എംബസിക്കാലത്ത് ഡല്‍ഹിയില്‍ കണ്ടതായ പല സ്ത്രീകളുടെയും മുഖങ്ങള്‍ ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍പ്പുണ്ട്. പല മട്ടിലുള്ള വനിതകളായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയെപ്പോലെ ശൗര്യമുള്ള സ്ത്രീ. അമൃതാ പ്രീതത്തെപ്പോലെ സിഗരറ്റ് വലിക്കുന്ന സ്ത്രീ. രമാ വൈദ്യനാഥനെപ്പോലെ ലാസ്യനൃത്തം ചെയ്യുന്ന സ്ത്രീ. ലീലാ ഓംചേരിയെപ്പോലെ പാട്ടുപാടുന്ന സ്ത്രീ. കിരണ്‍ബേദിയെപ്പോലെ കൈയില്‍ തോക്കുമായി നടക്കുന്ന സ്ത്രീ. സോയ അഗര്‍വാളിനെപ്പോലെ ബോയിങ് വിമാനം പറപ്പിക്കുന്ന സ്ത്രീ. സുഷ്മീത സെന്നിനെപ്പോലെ ലോകസുന്ദരിപ്പട്ടം കെട്ടിയ സ്ത്രീ. മേനകാ ഗാന്ധിയെപ്പോലെ മൃഗസ്‌നേഹിയായ സ്ത്രീ. സോണിയാ ഗാന്ധിയെപ്പോലെ അമ്പത് ശതമാനം ഇന്ത്യക്കാരിയായ സ്ത്രീ. ഷീലാ ദീക്ഷിതിനെപ്പോലെ നൂറ് ശതമാനം ഇന്ത്യക്കാരിയായ സ്ത്രീ. സുഷമാ സ്വരാജിനെപ്പോലെ ഏറ്റവും ഉയരം കുറഞ്ഞ കാബിനറ്റ് മന്ത്രിയായ സ്ത്രീ. ബുദ്ധജയന്തി പാര്‍ക്കില്‍വെച്ച് ബില്ലയും രംഗയും മാനഭംഗപ്പെടുത്തി കുത്തിക്കൊന്ന ഗീതാ ചോപ്രയെന്ന കുട്ടി സ്ത്രീ. അങ്ങനെ ഒരുപാട് സ്ത്രീകള്‍. ഡല്‍ഹിയിലെ സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇവരുടെയൊന്നും മുഖമല്ല ആദ്യം എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്.

To advertise here,

ഞാന്‍ ലജ്പത് നഗര്‍ ബസ്സ്റ്റോപ്പില്‍ ഓഫീസില്‍ പോകാനുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു. അന്ന് ഹൗസ് ഖാസിലായിരുന്നു സാംസ്‌കാരികവകുപ്പ് ഓഫീസ്. 1966 മുതല്‍ 1971 വരെ സൗത്ത് എക്സ്റ്റന്‍ഷനിലായിരുന്നു. അതിനുശേഷമാണ് ഹൗസ് ഖാസിലേക്ക് മാറിയത്.

റിങ് റോഡിലൂടെ പോകുന്ന ഏതെങ്കിലും ഒരു ബസില്‍ കയറിയാല്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനരികില്‍ ഇറങ്ങാം. അവിടെനിന്ന് അഞ്ഞൂറ്റി ഇരുപത്തി രണ്ടാം നമ്പര്‍ ബസില്‍ കയറിയാല്‍ യുസഫ് സരായിയിലൂടെ സഞ്ചരിച്ച് അഞ്ചെട്ട് മിനിറ്റിനുള്ളില്‍ ഹൗസ് ഖാസില്‍ എത്തും. ശൈത്യകാലത്താണെങ്കില്‍ ഞാന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഹൗസ്ഖാസ്വരെ ഒരു സിഗരറ്റ് പുകച്ചുകൊണ്ട് നടക്കും. അവിടെ പാതവക്കിലെ ഞാവല്‍ മരത്തിനുചുവട്ടിലിരുന്ന് ചായ വില്‍ക്കുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. മരത്തിനുചുവട്ടില്‍ വെച്ച സ്റ്റൗവില്‍ വെള്ളം തിളപ്പിച്ചാണ് അയാള്‍ ചായ കാച്ചിയത്. സമയമുണ്ടെങ്കില്‍ ഞാന്‍ ആ ചായ വാങ്ങിക്കുടിക്കും. അമ്പത് പൈസയായിരുന്നു ഒരു ഗ്ലാസ് ചായയുടെ വില.

