
എംബസിക്കാലത്താണ് ഞാന്‍ ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വിചാരപ്പെടാന്‍ തുടങ്ങിയത്. അത് എന്റെ പണിയല്ലെന്ന് അറിയാമായിരുന്നു. എന്നിട്ടും ഞാന്‍ വിചാരപ്പെട്ടു. ഭൂമിയെക്കുറിച്ചും അതിലെ മനുഷ്യരെക്കുറിച്ചും എന്തെങ്കിലും അറിവ് എനിക്കുണ്ടെങ്കില്‍, അത് ലഭിച്ചത് മതഗ്രന്ഥങ്ങളില്‍നിന്നോ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നോ അല്ല, നോവലുകളില്‍നിന്നാണ്. അതുകൊണ്ടാണ് ഡല്‍ഹിയില്‍ എല്ലായിടത്തും ഞാന്‍ നോവലുകള്‍ അന്വേഷിച്ച് ഓടിനടന്നത്. അമേരിക്കന്‍ ലൈബ്രറിയിലും ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയിലും മാത്രമല്ല, കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ജാപ്പനീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ലൈബ്രറിയില്‍പ്പോലും ഞാന്‍ ഓടിക്കിതച്ച് എത്തിയിരുന്നു.
എന്റെ ലോകബോധത്തെ അഗാധമാക്കാനും നവീകരിക്കാനുംവേണ്ടി ഇപ്പോഴും ഞാന്‍ ആശ്രയിക്കുന്നത് നോവലുകളെത്തന്നെയാണ്. എമ്മാനുവല്‍ ലെവിനാസിന്റെ OTHERWISE THAN BEING OR BEYOND ESSENCE എന്ന പുസ്തകം വായിച്ചിട്ട് ലോകത്തെക്കുറിച്ച് ഒരറിവും എനിക്കതില്‍നിന്ന് ലഭിച്ചില്ല. ആ പുസ്തകത്തിലെ ഒരു വാചകം ഇങ്ങനെയാണ്: LIFE IS LIFE DESPITE LIFE. എന്നാല്‍, ദസ്തയേവ്സ്‌കിയുടെ കുറ്റവും ശിക്ഷയും വായിച്ചപ്പോള്‍ ജീവിതം എന്താണെന്ന് എനിക്ക് അല്പമെങ്കിലും മനസ്സിലായി. അതുകൊണ്ടാണ് ഞാന്‍ നോവലുകളെത്തേടി നടക്കുന്നത്.
ഈ നിമിഷം കസാരയില്‍ രണ്ട് നോവലുകള്‍ക്ക് നടുവിലാണ് ഞാന്‍ ഇരിക്കുന്നത്. വലതു കസാരക്കൈയിന്മേലുള്ളത്, പോള്‍ ലിഞ്ചിന്റെ പ്രോഫറ്റ് സോംഗും ഇടതു കസാരക്കൈയിന്മേലുള്ളത്, ടെസ് ഗണ്ടിയുടെ ദ റാബിറ്റ് ഹച്ചുമാണ്. ആഡംബരജീവിതം നയിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാന്‍. എനിക്ക് ഇരുന്നെഴുതാന്‍ ഒരു കസാരയുണ്ട്. ചാരിയിരുന്ന് വായിക്കാന്‍ മറ്റൊരു കസാരയുണ്ട്. രണ്ട് കസാരകളുടെ ഉടമസ്ഥനാണ് ഞാന്‍. ഇതാണ് എന്റെ ആഡംബരം. അമേരിക്കയില്‍ എല്ലാവരും ചര്‍ച്ചചെയ്യുന്നത്, ഒരു യുവ എഴുത്തുകാരിയായ ടെസ് ഗണ്ടിയുടെ പ്രഥമനോവലായ ദ റാബിറ്റ് ഹച്ചാണ്. യൂറോപ്പില്‍ വായനക്കാര്‍ ആഘോഷിക്കുന്ന ഒരു നോവലാണ് പോള്‍ ലിഞ്ചിന്റെ പ്രോഫറ്റ് സോംഗ്. ബുക്കര്‍ പ്രൈസ് കിട്ടുന്നതിനുമുമ്പുതന്നെ അത് വായനക്കാരുടെ മനസ്സില്‍ ഇടംകണ്ടിരുന്നു. പ്രോഫറ്റ് സോംഗില്‍ അടിയന്തരാവസ്ഥയുണ്ട്. അപ്രത്യക്ഷരാകുന്നവരുണ്ട്. രോഹിത് സിംഗ് എന്നുപേരുള്ള ഒരു കഥാപാത്രമുണ്ട്. പ്രോഫറ്റ് സോംഗ് ഒരു ഇന്ത്യന്‍ നോവലാണെന്ന് തോന്നിപ്പോയി.
അങ്ങനെ ഞാനിപ്പോള്‍ രണ്ട് നോവലുകള്‍ക്കിടയില്‍ ഇരിക്കുകയാണ്. ഒരു സിംഹാസനത്തില്‍ ഇരിക്കുന്നതിനെക്കാള്‍ ആനന്ദം അതെനിക്ക് നല്‍കുന്നു. ഡല്‍ഹിയില്‍ അവസാനം ഞാന്‍ താമസിച്ച വീട് ദ്വാരകയിലായിരുന്നുവല്ലോ. അവിടെ കാവേരി അപ്പാര്‍ട്ട്മെന്റിലെ A-203 ഫ്‌ലാറ്റായിരുന്നു എന്റേത്. രാത്രി അതിന്റെ വരാന്തയില്‍ ആകാശം നോക്കിയിരിക്കുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്. അമ്പിളിമാമനെ ആരോ ആകാശത്ത് ഒരു നൂലിന്മേല്‍ കെട്ടിത്തൂക്കി വെച്ചതാണെന്ന് കുട്ടിക്കാലത്ത് ഞാന്‍ വിശ്വസിച്ചിരുന്നു. അച്ഛന്റെ ചുമലിലിരുന്ന് അമ്പിളിമാമനെ തൊടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അച്ഛന് ആകാശത്തോളം ഉയരമുണ്ടായിരുന്നില്ല.
മയ്യഴിയിലെയും ഡല്‍ഹിയിലെയും നിലാവ് ഒന്നായിരുന്നില്ല. രാത്രി മയ്യഴിക്കടപ്പുറത്ത് ഞാനും ചങ്ങാതി സി.എച്ച്. ഗംഗാധരനും വെറുതേ ചെന്നിരിക്കുമായിരുന്നു. ഗംഗാധരന്‍ കരയില്‍ വലിച്ചിട്ട തോണിയിന്മേല്‍ തല ചായ്ച്ചുവെച്ച് കിടക്കും. ചെമ്മീന്‍ സിനിമയിലെ പരീക്കുട്ടി അങ്ങനെ കിടന്നുകൊണ്ടാണല്ലോ 'മാനസ മൈനേ വരൂ' എന്ന് പാടിയത്. ഗംഗാധരന്‍ കറുത്തമ്മയ്ക്ക് ഒരു തുറന്നകത്ത് എന്നപേരില്‍ ഒരു ലേഖനമെഴുതി കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭര്‍ത്താവിനെ കടലിനുകൊടുത്ത് കമിതാവിനെ പ്രാപിച്ച കറുത്തമ്മയെ ഗംഗാധരന്‍ വിചാരണചെയ്യുകയായിരുന്നു.
മയ്യഴിക്കടപ്പുറത്ത് മലര്‍ന്നുകിടന്ന് നോക്കുമ്പോള്‍ ഞാന്‍ നിലാവില്‍ കണ്ടത്, കറുത്തമ്മയെയും പരീക്കുട്ടിയെയുമായിരുന്നു. ഡല്‍ഹിയെന്ന മഹാനഗരത്തിലെ എന്റെ ഫ്‌ലാറ്റിന്റെ വരാന്തയിലിരുന്നു ഞാന്‍ നിലാവില്‍ നോക്കിയപ്പോള്‍ കണ്ടത്, കൈകളില്‍ വാളുകളും കുന്തങ്ങളുമായി കൊലവിളി നടത്തിപ്പോകുന്ന സിഖ്വിരുദ്ധരെയും മുസ്ലിംവിരുദ്ധരെയുമാണ്. നിലാവിലാകെ ചോരപുരണ്ടിരുന്നു.
ഡല്‍ഹി ടേണ്‍സ് സാഡിസ്റ്റിക് എന്ന എന്റെ കഥ വായിച്ച് ഭയചകിതനായ അംബാസഡര്‍ ബെര്‍നാര്‍ ദ് മോംഫെറാന് ഞാന്‍ ഡല്‍ഹി 81 എന്ന കഥയുടെ ഫ്രഞ്ച് വിവര്‍ത്തനം വായിക്കാന്‍ നല്‍കി.
''ബുദ്ധന്റെ ഇന്ത്യയില്‍ ഇത്രയധികം വയലന്‍സുണ്ടോ?''
- അംബാസഡര്‍ ബെര്‍നാര്‍ ദ് മോംഫെറാന്‍ ചോദിച്ചു.
ഇന്ത്യ കുരുക്ഷേത്രയുദ്ധത്തിന്റെ നാടുകൂടിയാണ്. ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ യുദ്ധമായിരുന്നു അത്. അങ്ങനെ പറയുവാന്‍ തോന്നിയെങ്കിലും ഞാന്‍ പറഞ്ഞില്ല.
''രണ്ടുദിവസം തിരുവനന്തപുരത്ത് താമസിക്കാം. എന്നിട്ട് കൊച്ചിവരെ പോകാം. അതുകഴിഞ്ഞ് നമുക്ക് ഡല്‍ഹിയിലേക്ക് മടങ്ങാം''
-അംബാസഡര്‍ ക്ലോദ് ബ്ലാംഷ്മെസോന്‍ പറഞ്ഞു.
മൂന്നുദിവസത്തെ യാത്രയാണല്ലോ. ശ്രീജ എനിക്ക് ധരിക്കാനുള്ള കുപ്പായങ്ങള്‍ ഇസ്തിരിയിട്ട് മടക്കി പെട്ടിയില്‍ വെച്ചു. അവളാണ് അന്നും ഇന്നും എന്റെ വസ്ത്രങ്ങള്‍ തിരുമ്പി ഇസ്തിരിയിട്ട് തരുന്നത്. ഒരു ഫെമിനിസ്റ്റായ എന്റെ അനുവാദത്തോടെത്തന്നെയാണ് അവളത് സന്തോഷപൂര്‍വം ചെയ്യുന്നത്. കുറച്ചുകാലം അവിവാഹിതനായ ഞാന്‍ ചില അവിവാഹിതരുടെ കൂടെ താമസിച്ചിരുന്നു. 1969-ലായിരുന്നു അത്. രാജന്‍ കാക്കനാടനും തമ്പി കാക്കനാടനുമായിരുന്നു ആ ബാച്ചിലേഴ്സ്. ഓഫീസില്‍ പോകുമ്പോള്‍ വൃത്തിയായി വേഷം ധരിക്കണമായിരുന്നു. അതുകൊണ്ട് രാത്രി കിടക്കുന്നതിനുമുമ്പ് ഞാന്‍ പാന്റും ഷര്‍ട്ടും തിരുമ്പി ടെറസിന്മേലെ അയയില്‍ ഉണക്കാനിടും. രാവിലെ ഓഫീസില്‍ പോകുന്നതിനുമുമ്പ് അതൊക്കെ ഇസ്തിരിയിട്ട് വെക്കും.
അടുത്തദിവസം ഓഫീസില്‍ പോകുമ്പോള്‍ ധരിക്കാനുള്ളതായിരിക്കും ആ കുപ്പായങ്ങള്‍. അക്കാലത്ത് എനിക്ക് ചെറിയ കറുത്തകള്ളികളുള്ള ഒരു ഇളംചുവപ്പ് ഷര്‍ട്ടുണ്ടായിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഷര്‍ട്ടായിരുന്നു അത്. തിങ്കളാഴ്ച രാവിലെ ആ ഷര്‍ട്ടിട്ട് ഓഫീസില്‍ പോകാമെന്നാണ് ഞാന്‍ കരുതിയത്. പല്ലുതേപ്പും കുളിയുമെല്ലാം കഴിഞ്ഞ് ഓഫീസിലേക്ക് പോകാന്‍നോക്കുമ്പോള്‍ ചുവപ്പ് ഷര്‍ട്ട് കാണാനില്ല. രാജനും തമ്പിയും ഗാഢനിദ്രയിലായിരുന്നു. ഞാന്‍ മറ്റൊരു ഷര്‍ട്ടിട്ട് ഓഫീസിലേക്കു പോയി. അതിന്റെ മുന്‍വശത്ത് മുകളില്‍ ഒരു കുടുക്കില്ലായിരുന്നു. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ കൈ നെഞ്ചില്‍വെച്ച് അത് മറച്ചുപിടിച്ചു.
വൈകുന്നേരം ഓഫീസ് വിട്ട് കൊണാട്ട് പ്ലെയിസിലെ കേരളാ ക്ലബ്ബിലേക്ക് പോകവേ ഞാന്‍ വഴിയില്‍ ഉദയനെ കണ്ടു. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ യുവജന സംഘടനയായ എ.ഐ.എസ്.എഫ്. നേതാവായ ഉദയന്‍ നാട്ടില്‍നിന്നു വന്നതായിരുന്നു. ഉദയന്‍ ധരിച്ചിരിക്കുന്നത് ചെറിയ കറുത്തകള്ളികളുള്ള ഇളംചുവപ്പ് ഷര്‍ട്ടായിരുന്നു.
''നിങ്ങള്‍ക്കെവിടെനിന്ന് കിട്ടി എന്റെ ഷര്‍ട്ട്''
''രാജന്‍ തന്നതാണ്.''
-യുവനേതാവ് പറഞ്ഞു.
ഉദയന്‍ രാജന്‍ കാക്കനാടന്റെയും തമ്പി കാക്കനാടന്റെയും നാട്ടുകാരനായിരുന്നു. നേതാവ് പറഞ്ഞത് സത്യമായിരുന്നു. ഉദയന്‍ രാജനെ കാണാന്‍ ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്നപ്പോള്‍ രാജന്‍ എന്റെ ഇസ്തിരിയിട്ടുവെച്ച ഷര്‍ട്ട് എടുത്ത് അയാള്‍ക്ക് സമ്മാനിച്ചു.
അമര്‍ഷം അടക്കി ഞാന്‍ കേരളാ ക്ലബ്ബിലേക്ക് നടക്കുമ്പോള്‍ ഉദയന്‍ പിറകെവന്നു.
''സാറിന്റെ കൈയില്‍ ചില്ലറയുണ്ടോ ? ഒരു രണ്ടുരൂപാവേണം. അത്യാവശ്യമാണ്.''
എന്റെ കീശയില്‍ രണ്ടുരൂപ ഇല്ലായിരുന്നു. ഉണ്ടെങ്കിലും ഞാന്‍ കൊടുക്കില്ലായിരുന്നു. ഒരിക്കല്‍ ഒരു ജോഡി പുതിയ ഷൂസ് നഷ്ടപ്പെടുകയുണ്ടായി. ഞാന്‍ കുടുംബസമേതം ഡല്‍ഹി ആര്‍.കെ. പുരം അയ്യപ്പക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു. തൊഴുതു പുറത്തുവന്നപ്പോള്‍ ഷൂസ് കാണാനില്ല. അത് കള്ളന്‍ കൊണ്ടുപോയി. മറ്റൊരിക്കല്‍ ആരോ മൂന്നുനാലുതവണ എന്നെ ഫോണില്‍വിളിച്ചു. പേര് കാണാത്തതുകൊണ്ട് ഞാന്‍ ഫോണ്‍ എടുത്തില്ല. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍സ്മാരക ട്രസ്റ്റില്‍നിന്നായിരുന്നു വിളിച്ചത്. ആ വര്‍ഷത്തെ വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യപുരസ്‌കാരം എനിക്കു നല്‍കാന്‍ തീരുമാനിച്ച സന്തോഷവാര്‍ത്ത അറിയിക്കാനായിരുന്നു അവര്‍ വിളിച്ചത്. ഞാന്‍ ഫോണ്‍ എടുക്കാത്തതുകൊണ്ട് അവര്‍ വിചാരിച്ചു, ഞാന്‍ അമേരിക്കയിലാണെന്ന്. അതുകൊണ്ട് അവര്‍ പുരസ്‌കാരം മറ്റൊരു എഴുത്തുകാരന് കൊടുത്തു. അതില്‍ എന്നെക്കാള്‍ കൂടുതല്‍ വിഷമിച്ചത് ട്രസ്റ്റിന്റെ പ്രസിഡന്റായ പി.കെ. ഹരികുമാറായിരുന്നു. അങ്ങനെ എനിക്ക് ഷര്‍ട്ട് നഷ്ടപ്പെട്ടു. ഷൂസ് നഷ്ടപ്പെട്ടു. പുരസ്‌കാരവും നഷ്ടപ്പെട്ടു.
അടുത്തവര്‍ഷം എനിക്കൊരു ഫോണ്‍വന്നു. ഞാന്‍ ഓടിച്ചെന്ന് ഫോണെടുത്തു.
''ഈ വര്‍ഷത്തെ വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യപുരസ്‌കാരം താങ്കള്‍ക്കാണ്.''
- തലയോലപ്പറമ്പില്‍നിന്ന് പി.കെ. ഹരികുമാര്‍ പറഞ്ഞു.
അങ്ങനെ നഷ്ടപ്പെട്ട പുരസ്‌കാരം എനിക്ക് തിരിച്ചുകിട്ടി. അതില്‍ എന്നെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് പി.കെ. ഹരികുമാറായിരുന്നു.
രാവിലെ ഏഴുമണിക്ക് എംബസി കാര്‍ വന്നു. ഞാന്‍ ബാഗുമെടുത്ത് കാറില്‍ക്കയറി. അംബാസഡര്‍ അവസാനനിമിഷം മാത്രമേ വിമാനത്താവളത്തില്‍ എത്തുകയുള്ളൂ. സ്ഥാനപതികള്‍ക്ക് വിമാനത്തിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകവഴിയുണ്ട്. അവര്‍ക്ക് വരിനിന്ന് ചെക്കിന്‍ ചെയ്യേണ്ട ആവശ്യമില്ല. ബിസിനസ് ക്ലാസിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള എന്റെ യാത്ര. അംബാനി സ്വന്തം വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ ഈ പാവം എഴുത്തുകാരന്‍ വല്ലപ്പോഴും ബിസിനസ് ക്ലാസില്‍ ഒന്ന്
യാത്ര ചെയ്തുകൊള്ളട്ടെ.
ഈലോണ്‍ മസ്‌ക് ചന്ദ്രനിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ പരിപാടിയിടുകയാണ്. ബഹിരാകാശത്ത് ഹോട്ടല്‍ പണിയാനും പ്ലാനുണ്ട്. അമ്പിളിമാമന്‍ ഇല്ലാതെയായി. നിലാവും ഇല്ലാതെയായി. അവശേഷിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രനെയും ഇല്ലാതെയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മുഖത്ത് വസൂരിക്കുത്തുകള്‍ ഉണ്ടെങ്കിലും ചന്ദ്രന്‍ അവിടെ നിന്നോട്ടെ. ഭൂമിയിലെ കാടുകളും നദികളും കുന്നുകളും എല്ലാം അവരുടെ ദുര കാരണം രോഗശയ്യയിലായി. എന്നിട്ടും അവരുടെ ആര്‍ത്തിക്ക് അവസാനമില്ല. ഇനി ചന്ദ്രനെക്കൂടി അവര്‍ക്ക് ഊറ്റിക്കുടിക്കണം. കൊള്ളയടിക്കണം.-ഞാന്‍ മനസ്സില്‍ ഒരു പ്രസംഗംചെയ്തു.
ഒരുമണിക്കൂര്‍ മുമ്പുതന്നെ വിമാനത്താവളത്തിലെത്തി, കൈയില്‍ ബാഗുമായി, ചെക്കിന്‍ ചെയ്യാനായി വരിനിന്നു. ബോംബേവഴിയാണ് തിരുവനന്തപുരത്തേക്കുള്ള ഫ്‌ലൈറ്റ്. അന്ന് മുംബായ് ഉണ്ടായിരുന്നില്ല. തത്സ്ഥാനത്ത് ബോംബേയായിരുന്നു. റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും വിമാനത്താവളങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ മാറ്റുന്നതുപോലെ ഇനി മനുഷ്യരുടെ പേരും മാറ്റുമോ? പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേര് പണ്ഡിറ്റ് അമിത് ഷായെന്നും ഇന്ദിരാ ഗാന്ധിയുടെ പേര് സ്മൃതി ഇറാനിയെന്നും ഷാരുഖാന്റെ പേര് സുരേഷ് ഗോപിയെന്നും ആക്കി മാറ്റുമോ.
ഞാന്‍ വിമാനത്തില്‍ കയറിയിരുന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അംബാസഡര്‍ വന്നത്. ''സാ വാ?''
-അദ്ദേഹം ചോദിച്ചു.
ഞാന്‍ അതേ എന്നു പറഞ്ഞു.
പാലം വിമാനത്താവളത്തിലെ ടര്‍മാക്കിലൂടെ ഞങ്ങളുടെ ബോയിംഗ് വിമാനം നീങ്ങാന്‍തുടങ്ങി.
എംബസിക്കാലത്ത് ഞാന്‍ സദാ കണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു, നാട്ടിലേക്കുള്ള യാത്ര. ചെറുപ്രായത്തിലാണ് നാടുവിട്ട് ഡല്‍ഹിയില്‍ എത്തിയത്. നാട്ടില്‍ ജീവിച്ച് കൊതിതീര്‍ന്നിരുന്നില്ല. അമ്മ കിണ്ണത്തില്‍ വിളമ്പിത്തരുന്ന ചോറും പരിപ്പുകറിയും കഴിക്കുന്നത് ഞാന്‍ സ്വപ്നംകണ്ടു. ഈരായി കരുണന്‍ ടീഷാപ്പിലിരുന്ന് ചുടുചായയും സുഖിയനും കഴിക്കുന്നത് ഞാന്‍ സ്വപ്നംകണ്ടു. തുമ്പപ്പൂക്കള്‍ കരയിട്ട വയലുകളിലൂടെ ഉച്ചക്കാറ്റേറ്റ് നടക്കുന്നത് ഞാന്‍ സ്വപ്നംകണ്ടു. കോരിച്ചൊരിയുന്ന മഴയത്ത് മുണ്ടുമടക്കിക്കുത്തി കുടപിടിച്ച് മയ്യഴിപ്പാലത്തിനുമുകളിലൂടെ നനഞ്ഞുകുളിച്ച് നടക്കുന്നത് ഞാന്‍ സ്വപ്നംകണ്ടു. ഇടവഴിയിലൂടെ കടന്നുപോയ പശു നിക്ഷേപിച്ച ചുടുചാണകത്തിന്റെയും ഇരുട്ടില്‍ വിടരുന്ന രാത്രിമുല്ലകളുടെയും കുട്ടിക്കാലത്ത് തേച്ചുകുളിച്ച ലൈഫ്ബോയ് സോപ്പിന്റെയും മണങ്ങള്‍ ഞാന്‍ സ്വപ്നംകണ്ടു. നഷ്ടപ്പെട്ടുപോയ രുചികളെയും മണങ്ങളെയും നിറങ്ങളെയും ഓര്‍ത്ത് ഞാന്‍ വിമാനത്തില്‍ ദുഃഖിച്ചിരുന്നു.
1997 ജനുവരി 10 മുതല്‍ 20 വരെയായിരുന്നു തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവം. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആയിരുന്നു കനകക്കുന്ന് കൊട്ടാരത്തില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനംചെയ്തത്. ആദ്യദിവസം പ്രദര്‍ശിപ്പിച്ചത്, മൈക്കല്‍ കോളിന്‍സ് എന്ന ചിത്രമായിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഗിരീഷ് കാസറവള്ളിയുടെ ക്രൗര്യ ഉണ്ടായിരുന്നു. അത് കാണാന്‍ ഞാന്‍ വളരെ താത്പര്യപ്പെട്ടു.
കനകക്കുന്ന് പാലസില്‍ എത്തിയ എന്നെ മാധ്യമങ്ങള്‍ വന്നുപൊതിഞ്ഞു. ഫ്രഞ്ച് സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും പുതിയ പ്രവണതകളെക്കുറിച്ചും അവര്‍ എന്നോട് ചോദിച്ചു.
''ഇത് ഫ്രഞ്ച് അംബാസഡറാണ്.''-ഞാന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ അത് കേട്ടതായി ഭാവിച്ചില്ല. ഏഷ്യാനെറ്റ് ചാനലിന്റെ ക്യാമറ എന്റെ നേരേ തിരിഞ്ഞുവന്നു. അതിനിടയില്‍ ഒരാള്‍ ഓട്ടോഗ്രാഫിനു വേണ്ടി വന്നു. അംബാസഡര്‍ എല്ലാം കണ്ടുകൊണ്ട് ചെറിയൊരു ചിരിയുമായി മാറിനിന്നു.
''തിരുവനന്തപുരം യാത്രയില്‍ മുകുന്ദന്‍ എന്നെയല്ല ഞാന്‍ മുകുന്ദനെയാണ് അനുഗമിച്ചത്.'' -ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ അംബാസഡര്‍ എല്ലാവരോടും പറഞ്ഞു.
പാരീസില്‍വെച്ചും അത് പറയാന്‍ അദ്ദേഹം മടിച്ചില്ല. കേരളത്തിലെ എന്റെ പ്രശസ്തി അദ്ദേഹത്തെ അമ്പരപ്പിച്ചിരുന്നു. ആ കാലത്ത് എന്നെക്കാള്‍ പ്രശസ്തി ഒ.വി. വിജയനും കാക്കനാടനുമായിരുന്നു. അവരുടെ വളരെ പിറകിലായിരുന്നു ഞാന്‍. പക്ഷേ, അംബാസഡര്‍ക്ക് അതറിയില്ലായിരുന്നു. ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുമുമ്പില്‍ എത്തിയപ്പോള്‍ പോലീസുകാര്‍ തോക്കുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും അംബാസഡര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മരണാനന്തരം എനിക്കുലഭിച്ച ആചാരവെടിയാണതെന്ന് ഞാന്‍ സങ്കല്പിച്ചു. യുഗരശ്മി മുരളീധരന്‍ നായര്‍ ഞങ്ങളെ മുഖ്യമന്ത്രിയുടെ അരികിലേക്ക് നയിച്ചു.
''ഹിസ് എക്‌സലന്‍സി ഫ്രഞ്ച് അംബാസഡര്‍.''
-മുരളീധരന്‍ നായര്‍ അംബാസഡറെ പരിചയപ്പെടുത്തി.
മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഇരുകൈകളും നീട്ടിക്കൊണ്ട് പറഞ്ഞു: ''ഓ മയ്യഴിപ്പുഴയുടെ തീരങ്ങളേ...''
അംബാസഡറും ഞാനും മുഖ്യമന്ത്രിയുടെ മുമ്പില്‍ ഇരുന്നു.
''നിന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ ബെസ്റ്റ് നോവലാണ്'' -മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: E.K. Nayanar, M. Mukundan, Ente embassykkalam, Mayyazhipuzhayude theerangalil
Published: 14 Jan 2024, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented