ഡല്‍ഹിയുടെ വഴികളിലൂടെയുള്ള എഴുത്തുകാരന്റെ നടത്തം തുടരുകയാണ്. മിക്‌സി നന്നാക്കിയത് വാങ്ങാന്‍, മുറിവേറ്റ പ്രാവിനെ ചികിത്സിപ്പിക്കാന്‍, ചായകുടിക്കാന്‍... ഒരിക്കല്‍ ആ വഴി ചതിച്ചു. പാതാളത്തിലേക്കുവീണ എഴുത്തുകാരന്‍ ഒടിഞ്ഞകാലുമായി മുടന്തിനടന്നു. അക്കാലവും കഴിഞ്ഞപ്പോള്‍ എംബസിയില്‍ ഒരാള്‍ കാണാനെത്തി. ആജാനുബാഹുവായ നടന്‍... 

To advertise here,

''സുരേഷ് ഗോപി നമ്മുടെ വീട്ടില്‍വന്നത് ഓര്‍മയില്ലേ?''-ശ്രീജ ചോദിച്ചു.
ഇപ്പോള്‍ എനിക്കുവേണ്ടി അവളാണ് എല്ലാം ഓര്‍ക്കുന്നത്. അതായത്, പുസ്തകങ്ങള്‍ അലമാരയില്‍ അടുക്കിവെക്കുന്നതുപോലെയോ, പുറത്തുപോകുമ്പോള്‍ പൈസ എടുത്ത് കീശയില്‍വെക്കുന്നതുപോലെയോ, ബാങ്ക് ലോക്കറില്‍ ആധാരങ്ങളും പ്രമാണങ്ങളും സുക്ഷിച്ചുവെക്കുന്നതുപോലെയോ എന്റെ ഓര്‍മകളെ ഞാന്‍ അവളെ ഏല്‍പ്പിച്ചിരിക്കുന്നു. സന്ദര്‍ഭാനുസാരം അവള്‍ എനിക്കുവേണ്ടി എല്ലാം ഓര്‍ത്തുകൊള്ളും. ഗേറ്റ് കടന്ന് എംബസിയിലെത്തിയാല്‍ ഞാന്‍ ഭയങ്കര ഓര്‍മശക്തിയുള്ളവനും അതിശ്രദ്ധാലുവുമായിരിക്കും. എംബസിയുടെ ഗേറ്റ് കടന്ന് പുറത്തുവന്നാല്‍ അശ്രദ്ധയ്ക്കും മറവിക്കും പേരുകേട്ട ആളായിമാറും, ഞാന്‍.

അങ്ങനെയാണ് ഞാന്‍ ഒരിക്കല്‍ ഫുട്പാത്തിലെ തുറന്നുകിടക്കുന്ന മാന്‍ഹോളിലൂടെ താഴേക്കുപോയത്. ചിലപ്പോള്‍ കണ്ണുതുറന്ന് നടക്കുമ്പോഴും ഞാന്‍ ഒന്നും കാണുകയില്ല. അല്ലെങ്കില്‍ നേരേ മുമ്പിലുള്ളത് കാണാതെ പിറകിലുള്ളതോ ദൂരേയുള്ളതോ ആയ എന്തെങ്കിലും കാണും.

ഒരിക്കല്‍ ഞാന്‍ വീട്ടിലേക്കുപോകുമ്പോള്‍ വളരെ പിറകില്‍നിന്ന് പൂര്‍ണനഗ്‌നനായ ഒരു യുവാവ് നടന്നുവരുന്നതായിത്തോന്നി. വെറും തോന്നലായിരുന്നില്ല. ഒരു ദിഗംബരനായിരുന്നു അത്. അയാള്‍ ദയാല്‍ സിങ് കോളേജിനുമുമ്പിലൂടെയാണ് നടക്കുന്നത്. അവിടെ ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പോകുകയും വരുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഇതുപോലുള്ള ദിഗംബരര്‍ നടന്നുപോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. അവര്‍ക്ക് വീടില്ല. കുടുംബമില്ല. കൈയില്‍ ഒരു ചില്ലിക്കാശില്ല. ദേഹത്ത് വസ്ത്രങ്ങളില്ല. കാലില്‍ ചെരിപ്പില്ല. അവര്‍ ആത്മാവുകള്‍ മാത്രമാണ്. എല്ലാം ഉപേക്ഷിച്ച്, പൂര്‍ണസ്വതന്ത്രരായി, ആത്മാവുകള്‍ മാത്രമായി ജീവിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യംതന്നെയല്ലേ?
''ഠേ''
-ഞാന്‍ ഓഫീസില്‍നിന്നിറങ്ങി കൊണ്ണാട്ട് പ്ലെയിസിലേക്കു പോവുകയായിരുന്നു. ഞങ്ങളുടെ കേടുവന്ന മിക്‌സി അവിടെ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് വാങ്ങാന്‍വേണ്ടി പോകുമ്പോഴാണ് പിറകില്‍നിന്ന് ആ വലിയ ഒച്ചകേട്ടത്. ഔറംഗ്സീബ് റോഡിലെ എന്റെ ഓഫീസിന്റെ മുമ്പിലായിരുന്നു ഇസ്രയേല്‍ എംബസി. അവിടെ പലപ്പോഴും ഇങ്ങനെ കൈബോംബുകളും പടക്കങ്ങളും പൊട്ടുന്നത് കേട്ടിരുന്നു. ഉടനെ പോലീസെത്തി റോഡിന്റെ ഇരുവശവും അടയ്ക്കും. അതിലേവരുന്ന വാഹനങ്ങളെ അശോകാ റോഡിലേക്ക് വഴിതിരിച്ചുവിടും. ഇസ്രയേല്‍ എംബസിയുടെ മുമ്പിലെ ഫുട്പാത്തിലൂടെ നടക്കാന്‍ എനിക്ക് പേടിയായിരുന്നു. അവിടെയെങ്ങാനും കുഴിബോംബുകള്‍ ഉണ്ടെങ്കിലോ?
റിപ്പയര്‍ചെയ്ത മിക്‌സി വാങ്ങി, അവിടെനിന്ന് ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റിനരികിലുള്ള കൃഷ്ണന്‍കുട്ടിയുടെ നവകേരള ചായക്കടയില്‍ച്ചെന്ന് കടുപ്പത്തില്‍ ഒരു ചായമേടിച്ചു.
''ബീഫും ദോശയും തരട്ടെ?''
-നവകേരള കൃഷ്ണന്‍കുട്ടി ചോദിച്ചു.

യഥാര്‍ഥത്തില്‍ എനിക്ക് മോഹം പരിപ്പുവടയും കട്ടന്‍ചായയും കഴിക്കാനായിരുന്നു. പ്രത്യയശാസ്ത്രവത്കരിക്കപ്പെട്ട ഭോജ്യങ്ങളായിരുന്നു അതു രണ്ടും. കട്ടന്‍ചായ അവിടെയുണ്ട്. പക്ഷേ, പരിപ്പുവടയില്ല. അതുകൊണ്ട് ഞാന്‍ പ്രത്യയശാസ്ത്രവത്കരിക്കപ്പെടാത്ത ഒരു ഗ്ലാസ് സാദാ ചായയും ഒരു ദോശയുംകൊണ്ട് തൃപ്തിപ്പെട്ടു.

ദരിയാഗഞ്ചിലെ ദിഗംബരക്ഷേത്രത്തിനരികില്‍ പക്ഷികളുടെ ഒരു ആശുപത്രിയുണ്ട്. ഒരിക്കല്‍ മുറിവേറ്റ് റോഡില്‍ കിടക്കുന്ന ഒരു പ്രാവിനെ ഞാനെടുത്ത് അവിടെ കൊണ്ടുപോയിക്കൊടുത്തു. തൊട്ടരികിലെ ജുമാമസ്ജിദിന്റെ മിനാരങ്ങളിലിരുന്ന് എണ്ണമറ്റ പ്രാവുകള്‍ കുറുകുന്നതും ചിറകടിക്കുന്നതും കാണാം. അവിടേക്ക് പോകുന്ന പ്രാവായിരിക്കണം, എവിടെയോചെന്ന് മുട്ടി കാലൊടിഞ്ഞ് താഴെവീണത്. 
''പേരും മേല്‍വിലാസവും എഴുത്'' 
-അയാള്‍ ഒരു ലഡ്ജര്‍ എന്റെമുമ്പില്‍ നീക്കിവെച്ചു.
''ആരുടെ പേരും മേല്‍വിലാസവും''
''നിങ്ങളുടെ''
-അയാള്‍ രൂക്ഷമായി എന്നെ നോക്കി.
പക്ഷിയെയാണ് അവിടെ ചികിത്സയ്ക്കായി അഡ്മിറ്റാക്കുന്നത്. അപ്പോള്‍ പക്ഷിയുടെ പേരും മേല്‍വിലാസവുമല്ലേ എഴുതേണ്ടത്? എന്റെ പേരെന്തിന് എഴുതണം?
ദരിയാഗഞ്ചില്‍ത്തന്നെ പക്ഷികളെ വില്‍ക്കുന്ന ഒരു കടയുണ്ടായിരുന്നു. പലജാതി പക്ഷികള്‍ കൂടുകളില്‍ കിടന്ന് ചിറകടിച്ചുകൊണ്ടിരുന്നു.
''നീല പ്രാവുണ്ട്. ഒരെണ്ണം തരട്ടെ ഭായ്സാബ്?'' 
-ഞാന്‍ പക്ഷികളെ നോക്കിനില്‍ക്കുന്നതുകണ്ട് കടക്കാരന്‍ ചോദിച്ചു.
''ചുവന്ന പ്രാവുണ്ടോ?''
''ഉണ്ട്, ഉണ്ട്.''
-അയാള്‍ കൂട്ടില്‍നിന്ന് ഒരു കടുംചുവപ്പ് പ്രാവിനെ പുറത്തെടുത്ത് കാണിച്ചു.

ഞാന്‍ അയാളെ നോക്കി വി.കെ.എന്‍. ചിരിക്കുന്നതുപോലെ ഒരു ചിരിചിരിച്ചു.
അവിടെ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന എല്ലാ പ്രാവുകളും വെള്ളപ്രാവുകളാണെന്ന് എനിക്കറിയാമായിരുന്നു. പെയിന്റടിച്ച് വെള്ളപ്രാവുകളെ നീലയും ചുവപ്പും മഞ്ഞയും നിറങ്ങളുള്ള പ്രാവുകളാക്കിമാറ്റി വില്‍പ്പനയ്ക്കുവെച്ചിരിക്കുകയാണ് അയാള്‍.
നിന്റെ സൂത്രം കൈയിലിരിക്കട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ അവിടെനിന്ന് റെഡ് ഫോര്‍ട്ടിനരികിലുള്ള ഛോര്‍ ബസാറിലേക്ക് നടന്നു. അവിടെ വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ തുടങ്ങി കൂ കൂ എന്ന് കൂകുന്ന പഴയകാല ഘടികാരംവരെ എന്തും കിട്ടും. അതെല്ലാം കള്ളന്മാര്‍ കട്ടുകൊണ്ടുവന്ന് വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നതാണ്. എനിക്ക് ആവശ്യം ഇത്തിരി സ്‌നേഹമായിരുന്നു. ഏതെങ്കിലും കള്ളന്‍ സ്‌നേഹം കട്ടുകൊണ്ടുവന്ന് അവിടെ വില്‍പ്പനയ്ക്കുവെച്ചിട്ടുണ്ടെങ്കില്‍ പൊന്നുവിലകൊടുത്ത് അത് വാങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ, കത്തികളും കഠാരകളും തോക്കിന്റെ ഉണ്ടകളും അവിടെയുണ്ടായിരുന്നു. സ്‌നേഹംമാത്രം കണ്ടില്ല. അതാര്‍ക്കുവേണം?
ഞാന്‍ ഒരു ചെറിയ കുപ്പി അത്തര്‍ വാങ്ങി. അതും കട്ടുകൊണ്ടുവന്ന് വെച്ചതാണെന്ന് തീര്‍ച്ച.
''സാറിനെന്തിനാ അത്തര്‍?''
-രാജന്‍ കാക്കനാടന്‍ ചോദിച്ചു.
''വെറുതേ പുരട്ടി പുയ്യാപ്ലയായി നടക്കാന്‍വേണ്ടി.'' 
-ഞാന്‍ പറഞ്ഞു.

അടുത്ത ദിവസം രാജന്‍ സോവിയറ്റ് യൂണിയന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ജോലിക്കുപോയത് ഞാന്‍ കൊടുത്ത അത്തര്‍ പുരട്ടിയായിരുന്നു. അത് 1969-ലായിരിക്കണം. മെഹ്രോലിയിലുമുണ്ട് ഒരു ദിഗംബരമന്ദിരം. അവിടെ ദിഗംബരര്‍ തനിയെയും കൂട്ടമായും നടക്കുന്നതുകാണാം. അവരെ കാണുമ്പോഴാണ് എത്രമാത്രം കൊതി ഉള്ളില്‍ കൊണ്ടുനടക്കുന്നവനാണ് ഞാനെന്ന് ബോധ്യപ്പെടുക.

ഞാന്‍ എന്റെ പാവം മാരുതി കാറില്‍ ഔറംഗ്സീബ് റോഡിലെ ഓഫീസിലേക്ക് പോകുമ്പോള്‍ കാറുകളും പോലീസ് ജീപ്പുകളുമടക്കം ഇരുപത്തിയൊന്ന് വാഹനങ്ങള്‍ എനിക്ക് അകമ്പടിയായി മുന്നിലും പിന്നിലും ഉണ്ടാകണം. ഒരു ആംബുലന്‍സും കുട്ടത്തിലുണ്ടാകണം. കറുത്ത കണ്ണടധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്റെ കാറിനിരുവശത്തുംകൂടി ഓടണം. സ്ത്രീകളുടെ തലമുടി ചവിട്ടിമെതിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയവരായിരിക്കും എന്നെ അനുഗമിക്കുന്ന പോലീസുകാര്‍. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്നുനില്‍ക്കുന്ന ജനം എനിക്ക് സിന്ദാബാദ് വിളിക്കണം.
-ഇതാണ് എന്റെ ഒരു പൂതി. 

ഒരിക്കല്‍ ധരിച്ച വസ്ത്രം ഞാന്‍ വീണ്ടും ധരിക്കില്ല. രാവിലെ എന്റെ വേഷം കുര്‍ത്തയും പൈജാമയും ആയിരിക്കും. അതിനുമുകളില്‍ ഒരു ജാക്കറ്റ് ധരിക്കും. ഉച്ചയ്ക്ക് ഞാന്‍ ഷെര്‍വാണി ധരിക്കും. വൈകുന്നേരം ഞാന്‍ പാന്റ്സും ഒരു ഖാദി സില്‍ക് കോട്ടും ധരിക്കും. കോട്ടിന്റെ കീശയില്‍ ഒരു സില്‍ക്ക് തൂവാല മടക്കിവെച്ചിരിക്കും.
-ഇത് എന്റെ മറ്റൊരു പൂതി.

ഒരു ദിഗംബരനായാല്‍ എനിക്ക് ഇതുപോലുള്ള കൊതികളില്‍നിന്നും പൂതികളില്‍നിന്നുമെല്ലാം രക്ഷപ്പെടാന്‍ കഴിയും. നമ്മുടെ രാജ്യത്ത് ദിഗംബരര്‍ അധികാരസ്ഥാനങ്ങളിലിരിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒന്നും ആഗ്രഹിക്കാത്ത വെറും ആത്മാവുകള്‍ മാത്രമായവരായതുകൊണ്ട് അവര്‍ അഴിമതിനടത്തില്ല. സ്വജനപക്ഷപാതം കാണിക്കില്ല. മുത്തുക്കുടകളിലും വാദ്യഘോഷങ്ങളിലും ആകൃഷ്ടരാകില്ല. ആഡംബരങ്ങളിലും ഉത്സവങ്ങളിലും അഭിരമിക്കില്ല. പള്ളി പൊളിക്കില്ല.
''കാലിനെന്തുപറ്റി?''
-ഞാന്‍ ഓട്ടോറിക്ഷയില്‍നിന്നിറങ്ങി വേച്ചുവേച്ചു വിട്ടിലേക്ക് കയറിവരുന്നതുകണ്ട് അവള്‍ ചോദിച്ചു.
 ''ഞാന്‍ മാന്‍ഹോളില്‍ വീണു.'' 
''അയ്യോ!''
ഡല്‍ഹിയില്‍ എല്ലായിടത്തും ഫുട്പാത്തുകളില്‍ വാതുറന്നുകിടക്കുന്ന ആള്‍ത്തുളകള്‍ കാണാം. ശ്രദ്ധിച്ചില്ലെങ്കില്‍ അതില്‍ ചെന്നുവീഴും.

പാരീസ് നഗരത്തിലെ ഒരാള്‍ത്തുളയിലാണ് വീണതെങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു. കാരണം ആ വീഴ്ച എന്നെ ഒരദ്ഭുതലോകത്തിലേക്ക് കൊണ്ടുപോകുമായിരുന്നു. വിക്തോര്‍ ഹ്യൂഗോ പാവങ്ങളില്‍ അനാവരണംചെയ്തു കാണിച്ച അവിശ്വസനീയമായ ആ ഓവുചാലുകളുടെ ശൃംഖല എനിക്കൊന്നു കാണണമെന്നുണ്ടായിരുന്നു. ആ ഓവുചാലുകളിലൂടെയാണ് ഇന്‍സ്‌പെക്ടര്‍ ഴാവേറിന്റെ കഴുകക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടി ഴാന്‍വാല്‍ഴാന്‍ ഒളിച്ചുനടന്നത്. 

1370-ലാണ് പാരീസ് നഗരത്തിനടിയിലുള്ള ഈ ഓവുചാല്‍ ശൃംഖലയുടെ ആദ്യഭാഗം നിര്‍മിച്ചത്. നെപ്പോളിയന്‍ ഒന്നാമന്റെയും രണ്ടാമന്റെയും കാലത്താണ് അത് കൂടുതലായി വികസിപ്പിച്ചത്. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ഈ ഓവുചാലുകളിലൂടെയാണ് ഒഴുകുന്നത്. ഈ ശൃംഖലയ്ക്കിപ്പോള്‍ 2400 കിലോമീറ്റര്‍ നീളമുണ്ട്.

'പാവങ്ങള്‍' രചിക്കുന്നകാലത്ത്, 1860-ല്‍ വിക്തോര്‍ ഹ്യൂഗോ ഈ അഴുക്കുചാലുകള്‍ കാണാനായി പാരീസ് നഗരത്തിനടിയിലേക്ക് പോകുകയുണ്ടായി. അദ്ദേഹം പാതാളം മുഴുവനും സന്ദര്‍ശിക്കുകയും അതിന്റെ ഭൂമിശാസ്ത്രം പഠിച്ച് മനസ്സിലാക്കുകയും ചെയ്തു. അങ്ങനെയാണ് ഹ്യൂഗോവിന് ഴാന്‍ വാല്‍ഴാന്റെ പാതാളസഞ്ചാരങ്ങള്‍ കൃത്യതയോടെയും വിശദാംശങ്ങളോടെയും വിവരിക്കാന്‍ കഴിഞ്ഞത്.

ഡല്‍ഹിക്കാരുടെ പാതാളം ഭൂമിയുടെ അടിയിലല്ല, മുകളിലാണ്. ഞങ്ങളുടെ അഴുക്കുചാലുകള്‍ നഗരത്തിനു മുകളിലൂടെയാണ് ഒഴുകുന്നത്. ആള്‍ത്തുളയില്‍ വീണ എന്റെ കാലിന് സാരമായി പരിക്കുപറ്റിയിരുന്നു. കുറച്ചുകാലം എന്റെ വലതുപാദം പ്ലാസ്റ്ററിലായിരുന്നു. കഠിനമായ വേദനയുമുണ്ടായിരുന്നു. കാലൊടിഞ്ഞ ഒരു പൂച്ചയെപ്പോലെ ഒറ്റക്കാലില്‍ ചാടിക്കൊണ്ടാണ് ഞാന്‍ നടന്നത്. പാതാളം മുഴുവനും നടന്നുകണ്ടിട്ടും ഫ്രഞ്ചുകാരനായ വിക്തോര്‍ ഹ്യൂഗോവിന്റെ കാലിന് ഒരു പരിക്കും പറ്റിയിരുന്നില്ല. പരിക്കും വേദനയും മൂന്നാം ലോകത്തിലെ ഒരു പാവം എഴുത്തുകാരനായ എനിക്കുള്ളതാണ്.
''കാനായി കുഞ്ഞിരാമന്‍ നമ്മുടെ വീട്ടില്‍വന്നിട്ടുണ്ട്. അതും മറന്നോ?''
-അവള്‍ ചോദിച്ചു.

അതെനിക്ക് ഓര്‍മയുണ്ടായിരുന്നു. കാനായി കുഞ്ഞിരാമനെ ഒരിക്കല്‍ കണ്ടാല്‍ പിന്നീട് ആരും മറക്കില്ല. ചിത്രകാരനും തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ട്ടിലെ അധ്യാപകനുമായിരുന്ന ചിത്രഭാനുവിന്റെ കൂടെയാണ് കാനായിയും ഭാര്യ നളിനിയും ഞങ്ങളുടെ വീട്ടില്‍വന്നത്. അത് 1977-ലോ 1978-ലോ ആയിരുന്നു. അക്കാലത്ത് ചിത്രഭാനു ഡല്‍ഹിയിലായിരുന്നു ജോലിചെയ്തത്. അപ്പോള്‍ അമര്‍ കോളനിയിലെ E-104-ലായിരുന്നു ഞാനും ഭാര്യയും രണ്ടുമക്കളും പാര്‍ത്തിരുന്നത്. ഞങ്ങള്‍ താമസിക്കുന്ന രണ്ടാമത്തെ വാടകവീടായിരുന്നു അത്. 

കാനായിയും നളിനിയും ഒരു ദിവസം ഞങ്ങളുടെകൂടെ പാര്‍ത്തു. കാനായി സസ്യഭുക്കായിരുന്നു. പുകവലിക്കില്ല. വീഞ്ഞുപോലും കഴിക്കില്ല. ഞാന്‍ മാംസഭുക്കായിരുന്നു. പുകവലിക്കും. വീഞ്ഞു കുടിക്കുകയും ചെയ്യും.
''വീഞ്ഞ് ഒരു വിശുദ്ധപാനീയമാണ്.''
-ഞാന്‍ പറഞ്ഞു. ആരോടാണ് പറഞ്ഞതെന്ന് എനിക്ക് ഓര്‍മയില്ല.
വീഞ്ഞില്‍ ദൈവാനുഗ്രഹമുണ്ടെന്ന്, ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. പാപ്പമാരും മെത്രാന്മാരും കഴിക്കുന്ന പാനീയമാണത്. അപ്പോള്‍ എനിക്കെന്തുകൊണ്ട് വീഞ്ഞ് കഴിച്ചുകൂടാ?

placeholder
ചിത്രീകരണം: പ്രശാന്ത് ഒളവിലം

ഔറംഗ്സീബ് റോഡിലെ എന്റെ ഓഫീസിനുപുറത്ത് ഒരു സന്ദര്‍ശകന്‍ കാത്തുനില്‍പ്പുണ്ടെന്ന് സെക്യൂരിറ്റി ഗാര്‍ഡ് വിളിച്ചറിയിച്ചു. ഉച്ചകഴിഞ്ഞ നേരമായിരുന്നു. ഇസ്രയേല്‍ എംബസിയുടെമുമ്പില്‍ പടക്കംപൊട്ടിയതുകൊണ്ട് ഞങ്ങളുടെ ഓഫീസിലും സുരക്ഷകൂട്ടിയിരുന്നു. ആരെങ്കിലും കാണാന്‍വന്നാല്‍, ഗേറ്റില്‍ച്ചെന്ന് സന്ദര്‍ശകനെ തിരിച്ചറിയണം. എങ്കില്‍മാത്രമേ സന്ദര്‍ശകന് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

മൂന്നാമതും സെക്യൂരിറ്റി ഗാര്‍ഡ് വിളിച്ചപ്പോള്‍, ഞാന്‍ ഗേറ്റിന് പുറത്തുചെന്നുനോക്കി. അവിടെ ഒരാള്‍ എന്നെ കാത്തുനില്‍ക്കുന്നു. കൂടെ മൂന്നുനാലുപേരുമുണ്ട്. എനിക്ക് കൗതുകംതോന്നി.
നന്ദി വീണ്ടും വരികയിലെ ബാലന്‍.
ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി.
നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്.
ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍.
മണിച്ചിത്രത്താഴിലെ നകുലന്‍.
കമ്മിഷണറിലെ ഭരത്ചന്ദ്രന്‍ ഐ.പി.എസ്.
''ക്ഷമിക്കണം. സുരേഷ് ഗോപിയാണെന്ന് ഞാനറിഞ്ഞില്ല.''
സുരേഷ് ഗോപി ചിരിച്ചു. ഒരു വലിയ നടന്‍ എന്നെ കാണാന്‍ വന്നതല്ലേ? ഞാന്‍ തിരികെ റൂമില്‍ച്ചെന്ന് എന്റെ ബാഗുമെടുത്ത് പുറത്തുവന്നു. യമുനയുടെ മുകളിലെ പാലത്തിലൂടെ ഞങ്ങള്‍ മയൂര്‍ വിഹാറിലേക്ക് കാറില്‍പ്പോയി. ഞാന്‍ അവിടെ കലാവിഹാറിലായിരുന്നു അപ്പോള്‍ താമസം. 1996-ലോ '97-ലോ ആയിരിക്കണമത്.

ഡല്‍ഹിയില്‍ ഞങ്ങള്‍ക്കൊരു ഗുരുവായൂര്‍ ക്ഷേത്രമുണ്ട്. മയൂര്‍വിഹാറിലെ ശ്രീകൃഷ്ണക്ഷേത്രമാണത്. എന്റെ പാര്‍പ്പിടത്തില്‍നിന്ന് പത്തുമിനിറ്റ് നടന്നാല്‍ ക്ഷേത്രത്തിലെത്തും. ഞാനവിടെ എപ്പോഴും പോകാറുണ്ട്, മനഃശാന്തിക്കുവേണ്ടി. ആദ്യം ഞങ്ങള്‍ പോയത് അവിടേക്കായിരുന്നു. സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞ് ആളുകള്‍ കൂടി. ആള്‍ക്കൂട്ടത്തിലൂടെ നടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച് ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം ഗുരുവായൂരപ്പനെ തൊഴുതു.
''ചായതരട്ടെ''
-ശ്രീജ ചോദിച്ചു.
''പിന്നെയെന്താണുള്ളത്?''
''പഴം പൊരിച്ചു തരാം.''
-അവള്‍ പറഞ്ഞു.
രണ്ടാംനിലയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്ന് ഞാന്‍ താഴെ നോക്കി. സുരേഷ് ഗോപിയെ കാണാന്‍വേണ്ടി അവിടെ ഒരാള്‍ക്കൂട്ടം രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു. ഞാനും സുരേഷ് ഗോപിയും സംസാരിച്ചിരുന്നു. എന്തിനെക്കുറിച്ചായിരുന്നു സംഭാഷണം എന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. സുരേഷ് ഗോപി ഇരുന്നിരുന്ന കസാര പെട്ടെന്ന് ചെറുതായിപ്പോയതായി എനിക്കുതോന്നി. നടന്റെ ശരീരത്തിന്റെ വലുപ്പമായിരുന്നു കാരണം. ഞാന്‍ ആ കസാരയില്‍ ഇരിക്കുമ്പോള്‍ മറിച്ചാണ് തോന്നിയിരുന്നത്. ആ കസാര വളരെ വലുതാണെന്ന്. എന്റെ ചെറിയ ശരീരമായിരുന്നു കാരണം. ശരീരത്തിന്റെ കാര്യത്തില്‍ സുരേഷ് ഗോപി ആനയും ഞാന്‍ കുഴിയാനയുമായിരുന്നു.

അടുക്കളയില്‍ ശ്രീജ നന്നായി പഴുത്ത നേന്ത്രപ്പഴം കനംകുറച്ച് നീളത്തില്‍ ചെത്തി. കടലമാവ് കുഴച്ച് അതില്‍ ഏലക്കായ പൊടിച്ചിട്ടു. മുറിച്ച നേന്ത്രപ്പഴം അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചു.
''പഴംപൊരി എനിക്കിഷ്ടമാണ്''
-സുരേഷ് ഗോപി പറഞ്ഞു.
നടന്‍ ചൂടുള്ള പഴംപൊരിയും ചായയും കഴിച്ചു.
''പഴംപൊരി ഇനിയും വേണോ?''
-ശ്രീജ ചോദിച്ചു.
''മൂന്നുനാലെണ്ണം പൊതിഞ്ഞുതരൂ.''
-സുരേഷ് ഗോപി ചിരിച്ചു.

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.