കോഴിക്കോട് സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് കോഴിക്കോട്ടെ കോലായ കള്‍ച്ചര്‍ തിരികെ കൊണ്ടുവരണം എന്നാണ്. വ്യക്തിവൈകാരികതകള്‍ക്ക് സ്ഥാനമാനമില്ലാതെ സാഹിത്യം മുഖ്യജീവനായി കരുതി എഴുത്തിനെ പ്രശംസിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു കോലായക്കാര്‍. വിമര്‍ശനം ഏറ്റുവാങ്ങാന്‍ മടിയേതും കൂടാതെ എഴുത്തുകാര്‍ ഓരോ കോലായയിലും കൂടിയിരുന്നു. അന്നത്തെ കോലായയെക്കുറിച്ച എം.എന്‍ കാരശ്ശേരി, ജോര്‍ജ് ഇരുമ്പയം, ഹാഫിസ് മുഹമ്മദ് എന്നിവര്‍ സംസാരിക്കുന്നു.

To advertise here,

എം.ടിയും ബഷീറും കയറിവരാന്‍ മടിച്ച കോലായ- എം.എന്‍ കാരശ്ശേരി

കോഴിക്കോട് തളിയില്‍ ആര്‍. രാമചന്ദ്രന്‍ മാസ്റ്ററുടെ 'സന്ധ്യ' എന്ന വീടിന്റെ കോലായയാണ് അറുപതുകളിലെ കോഴിക്കോട്ടെ അനൗപചാരിക സാഹിത്യചര്‍ച്ച കൂട്ടായ്മയായ കോലായക്ക്   തുടക്കമിട്ടത്. രാമചന്ദ്രന്‍ മാസ്റ്റര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്നു. ഇംഗ്ലീഷ് എം.എ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ഹോംട്യൂഷന്‍ നല്‍കിയിരുന്നു. സാഹിത്യത്തെ അത്രകണ്ട് സ്‌നേഹിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലെ കോലായയിലേക്ക് എഴുത്തുസംവാദങ്ങളുമായി കടന്നുവന്നവരില്‍ പ്രമുഖരായിരുന്നു ഡോ. എം.ജി.എസ് നാരായണന്‍, എന്‍.പി മുഹമ്മദ്, എന്‍.എന്‍ കക്കാട്, ഉറൂബ്, പി.എം നാരായണന്‍, അന്ന് ആകാശവാണിയിലുണ്ടായിരുന്ന അക്കിത്തം, എംഎം നമ്പൂതിരി, ജോര്‍ജ് ഇരുമ്പയം തുടങ്ങിയവര്‍. അന്ന് ഞാന്‍ വിദ്യാര്‍ഥിയായിരുന്നു. എഴുത്തും വായനയും ഉത്സാഹമായി കൊണ്ടുനടന്നിരുന്ന ആ സംഘത്തിന്റെ 'കോലായ'യിലേക്ക് ഇടയ്‌ക്കൊക്കെ വിദ്യാര്‍ഥിയായ എനിക്കും പ്രവേശനമുണ്ടായിരുന്നു. രാമചന്ദ്രന്‍ മാസ്റ്ററുടെ അനുജന്‍ ആര്‍. വിശ്വനാഥന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. അദ്ദേഹവും കോലായയില്‍ സജീവമമായിരുന്നു.

