ജഡായു വീണത് എവിടെയാണ്?

To advertise here,

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം 'അത് ഇതാണ്' എന്ന് വിശ്വസിക്കുന്ന സ്ഥലങ്ങളുണ്ട്. നമ്മുടെ ജഡായുപ്പാറയ്ക്കും ഉണ്ട് അവകാശവാദം. രാമായണത്തിലൂടെ കടന്നുപോകുമ്പോൾ കൗതുകകരമാണ് ഈ യുദ്ധം.

രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെ നി

ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി

ഗൗതമീതീരെ നല്ലോരാശ്രമം ചമച്ചതിൽ

സീതയാ വസിക്കപോയ് ശേഷമുള്ളോരുകാലം

തുഞ്ചാത്താചാര്യന്റെ അഗസ്ത്യൻ ശ്രീരാമനോട് പറയുന്നതാണിത്...അങ്ങനെയാണ് രാമൻ സീതയ്ക്കും ലക്ഷ്മണനുമൊപ്പം പഞ്ചവടിയിലേക്ക് ചെല്ലുന്നത്. നിന്റെ അവതാരലക്ഷ്യം രാക്ഷസനിഗ്രഹമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് മഹർഷി രാമനെ അയയ്ക്കുന്നത്.

വാല്മീകിയുടെ അഗസ്ത്യന് മുന്നിൽ രാമൻ ചെന്നുനിൽക്കുന്നു. കാണാൻ അനുമതി ചോദിക്കുന്നു. ഇക്കാര്യം അറിയിക്കുന്ന ശിഷ്യനോട് അഗസ്ത്യൻ പറയുന്നു.

'എത്രയോ കാലമായി കാത്തിരിക്കുന്ന സൗഭാഗ്യമാണിത്. എന്തേ നേരേ അവരെ ഇങ്ങോട്ട് കൊണ്ടുവരാൻ തോന്നാതിരുന്നത്?'

വിശദമായാണ് വാല്മീകി ധാർമ്മികാഗ്രേസരും അമേയബുദ്ധിമാനും അമിതതപസ്സാർജ്ജിച്ചവനുമായ അഗസ്ത്യൻ രാമനും തമ്മിലുള്ള സംഭാഷണം അവതരിപ്പിക്കുന്നത്. ഒടുവിൽ എവിടെ തന്റെ പർണ്ണാശ്രമം പണിയും എന്ന് ചോദിക്കുന്ന രാമനോട് അഗസ്ത്യൻ പറയുന്നുണ്ട്

'ഇവിടെ നിന്ന് രണ്ടുയോജന ദൂരെ പഞ്ചവടി എന്ന സ്ഥലമുണ്ട്. ശുഭപ്രദേശം. നിർമ്മലജലം, സുമധുരങ്ങളായ കായ്കിഴങ്ങുകൾ, ശാന്തസ്വഭാവികളായ മൃഗങ്ങൾ. ആ പവിത്രതീരത്ത് ആശ്രമം ചമച്ച് സൗമിത്രീസീതാസമേതനായി കഴിയൂ, ഹേ സത്യപാശബദ്ധാ. അങ്ങ് കല്പിച്ച കാലത്തിന്റെ മുക്കാൽ ഭാഗവും കടന്നുകഴിഞ്ഞുവല്ലോ അവിടം പുഷ്പങ്ങളും കായ്കളും കൊണ്ട് സമൃദ്ധം. വിചിത്രങ്ങളായ പക്ഷികളാൽ സങ്കലം, നിർജ്ജനം, അതിരമണീയം, അധാർമ്മികതയൊന്നും ചെയ്യാത്ത അങ്ങ് അവിടെ എത്തിച്ചേർന്നാൽ തികച്ചും രക്ഷയായി.'വഴി വരെ പറഞ്ഞുകൊടുക്കുന്നു വാല്മീകി.

'ഇതാ ഈ ഇരിപ്പക്കാടിനപ്പുറം പോയാൽ ഒരു പേരാലിന്റെ ചുവട്ടിലെത്തും. അതിനടുത്തുള്ള സമനിലത്തിലൂടെ പോയാൽ സർവ്വകാലവും സമാലംകൃതമായ പഞ്ചവടിയിലെത്താം..'

ഇങ്ങനെ കടന്നെത്തുമ്പോഴാണ് രാമൻ ജഡായുവിനെ കാണുന്നത്. പഞ്ചവടിയിൽ വച്ചാണ് ആ കൂടിക്കാഴ്ച. ആരണ്യകാണ്ഡത്തിന്റെ പതിനാലാം സർഗ്ഗത്തിൽ. പേരാലിന്മേലിരിക്കുന്ന അതികൂറ്റനായ കഴുകനെ കണ്ടപ്പോൾ കാമരൂപികളായ രാക്ഷസരാരാനും വേഷം മാറിയതാണോ എന്നാണ് ആദ്യ സംശയം ജഡായു പറയുന്നു.

'ഉണ്ണീ അങ്ങയുടെ അച്ഛന്റെ സുഹൃത്താണ് ഞാൻ'

രാമൻ ഉടനേ ആദരവോടെ വംശവും പേരും അന്വേഷിച്ചു. ആദ്യപ്രജാപതിയായ കർദ്ദമൻ തൊട്ടിങ്ങോട്ടുള്ള വംശാവലി ജഡായു വിശദമാക്കി. അരുണന്റേയും ശ്വേനിയുടേയും മകനാണ് താൻ എന്ന് വ്യക്തമാക്കി. തനിക്ക് സമ്പാതിയെന്ന ജ്യേഷ്ഠനുണ്ടെന്ന് അറിയിച്ചു. പിന്നെ പറഞ്ഞു.

'അവിടുന്ന് നിവസിക്കുന്ന പ്രദേശത്തിൽ ഞാനും ഇരിക്കാം. ദുഷ്ടമൃഗങ്ങളും ഘോരരാക്ഷസന്മാരും നിറഞ്ഞ ഈ കാട്ടിൽ അവിടന്നും ലക്ഷ്മണകുമാരനും പുറമേക്ക് പോകുമ്പോൾ സീതാദേവിയെ ഞാൻ രക്ഷിച്ചുകൊള്ളാം'

താതസഖാവിനെ ശ്രീരാമൻ വന്ദിച്ചു. ആലിംഗനം ചെയ്തു.

നിതീഷ് തീവാരിയുടെ രാമായണം വന്നതോടെ എവിടെയാണ് ജഡായു വീണത് എന്നാണ് എല്ലാവരുടേയും കൗതുകം. ചിറകറ്റുവീണ സ്ഥലം വാല്മീകി പറയുന്നില്ല. എന്നാൽ രാവണൻ എന്ന കള്ളസന്യാസി സീതയെ അപഹരിക്കവേ ഉടൻ ജഡായു പറന്നെത്തുന്നുണ്ട്. പിന്നീടിങ്ങോട്ട് പലയിടത്ത് 'അത് ഇതാണ്' എന്ന വിശ്വാസങ്ങളുമുണ്ട്. .

ശൂർപ്പണഖയുടെ മൂക്കു മുറിച്ച സ്ഥലമായി കരുതപ്പെടുന്നത് മഹാരാഷ്ട്രയിലെ നാസിക്കാണ്. നാസിക ച്ഛേദിച്ചതിനാൽ നാസിക് എന്ന് സ്ഥലനാമകഥ. നാസിക്കിനടുത്ത് തകേദ് എന്ന സ്ഥലമുണ്ട്. ഇവിടത്തെ വിശ്വാസപ്രകാരം ജഡായു വീണ പാറ ഇതാണ്. പാറപ്പുറത്ത് ഒരു കുളമുണ്ട്.

വറ്റാത്ത ഈ പാറക്കുളം സർവ്വതീർത്ഥം എന്നാണ് അറിയപ്പെടുന്നത്. 'ഇതാ നോക്കൂ' എന്ന ജഡായു വിളിച്ചു പറഞ്ഞതിനാൽ തകേദ് എന്ന് പേര് എന്നും വിശ്വാസം. സീതാപഹരണ കഥ പറഞ്ഞ ശേഷം ജഡായു മരിച്ചു. അന്ത്യകർമ്മങ്ങൾക്കായി ശ്രീരാമൻ ഭൂമിയിലേക്ക് അമ്പെയ്തു. എല്ലാ തീർത്ഥങ്ങളും സന്നിഹിതരായി. അതിനാൽ സർവ്വതീർത്ഥം എന്ന് പേരു വന്നെന്നാണ് കഥ.

രാമായണം വച്ചു പരിശോധിച്ചാൽ ഭൂമിശാസ്ത്രപരമായി ജഡായു വീഴാൻ ഏറ്റവും സാധ്യതയുള്ളത് ഇവിടെയാണ്. അവിടെ നിന്ന് രാമൻ സീതാന്വേഷണത്തിന് ഇറങ്ങിയ ശേഷമേ കിഷ്‌കിന്ധയിൽ എത്തുന്നുള്ളൂ. അതാകട്ടെ പിന്നീടുവരുന്ന കിഷ്‌കിന്ധാകാണ്ഡത്തിലുമാണ്. അതിനാൽ ലേപാക്ഷിയ്ക്കും തിരുപൂതകുളിക്കും പുല്ലഭൂതൻഗുഡിക്കും ജഡായുമംഗലത്തിനുമെല്ലാം സാധ്യത കുറവെന്ന് വരുന്നു.

പക്ഷേ ഒന്നോർക്കുക. വെറും ഭൂമിശാസ്ത്രപരമായ വിവരണമല്ല രാമായണത്തിന്റെ സത്ത. മനോവികാസത്തിനായി രചിക്കപ്പെട്ടതാണത്. ധർമ്മം അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങൾ നേടാൻ ഉപദേശരൂപേണയുള്ള പൂർവ്വവൃത്തകഥനം.

അതായത് ഉത്തരേന്ത്യയിലെ അയോധ്യയിൽ തുടങ്ങി ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള ആ യാത്രയുടെ പദാനുപദവിവരണമല്ല ആദികാവ്യം. രമിപ്പിക്കുന്ന രാമനും കരയിപ്പിക്കുന്ന രാവണനും തമ്മിലുള്ള യുദ്ധമാണത്. ലോകമെമ്പാടും ഓരോ മനുഷ്യനിലും സദാ സംഭവിക്കുന്നത്. രാമായണത്തിലെ ഇടങ്ങൾ ഇന്ത്യ മുഴുവൻ, പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമെല്ലാം കാണാനാവുന്നതും ഇതേ കാരണത്താലാണ്.

ഒൻപതു കവാടങ്ങളുള്ള കോട്ടയായി അയോധ്യ സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ അത് ഓരോ മനുഷ്യന്റേയും ശരീരമാകുന്നു. അവിടെ നടക്കുന്ന നിരന്തരയുദ്ധത്തിലെ കഥാപാത്രങ്ങളായി മറ്റെല്ലാം മാറുന്നു. രാമന്റെ ബഹിശ്ചരപ്രാണനായി ലക്ഷ്മണനും ആന്തരികസത്തയായി ഭരതനുമെത്തുന്നു. മായയായി സീതയും രാജാവിന്റെ ജഡത്വമടക്കമുള്ള ശത്രുക്കളെ ഹനിക്കുന്നവനായി ശത്രുഘ്നനും വരുന്നു.

മനസ്സിൽ വെളിച്ചം തെളിയിച്ച്, അതിന്റെ വെളിച്ചത്തിൽ നയിച്ച്, ലക്ഷ്യത്തിക്കുന്ന ദേവനായി ശ്രീരാമൻ നിറയുന്നത് അങ്ങനെയാണ്. അതിനെ എപ്പോഴും തടയുന്ന, പിൻവലിക്കുന്ന ആസുരഭാവമായി രാവണനും വരുന്നു. ഈ ദേവാസുരയുദ്ധം സദാ നമ്മുടെ മനസ്സിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്നു

ജഡായുവിന്റെ വരവ് ഇവിടെയാണ്. അരുണന്റെ മകനാണ് ജഡായു. ശ്യേനിയാണ് അമ്മ. സമ്പാതിയാണ് ജ്യേഷ്ഠൻ. അരുണൻ സൂര്യന്റെ സാരഥിയാണ്. സൂര്യന്റെ ഗതിയായി കർമ്മത്തിലൂടെ ക്രിയ ചെയ്യുന്നവൻ. അതിന്റെ തുടർച്ചയാകുന്നു ജഡായുവും സമ്പാതിയും

സീതയെ അപഹരിക്കുന്ന രാവണനോ? അതും നാം തന്നെയത്രേ. മായയാൽ ബന്ധിക്കപ്പെടുകയാണ് ഇവിടെ നമ്മുടെ ആസുരഭാവം. അതിനെ തടയുന്ന വിവേകമായി ജഡായു എത്തുന്നു. സൂര്യസാരഥിയുടെ പുത്രന്റെ ധർമ്മമാണത്. പക്ഷേ തടയുന്നത് അസുരനെയാണ്. അവന്റെ കൈവശം ചന്ദ്രഹാസവുമുണ്ട്. ഏറ്റവും നല്ല വിധത്തിൽ പരമേശ്വരൻ മംഗളകരമായി ഉപയോഗിക്കുന്ന മൂർച്ഛയേറിയ ആയുധം. അത് പക്ഷേ രാവണന്റെ കയ്യിലെത്തുമ്പോൾ ചിറകരിയുന്നതായി മാറുന്നു. നല്ല സ്വഭാവത്തിലേക്ക് നയിക്കാനുള്ള ശ്രമത്തിന് ആസുരഭാവം ഏൽപ്പിക്കുന്ന ആഘാതം. സദ്ഗതിക്കുള്ള വഴി പറയുമ്പോൾ സമ്പാതിക്ക് ചിറകുമുളയ്ക്കുന്നത് ഇതിന്റെ തുടർച്ചയാവുന്നു.

ജഡായു കാലാതിവർത്തിയായ അറിവിനാൽ വൃദ്ധി നേടിയവനാണ്. രാവണനും രാമനും മുമ്പേ ജഡായു ഉണ്ട്. രാമനും രാവണനും ശേഷവും പറക്കാൻ സമ്പാതിക്ക് ചിറകു മുളയ്ക്കുന്നുമുണ്ട്. പരമമായ സത്യം കാലാതിവർത്തിയെന്ന ആദികവിയുടെ പ്രഖ്യാപനമാണത്. ഓരോ ഇച്ഛയുടേയും ഗതി നിശ്ചയിക്കൽ. അവിടെ കാമമോഹിതമായ ഇടിമിന്നലുകൾ അനുനിമിഷം ആകർഷിക്കപ്പെടുകയും വികർഷിക്കപ്പെടുകയും ചെയ്യും. മായാപ്രകൃതി അപഹരിക്കപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യും. സൂര്യനുള്ളിടത്തോളം കാലം.

രാമായണം ലോകമെമ്പാടും വ്യാപിക്കുന്നത് അതിന്റെ ആന്തരിക ചൈതന്യത്താലാണ്. ഓരോ മനസ്സും പഞ്ചവടിയാവുന്നു. ഓരോ മനുഷ്യനിലും രാമനും രാവണനും ഉണ്ട്. ഓരോ മനുഷ്യനും സീതയാൽ ബദ്ധനത്രേ. രാമനുള്ളപ്പോൾ രാവണനും എത്തും. സീതയെന്ന മായാപ്രൃകൃതിയെ അപഹരിച്ച്, ആപത്തിലേക്ക് പുറപ്പെടുമ്പോഴൊക്കെ അതേ വിഹായസ്സിൽ ജഡായുവിനും വരാതെ വയ്യ. ദുഷ്‌കർമ്മത്തിൽ നിന്ന് തടയാനുള്ള പ്രേരണയാണത്. നാസിക്കിനോളം പ്രാധാന്യം ജഡായുപ്പാറയ്ക്കും കിട്ടുന്നതും അതിനാലാണ്. പമ്പാ നദി കിഷ്‌ക്കിന്ധയിലും കേരളത്തിലും ഒഴുകാൻ തുടങ്ങും. ശബരി ഓരോ മനുഷ്യനിലും പ്രത്യക്ഷപ്പെടാനും ആരംഭിക്കും.

ഓരോ കഥയിലും നിറയുന്നത് ആ നാട് ഏറ്റെടുക്കുന്ന രാമായണചൈതന്യമാണ്.

രാമപുരമായാലും സീതാപുരമായാലും ചേടാറ്റുകാവായാലും ജഡായുപ്പാറയായാലും അതിന് മാറ്റം സംഭവിക്കുന്നില്ല. എന്തെന്നാൽ അതു നീ തന്നെയാകുന്നു.