''മത്ത് മാരോ...''
ഒരു നിലവിളി കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു വൃദ്ധയായ തൂപ്പുകാരി കൈകൂപ്പിനിന്നുകൊണ്ട് കരയുന്നതാണ് ഞാന്‍ കണ്ടത്. അവളുടെ കൈയിലെ ചൂല്‍ നിലത്തുവീണു കിടപ്പുണ്ടായിരുന്നു.
''കുത്തേ കമീനേ മേം തേരാ കൂന്‍ പി ജാവുംഗാ.'' - വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച ഒരു തടിച്ച മനുഷ്യന്‍ ഒച്ചവെച്ചു. അയാളുടെ വസ്ത്രം ഇപ്പോള്‍ അലക്കി ഇസ്തിരിയിട്ടതു പോലെ തോന്നിച്ചു. അയാളുടെ മുഖവും അങ്ങനെ ഇസ്തിരിയിട്ടതുപോലെ ചുളിവുകളില്ലാതെ തിളങ്ങിക്കൊണ്ടിരുന്നു. അയാള്‍ ആ വയോധികയുടെ ചെവിയടക്കം ആഞ്ഞുതല്ലി.

എന്താണ് സംഭിച്ചതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഏതാനും നിമിഷങ്ങള്‍ വേണ്ടിവന്നു. ആ പ്രായംചെന്ന സ്ത്രീ ഒരു തൂപ്പുകാരിയായിരുന്നു. വാല്മീകി ജാതിയില്‍പ്പെട്ട കീഴ്ജാതിക്കാരാണ് ഡല്‍ഹിയിലെ തൂപ്പുകാരില്‍ ഏറെപ്പേരും. ആ പാവം തൂപ്പുകാരി നിരത്ത് തൂത്തുവാരുമ്പോള്‍ അതിലെ വന്ന ഒരാളുടെ ശരീരത്തില്‍ അറിയാതെ ചൂലിന്റെ തുമ്പു കൊണ്ട് ഒന്ന് തൊട്ടുപോയി. അതില്‍ പ്രകോപിതനായാണ് ആ സവര്‍ണന്‍ തൂപ്പുകാരിയെ മര്‍ദിച്ചത്.

നിലത്ത് വീണുകിടക്കുന്ന അവളെ ഒന്നുകൂടി ആഞ്ഞു ചവിട്ടി അയാള്‍ ആരെയൊക്കെയോ ശപിച്ചുകൊണ്ട് ബസ്സ്റ്റോപ്പ് കടന്ന് നടന്നുപോയി. ഇനിയിപ്പോള്‍ തൂപ്പുകാരിയുടെ ചൂല്‍ തൊട്ടതുകൊണ്ട് അയാള്‍ക്ക് വീട്ടില്‍ പോയി കുളിക്കേണ്ടിവരും. പ്രായംചെന്ന തൂപ്പുകാരി നിലത്ത് എഴുന്നേറ്റിരുന്ന് കരച്ചില്‍ തുടര്‍ന്നു. അവരുടെ കണ്ണിന്റെ ഒരു വശത്തുകൂടി രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. ഒട്ടിയ ചുളിഞ്ഞ മുഖം വെയിലേറ്റ് കരുവാളിച്ചിരുന്നു. ഡല്‍ഹിയിലെ സ്ത്രീ എന്ന് കേള്‍ക്കുമ്പോള്‍ ഈ ദൃശ്യമാണ് എനിക്കോര്‍മവരുക.

