
ജാതിയുടെ വേരുകള്‍ ഇന്ത്യയുടെ ഉപബോധമനസ്സില്‍വരെ പടര്‍ന്നുകിടക്കുന്നു. വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ മണ്ഡല്‍ കമ്മീഷന്റെ പേരില്‍ പടര്‍ന്ന കലാപത്തിനും ആത്മാഹുതിക്കും എഴുത്തുകാരന്‍ സാക്ഷിയായിരുന്നു. രാജരക്തമുള്ള വി.പി. സിങ്ങില്‍ ലേഖകന്‍ അംബേദ്കറെ കാണുന്നു;
എംബസിക്കാലത്ത്, ഡല്‍ഹിയില്‍ ഇരുന്ന് ഞാന്‍ നാട്ടിലെ പലപല കഥകള്‍ ഓര്‍ക്കുമായിരുന്നു.
പേരെന്താ?
പേരക്ക.
ജാതിയെന്താ?
ജാതിക്ക.
മതമെന്താ?
മാമ്പഴം.
നാടെന്തോ?
നാരങ്ങ.
പണ്ട്, ഞങ്ങള്‍ കുട്ടികള്‍ അങ്ങനെ ഒരു പാട്ടുപാടിക്കൊണ്ട് കളിക്കുമായിരുന്നു. തീവണ്ടി പുക വിട്ട് പോകുന്ന ശബ്ദം ഞങ്ങള്‍ അനുകരിച്ചത് ഇങ്ങനെയാണ്:
''വട്ടക്കാരി കിട്ടന്‍ ചെക്കന്‍
പച്ചച്ചക്ക കൊത്തിത്തിന്നു.
വട്ടക്കാരി കിട്ടന്‍ ചെക്കന്‍
പച്ചച്ചക്ക കൊത്തിത്തിന്നു.
വട്ടക്കാരി...''
അതങ്ങനെ ആവര്‍ത്തിച്ച് ചൊല്ലുമ്പോള്‍ തീവണ്ടി മുമ്പിലൂടെ കുലുങ്ങിക്കുലുങ്ങി കടന്നുപോകുന്നതായിത്തോന്നും.
കഥകള്‍ ഭൂതകാലത്തില്‍നിന്ന് വരുന്നവയാണ്. വര്‍ത്തമാനകാലം കഥയായി മാറുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കേണ്ടതുണ്ട്.
പ്രായമാകുന്നതുവരെ ഞാന്‍ ഭാവികാലത്തെക്കുറിച്ചാണ് ചിന്തിച്ചത്. വയസ്സായതോടെ ആ ചിന്ത മിക്കവാറും നിലയ്ക്കുകയും പകരം സദാസമയവും ഗതകാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകുകയും ചെയ്തു. രാജ്യത്തിനെന്നപോലെ മനുഷ്യനും ചരിത്രമുണ്ട്. ഭൂതകാലത്തിന്റെ കേവലമായ രേഖപ്പെടുത്തലല്ല ചരിത്രം. ഇതിനുമുമ്പ് സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ കഥ പറയുമ്പോഴാണ് ചരിത്രമുണ്ടാകുന്നത്. അതായത്, മാറ്റങ്ങളുടെ ആകത്തുകയാണ് ചരിത്രം. മാറ്റങ്ങളില്ലാത്ത നാടുകള്‍ക്ക് ചരിത്രമുണ്ടാകില്ല. നമ്മുടെ രാജ്യത്ത് ഏറ്റവും സമ്പന്നമായ ചരിത്രം അവകാശപ്പെടാവുന്ന സംസ്ഥാനം കേരളമാണ്. കാരണം ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടാകുന്നത് ഇവിടെയാണ്. മലയാളി അവബോധം ദ്രുതഗതിയില്‍ പരിവര്‍ത്തനപ്പെടുന്ന ഒന്നാണ്. ആധുനിക സാഹിത്യം എന്ന് പറഞ്ഞുതീരുമ്പോഴേക്ക് അതുപോയി ഉത്തരാധുനിക സാഹിത്യംവന്നു.
രാജ്യത്തിന് മാത്രമല്ല, മനുഷ്യനും ചരിത്രമുണ്ടെങ്കില്‍ എന്റെ ചരിത്രത്തില്‍ എന്താണുള്ളത്? മണിയമ്പത്ത് മുകുന്ദന്‍ എം. മുകുന്ദനായി മാറി. ആ മാറ്റമാണ് എന്റെ ചരിത്രം. അതിലാണ് എന്റെ ജീവിതമുള്ളത്. എംബസിക്കാലത്തിലുടനീളം ഞാന്‍ പറയുന്നത്, മണിയമ്പത്ത് മുകുന്ദന്‍ എം. മുകുന്ദനായി പരിവര്‍ത്തനം ചെയ്തതിന്റെ പിന്നിലുള്ള കഥകളാണ്. ഈ രണ്ട് മുകുന്ദന്‍മാര്‍ക്കുമിടയില്‍ പ്രത്യക്ഷത്തില്‍ അളന്നാല്‍ തീരാത്തത്ര ദൂരമുണ്ട്. എന്നാല്‍, സൂക്ഷ്മപരിശോധനയില്‍ അത്രയധികം ദൂരമൊന്നും ഇല്ലെന്ന് പറയാം.
ചരിത്രം ഓര്‍മകളാണ്. ഓര്‍മകളില്ലെങ്കില്‍ ചരിത്രവുമില്ല. അതുകൊണ്ടാണ് ഓര്‍മ ഒരു നുള്ള് ക്ഷയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തനാകുന്നത്. ഇന്നുവരെയുള്ള എന്റെ എല്ലാ അറിവുകളും അനുഭവങ്ങളും ഞാന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് ഓര്‍മകളിലാണ്. ഓര്‍മ പോയാല്‍ എല്ലാം പോകും ഞാന്‍ വെറും ഒരു തൊണ്ടുമാത്രമാകും ഞാന്‍ ഒന്നുമല്ലാതാകും.
STILL ALICE എന്ന പേരിലുള്ള ഒരു സിനിമ ഞാന്‍ കാണുകയുണ്ടായി. അതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ടുപോകുന്ന ഓര്‍മകളെക്കുറിച്ചുള്ള ഫിലിമാണത്. ഒരു ഭാഷാശാസ്ത്ര പ്രൊഫസറായ ആലീസ് ഹോലാന്റിന് മറവിരോഗം വന്ന് ഓര്‍മകള്‍ നഷ്ടപ്പെടുന്ന കഥയാണ് സ്റ്റില്‍ ആലീസ് പറയുന്നത്. പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഒരു ജീവിതകാലം മുഴുവന്‍ അവര്‍ കൈവരിച്ച ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള മുഴുവന്‍ അറിവുകളും തന്റെ അമ്പതാമത്തെ വയസ്സില്‍ അവര്‍ക്ക് പൊടുന്നനവേ നഷ്ടപ്പെടുന്നു. ആ അറിവുകളൊക്കെ ആലീസിനെ ഉപേക്ഷിക്കുകയും അവരുടെ തല വെറുമൊരു ശൂന്യതയായി മാറുകയും ചെയ്യുന്നു. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ സ്വന്തം വീട്ടിലെ ശൗചാലയം കണ്ടുപിടിക്കാന്‍ കഴിയാതെ വരുകയും കാലുകള്‍ക്കിടയിലൂടെ മൂത്രം താഴേക്ക് ഒലിച്ചിറങ്ങുകയും ചെയ്യുന്നു. അപൂര്‍വമായേ ഒരു സിനിമ കണ്ട് എന്റെ കണ്ണുകള്‍ നനഞ്ഞിട്ടുള്ളൂ. സ്റ്റില്‍ ആലീസ് കണ്ടപ്പോള്‍ കണ്ണുകളില്‍ കണ്ണീര്‍ പൊട്ടിവന്നു.

അപൂര്‍വമായേ ഒരു നോവല്‍ വായിച്ച് എന്റെ കണ്ണുകള്‍ നനഞ്ഞിട്ടുള്ളൂ. പോള്‍ ലിഞ്ചിന്റെ പ്രോഫറ്റ് സോങ് വായിച്ച് ഞാനറിയാതെ എന്റെ കണ്ണീര്‍ഗ്രന്ഥികള്‍ പിടച്ച് കണ്ണീര്‍ ചോര്‍ന്നു. ബാല്യകാലത്താണ് ഞാന്‍ സിനിമ കണ്ടും നോവല്‍ വായിച്ചും നാടകങ്ങള്‍ കണ്ടും കരഞ്ഞത്. യുവാവായപ്പോള്‍ അങ്ങനെ കരയുന്നവരെ ഞാന്‍ പരിഹസിച്ചു. അവരെ ഞാന്‍ പൈങ്കിളികള്‍ എന്ന് വിളിച്ചു. ഇപ്പോള്‍ വാര്‍ധക്യത്തില്‍, എന്റെ കണ്ണുകള്‍ വീണ്ടും സിനിമ കണ്ടും നോവല്‍ വായിച്ചും ഈറനണിയുകയാണ്. വാര്‍ധക്യം ബാല്യത്തിലേക്കും അവിടെനിന്ന് ശൈശവത്തിലേക്കുമുള്ള മടക്കയാത്രയാണോ? വീണ്ടും പിച്ചവെച്ച് നടക്കാനും മുലക്കുപ്പിയില്‍ പാല്‍ കുടിക്കാനും അമ്മയുടെ മടിയില്‍ ശൂശൂന്ന് മൂത്രമൊഴിക്കാനും അച്ഛന്റെ ചുമലില്‍ ഇരുന്ന് അണ്ടലൂര്‍ കാവിലെ ബാലി-സുഗ്രീവ യുദ്ധം കാണാനും മറ്റുള്ളവര്‍ക്ക് എന്നെ എളുപ്പം എടുത്തുനടക്കാന്‍ വേണ്ടി ഗിന്നസ് പക്രുവിനെപ്പോലെ ഒരു മിനി ശരീരത്തില്‍ ജനിക്കാനും ഇപ്പോഴെനിക്ക് കൊതിയാവുന്നു. എം. മുകുന്ദനാകാതെ മണിയമ്പത്ത് മുകുന്ദന്‍ മാത്രമായി ഒരു കൊച്ചുജീവിതം ജീവിച്ചാല്‍ മതിയെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു.
ഡല്‍ഹിയില്‍ പോകുന്നതുവരെ മാത്രമേ എനിക്ക് ജാതിയുണ്ടായിരുന്നുള്ളൂ. ഡല്‍ഹിയില്‍ ജീവിതം തുടങ്ങി വൈകാതെ എന്നില്‍നിന്ന് ജാതിയും മതവും അറ്റുവീണു. ജാതിയും മതവും കളങ്കപ്പെടുത്താത്ത ഒരു ശുദ്ധമനുഷ്യനായി ഞാന്‍ രൂപാന്തരപ്പെട്ടു.
മയ്യഴിയിലെ പല വീടുകളിലും ശ്രീനാരായണ ഗുരുവിന്റെ ചില്ലിട്ട പടങ്ങള്‍ കണ്ടിരുന്നു. എന്റെ വീട്ടിലെ ചുമരിലുമുണ്ടായിരുന്നു ഗുരുദേവന്‍. വീടിനുമുമ്പിലെ റോഡിലൂടെ മനസ്സിലും ചുണ്ടുകളിലും ശ്രീനാരായണ മന്ത്രങ്ങളുമായി ശിവഗിരിയിലേക്ക് പോകുന്നവര്‍ അച്ഛനുമായി വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമായിരുന്നു. അവര്‍ ശുഭ്രവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
ഇപ്പോഴാണ് പ്രത്യയശാസ്ത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആത്മീയതയ്ക്കും നിറങ്ങള്‍ കൈവന്നത്. പണ്ട് എന്റെ പാര്‍ട്ടിക്കാരും അങ്ങനെ കുപ്പായങ്ങളില്‍ നിറമില്ലാത്തവരായിരുന്നു. അവര്‍ ചുവപ്പ് ധരിച്ചിരുന്നില്ല. കമ്യൂണിസ്റ്റുകാരികള്‍ ചുവന്ന ബ്ലൗസിടുന്നത് പോലെയും സംഘപരിവാര്‍കാര്‍ കാവി ധരിക്കുന്നതുപോലെയും ശ്രീനാരായണീയര്‍ മഞ്ഞയുടുക്കുന്നത് പോലെയും എഴുത്തുകാര്‍ക്കും ഉടുക്കാന്‍ ഒരു നിറം വേണ്ടേ? എഴുത്തുകാര്‍ക്ക് ഉടുത്തുനടക്കാന്‍ കൊള്ളാവുന്ന നിറമേതാണ്? ചുവപ്പ് കമ്യൂണിസ്റ്റുകാര്‍ കൊണ്ടു പോയി. പച്ച മുസ്ലീമുകള്‍ കൊണ്ടുപോയി. മഞ്ഞ ശ്രീനാരായണീയര്‍ കൊണ്ടുപോയി. കാവി സംഘപരിവാര്‍കാര്‍ കൊണ്ടുപോയി. കറുപ്പ് ശബരിമല തീര്‍ഥാടകര്‍ കൊണ്ടുപോയി.
ചിലര്‍ പറയുന്നത് എഴുത്തുകാര്‍ക്ക് ഒരു നിറവും ആവശ്യമില്ലെന്നാണ്. നിറമില്ലാത്തവരായിരിക്കണം എഴുത്തുകാര്‍ എന്നാണ്. ആനന്ദിന്റെ നോവലുകളിലെ ഭാഷയില്‍ നിറങ്ങളില്ല. ഇത്തിരിയെങ്കിലും ഉണ്ടെങ്കില്‍ അത് മരുഭൂമിയുടെ നിറമാണ്. അതാണ് ആനന്ദിനെ വേറിട്ടൊരു എഴുത്തുകാരനാക്കുന്നത്.
''എടാ, ശ്രീനാരായണ ഗുരു നമ്മളെ ജാതിക്കാരനാണ്.''
-ധര്‍മടത്തുനിന്ന് ഇടയ്ക്കിടെ മയ്യഴിയില്‍ കള്ള് കുടിക്കാന്‍ വരുന്ന കുഞ്ഞാണേട്ടന്‍ പറഞ്ഞു. വലിയൊരു കണ്ടുപിടിത്തം നടത്തിയതുപോലെയാണ് പറഞ്ഞത്. ആ അറിവ് കുഞ്ഞാണേട്ടനെ അദ്ഭുതപ്പെടുത്തിയിരുന്നു. തന്റെ ജാതിക്കാര്‍ ഒട്ടും മോശക്കാരല്ല എന്ന് കുഞ്ഞാണേട്ടന് ബോധ്യപ്പെട്ടു.
അപ്പോള്‍ ഞാന്‍ ഒരു ബാലനായിരുന്നുവെങ്കിലും ജാതിയില്ലാത്ത മനുഷ്യനാണ് ഗുരുദേവന്‍ എന്ന് എനിക്കറിയാമായിരുന്നു. തിങ്ങിനിറഞ്ഞ കമ്യൂണിസ്റ്റുകാരെക്കൊണ്ട് നിലത്ത് കാല്‍ കുത്താന്‍ ഇടമില്ലാതെയായ മയ്യഴിയിലെ വായനശാലയില്‍ ഇരുന്ന് വായിച്ച ഒരു ആഴ്ചപ്പതിപ്പില്‍നിന്നാണ് എനിക്ക് ആ അറിവ് കിട്ടിയത്. ഡല്‍ഹിയില്‍ എനിക്ക് ജാതിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ജാതിയുണ്ടായിരുന്നു. എനിക്ക് രണ്ട് ഗോസ്വാമിമാരെ അറിയാം. കല്‍ക്കത്തയിലെ മോഹന്‍ബഗാന്‍ ഫുട്ബോള്‍ ടീമിന്റെ സ്ട്രൈക്കറായിരുന്ന ചുനി ഗോസ്വാമിയും മണ്ഡല്‍ കമ്മിഷന്‍ കാലത്ത് സ്വയം തീഗോളമായി മാറിയ രാജീവ് ഗോസ്വാമിയും.
മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കവലയില്‍ സവര്‍ണനായ ഒരു വിദ്യാര്‍ഥി സ്വയം തീകൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. രാജീവ് ഗോസ്വാമി എന്നായിരുന്നു ആ പയ്യന്റെ പേര്. വിവരമറിഞ്ഞ്, മുപ്പത്തി രണ്ടാം നമ്പര്‍ ബസ് പിടിച്ച് ഞാന്‍ അങ്ങോട്ടേക്കുകുതിച്ചു. 1990-ലായിരുന്നു അത്. വി.പി. സിങ് പ്രധാനമന്ത്രിയായതിന്റെ രണ്ടാംവര്‍ഷം.
''ആധുനിക സാഹിത്യത്തിലെ രണ്ട് മഹാരഥന്മാരും നമ്മുടെ ജാതിക്കാരാണ്.''
-ഒന്നാമന്‍ രണ്ടാമനോട് സാഭിമാനം പറയുന്നത് ഞാന്‍ കേട്ടു.
ഞാന്‍ പശ്ചിമ ദില്ലിയില്‍ ഉത്തംനഗറിലെ ചതയം ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഒന്നാമനും രണ്ടാമനും വേദിയില്‍ എന്റെ അരികില്‍ ഇരിക്കുന്നുണ്ടായിരുന്നു.
''ആരാണവര്‍?''
-രണ്ടാമന്‍ ഒന്നാമനോട് ചോദിക്കുന്നത് ഞാന്‍ കേട്ടു.
''വിജയനും മുകുന്ദനും.''
-ഒന്നാമന്‍ രണ്ടാമനോട് പറയുന്നത് ഞാന്‍ കേട്ടു.
എന്റെ കൈയില്‍ ഉറുമിയുണ്ടായിരുന്നെങ്കില്‍ ഒറ്റ വീശിന് ഒന്നാമന്റെ തല ഞാന്‍ അരിഞ്ഞുവീഴ്ത്തുമായിരുന്നു. പക്ഷേ, എന്റെ കൈയില്‍ ഉറുമിയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്, ചൈനീസ് നിര്‍മിതമായ കറുത്ത മഷി നിറച്ച ഒരു ഹീറോ പെന്‍ മാത്രമായിരുന്നു. നമ്മുടെ രാജ്യത്ത് രാഷ്ട്രീയപ്പാര്‍ട്ടികളും തിരഞ്ഞെടുപ്പുകളും ഉള്ള കാലത്തോളും പേന കൊണ്ടെന്നല്ല തോക്കുകൊണ്ടുപോലും ജാതിചിന്തകളെ ഇല്ലാതാക്കാന്‍ കഴിയില്ല.

''നിങ്ങളുടെ മുഴുവന്‍ പേരെന്താണ്?''
-പണ്ടൊരിക്കല്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ അവിടെ പഠിപ്പിക്കുന്ന ഒരു മലയാളി പ്രൊഫസര്‍ ചോദിച്ചു. ''മണിയമ്പത്ത് മുകുന്ദന്‍.''
ഞാന്‍ പറഞ്ഞു.
ഒരുനിമിഷം എന്റെ മുഖത്തുനോക്കി എന്റെ മറുപടിയില്‍ സംതൃപ്തനാകാതെ സ്വരം മാറ്റി പ്രൊഫസര്‍ വീണ്ടും ചോദിച്ചു:
''വെറും മണിയമ്പത്ത് മുകുന്ദന്‍?''
''അതേ.''
-ഞാന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ചോദ്യത്തില്‍ ഒളിച്ചിരിക്കുന്ന രഹസ്യം അപ്പോഴെനിക്ക് മനസ്സിലായിരുന്നില്ല.
മനസ്സിലാകാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എളുപ്പമാണ്. മനസ്സിലാകുന്ന ചോദ്യങ്ങളാണ് എപ്പോഴും എന്നെ കുഴക്കാറുള്ളത്. എന്റെ മറുപടി അമേരിക്കയിലെ പ്രൊഫസറെ തൃപ്തിപ്പെടുത്തിയില്ല. അദ്ദേഹം അടവ് മാറ്റി.
''അച്ഛന്റെ പേരെന്താണ്?''
''മണിയമ്പത്ത് കൃഷ്ണന്‍.''
''വെറും മണിയമ്പത്ത് കൃഷ്ണന്‍?''
''അതേ.''
അദ്ദേഹം തോല്‍വി സമ്മതിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല.
''വി.പി. സിങ് കീ ജയ്.''
ഞാന്‍ ഓഫീസിലിരുന്നു പണിയെടുക്കുമ്പോള്‍ പുറത്ത് ഒരു ആരവം കേട്ടു. വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കുന്നു. 1989-ലായിരുന്നു അത്.
എനിക്കത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. നെഹ്റു കുടുംബാംഗങ്ങള്‍ മാത്രമേ പ്രധാനമന്ത്രിമാരാകുകയുള്ളൂ എന്നാണ് ഞാന്‍ ധരിച്ചുവെച്ചിരുന്നത്. ചെരിപ്പ് നന്നാക്കുന്നവരും റോഡ് തൂത്തുവാരുന്നവരും ഓടകള്‍ വൃത്തിയാക്കുന്നവരും ദളിതരാണെന്നപോലെ, വിഗ്രഹങ്ങള്‍ പാലില്‍ കുളിപ്പിച്ച് പട്ടു വസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂജിക്കുന്നത് ബ്രാഹ്‌മണരാണെന്നതു പോലെ, പ്രധാനമന്ത്രിപദം നെഹ്റു കുടുംബങ്ങള്‍ക്കുള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍ക്ക് ഒരു ജാതിയുണ്ടെങ്കില്‍ ആ ജാതിയുടെ പേര് നെഹ്റു കുടുംബം എന്നാണെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. ലാല്‍ ബഹാദുര്‍ ശാസ്ത്രി 1964 തുടങ്ങി രണ്ടുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു എന്ന വസ്തുത മറക്കാതെയാണ് ഇത് പറയുന്നത്. എങ്ങനെ ലാല്‍ ബഹാദുര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി? ഒരുപക്ഷേ, ഴാക്ക് മോനോ (Jacaques Monod) എഴുതിയ ആധുനിക ബയോളജിയെക്കുറിച്ചുള്ള ചാന്‍സ് ആന്‍ഡ് നെസസിറ്റി എന്ന പുസ്തകം വായിച്ചാല്‍ അതിന്റെ യുക്തി മനസ്സിലാകും. വരാന്‍ പോകുന്ന 'ബ്രെയിന്‍ ഗെയിറ്റ്' പോലുള്ള ന്യൂറോ ഇന്റര്‍നെറ്റിന്റെ കാലത്ത് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നമുക്ക് നല്‍കുക ജീവശാസ്ത്രമായിരിക്കും.
എന്തുകൊണ്ട് ഒ.വി. വിജയന് ജ്ഞാനപീഠ പുരസ്‌കാരം കിട്ടിയില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം ബ്രെയിന്‍ഗെയിറ്റ് തരും. എന്തുകൊണ്ട് ശബരിമല യുവതീപ്രവേശനത്തിനു വേണ്ടി നാടിളക്കിമറിച്ച പാര്‍ട്ടിയെ അയ്യപ്പന്‍ ശിക്ഷിക്കാതെ വീണ്ടും അധികാരത്തിലെത്തിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരവും ബ്രെയിന്‍ഗെയിറ്റ് നല്‍കും. എന്തുകൊണ്ട് ശൈലജ ടീച്ചര്‍ക്കും ജി. സുധാകരനും മന്ത്രി പദവി നഷ്ടപ്പെട്ടു എന്ന ചോദ്യത്തിനുള്ള മറുപടിയും ബ്രെയിന്‍ ഗെയിറ്റ് നല്‍കും. എങ്ങനെ മണിയമ്പത്ത് മുകുന്ദന്‍ എം. മുകുന്ദനായി എന്ന ചോദ്യത്തിനുള്ള ഉത്തരവും ബ്രെയിന്‍ഗെയിറ്റില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതോടെ എംബസിക്കാലം എന്ന ഈ പരമ്പര അപ്രസക്തമാകും. വരാന്‍ പോകുന്ന ബ്രെയിന്‍ഗെയിറ്റിനോട് ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ കരുതിവെച്ചിട്ടുണ്ട്. ആദ്യത്തെ ചോദ്യം ഇതായിരിക്കും: ജ്ഞാനപീഠം ലഭിച്ച ജി. ശങ്കരക്കുറുപ്പിനും തകഴിക്കും എസ്.കെ. പൊറ്റെക്കാട്ടിനും എം.ടി. വാസുദേവന്‍ നായര്‍ക്കും ഒ.എന്‍.വി.ക്കും അക്കിത്തത്തിനും കഷണ്ടിയില്ല. വൈക്കം മുഹമ്മദ് ബഷീറിന് കഷണ്ടിയുണ്ട്. അതുകൊണ്ടാണോ ബഷീറിന് ജ്ഞാനപീഠം ലഭിക്കാതിരുന്നത്?
വൈകുന്നേരം ഓഫീസ് വിട്ട് കൈയില്‍ ബാഗുമായി ഞാന്‍ ഹുമയൂണ്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരു വലിയ ഘോഷയാത്ര ആരവത്തോടെ കടന്നു പോയി. ആയിരം കണ്ഠങ്ങളില്‍നിന്ന് ''വി.പി. സിങ് കീ ജയ്'' മുഴങ്ങിക്കൊണ്ടിരുന്നു. ഒരു വെളുത്ത അംബാസഡര്‍ കാറിലിരുന്ന് വി.പി. സിങ് റോഡിന്റെ വശത്ത് നില്‍ക്കുന്ന ജനങ്ങള്‍ക്കുനേരെ കൈവീശി. ഞാനും അറിയാതെ കൈവീശിപ്പോയി. ബി.ജെ.പി.യുടെ പിന്തുണയോടെയാണ് വി.പി. സിങ്, സര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്നത്. അതില്‍ ഒരു വിയോജിപ്പോ പോരായ്മയോ ഞാനന്ന് കണ്ടിരുന്നില്ല. കാരണം അക്കാലത്തെ ബി.ജെ.പി. ഇന്നത്തെ ബി.ജെ.പി.യെപ്പോലെ വിനാശകരമായിരുന്നില്ല. സംഹാരാത്മകമായിരുന്നില്ല. ബാബറി മസ്ജിദ് സംഭവത്തിന് മുമ്പായിരുന്നു അത്. ജനസംഘത്തിന്റെ നേതാക്കളായ ബല്‍രാജ് മധോക്കും എം.എല്‍. സോധിയും ധൈഷണികതയുടെയും പുരോഗനാത്മകതയുടെയും രൂപകങ്ങളായി നിലകൊള്ളുന്ന കാലമായിരുന്നു അത്.
ഞാന്‍ കയറിയ ബസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പോകാതെ സൗത്ത് എക്സ്റ്റന്‍ഷനില്‍ അവസാനിപ്പിച്ചു. അവിടെ ഇറങ്ങി ഞാന്‍ നടന്നു. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കവലയില്‍ നിന്ന് വി.പി. സിങ്ങിനും മണ്ഡല്‍ കമ്മിഷനും എതിരായി മുദ്രവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. അവിടെങ്ങും പോലീസുകാര്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. ബസിലും കാല്‍നടയായും വരുന്ന വിദ്യാര്‍ഥിക്കൂട്ടങ്ങളെ പോലീസ് തടഞ്ഞിട്ടു. അവര്‍ കല്ലെറിഞ്ഞു. ഒരു കല്ല് എന്റെ മൂക്കിന് മുകളിലൂടെ പറന്നുപോയി.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: M.Mukundan, Caste system, India, Ente embassykkalam
Published: 21 Jan 2024, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented