെയും കീറ്റ്സിന് 'നൈറ്റിംഗേൽ' പോലെയും വേഡ്സ് വർത്തിന് 'ടിൻ്റേൺ ആബി ലൈൻസ്' പോലെയും വൈലോപ്പിള്ളിക്ക് 'മാമ്പഴ'മോ 'കണ്ണീർപ്പാട'മോ പോലെയും ആണിത്. അനുഭവവും ഓർമ്മയും ഭാഷയും ഉപയോഗിച്ച് ഓരോ കവിയും ഒരു രചനാലോകം സൃഷ്‌ടിക്കുന്നുണ്ട്. അതിൻ്റെ വലിപ്പമാണ് ആ കവിയുടെ ആവിഷ്കാരത്തിൻ്റെ സീമയോ നിസ്സീമമായ പടർച്ചയോ. അനുഭവത്തിൻ്റെ അനവധിയായ തലങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ നിയുക്തനാണ് കവി/എഴുത്തുകാരൻ എന്ന ബോധ്യം എനിക്ക് വായനയുടെ തുടക്കത്തിലേ ഉണ്ടായിരുന്നു. അതിനാൽ കൂടിയാവാം ഈ രചനാസമൃദ്ധി.
എഴുത്തുജീവിതത്തിനിടയിൽ ഒരിക്കൽ മാത്രം, ഒരൊന്നരക്കൊല്ലക്കാലം, ഞാൻ ഒരു കവിത പോലും എഴുതിയിട്ടില്ല. ഒരു തരം 'റൈറ്റേഴ്സ് ബ്ലോക്കാ'യിരുന്നു അത്.' ജീവിതത്തിൻ്റെ അവശിഷ്ടങ്ങൾ' എന്ന കവിതയ്ക്കു ശേഷമായിരുന്നു അത് എന്നും' ഇനിയും' എന്ന, സമീക്ഷയിൽ പ്രസിദ്ധീകരിച്ച,കവിതയായിരുന്നു അതിനവസാനം കുറിച്ചത് എന്നും ഓർക്കുന്നു. ജോർജ്ജ് സ്റ്റെയ്നറുടെ ' ലാംഗ്വേജ് ആൻ്റ് സൈലൻസ്' പോലെയുള്ള പുസ്തകങ്ങൾ വായിക്കുകയും ഭാഷയുടെ ആവിഷ്കാരക്ഷമതയെക്കുറിച്ചുള്ള സംശയങ്ങളിൽ പെട്ടുപോവുകയും ചെയ്ത കാലമായിരുന്നു അത്. നിശ്ശബ്ദതയെക്കുറിച്ച് ' ജ്വാല'യുടെ ഒരു പ്രത്യേകലക്കവും അക്കാലം ഞാനിറക്കി. അതിനു ശേഷം, എഴുതാതെ ജീവിക്കാൻ സാധ്യമല്ല എന്ന വിധം ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു; കവിതകളും കവിതയല്ലാത്ത മറ്റെഴുത്തുരൂപങ്ങളിലുള്ളവയും. ഈ കാറ്റ് എപ്പോൾ നിലയ്ക്കുമെന്ന് പറയാനാവില്ല, ഹൃദയം എപ്പോൾ നിലയ്ക്കുമെന്ന് പ്രവചിക്കാനാവാത്തതു പോലെ.
കവിതയാണ് ഏറ്റവും പര്യാപ്തമായ സാഹിത്യരൂപം എന്ന് മാഷ് പറഞ്ഞിട്ടുണ്ട്; വിശദീകരിക്കാമോ?
ഭാഷയുടെ ഏറ്റവും സാന്ദ്രമായ പ്രയോഗം നടക്കുന്നത് കവിതയിലാണ്. ധ്വന്യാത്മകത, രൂപകവിന്യാസം, ബിംബസന്നിവേശം, പരോക്ഷമായ ആവിഷ്കാരരീതി, സംക്ഷിപ്തത, വൈകാരികസ്പന്ദനങ്ങളെ പിടിച്ചെടുക്കുന്നതിലെ സൂക്ഷ്മത എന്നിവയെല്ലാം ചേർന്നു നിർമ്മിക്കുന്ന സാന്ദ്രതയാണത്.
നെരൂദ പറയും പോലെ, എപ്പോഴായിരുന്നു കവിത ആദ്യമായി മാഷിനെ വന്നു തൊട്ടത്?