കീഴ്ജാതിക്കാരുടെ വേദനകള്‍ ഡല്‍ഹിയില്‍ വന്നതിനുശേഷമാണ് ഞാന്‍ അറിഞ്ഞത്. എന്നും അവരോട് സഹതപിക്കുന്ന ഒരു മനസ്സ് എനിക്കുണ്ടാകണേ എന്ന് ഞാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അതുപോലുള്ള തൂപ്പുകാരികളെ ഹുമയൂണ്‍ റോഡിലെ വാല്മീകി ക്ഷേത്രത്തില്‍ കാണാമായിരുന്നു.
''എന്റെ കൂടെ ഒന്ന് വരൂ. ഏക്‌സിഡന്റ്...''- അവള്‍ കരയുന്നുണ്ടായിരുന്നു.
''എവിടെ? ആര്‍ക്ക്?
ഡെപ്യൂട്ടിേകാണ്‍സലര്‍ ഫ്രാന്‍സ്വാ ഗ്രവിയെ അവളുടെ മുറിയിലേക്ക് വന്നു. മുടി കൊഴിഞ്ഞ് തലയോട് കാണുന്ന പെന്‍ഷന്‍ പ്രായത്തോട് അടുക്കാറായ ഒരു സായിവായിരുന്നു അദ്ദേഹം. ഫിറോസ് ഗാന്ധി റോഡില്‍, സതീഷ് ഗുജ്റാളിന്റെ വീട്ടിനരികിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും പാവമായ മേലുദ്യോഗസ്ഥനായിരുന്നു ഗ്രവിയെ. ഞങ്ങളുടെ സെക്ഷനിലായിരുന്നു അവള്‍, സൂര്യസിങ് പണിയെടുത്തിരുന്നത്. അച്ചടിച്ചതുപോലെ വൃത്തിയുള്ള കൈയക്ഷരത്തിലായിരുന്നു ഗ്രവിയെ പാരീസിലേക്കുള്ള കത്തുകളും റിപ്പോര്‍ട്ടുകളുമെല്ലാം എഴുതിയിരുന്നത്.
''മൊസ്യേ ഗ്രവിയേ, എനിക്കിത് കണ്ണും പൂട്ടി ടൈപ്പ് ചെയ്യാന്‍ കഴിയും.''- സൂര്യ പറയും.

അവള്‍ കപൂര്‍ത്തല രാജകുടുംബത്തില്‍ പെട്ടവളാണ്. എന്നിട്ടും എന്തിനാണ് എംബസിയില്‍ ഒരു സെക്രട്ടറിയുടെ ജോലിചെയ്യുന്നത്?
''ഞാന്‍ പഠിച്ച എന്റെ ഫ്രഞ്ച് മറന്നുപോകാതിരിക്കാന്‍വേണ്ടി.'' ഇന്ദിരാ ഗാന്ധിയെ കണ്ടപ്പോള്‍ അവള്‍ ഫ്രഞ്ചിലാണ് അവരോടു സംസാരിച്ചത്. പാരീസില്‍ വെച്ചാണ് സൂര്യ ഫ്രഞ്ച് ഭാഷ പഠിച്ചത്. ഞാന്‍ ഇന്ദിരാ ഗാന്ധിയെ കണ്ടിരുന്നെങ്കില്‍ അവരോട് മലയാളത്തില്‍ സംസാരിക്കുമായിരുന്നു. പക്ഷേ, തൊട്ടരികില്‍ ഉണ്ടായിട്ടും ഞങ്ങള്‍ക്ക് പരസ്പരം കണ്ട് സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നില്ല.

എന്റെയും ഗ്രവിയെയുടെയും അസിസ്റ്റന്റായിരുന്നു സൂര്യസിങ്. ഗ്രവിയെ വലിയ ഫ്രഞ്ച് കാറിലാണ് ഓഫീസില്‍ വരുക. സൂര്യ അവളുടെ പുത്തന്‍ ഫിയറ്റ് കാറിലും. അവളുടെ മേലുദ്യോഗസ്ഥനായ ഞാന്‍ ബസിലാണ് ഓഫീസില്‍ പോയിരുന്നത്.
''കയറൂ.'' - അവള്‍ പറഞ്ഞു.
ഞാന്‍ ഹുമയൂണ്‍ റോഡില്‍ ബസ്സിറങ്ങി തണുത്തുവിറച്ച് ഓഫീസിലേക്ക് നടക്കുമ്പോള്‍ അവളുടെ കാര്‍ അരികില്‍ വന്നുനിന്നു.

''നിങ്ങളെന്താണ് കാറ് വാങ്ങാത്തത്?''
'' ആദ്യം ഒരു ഫ്‌ലാറ്റ് വാങ്ങണം. എന്നിട്ടുമാത്രം കാറ്.''
''ഇപ്പോഴും വാടകവീട്ടിലാണോ താമസം?''
''അതേ.''
അവള്‍ക്ക് വിശ്വാസം വന്നില്ല. രാജകുടുംബത്തില്‍പ്പെട്ട അവള്‍ മഹാറാണി ബാഗില്‍ ഒരു വലിയ വീട്ടിലായിരുന്നു താമസം.
അനാസ്ഥകൊണ്ടായിരുന്നു ഞാനിതുവരെ ഒരു ഫ്‌ലാറ്റിന്റെ ഉടമയാകാതിരുന്നത്. ഞാന്‍ ജോലിയില്‍ ചേര്‍ന്ന കാലത്ത് അത് എളുപ്പമായിരുന്നു. കുറച്ച് പൈസമാത്രം മതി, സര്‍ക്കാര്‍ വക ഒരു ഡി.ഡി.എ. ഫ്‌ലാറ്റ് സ്വന്തമാക്കാന്‍. എന്റെ സമപ്രായക്കാരായ നോവലിസ്റ്റ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിനെപ്പോലുള്ളവര്‍ എന്നേ സ്വന്തം ഫ്‌ലാറ്റില്‍ താമസം തുടങ്ങിയിരുന്നു. ഇന്ന് ഡല്‍ഹിയില്‍ ഒരു പാര്‍പ്പിടം സ്വന്തമാക്കുക എളുപ്പമല്ല. അതിന് ഒരുപാട് പണം വേണം. അതുകൊണ്ട് ഞാന്‍ വാടകവീട്ടില്‍ത്തന്നെ താമസിക്കാന്‍ തീരുമാനിച്ചു. 
''വരൂ പ്‌ളീസ്.''
അവള്‍നിന്ന് കരയുകയാണ്.
''ചെല്ല്. അവളെ തനിച്ച് വിടരുത്.'' - ഗ്രവിയെ പറഞ്ഞു.
അങ്ങനെ ഞാന്‍ കൂടെച്ചെന്നു. അവളാണ് കാര്‍ ഓടിച്ചത്. സഫ്ദര്‍ജങ് ഹോസ്പിറ്റലിനുള്ളിലേക്ക് കാര്‍ കയറി. മോര്‍ച്ചറി കണ്ടുപിടിക്കാന്‍ കുറെ ബുദ്ധിമുട്ടി.

രണ്ട് അറ്റന്‍ഡര്‍മാര്‍ മോര്‍ച്ചറിയുടെ ഉരുക്കുകവാടങ്ങള്‍ തുറന്നു. അതിനുള്ളില്‍നിന്ന് ശൈത്യം വെളുത്ത പുകപോലെ പുറത്തേക്ക് വന്നു. വാഹനാപകടത്തില്‍ മരിച്ച അവളുടെ പ്രതിശ്രുത വരന്‍ തണുത്ത് മരവിച്ച് അവളുടെ മുമ്പില്‍ കിടന്നു. അവള്‍ ദുപ്പട്ടകൊണ്ട് തല മൂടി, ബാഗില്‍നിന്ന് പ്രാര്‍ഥനാ പുസ്തകമെടുത്ത്, വിറയ്ക്കുന്ന ചുണ്ടുകള്‍ കൊണ്ട് ഗുരു ഗ്രന്ഥ് സാഹിബിലെ വരികള്‍ ഉരുവിട്ടു. അവളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു.- ഡല്‍ഹിയിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ സൂര്യ സിങ്ങിന്റെ ആ ഇമേജാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുക.

''അതാ സോണിയാ ഗാന്ധി വരുന്നു.''
ഞാന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ഗാന്ധാര ശില്പങ്ങള്‍ കണ്ടുകൊണ്ട് നടക്കുകയായിരുന്നു. അപ്പോഴാണ് ആരോ അങ്ങനെ പറഞ്ഞത്. മ്യൂസിയത്തിന്റെ കവാടത്തില്‍ വന്നുനിന്ന ഒരു വെളുത്ത അംബാസഡര്‍ കാറില്‍നിന്ന് ഇറങ്ങിവരുന്ന സോണിയാ ഗാന്ധിയെ ഞാന്‍ കണ്ടു. ആദ്യമായായിരുന്നു ഞാന്‍ അവരെ കാണുന്നത്. അവര്‍ക്ക് സമൃദ്ധമായ മങ്ങിയ കറുപ്പുനിറമുള്ള യൂറോപ്യന്‍ തലമുടിയുണ്ടായിരുന്നു. വീതികൂടിയ കരകളുള്ള ഒരു കോട്ടണ്‍ സാരിയാണ് അവര്‍ ധരിച്ചിരുന്നത്. അതിന്റെ നിറം എനിക്ക് ഓര്‍മ വരുന്നില്ല. വളരെക്കാലം മുമ്പായിരുന്നല്ലോ അത്. സോണിയാ ഗാന്ധി ധൃതിയില്‍ മ്യൂസിയത്തിനുള്ളിലേക്ക് നടന്നുപോയി. ആരും കണ്ടാല്‍ നോക്കിനിന്നു പോകുന്ന കുലീനമായ വ്യക്തിത്വം.

സോണിയാ ഗാന്ധി ഇടയ്ക്കിടെ നാഷണല്‍ മ്യൂസിയത്തില്‍ വരുമായിരുന്നു. കാലപ്പഴക്കം കാരണം നിറംമങ്ങുകയും കേടുവരുകയും ചെയ്ത  പെയിന്റിങ്ങുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്ന റസ്റ്ററേഷന്‍ ആര്‍ട്ടില്‍ അവര്‍ക്ക് വലിയ താത്പര്യമുണ്ടായിരുന്നു. ആ കല പരിചയിക്കാന്‍ വേണ്ടിയായിരുന്നു സോണിയാ ഗാന്ധി മ്യൂസിയത്തില്‍ വരുന്നതെന്ന് അവിടത്തെ ഒരു സുഹൃത്ത് പറഞ്ഞു.

വെള്ളക്കാറില്‍ നിന്നിറങ്ങി, മുടി വിടര്‍ത്തിയിട്ട്, വീതികൂടിയ കരകളുള്ള സാരി ചുറ്റി, മ്യൂസിയത്തിലേക്ക് നടന്നുപോകുന്ന സോണിയാ ഗാന്ധി.- ഡല്‍ഹിയിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിയുന്ന മറ്റൊരു ദൃശ്യം ഇതാണ്. അസമീസ് എഴുത്തുകാരി ഇന്ദിരാ ഗോസ്വാമിയെ എനിക്ക് അടുത്തറിയാമായിരുന്നു. മാമോനി എന്ന തൂലികാനാമത്തിലാണ് അവര്‍ അസമീസ് ഭാഷയില്‍ എഴുതിയിരുന്നത്. ഒരു ദിവസം ഞാന്‍ ഔദ്യോഗിക ആവശ്യത്തിനായി നാഷണല്‍ മ്യൂസിയം ഡയറക്ടര്‍-ജനറല്‍ ആര്‍.ഡി. ചൗധുരിയെ കാണാന്‍വേണ്ടി ചെന്നപ്പോള്‍ ഇന്ദിരാ ഗോസ്വാമി അവിടെ ഇരിപ്പുണ്ടായിരുന്നു. ചൗധുരി അവരെ പരിചയപ്പെടുത്തിത്തന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മോഡേണ്‍ ഇന്ത്യന്‍ ലാംഗേജസ് വിഭാഗത്തില്‍ അസമീസ് ഭാഷാ പ്രൊഫസറായിരുന്നു അവര്‍. ഇന്ദിരാ ഗോസ്വാമി നര്‍ത്തകി ചന്ദ്രലേഖയെപ്പോലെ നെറ്റിയില്‍ പാകമാകാത്ത വലിയൊരു പൊട്ടുതൊട്ടിരുന്നു.

placeholder
ചിത്രീകരണം: പ്രശാന്ത് ഒളവിലം

ഞാനും ഇന്ദിരാ ഗോസ്വാമിയും ഒരേവര്‍ഷമാണ് ജനിച്ചത്. പക്ഷേ, മരിച്ചത് ഒരേ വര്‍ഷമായിരുന്നില്ല. അവര്‍ 2011-ല്‍ പോയി. എന്റെ കാര്യത്തില്‍ ദൈവം ഇനിയും ഒരു തീരുമാനമെടുത്തിട്ടില്ലെന്ന് തോന്നുന്നു. ഞാന്‍ എം.ടി.യെപ്പോലെ തൊണ്ണൂറിലെത്തുമോ? ടി. പത്മനാഭനെപ്പോലെ തൊണ്ണൂറ്റിനാലു കടക്കുമോ? സാനു മാഷെപ്പോലെ തൊണ്ണൂറ്റിയേഴിനപ്പുറം പോകുമോ? അല്ലെങ്കില്‍ ഈ നിമിഷം തന്നെ എന്റെ കഥ കഴിയുമോ? സ. പിണറായി വിജയന്റെ പേരിലുള്ള എസ്.എന്‍.സി. ലാവലിന്‍ കേസ് വിധിപറയുന്നത് നീതിപീഠം നീട്ടിനീട്ടി നീട്ടി കൊണ്ടുപോകുന്നതു പോലെ ദൈവം എന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതും നീട്ടിക്കൊണ്ടുപോകുകയാണ്.

''നിങ്ങള്‍ മാമോനിയുടെ മുമ്പില്‍ ചെന്നുപെടാതിരിക്കാന്‍ നോക്കണം. അവള്‍ നിങ്ങളെ കൊന്നുകളയും.''-ആര്‍.ഡി. ചൗധുരി പറഞ്ഞു. 
ഇന്ദിരാ ഗോസ്വാമിക്ക് അത്ര ദേഷ്യമായിരുന്നു എന്നോട്. ഗുവാഹാട്ടിയിലെ ഒരു ബ്രാഹ്‌മണകുടുംബത്തിലാണ് അവര്‍ ജനിച്ചത്. എന്നും അശാന്തമായ അസമിലെ പ്രശ്‌നങ്ങള്‍ ലോകത്തിനുമുമ്പില്‍ എത്തിച്ച എഴുത്തുകാരിയായിരുന്നു മാമോനി. ഡല്‍ഹിയില്‍ അധികാരത്തിന്റെ അത്യുന്നത തലങ്ങളിലാണ് ഞാനവരെ കണ്ടിരുന്നത്. ഡല്‍ഹി ഇന്ത്യാ ടുഡേയില്‍നിന്ന് ഒരു ഫോണ്‍ വിളി വന്നു. 

''ഇന്ദിരാ ഗോസ്വാമിയുടെ ആത്മകഥ ഇംഗ്ലീഷില്‍ വന്നത് അറിഞ്ഞിരിക്കുമല്ലോ. ഞങ്ങള്‍ക്കുവേണ്ടി അതൊന്ന് റെവ്യു ചെയ്യാമോ?''
അന്നും ഇന്നും നോ എന്നുപറയാന്‍ അറിയാത്ത ആളാണല്ലോ ഞാന്‍. അതുകൊണ്ട് പറഞ്ഞു:
''ചെയ്യാം.''
ഓഫീസില്‍ പുതുവര്‍ഷ ബജറ്റ് തയ്യാറാക്കുന്നതിന്റെ ജോലി തുടങ്ങിയിരുന്നു. അതിന്റെ ഒരു പ്രാഥമിക മീറ്റിങ് കഴിഞ്ഞു. എംബസിയിലെ എല്ലാ വിഭാഗങ്ങളും അവരവരുടേതായ ബജറ്റ് തയ്യാറാക്കി അംബാസഡര്‍ക്ക് നല്‍കണം. അദ്ദേഹത്തിന്റെ ഓഫീസാണ് അതെല്ലാം ഏകോപിപ്പിച്ച് പാരീസിലേക്ക് അയക്കുക. അതിനുമുമ്പ് ഒട്ടേറെ തവണ വെട്ടലും തിരുത്തലും നടക്കും. മടുപ്പിക്കുന്ന, തളര്‍ത്തുന്ന ഒരു പണിയായിരുന്നു അത്. ബജറ്റ് രൂപകല്പന ചെയ്യുന്ന ടീമിലെ അംഗമായ ഞാന്‍ ഞായറാഴ്ചയും ഓഫീസില്‍ പോകുന്നുണ്ടായിരുന്നു.

അതിനിടയിലാണ് ഇന്ദിരാ ഗോസ്വാമിയുടെ പുസ്തകം റെവ്യു ചെയ്യാന്‍ ഞാന്‍ തയ്യാറായത്. അന്ന് വൈകുന്നേരംതന്നെ ഇന്ത്യാ ടുഡേയില്‍നിന്ന് പുസ്തകം വന്നു. എപ്പോഴാണ് ഞാനിത് വായിക്കുക? എഴുതുക?
മൂന്നുദിവസം പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ന്ന് ഞാനത് വായിച്ചുതീര്‍ത്തു. മറ്റൊരു പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ന്ന് റിവ്യു എഴുതി.

ഇന്ദിരാ ഗോസ്വാമി വലിയൊരു ജീവിതത്തിന്റെ ഉടമസ്ഥയാണ്. പക്ഷേ, ആത്മകഥയില്‍ ആ വലുപ്പം കണ്ടില്ല. ആഖ്യാനവും ഭാഷയും തികച്ചും അനാകര്‍ഷകമായിരുന്നു. ഒരുപക്ഷേ, അസമീസ് ഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ചതാകാം അത്. ഞാന്‍ ഇത്തിരി കടുപ്പിച്ച് ഒരു റിവ്യു എഴുതിക്കൊടുത്തു. നന്നേ ചെറിയ ഒരു നിരൂപണമായിരുന്നു അത്.

''എന്നെ വിമര്‍ശിക്കാന്‍ നിങ്ങളാരാ മാര്‍ക്കേസോ?''-സാഹിത്യ അക്കാദമിയില്‍വെച്ച് എന്നെ കണ്ടപ്പോള്‍ ഇന്ദിര ഗോസ്വാമി ക്ഷുഭിതയായി.

ആധുനികതയുടെ കാലത്ത് എന്നെ ഒരുപാടുപേര്‍ വിമര്‍ശിച്ചിട്ടുണ്ട്. എം. കൃഷ്ണന്‍ നായരെയും എം. തോമസ് മാത്യുവിനെയും പോലുള്ള വലിയ വിമര്‍ശകര്‍ എന്നെ കഠിനമായി വിമര്‍ശിച്ചിരുന്നു. ടി. ആറിനെപ്പോലുള്ള അധ്യാപകരും വി.പി. ശിവകുമാറിനെപ്പോലുള്ള കഥാകൃത്തുക്കളും എന്നെ വിമര്‍ശിച്ചിരുന്നു. ബാലചന്ദ്രന്‍ വടക്കേടത്ത് ഒരു വേദിയില്‍നിന്നുകൊണ്ട് എന്നെ വിമര്‍ശിക്കുന്നത് ഞാന്‍ സദസ്സിലിരുന്ന് കേട്ടിരുന്നു. ഞാന്‍ ഇരിക്കുന്ന വേദിയില്‍ നിന്നുകൊണ്ട് എം.വി. ദേവന്‍ എന്റെ നോവലുകളെ കടിച്ചുകീറുന്നത് ഞാന്‍ കണ്ടിരുന്നു. അവരാരും മാര്‍ക്കേസ് ആയിരുന്നില്ല. ഇന്ദിരാ ഗോസ്വാമിയോട് അങ്ങനെ പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണല്ലോ ഞാന്‍ എപ്പോഴും എഴുതികൊണ്ടിരിക്കുന്നത്.

ഡൈ തേച്ച് കറുപ്പിച്ച മുടി മുഖത്തിന്റെ ഇരുവശങ്ങളിലും വിഴ്ത്തി, നെറ്റിക്ക് താങ്ങാന്‍ കഴിയാത്തത്ര വലുപ്പമുള്ള ഒരു ചുവന്ന പൊട്ടുതൊട്ട്, തീപറക്കുന്ന കണ്ണുകളുമായി ഇന്ദിരാ ഗോസ്വാമി എന്റെ മുമ്പില്‍നിന്നു.

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.