രസകരമായ ആ കോലായ എഴുത്തു-വായനാചര്‍ച്ചകള്‍ക്ക് പതിയെ ഗൗരവമായ മുഖം വന്നുചേരുകയുണ്ടായി. കോലായ ചര്‍ച്ചയ്ക്ക് ഒരു അടുക്കും ചിട്ടയും വന്നുചേര്‍ന്നു. കോലായസംഘത്തിലെ ഒരോ അംഗങ്ങളുടെയും വീട്ടില്‍ ആഴ്ചതോറും ഒത്തുചേരുക എന്നത് പതിവായി. ഭക്ഷണവും വിശ്രമവും ചര്‍ച്ചയുമെല്ലാം ഓരോ ആഴ്ചയും ഓരോ അംഗത്തിന്റെയും വീട്ടില്‍ വെച്ചുനടന്നു. അക്കാലങ്ങളില്‍ പുറത്തിറങ്ങുന്നതും എഴുതിവെച്ചതുമായ സാഹിത്യസൃഷ്ടികള്‍ കോലായയില്‍ വിസ്തരിക്കപ്പെട്ടു. പി.എം നാരായണനും ജോര്‍ജ് ഇരുമ്പയവുമൊക്കെ കോലായ ചര്‍ച്ചകള്‍ എഴുതിയെടുത്ത് എഡിറ്റ് ചെയ്ത് വാരികകള്‍ക്ക് അയച്ചുകൊടുക്കാന്‍ തുടങ്ങി. കോഴിക്കോടിന്റെ സാഹിത്യപശ്ചാത്തലത്തില്‍ കോലായ ഒരു പ്രസ്ഥാനമായി വളര്‍ന്നു എന്നുവേണം പറയാന്‍. എഴുത്തുകാരുടെ കഥയും കവിതയും ലേഖനവും മാത്രമല്ല, പ്രസംഗവും കോലായ വിചാരണയ്‌ക്കെടുത്തു. കോലായക്കാര്‍ തമ്മില്‍ വളരെയടുത്ത ബന്ധമായിരുന്നതിനാല്‍ പരസ്പരം വിമര്‍ശനങ്ങളാല്‍ ആക്രമിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഓരോ കൃതിയുടെയും ഗുണവും പോരായ്മകളും അനുകരണങ്ങളും ആവര്‍ത്തനങ്ങളും എല്ലാം കോലായയില്‍ സവിസ്തരം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്‍.എന്‍ കക്കാടും എന്‍.പി മുഹമ്മദുമായിരുന്നു ആക്രമിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നവര്‍. അതിലൊന്നും പെടാത്ത ആളായിരുന്നു എം.ടി. കോലായയുടെ വശത്തുകൂടിപോലും വരാത്ത ആളായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഒരു സാഹിത്യസമ്മേളനത്തിലും ബഷീറിനെ ഞാന്‍ കണ്ടിട്ടില്ല. പങ്കജ് ഉദ്ദാസിനെപ്പോലുള്ളവരുടെ സംഗീതസദസ്സ് ഉണ്ടെങ്കില്‍ ബഷീര്‍ നിര്‍ബന്ധമായും എത്തിയിരിക്കും. ബഷീര്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ഓട്ടും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. രാഷ്ട്രീയം, മതം, സാമൂഹികവിഷയങ്ങള്‍, ആളുകളുടെ പട്ടിണി, കൊള്ളരുതായ്മ തുടങ്ങിയവയൊക്കെയായിരുന്നു ബഷീറിന്റെ സംസാരവിഷയങ്ങള്‍. സാഹിത്യം ബഷീറിനോട് ചര്‍ച്ച ചെയ്യാനേ പറ്റില്ലായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെപ്പറ്റിയും പറയാന്‍ പറ്റില്ല, മറ്റുള്ളവരുടെ കൃതികളെക്കുറിച്ചും പറയാന്‍ പറ്റില്ല. അദ്ദേഹം അതുകേള്‍ക്കാന്‍ നില്‍ക്കില്ല. എഴുത്തും പുസ്തകവും അദ്ദേഹത്തിന് ഒരു രഹസ്യം പോലെയായിരുന്നു. ബഷീറിന്റെ വീട്ടിലെ മാങ്കോസ്റ്റിന് ചുവട്ടില്‍ എപ്പോഴും ഒരു സംഘമുണ്ടാവുമായിരുന്നു. അവിടെ സാഹിത്യത്തിനല്ലായിരുന്നു തമാശകള്‍ക്കായിരുന്നു മുന്‍ഗണന. സമൂഹത്തിലെ അന്യായവും അക്രമവുമായിരുന്നു പിന്നീട് പരിഗണിക്കപ്പെട്ടിരുന്നത്. എം.ടിയും സാഹിത്യചര്‍ച്ചകള്‍ ചെയ്യില്ലായിരുന്നു. എന്‍.പി മുഹമ്മദിനോട് മാത്രമേ അദ്ദേഹം സാഹിത്യം ചര്‍ച്ച ചെയ്യുമായിരുന്നുള്ളൂ. കെ.എ കൊടുങ്ങല്ലൂരും കോലായയില്‍ നിന്നും വിട്ടുനിന്നു. 

ചെലവൂര്‍ വേണുവിന്റെ 'സൈക്കോ' ഓഫീസായിരുന്നു കോഴിക്കോട്ടെ മറ്റൊരു സാംസ്‌കാരികസദസ്സ്. സിനിമയും സാഹിത്യവും അവിടെ വിചാരണയ്‌ക്കെടുത്തു. സൈക്കോ എന്നപേരില്‍ ഒരു മാഗസിന്‍ ഇറങ്ങിയിരുന്നു. കോഴിക്കോട്ടെ എന്‍.ബി.എസ്സിന്റെ ഓഫീസിലായിരുന്നു മറ്റൊരു സംഘമുണ്ടായിരുന്നത്. തിക്കോടിയന്‍, എസ്.കെ പൊറ്റക്കാട്, കെ.എ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ഇവിടെയായിരുന്നു സമ്മേളിച്ചിരുന്നത്. അവിടെ സാഹിത്യചര്‍ച്ചയൊന്നുമുണ്ടായിരുന്നില്ല. ചായകുടിക്കുക, ലോഹ്യം പറയുക. ലോഹ്യം പറയുക എന്നത് അക്കാലത്തെ കോഴിക്കോടിന്റെ വലിയൊരു സംഘംചേരലായിരുന്നു. കോലായ പോലുള്ള വേദികള്‍ ചര്‍ച്ചചെയ്ത, വിമര്‍ശിച്ച അത്രയും പ്രഹരം ഇന്നത്തെ എഴുത്തുകാര്‍ക്ക് താങ്ങാന്‍ പറ്റുമോ എന്ന് സംശയമാണ്. അത്രയും ആക്രമണം എഴുത്തുകാര്‍ അന്ന് സഹഎഴുത്തുകാരില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും എഴുത്തിന്റെ പേരില്‍ ഏറ്റുവാങ്ങിയിരുന്നു. എഴുത്തുകാരുടെ രാഷ്ട്രീയവും നിലപാടുകളും വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും എല്ലാം കോലായ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. വിമര്‍ശിക്കപ്പെട്ടവരാരും പിണങ്ങിയിരുന്നില്ല, ഇറങ്ങിപ്പോക്കുണ്ടായിരുന്നില്ല, അവിടെപ്പറഞ്ഞത് ഇവിടെപ്പറഞ്ഞിരുന്നില്ല. ഇന്ന് അതിനുള്ള സഹിഷ്ണുതയൊക്കെ നമ്മുടെ എഴുത്തുകാര്‍ക്കുണ്ടോ? കോഴിക്കോട് സാഹിത്യനഗരമായി പ്രഖ്യാപിച്ചപ്പോള്‍ കോലായ കള്‍ച്ചര്‍ തിരിച്ചുകൊണ്ടുവരുമെന്ന് മേയര്‍ പറഞ്ഞതായി വാര്‍ത്തവായിച്ചു. കോലായ തനിയേ ഉരുത്തിരിഞ്ഞുവന്ന ഒന്നാണ്. ആരും മനപ്പൂര്‍വ്വം ഉണ്ടാക്കിയെടുത്ത ഒന്നല്ല. പക്ഷേ അതിലെ പ്രധാനപ്പെട്ട ചര്‍ച്ചകളെല്ലാം രേഖപ്പെടുത്തിവെച്ചിരുന്നു എന്നതാണ് വലിയൊരു ഗുണം. നാലഞ്ച് വര്‍ഷക്കാലം കോലായ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടുപോയി. പതിയെ കോലായ മാഞ്ഞുപോവുകയായിരുന്നു.

വൈലോപ്പിള്ളിയും കുഞ്ഞുണ്ണി മാഷും കോലായയും- ജോര്‍ജ് ഇരുമ്പയം

1968-ല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മലയാളം അധ്യാപകനായിട്ടാണ് ഞാന്‍ കോഴിക്കോടെത്തുന്നത്. കോലായയെക്കുറിച്ച കേള്‍ക്കുന്നത് സഹപ്രവര്‍ത്തകരില്‍നിന്നാണ്. ജി. അരവിന്ദന്‍ അന്ന് കോഴിക്കോട് റബ്ബര്‍ ബോര്‍ഡിലാണ് ജോലി ചെയ്തിരുന്നത്. അക്കിത്തത്തിനും കക്കാടിനും മറ്റുള്ളവര്‍ക്കുമൊപ്പം അദ്ദേഹവും കോലായ ചര്‍ച്ചകളില്‍ പങ്കെടുത്തു. ആര്‍ടിസ്റ്റ് നമ്പൂതിരിയും സജീവമായിരുന്നു. കോലായയിലെ ചര്‍ച്ചകള്‍ രേഖപ്പെടുത്തിയിരുന്നത് ഞാനും പി.എം നാരായണനുമായിരുന്നു. അവയെല്ലാം ലേഖനങ്ങളാക്കി കോലായ സംഘത്തെ വായിച്ചുകേള്‍പ്പിച്ച് പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. അയ്യപ്പപ്പണിക്കരുടെ കേരളകവിത, മലയാളനാട്, എം. ഗോവിന്ദന്‍ നടത്തിയിരുന്ന സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോലായചര്‍ച്ചകളും വിമര്‍ശനങ്ങളും പ്രസിദ്ധീകരിച്ചുവന്നു. ആര്‍ടിസ്റ്റ് നമ്പൂതിരിയായിരുന്നു ലേഖനങ്ങള്‍ക്ക് ചിത്രം വരച്ചിരുന്നത്. കോലായയിലെ ചര്‍ച്ചകള്‍ മൂന്നു പുസ്തകങ്ങളിലായി അച്ചടിച്ചിട്ടുണ്ട്. ശില്പി എം.വി ദേവന്‍ കോലായയുടെ ആദ്യകാലചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. 

1965-ലാണ് കോലായയുടെ തുടക്കം. ഉറൂബ് അക്കിത്തം, എന്‍.പി മുഹമ്മദ്, ടി.കെ രവീന്ദ്രന്‍, എന്‍.എന്‍ കക്കാട്, ടി. വേണുഗോപാല്‍, ജി. അരവിന്ദന്‍ തുടങ്ങിയവരുടെ കൂട്ടായ്മ. കോലായ ചര്‍ച്ചകള്‍ സജീവമായിരിക്കേ തന്നെ പ്രമുഖര്‍ പിന്മാറിത്തുടങ്ങി. 1970-ഓടുകൂടി കോലായ മൃത്യുമുഖത്തെത്തി. 1971-ല്‍ പ്രസിദ്ധീകരിച്ച കോലായ എന്ന ഗ്രന്ഥം അക്കാലത്തെ ചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആധികാരിക രേഖയാണ്. അതേവര്‍ഷം മുതല്‍ കോലായ -2 എന്ന പേരില്‍ പുതിയ കോലായ പ്രവര്‍ത്തനം തുടങ്ങി. പി.എം നാരായണനൊഴികെ ബാക്കിയെല്ലാവരും കാഷ്വല്‍ വിസിറ്റേഴ്‌സ് മാത്രമായി. കോലായ രണ്ടിലാണ് കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും വന്നത്. അതെല്ലാം രേഖപ്പെടുത്താനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. 1973-ല്‍ കോലായ എന്ന പേരില്‍ ദ്വൈമാസിക പുറത്തിറക്കാന്‍ തുടങ്ങി. മാതൃഭൂമി പ്രസ്സില്‍ നിന്നായിരുന്നു കോലായയുടെ ആദ്യപ്രതി അച്ചടിച്ചത്. ഒരു വര്‍ഷക്കാലം ആറുപതിപ്പുകള്‍ കോലായ മാസിക ഇറങ്ങി. 1974-ഓടുകൂടി കോലായ രണ്ടും അവസാനിച്ചു. ആശാന്‍ മുതലിങ്ങോട്ടുള്ള കവികളുടെ സംഭാവനകളെക്കുറിച്ച് കോലായ വിശദമായ പഠനം നടത്തി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. വള്ളത്തോള്‍, ഉള്ളൂര്‍, ജി. ശങ്കരക്കുറുപ്പ്. പി. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവരുടെ സൃഷ്ടികളെക്കുറിച്ചുള്ള സംവാദങ്ങള്‍ സാഹിത്യവാരികകളിലും മാസികകളിലും പ്രസിദ്ധീകരിച്ചു. കോലായ ദ്വൈമാസിക വന്നതിനുശേഷം ചര്‍ച്ചകളെല്ലാം അതില്‍ത്തന്നെയാണ് പ്രസിദ്ധീകരിച്ചത്. വീടുകളില്‍ മാറിമാറി സംഘടിച്ചിരുന്ന കോലായ ചര്‍ച്ചകള്‍ പിന്നീട് ചില ബുദ്ധിമുട്ടുകള്‍ കാരണം അളകാപുരി ഹോട്ടലിലേക്ക് മാറി. ഹോട്ടലുടമയായിരുന്ന രാധാകൃഷ്ണന്‍ ഞങ്ങള്‍ക്ക് സൗജന്യമായി ഹാള്‍ വിട്ടുതരികയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ ആറുവരെയായിരുന്നു കോലായയുടെ സംഗമം. അക്കാലത്ത് വിവാദപരമായ ഒരു സംഭവുമുണ്ടായി. അളകാപുരിയില്‍ ഞങ്ങള്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞുണ്ണിമാഷ് ആ വഴി വന്നു. അദ്ദേഹം കോലായയിലെ അംഗമായിരുന്നില്ല. ചര്‍ച്ചയാണെങ്കില്‍ കേട്ടുകളയാം എന്ന മട്ടില്‍ വന്നതാണ് അദ്ദേഹം. വൈലോപ്പിള്ളിക്കവിതകളാണ് അന്ന് കോലായ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ കവിത്രയത്തില്‍ ഉള്ളൂരിനെപ്പോലൊണ് ജിയുടെയും പിയുടെയും കൂട്ടത്തില്‍ വൈലോപ്പിള്ളി എന്ന് കുഞ്ഞുണ്ണി മാഷ് അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ കുറിച്ചെടുക്കുന്ന ഞാനും പി.എം നാരായണനും ഇതുനോട്ടുചെയ്തു. അന്നത്തെ ചര്‍ച്ച മലയാളനാട് വാരികയിലാണ് അച്ചടിച്ചുവന്നത്. അടുത്തലക്കത്തില്‍ പത്രാധിപര്‍ക്കുള്ള കത്തില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ട് കുഞ്ഞുണ്ണി മാഷിന്റെ കത്ത് അച്ചടിച്ചുവന്നു. തന്റെ പ്രസ്താവന അദ്ദേഹം പാടേ നിരസിച്ചു. കുഞ്ഞുണ്ണി മാഷ് ഇങ്ങനെ എഴുതിയത് സത്യവിരുദ്ധമാണ്, അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ഞങ്ങളെല്ലാം സാക്ഷികളാണ് എന്നെഴുതി ഒപ്പിട്ട ഒരു കത്ത് ഞങ്ങള്‍ മലയാളനാടിന് അയച്ചു. പക്ഷേ ആ കത്ത് അച്ചടിച്ചുവന്നില്ല. 

കോലായ രണ്ടോടുകൂടി ആ പ്രസ്ഥാനം ഏതാണ്ട് അസ്തമിച്ചു. ഞങ്ങള്‍ പലരും ഓരോ വഴിക്കായി. പിന്നീടാണ് സുകുമാര്‍ അഴീക്കോട് മാഷിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍ മഹാറാണിയില്‍ വെച്ച് കാലിക്കറ്റ് ബുക് ക്ലബ് എന്നൊരു പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. അഴീക്കോട് പ്രസിഡണ്ടും പാലാ കെ. എം മാത്യു സെക്രട്ടറിയുമായിരുന്നു. കോലായയിലെ എല്ലാ അംഗങ്ങളെയും കാലിക്കറ്റ് ബുക് ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. കാലിക്കറ്റ് ബുക് ക്ലബ് വളരെക്കാലം മുന്നോട്ടുപോയി. ക്രമേണ കോലായ അപ്രസക്തമാവുകയും ചെയ്തു.

സാഹിത്യം കേന്ദ്രബിന്ദുവായ കോലായ-എന്‍.പി ഹാഫിസ് മുഹമ്മദ്

കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ കോലായയ്ക്ക് പതിനാലുകാരനായ ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നു. ഞങ്ങളുടെ ഇടിയങ്ങരയിലുള്ള വീട്ടില്‍വെച്ച് നടന്ന കോലായയാണ് ആദ്യത്തേത്. രാവിലെ എഴുത്തുകാര്‍ നേരത്തേ നിശ്ചയിച്ചത് പ്രകാരം ഞങ്ങളുടെ വീട്ടിലെത്തി. ഉറൂബ്, ആര്‍. രാമചന്ദ്രന്‍, അക്കിത്തം, തിക്കോടിയന്‍, നമ്പൂതിരി, എന്‍.എന്‍ കക്കാട്, എം.ജി.എസ്, എന്‍.പി മുഹമ്മദ് തുടങ്ങിയവരായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. വൈകുന്നേരം വരെ അവര്‍ സാഹിത്യത്തെക്കുറിച്ചും കലകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു, രചനകള്‍ അവതരിപ്പിക്കുന്നു. ഉച്ചത്തില്‍ ചിന്തിക്കുന്നു. ചൂടോടെ സംവദിക്കുന്നു. ആവേശത്തോടെ വാദപ്രതിവാദം നടത്തുന്നു. വ്യക്തിയല്ല, സൗഹൃദമല്ല സാഹിത്യമാണ് കേന്ദ്രബിന്ദു. ഇടയ്ക്ക് ഉച്ചയ്ക്ക് അവരൊന്നിച്ച് നടുവകത്തിരുന്ന് താഴെ വിരിച്ച പായയില്‍ നിരത്തിയ ഭക്ഷണം പങ്കിടുന്നു. വിശ്രമമില്ല. വൈകുന്നേരം ഇറങ്ങും മുമ്പെ ചായയും അപ്പങ്ങളും കഴിക്കുന്നു, പിരിയുന്നു. യുദ്ധം കഴിഞ്ഞ മട്ടായിരുന്നു വീട്ടില്‍. 

ചിത്രകാരനായ നമ്പൂതിരിയുടെ ആറാം ഗേറ്റിനടുത്തുള്ള വീട്ടില്‍ വെച്ച് നടന്ന കോലായയില്‍ ഞാന്‍ ഉപ്പയോടൊപ്പം പോയിരുന്നു. കാഴ്ചക്കാരനും കേള്‍വിക്കാരനുമായി ഏക കുട്ടി ഞാനായിരുന്നു. നമ്പൂതിരിയുടെ വീട്ടുവളപ്പിലുള്ള തെങ്ങില്‍ തുണിയില്‍ തുന്നിയുണ്ടാക്കിയ ആനയുടെ തല തൂങ്ങിക്കിടന്നിരുന്നു. തലയ്ക്കുള്ളില്‍ നിറച്ച പുല്ലുകള്‍ കാറ്റിലാടുന്നു. ഉപ്പ 'കാള' എന്ന കഥ അവിടെ വായിച്ചത് ഓര്‍മയിലുണ്ട്. വൈകുന്നേരമാണ് ഞങ്ങള്‍ മടങ്ങിയത്. 

മൂന്നു ദശാബ്ദങ്ങല്‍ക്കുശേഷം യു.എ ഖാദറിന്റെ വീട്ടില്‍ കോലായ ആവര്‍ത്തിക്കാന്‍ പുതിയ എഴുത്തുകാര്‍ ശ്രമിച്ചു. യു.കെ കുമാരന്‍, പി.കെ പാറക്കടവ്, സുഭാഷ് ചന്ദ്രന്‍, കെ.പി രാമനുണ്ണി, ബി.എം സുഹറ, കെ.പി സുധീര, പി.ആര്‍ നാഥന്‍, വി.ആര്‍ സുധീഷ്, ശത്രുഘ്‌നന്‍ തുടങ്ങിയവരുടെ വീട്ടിലായിരുന്നു. വീടുകളില്‍ ഒത്തുചേരലുകള്‍ നടന്നു. രണ്ടാമത്തെ ഒത്തുചേരല്‍ എന്റെ വീട്ടില്‍ വെച്ചായിരുന്നു.