ഈയാംപാറ്റകളെക്കുറിച്ചുള്ള, അതേ പേരിലുള്ള ഒരു കവിതയായിരുന്നു അത്, എൻ്റെ പതിനൊന്നാം വയസ്സിൽ.വീടിനു മുന്നിലുള്ള 'കലാകുസുമം' എന്ന വായനശാലയുടെ കയ്യെഴുത്തുമാസികയിലായിരുന്നു അത് പ്രസിദ്ധീകരിച്ചത്. ജീവിതനശ്വരതയെക്കുറിച്ചുള്ള അത്തരമൊരു കവിത ആ പ്രായമുള്ള ഒരു കുട്ടി എഴുതുക എന്നത് അവിശ്വസനീയമായിത്തോന്നാം. അഞ്ചാം വയസ്സിൽ തൊണ്ണൂറുദിവസത്തോളം നീണ്ടു നിന്ന ഒരു
'ടൈഫോയ്ഡി'ൻ്റെ അനുഭവം എനിക്കുണ്ടായിരുന്നു. ഡോക്‌ടർമാർ കയ്യൊഴിഞ്ഞ്, മരണത്തിൻ്റെ വക്കിൽ നിന്ന് മടങ്ങിപ്പോന്ന കാലമായിരുന്നു അത്. ബോധം മറഞ്ഞുപോകുന്നതും അബോധാവസ്‌ഥയിൽ ഞാൻ എന്തൊക്കെയോ പുലമ്പുന്നതും കഴുത്തിൽ മന്ത്രവാദി കെട്ടിത്തന്ന ചരടുമായി ഒരു മെലിഞ്ഞ കുട്ടിയായ ഞാൻ ഓടി നടന്നതുമൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്. ആ കാലത്തിൻ്റെ ശേഷിപ്പാവണം ഈ നശ്വരതാബോധം; കൂടാതെ കുട്ടിക്കാലത്തേ വായിച്ച ആശാൻകവിതയിൽ നിന്നു കൈവന്നതും. മരിക്കുന്ന ജീവിയാണ് ,' മർത്ത്യ' നാണ്, മനുഷ്യൻ എന്ന ഈ ബോധം എന്നിൽ എപ്പോഴുമുണ്ടായിരുന്നു. അതാണെന്നെ പിൽക്കാലം 'ആസന്ന മരണചിന്തകൾ' പോലെയുള്ള കവിതകളെഴുതിച്ചത്.
'കലാകുസുമം' എന്നതു പോലെ നാട്ടിൽ ഒരു 'കുമാരനാശാൻ' വായനശാലയുമുണ്ടായിരുന്നു. ആ വായനശാലകളിൽ നിന്നായിരുന്നു എൻ്റെ ആദ്യവായന.'പാവങ്ങ'ളും ' കാരമസോവ് സഹോദരന്മാ'രും 'കുറ്റവും ശിക്ഷയു' മെല്ലാം കുട്ടിക്കാലത്തുതന്നെ വായിച്ചു.' ജയകേരള'വും' മാതൃഭൂമി'യും പോലെയുള്ള വാരികകളിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും കുഞ്ഞിരാമൻ നായരുടെയും കവിതകളും വായിച്ചിരുന്നു. മറ്റൊന്ന് വീട്ടിലെ രാമായണവായനയാണ്. എഴുത്തച്‌ഛൻ്റെ രാമായണം വീട്ടിൽ പതിവായി വായിച്ചിരുന്നു. അമ്മയ്ക്കോ ചേച്ചിക്കോ അതു വയ്യാത്ത ദിനങ്ങളിൽ വായന എൻ്റെ ചുമതലയായിരുന്നു. പലപ്പോഴും ഭക്‌തിയോടു കൂടിയല്ല ഞാൻ രാമായണം വായിച്ചത് എങ്കിലും വലിയൊരു ഭാവനാനുഭവമായി മാറി എനിക്കത്. അതിലെ വർണ്ണനകൾ, കഥാപാത്രാവതരണങ്ങൾ, അതു പകർന്നു തന്ന മൂല്യബോധം എന്നിവ കവിത എന്ന വിസ്മയകരമായ അനുഭവത്തിലേയ്ക്ക്, ഞാനറിയാതെ തന്നെ, എന്നെ ഉപനയിക്കുകയായിരുന്നു. കുത്തും കോമയും അക്ഷരങ്ങളുമെല്ലാം കഥാപാത്രങ്ങളായി മാറുന്ന കാഴ്ച്ച അതെന്നെ കാട്ടിത്തന്നു. അതും പതിനൊന്നാമത്തെ വയസ്സിലെ കവിതയെഴുത്തിനെ പ്രചോദിപ്പിച്ചു കാണും; പില്ക്കാലത്ത് ' എഴുത്തച്‌ഛനെഴുതുമ്പോൾ' എന്ന കവിതയെഴുതുന്നതിനെയും. പരിചിതനായ ഒരു കാളവണ്ടിക്കാരനെക്കുറിച്ചുള്ള ആഖ്യാന കവിതയായിരുന്നു പിന്നീടെഴുതിയത്; അതെൻ്റെ ഹൈസ്‌കൂൾകാലത്തായിരുന്നു. ബിരുദത്തിനു പഠിക്കുമ്പോൾ 'ജയകേരള'ത്തിൽ പ്രസിദ്ധീകരിച്ച 'ആദ്യത്തെ പ്രണയകവിത' എന്ന, ഒരു കത്തിൻ്റെ രൂപത്തിലുള്ള, കവിതയായിരുന്നു ഒരു പ്രമുഖ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച എൻ്റെ ആദ്യകവിത. തുടർന്ന്, ബിരുദാനന്തരബിരുദ പഠനകാലമാവുമ്പോഴേയ്ക്ക് മറ്റു പ്രധാനപ്പെട്ട ആനുകാലികങ്ങളിലും ചെറുമാസികകളിലുമൊക്കെ എഴുതാൻ തുടങ്ങി.
നിറങ്ങളിലേയ്ക്കും മണങ്ങളിലേയ്ക്കും രുചികളിലേയ്ക്കും തുറന്നിരിക്കുന്ന, ഇന്ദ്രിയാനുഭവനിബിഡമായ കാവ്യഭാഷയാണല്ലോ മാഷിൻ്റേത്; അതുപോലെ തന്നെ ബിംബസമൃദ്ധവും. ഇത്തരമൊരു കാവ്യഭാഷയുടെ രൂപപ്പെടലിനെക്കുറിച്ച്?
കവിതയുടെ ആത്യന്തികഗുണങ്ങളിൽ ഒന്നാണ് ഇന്ദ്രിയപരത. വിചാരങ്ങളെയും ദർശനങ്ങളെയും അനുഭവങ്ങളെയും ജീവിതാനുഭവസ്മരണകളെയും ഇന്ദ്രിയാനുഭവങ്ങളുടെ അകമ്പടിയോടു കൂടി ആവിഷ്കരിക്കുന്നതാണ് അതിൻ്റെ രീതി. വിചാരങ്ങൾ വികാരങ്ങളായിപ്പരിണമിക്കും വരെ കാത്തിരിക്കണം കവി. അഞ്ചിന്ദ്രിയങ്ങൾക്കു മുള്ള വിരുന്നായിരുന്നു ഞാൻ വായിച്ചറിഞ്ഞ കവിത. അതിനാൽ അത്തരത്തിലാവണം എൻ്റെ കവിത എന്നു ഞാനും ആഗ്രഹിച്ചു കാണും. കവിതയിലെ ബിംബസമൃദ്ധിയേയും ഇതിനോട് ചേർത്തു പറയാം. കാരണം അതും ഇന്ദ്രിയാനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ജീവിതത്തിലെ കാഴ്ച്ചയുടെ നേർപകർപ്പല്ല കാവ്യബിംബം.കവിയുടെ കാണലിൽ മറ്റൊരു കാണലുണ്ട്. കാഴ്ച്ചയെ ഭാവനയും സ്വപ്‌നവുമായി സമന്വയിക്കുന്നതിൽ നിന്നാണ് കാവ്യബിംബത്തിൻ്റെ രൂപപ്പെടൽ. അതു ചിലപ്പോൾ യഥാർത്ഥ മോ അതിയഥാർത്ഥ മോ-സറീയൽ- ആയെന്നു വരാം. അതെന്തായാലും അനുഭവങ്ങളെ മൂർത്തമാക്കുന്നതിൽ ബിംബകല്പനയ്ക്ക് വലിയൊരു പങ്കുണ്ട്. അതുകൊണ്ടാണ് മറ്റു പലരും കയ്യൊഴിഞ്ഞിട്ടും കവിതയിൽ ഞാനാ രീതി കയ്യൊഴിയാതിരിക്കുന്നത്. ആ അർത്ഥത്തിൽ, ഞാനൊരു 'ബിംബാരാധക'നാണ്!
മാഷിൻ്റെ ചിത്രകലാഭിമുഖ്യവും ഇക്കാര്യത്തിൽ നിർണ്ണായകമല്ലേ?
അതെ, കവിത കഴിഞ്ഞാൽ എൻ്റെ അടുപ്പം ചിത്രകലയോടാണ്. കുട്ടിക്കാലത്തേ ഞാൻ വരയ്ക്കുമായിരുന്നു. ബിരുദത്തിന് ജീവശാസ്ത്രം പഠിക്കുമ്പോൾ റെക്കോഡ് ബുക്കുകളിലും വരച്ചിരുന്നു. പക്ഷേ ഞാനതു തുടർന്നില്ല, കാരണം അപ്പോഴേയ്ക്ക് കവിത, അതിൻ്റെ ലോകാന്തരങ്ങളിലേയ്ക്ക് എന്നെ തട്ടിക്കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. പക്ഷേ ജീവിതത്തിൽ, എക്കാലവും, അതെന്നെ പിൻതുടർന്നു. ആദ്യകാലത്ത്, ഏണസ്റ്റ് ഫിഷറിനെയും ഹെർബർട്ട് റീഡിനെയും ജോൺ ബർഗ്ഗറിനെയും പോലുള്ളവരുടെ കലാസംബന്ധിയായ പുസ്തകങ്ങളിലെ ചിത്രങ്ങളുടെ പകർപ്പുകളായിരുന്നു കണ്ടത്. പിന്നീട്, ലോകം മുഴുവൻ, ആറു ഭൂഖണ്ഡങ്ങളിലൂടെയും, യാത്ര ചെയ്യാനിടയായപ്പോൾ
അവിടത്തെ ഗ്യാലറികളിലേയ്ക്കാണ് ഞാൻ പോയത്. വെനീസിലും ബർലിനിലും ഫ്രാങ്ക്ഫർട്ടിലും പാരീസിലുമെല്ലാം അതുണ്ടായി. ന്യൂയോർക്കിലെ 'മോമ'(മ്യൂസിയം ഓഫ് മോഡേൺ ആർട്ട്) യിലും പാരീസിലെ 'ലൂവ്ര് മ്യൂസിയ'ത്തിലും ' പോംപിദൂ സെൻ്ററി'ലും 'ബ്രിട്ടീഷ് മ്യൂസിയ' ത്തിലുമൊക്കെ അങ്ങനെ നിരവധി മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട് ഞാൻ. അതിൽ നിന്ന് ചില കവിതകളുമുണ്ടായി, വാൻഗോഗിൻ്റെ ഷൂസിനെക്കുറിച്ചും പിക്കാസോയുടെ 'ഗെർണിക്ക'യെക്കുറിച്ചും മൈക്കേൽ ആഞ്ജലോയുടെ 'പിയത്തെ'യെക്കുറിച്ചുമുള്ള കവിതകൾ പോലെ. പക്ഷേ ആ സന്ദർശനങ്ങളുടെ ലക്ഷ്യം അതൊന്നുമായിരുന്നില്ല, സ്വാഭാവികമായ ഒരാകർഷണത്തിൻ്റെ ഫലമായിരുന്നു അത്. കൂടുതൽ സൂക്ഷ്‌മവും പരോക്ഷവുമായി അതെൻ്റെ കവിതയിലെ ബിംബനിർമ്മാണശീലങ്ങളിൽ പ്രവർത്തിച്ചു എന്നതാണ് പ്രധാനം. ഞാൻ എഴുതുമ്പോൾ കാണുന്നു. ചിത്രകലാ താൽപ്പര്യം, കവിതയിലെ ചിത്രനിർമ്മാണ താൽപ്പര്യമായി മാറി എന്നിൽ.
ചിത്രകലയിലെ ഏതു പ്രസ്‌ഥാനമാണ്, ഏത് കലാശൈലിയാണ് മാഷിനെ സവിശേഷമായി ആകർഷിച്ചിട്ടുള്ളത്?
ആധുനികതയുടെ കാലത്താണ് ഞാൻ ചിത്രകലയുമായി ബന്ധപ്പെടുന്നത്, അപ്പോഴേയ്ക്ക് ഇംപ്രെഷണനിസത്തിൽ നിന്ന് ഫോവിസത്തിലേയ്ക്കും ക്യൂബിസത്തിലേയ്ക്കു മൊക്കെ ചിത്രകല കടന്നു കഴിഞ്ഞിരുന്നു. വാൻഗോഗിൻ്റെ 'സൂര്യകാന്തിപ്പൂക്കൾ' പോലെയുള്ളവയോടുള്ള 'ക്ലീഷെയ്ക്' ആയ താൽപ്പര്യമായിരുന്നു ആദ്യം അത്. പിന്നീടത് സവിശേഷമായ ചില താൽപ്പര്യങ്ങളിലേയ്ക്ക്, വാൻഗോഗിൻ്റെ തന്നെ ഖനിത്തൊഴിലാളിയുടെ ഷൂസും വൈക്കോൽവിരിപ്പിൽ വിശ്രമിക്കുന്ന കർഷകദമ്പതികളും പോലെയുള്ള ചിത്രങ്ങളിലേയ്ക്കും അമൂർത്ത ചിത്രകലയിലേയ്ക്കും സവിശേഷമായ ചില ഇൻസ്‌റ്റലേഷനുകളിലേയ്ക്കും 'ഓപ് ആർ ടി'ലേയ്ക്കുമൊക്കെ വികസിച്ചു. ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിലാണ് ഞാൻ ഷൂസിൻ്റെ ചിത്രം കാണുന്നത്, അതിനു വേണ്ടി വാൻഗോഗ് വരച്ച ഒട്ടനവധി രേഖാചിത്രങ്ങളും ഞാൻ അവിടെ കണ്ടു. അതെന്നെ ഗാഢമായി ആകർഷിച്ചു. കാൻഡിൻസ്‌കിയുടെയൊക്കെ അമൂർത്ത ചിത്രകലയും എന്നെ ആകർഷിച്ചിട്ടുണ്ട്.' നങ്ങേമക്കുട്ടി'യും 'അയിഷ'യും പോലെയുള്ള ആഖ്യാനകവിതകളിൽ നിന്നു വ്യത്യസ്തമായ, സംക്ഷിപ്തവും സൂക്ഷ്മവുമായ കാവ്യാവിഷ്കാരങ്ങൾക്കുള്ള ശിക്ഷണമായിരുന്നു അത്. ഇതുപോലെ എല്ലാ കലാരൂപങ്ങളുമായും കവിത ബന്ധപ്പെടുന്നുണ്ട്, സംഗീതവുമായും നൃത്തവുമായും ശില്പവുമായുമെല്ലാം. ഒരമ്മമരം അതിൻ്റെ വേരുകളിലൂടെ കുട്ടി മരങ്ങൾക്ക്, അമ്മ കുഞ്ഞിന് എന്നതു പോലെ, പോഷകവിത രണം ചെയ്യുന്നതു പോലെയാണത്. കലകളുടെ ഈ സമന്വയത്തിൽ ഞാൻ വിശ്വസിക്കുകയും എല്ലാ കലാരൂപങ്ങളും ആസ്വദിക്കുകയും അവയെക്കുറിച്ചെഴുതുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ഭാവതീവ്രങ്ങളായ ചില ഗസലുകളെഴുതുകയും 'ഗസലുകൾ, ഗീതങ്ങൾ' എന്ന പേരിൽ അവ സമാഹരിക്കുകയും ചെയ്തിട്ടുണ്ടല്ലോ ?
മുപ്പതു വർഷത്തെ ഡൽഹിവാസത്തിൽ നിന്നു കൈവന്നതാണ് ആ താൽപ്പര്യം. ക്ലാസിക്കൽ ഹിന്ദുസ്‌ഥാനിസംഗീതവും ഖവാലികളും ധാരാളമായി കേട്ടു. ഗസലിൻ്റെ രൂപനിഷ്ഠകളെ കണിശമായി പിൻതുടരാനല്ല, അതിൻ്റെ ആത്മാവായ ഭാവാവസ്ഥയെ ആവിഷ്കരിക്കാനാണ് ഞാൻ ശ്രമിച്ചത്. അത്തരം പത്ത് ഗസലുകൾ ഉംബായി പാടുകയും അതെനിക്ക് വളരെ തൃപ്തികരമായി തോന്നുകയും ചെയ്തു. ഒരു ശസ്‌ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുമ്പോൾ വരികളും ബിംബങ്ങളുമായി എൻ്റെ മനസ്സിൽ പാട്ടു വന്നു നിറയുകയായിരുന്നു. പിന്നീട് ഞാൻ ഗസലുകൾ എഴുതിയിട്ടുമില്ല, ഉംബായി അന്തരിച്ചപ്പോൾ അദ്ദേഹത്തിനു സമർപ്പിച്ചുകൊണ്ടു മാത്രമായിരുന്നു അങ്ങനെയൊന്നെഴുതിയത്.
പാട്ടിൻ്റെയും പദ്യത്തിൻ്റെയും മറ്റേച്ചിറക് എന്നു പറയുന്ന കാവ്യഗദ്യത്തിലേയ്ക്ക് മാഷ് എത്തിപ്പെടുന്നതെങ്ങനെയാണ്? മലയാളകവിതയിൽ അത്തരമൊരു രൂപസാധ്യത തുറന്നിടുന്നതിൽ മാഷിൻ്റെ പങ്ക് വളരെ വലുതുമാണല്ലോ.
പൊൻകുന്നം വർക്കിയും വി. വി. കെ. വാലത്തുമൊക്കെ എഴുതിയ, പ്രഭാഷണപരത മുന്നിട്ടു നിൽക്കുന്ന, പ്രാസഭരിതവും സംസ്‌കൃതനിബിഡവുമായ 'ഗദ്യകവിത' എന്നൊരു രൂപം നമുക്കുണ്ടായിരുന്നു. അതിൽ നിന്നു വ്യത്യസ്തമായ ഒരു ഗദ്യകവിതാസാധ്യത, മലയാളത്തിൽ, സൃഷ്ടിക്കുന്നത് അയ്യപ്പപ്പണിക്കരാണ്. പണിക്കരുടെ 'ചരമക്കുറിപ്പ്' എന്ന കവിതയിലാണ് ആ പുതുഗദ്യം ഞാൻ ആദ്യമായി കാണുന്നത്. അതുവരെ വൃത്തബദ്ധമായോ മുക്‌തച്ഛന്ദസ്സിലോ ആയിരുന്നു ഞാൻ എഴുതി വന്നിരുന്നത്. എൻ്റെ ആദ്യത്തെ രണ്ടു സമാഹാരങ്ങളിലും അത്തരത്തിലുള്ള കവിതകളാണുണ്ടായിരുന്നത്. കുട്ടിക്കാലത്ത് സ്രഗ്ദ്ധരയിലും മറ്റുമാണ് ഒമർ ഖയ്യാമിൻ്റെ റുബായികൾ ഞാൻ പരിഭാഷപ്പെടുത്തിയത്!ആശാൻകവിതയുടെ സ്വാധീനമായിരുന്നു അത്. ആധുനികപാശ്ചാത്യ കവിതയുമായുള്ള പരിചയത്തോടെ ഗദ്യത്തിലും കവിത സാധ്യമാണ് എന്നു തോന്നിത്തുടങ്ങി. അയ്യപ്പപ്പണിക്കരുടെ ഗദ്യകവിതകളും അതിലേയ്ക്ക് എന്നെ പ്രേരിപ്പിച്ചു. ഒരേ ഗദ്യമല്ല എൻ്റെ കാവ്യഗദ്യം. പ്രബന്ധസ്വഭാവമുള്ള ഗദ്യവും ബിംബാത്മകമായ ഗദ്യവും ബിബ്ലിക്കലായ ഗദ്യവുമെല്ലാം എൻ്റെ കവിതകളിൽ കാണാം. അതേ സമയം വൃത്തത്തെ പൂർണ്ണമായും കയ്യൊഴിയാനും ഞാനൊരുക്കമായിരുന്നില്ല. കവിതയിലെ പദസംഗീതത്തിൻ്റെ ഭാഗമായും ഒരു തരം അച്ചടക്കത്തിൻ്റെ ഭാഗമായും അതെന്നിൽ നിലനിന്നു. ഏറ്റവുമൊടുവിൽ എഴുതിയ രണ്ടു കവിതകൾ കൂടിയും,' കുറ്റിപ്പുറംപാലം വീണ്ടും',' എൺപത്' എന്നിവ, വൃത്തത്തിലാണ്. കേക പോലൊരു വൃത്തം അത്രയ്ക്കനായാസമാണ്; ഈ സംഭാഷണം പോലും കേകയിലാകാമെന്ന പോലെ. സംസ്കൃതവൃത്തങ്ങൾ കയ്യൊഴിഞ്ഞപ്പോഴും
'അനുഷ്ടുപ്പ് ' പോലൊരു വൃത്തം ഞാൻ ഉപേക്ഷിച്ചില്ല. അമ്മയുടെ മരണത്തെക്കുറിച്ചുള്ള എൻ്റെ കവിതകളിലൊന്ന് ആ വൃത്തത്തിലായിരുന്നു. വൃത്തം ഇനിയും കവിതയിലേയ്ക്ക് മടങ്ങി വന്നേക്കാം. രണ്ടു ലക്കം മാത്രമിറങ്ങിയ 'പ്രസക്തി'യിലും പിന്നീട് 'കേരളകവിത'യിൽ തുടർച്ചയായും, ആധുനികതയുടെ കാലയളവിൽ, എഴുതിയ കവിതകളിലൂടെയായിരുന്നു ഞാൻ കാവ്യഗദ്യത്തെ കൂടുതൽ സ്വാഭാവികമായും സ്വച്‌ഛന്ദമായും ഉപയോഗിക്കാൻ തുടങ്ങിയത്.
വളരെ വിപുലമായ മാഷുടെ കാവ്യവിവർത്തനങ്ങളെക്കുറിച്ച്?
എൻ്റെ ജീവിതത്തിലും ഭാഷയിലും മനസ്സിലും ഭാവനയിലും കവിതയെ നിലനിർത്തുന്നതിനുള്ള ഉപാധിയായിരുന്നു അത്; ശരീരത്തിന് വ്യായാമം എന്ന പോലെ. സ്വന്തമായി കവിത ഇല്ലാത്തപ്പോൾ, രണ്ട് കവിതകളുടെ ഇടവേളകളിൽ, എന്നിലെ കവിയേയും കവിതയേയും പച്ചയായി നിലനിർത്താൻ വേണ്ടിയാണ് ഞാൻ അതു ചെയ്തത്. നമ്മുടെ കാവ്യവായനക്കാരെ ലോകകവിതയുടെ രീതിഭേദങ്ങളുമായി പരിചയപ്പെടുത്തുക എന്ന പരോക്ഷഫലവും അതിൽ നിന്നുണ്ടായി.
പരിഭാഷയിലൂടെയും വായനയിലൂടെയും പരിചയപ്പെട്ട ലോക കവികളിൽ ഏറ്റവും പ്രിയപ്പെട്ടവർ?
തീർച്ചയായും നെരൂദയെ എനിക്ക് ഏറെ ഇഷ്ടമാണ്, ആ കാവ്യശൈലിയോടു തോന്നുന്ന ആകർഷണത്താൽ.
പി.ഗോവിന്ദപ്പിള്ളയാണ് എന്നെ സമയബന്ധിതമായ നെരൂദാപരിഭാഷയ്ക്കു പ്രേരിപ്പിച്ചത്. മറ്റൊരു കവി സെസാർ വയെഹോ ആണ്. കവിതയ്ക്കടിയിൽ നിന്ന് മറ്റൊരു കവിത മുളച്ചു വരുന്ന അനുഭവം. റിൽകെയും മല്ലാർമെ യും ബോദലേറുമെല്ലാം എനിക്ക് പ്രിയപ്പെട്ടവർ. ലോർകയാണ് എനിക്ക് വലിയ ആഹ്ളാദം പകർന്നിട്ടുള്ള മറ്റൊരു കവി. കൂടാതെ, നജ് വാൻ ദർവീഷിനെയും അസ്മാ അസൈസെയെയും പോലുള്ള പലസ്തീനിയൻകവികളും ജൂസെപ്പേ ഉംഗാരെട്‌ഠിയെയും ക്വാസിമോദോവിനെയും പോലുള്ള ഇറ്റാലിയൻ കവികളും.
മലയാളത്തിലെ വലിയ/പ്രിയകവികൾ?
അതിലെ ഒന്നാംനിരയെപ്പറ്റി മാത്രം പറയുകയാണെങ്കിൽ എഴുത്തച്‌ഛൻ, കുമാരനാശാൻ, വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, സുഗതകുമാരി, അയ്യപ്പപ്പണിക്കർ എന്നിവർ ചേരുന്ന ഒരു കവിഗോത്രമാണത്. വൃക്ഷത്തിൽ ഇലകൾ തളിരിടുന്നതുപോലെ കവിത സ്വാഭാവികമായും നൈസർഗ്ഗികമായും അങ്കുരിച്ചിരുന്ന കവികളായിരുന്നു അവർ. ആശാനെ ഞാനിപ്പോഴും വലിയ ഇഷ്‌ടത്തോടെ വായിക്കുന്നു.
നൈതികതയുടെ രാഷ്‌ട്രീയമാണല്ലോ മാഷിൻ്റെ കവിതയുടെ നട്ടെല്ല്. കവിതയുടെ രാഷ്‌ട്രീയത്തെപ്പറ്റിയും സമകാലികരാഷ്ട്രീയാവസ്‌ഥയെപ്പറ്റിയും?
ഒരു തരം നീതിബോധം എക്കാലത്തും എൻ്റെ കവിതയുടെ ഭാഗമായിരുന്നു. പക്ഷേ ഒരിക്കലും ഞാൻ ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയിൽ അംഗമായിരുന്നില്ല. സാംസ്‌കാരികവേദിയുടെ കാലത്തു പോലും ഞാൻ ആ പാർട്ടിയിൽ ചേർന്നിരുന്നില്ല. അതുണ്ടാക്കിയ പുതിയ ഉണർവ്വുകൾ എന്നെ ആകർഷിച്ചു. കെ. ജെ. ബേബിയുടെയും രാമചന്ദ്രൻ മൊകേരിയുടെയും നാടകങ്ങൾ ഉണ്ടായി. ഞാനും ചില നാടകങ്ങൾ എഴുതി. കേരളമെങ്ങും കവിയരങ്ങുകൾ ഉണ്ടാവുകയും അത് സാധാരണജനങ്ങളെക്കൂടി കവിതയിലേയ്ക്കാകർഷിക്കുകയും ചെയ്തു. വലിയൊരു തുറസ്സായിരുന്നു എനിക്കത്.
നിർഭയമായി ചോദ്യങ്ങൾ ചോദിക്കുക എന്നത് എൻ്റെ ശീലമായിരുന്നു. അതിൻ്റെ പേരിൽ മരിക്കാനും ജയിലിൽ പോകാനുമൊക്കെ ഞാനൊരുക്കമാണ്. ഞാൻ ഡൽഹിയിലായിരുന്നപ്പോഴും സാംസ്‌കാരികവേദിക്കാലത്തുമൊക്കെ അത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇക്കാലം ഗാന്ധിയോട് ഞാൻ കൂടുതൽ കൂടുതൽ അടുക്കുന്നു.
ഒരിന്ത്യൻ കമ്മ്യൂണിസം രൂപപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടു. കമ്മ്യൂണിസം ആത്മഹത്യയുടെ വഴിയിലാണ്. ഓരോ സ്ഥലങ്ങളിലായി ഇല്ലാതാവുന്നു. ഇവിടെയും എനിക്കറിഞ്ഞ് കൂടാ, അതെത്രകാലം ഉണ്ടാവുമെന്ന്. പക്ഷേ അതിന്റെ തിരോധാനത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ ഭയം ഹിന്ദുത്വശക്തികളുടെ കടന്നുവരവിനെക്കുറിച്ചുള്ളതാണ്.
ഹിന്ദുത്വശക്തികളുടെ കടന്നുവരവാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. ഇന്ത്യ ഒരു ആര്യൻ/ ഹിന്ദു/ഹിന്ദിരാഷ്ട്രമാണെന്നതുപോലെയുള്ള തെറ്റായ ആശയങ്ങൾ അവർ പ്രചരിപ്പിക്കുന്നു. തിരുനാവായയിൽ ഇപ്പോൾ നടക്കുന്ന മൈത്രീമഹോത്സവം അതിനു വേണ്ടിയുള്ള ഒരു നീക്കമാണ്. എഴുത്തും പ്രസംഗവും അസാധ്യമായിത്തീരുന്ന, ഓരോ വാക്കും അതുച്ചരിക്കുന്ന ആൾക്ക് ഭീഷണിയായിത്തീരുന്ന ഒരു കാലത്തിലേയ്ക്കാണ് അതു നമ്മെ കൊണ്ടുപോകുന്നത്. അതിനെ എതിർക്കുക എന്നതായിക്കും ഇനിയുള്ള എൻ്റെ രാഷ്ട്രീയം. പ്രത്യധികാരത്തിൻ്റെ, ജനങ്ങളുടെ അധികാരത്തിനു വേണ്ടിയുള്ള രാഷ്‌ട്രീയമാണത്. കക്ഷിരാഷ്ട്രീയവുമായോ അധികാരരാഷ്ട്രീയവുമായോ അതിനു യാതൊരു ബന്ധവുമില്ല. ഒരു തരം നൈതികരാഷ്ട്രീയമാണ് നമുക്കാവശ്യം;സമത്വത്തിലും സ്വാതന്ത്ര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലും മതമൈത്രിയിലും അടിയുറച്ചത്.
വന്ദേമാതരത്തിൽ ഹൈന്ദവബിംബങ്ങളുണ്ട്. വന്ദേമാതരത്തെ ദേശീയഗീതം എന്ന നിലയിൽ അംഗീകരിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ്.
അധ്യാപനത്തെപ്പറ്റി, അധ്യാപകനായിരുന്ന കാലത്തെപ്പറ്റിയും?
ഞാനത് ആസ്വദിച്ചിരുന്നു, അപൂർവ്വം ചില അവസരങ്ങളിലൊഴികെ. അധ്യാപകനാകുന്നതിനു മുൻപു തന്നെ ചില പ്രസംഗങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആ ദൗത്യം ഞാൻ നിറവേറ്റിയിരുന്നു. അധ്യാപനം എൻ്റെ സംവേദനശേഷിയെ വികസിപ്പിച്ചു; മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ, യുക്തിഭദ്രമായി, ചിട്ടയോടെ സംസാരിക്കാൻ ശീലിപ്പിച്ചു. പഴയ വിദ്യാർത്ഥികളെ വീണ്ടും കണ്ടുമുട്ടുന്നതിലുള്ള ചാരിതാർത്ഥ്യവും നാട്ടിൽ മടങ്ങിയെത്തിയതിനു ശേഷം ഞാൻ അനുഭവിക്കുന്നു. നീണ്ട 24 വർഷമാണ് ഞാൻ അധ്യാപകനായിരുന്നത്. എന്നെ സ്നേഹാദരങ്ങളോടെ കാണുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ കേരളത്തിലെമ്പാടുമുണ്ട്. അധ്യാപനം എൻ്റെ വായനയെ വല്ലാതെ ഊർജ്ജിതമാക്കിയിട്ടു മുണ്ട്; സാഹിത്യവായനയെ മാത്രമല്ല, തത്ത്വചിന്തയിലും ചരിത്രത്തിലും മറ്റുമുള്ള വായനയെയും.
ഈ എൺപതാം വയസ്സിൽ നിന്നുകൊണ്ടുള്ള പിൻനോട്ടത്തിൽ ജീവിതം എങ്ങനെ കാണപ്പെടുന്നു?
ഇടശ്ശേരി പറഞ്ഞതുപോലെ, ഒരു പിലാവില പെറുക്കാൻ കുനിഞ്ഞിട്ടുണ്ടെങ്കിൽ ഒരു പാത്രം കൊഴുത്ത കഞ്ഞി കുടിച്ചിട്ടുമുണ്ടെന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്. താഴ്ന്ന മധ്യവർഗ്ഗത്തിൻ്റെ ഞെരുക്കങ്ങളിലൂടെയാണ് ഞാൻ കടന്നുവന്നത്. ചില മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് പല ജോലികൾ ചെയ്തു കരുപ്പിടിപ്പിച്ച ജീവിതമാണെൻ്റേത്. ആദ്യകാലത്ത് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാൻ സാമ്പത്തികശേഷിയില്ലാതിരുന്ന എനിക്ക് ചില പുസ്തകങ്ങളൊക്കെ എഴുതാൻ സാധിച്ചു. നിരന്തരമായി, ക്ലേശിച്ച് ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഫലം പല തരം പുസ്തകങ്ങളായി എൻ്റെ ഭാഷയിൽ സന്നിഹിതമാണ് ഇപ്പോൾ. ഞാൻ സഹായിച്ചിട്ടുണ്ടെങ്കിൽ വലിയ സഹായങ്ങൾ എനിക്കും തിരിച്ചുകിട്ടിയിട്ടുണ്ട്. വേദനാകരമായ അനുഭവങ്ങൾ പോലും എന്നെ ജീവിതത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിച്ചു. ഒരനുഭവവും വെറുതെയായില്ല എന്ന തോന്നൽ ഉണ്ട്. അതിനാൽ മനുഷ്യസാധ്യമായ, തികഞ്ഞ സംതൃപ്തിയോടു കൂടിയാണ് ഞാൻ ഈ ഘട്ടത്തിൽ പിന്നിട്ട ജീവിതത്തെ കാണുന്നത്.
Content Highlights: Explores the vast poetic and translation universe of K. Satchidanandan., Highlights his crucial role in modernizing Malayalam poetry and maintaining ethical politics., Features an in-depth conversation conducted by noted critic Sajay K.V.
Published: 19 Aug 2026, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented