
ഇക്കഴിഞ്ഞ ജനുവരി മൂന്നാം തീയതി തിരൂരെ തുഞ്ചൻ പറമ്പിൽ ഒന്നാമത് എം.ടി. സ്മാരക പ്രഭാഷണമായി സക്കറിയ ഒരു ഗംഭീര പ്രസംഗം നടത്തിയിരുന്നു. അതു കേൾക്കാനിടയായി. 'മലയാളികളുടെ ഭാവി' എന്നതായിരുന്നു വിഷയം. സൂക്ഷ്മദൃക്കും ആഗോളപൗരനും അതിനുചേരും പടി അടിമുടി മലയാളിയുമായിരുന്ന എം.ടി. വാസുദേവൻ നായരുടെ ജീവിതത്തിനോട് ഏറ്റവും സമർഹമായ ആദരവായി മാറി സക്കറിയയുടെ പ്രഭാഷണം. സക്കറിയ ഇങ്ങനെ പറഞ്ഞു: 'അദ്ദേഹം ഹൃദയത്തിൽ ലോകപൗരനായിരിക്കേ മലയാളിയായി ജീവിച്ചു .'
എം.ടി. എന്തിനുമുപരിയായി എഴുത്തുകാരനായിരുന്നു. സക്കറിയയും എന്തിനുമുപരി എഴുത്തുകാരനാണ്. ഈ രണ്ടെഴുത്തുകാരേയും സാധിതമാക്കിയ കേരളസമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെ സക്കറിയ മൗലികമായ വിധത്തിൽ നിരീക്ഷിക്കുകയായിരുന്നു ഈ പ്രഭാഷണത്തിലൂടെ. ഒരു സാമൂഹ്യശാസ്ത്രകാരനോ സമ്പദ് വിദഗ്ദ്ധനോ രാഷ്ട്രീയമീമാംസകനോ ആയിട്ടല്ല സക്കറിയ സംസാരിച്ചത്, എഴുത്തുകാരനായിട്ടാണ്. എം.ടിയും സമൂഹത്തെക്കുറിച്ച് സംസാരിച്ചപ്പോഴൊക്കെ സംസാരിച്ചത് സാമൂഹ്യശാസ്ത്രകാരനോ സമ്പദ് വിദഗ്ദ്ധനോ രാഷ്ട്രീയമീമാംസകനോ ആയിട്ടായിരുന്നില്ല, മറിച്ച് ഇരുത്തം വന്ന ഒരെഴുത്തുകാരൻ്റെ ഉത്തരവാദിത്ത്വ ബോധത്തോടെയായിരുന്നല്ലോ.
എന്താണ് മലയാളിയുടെ വർത്തമാനകാലത്തെ വിഴുങ്ങുന്ന രാഹു? ഈ രാഹുകാലത്തിലൂടെ ഏത് ഭാവിയിലേക്കാണ് 'മലയാളികളുടെ മാതൃഭൂമി' യായ കേരളം മുന്നോട്ടോ പിറകോട്ടോ പോകുന്നത്? മുന്നോട്ടോ പിറകോട്ടോ അല്ല പോകുന്നത് എന്നാണ് സക്കറിയ നിരീക്ഷിക്കുന്നത് . ഇതിനുമുമ്പുണ്ടായിരുന്ന മലയാളിയല്ല ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്, അതിനാൽ ഏതെങ്കിലും പൂർവരൂപത്തിലേക്ക് തിരികെ പോകുന്നുവെന്ന് പറയുകവയ്യ. മുന്നോട്ട് എന്നു പറഞ്ഞാൽ കൂടുതൽ നല്ല ദിശയിലേക്ക് ആകണമല്ലോ. എന്നാൽ, മലയാളിയുടെ അതിജീവനത്തിൻ്റെ നീണ്ട ചരിത്രത്തിന്റെ അടിത്തറ ഇളക്കുന്ന ദിശയിലേക്കുള്ള പ്രയാണത്തിലായതിനാൽ മുന്നോട്ട് എന്നും പറയാൻ വയ്യ.
ഭാവിയെക്കുറിച്ച് സക്കറിയ പ്രവചനാത്മകമായി ഒന്നും പറയുന്നില്ല. കൂട്ടിൽനിന്നു തത്തയെ പുറത്തിറക്കി മലയാളിയുടെ ചീട്ടെടുത്ത് സക്കറിയ ഭാവി പ്രവചിക്കുന്നില്ല. മറിച്ച്, മലയാളിയുടെ സ്വത്വത്തിൻ്റെ അടിസ്ഥാനം മലയാളമായതിനാൽ അതിൻ്റെ ഭാഷാപിതാവ് എന്നറിയപ്പെടുന്ന തുഞ്ചന്റെ തത്തയുടെ സംഭാവനയെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. തുഞ്ചൻ പറമ്പിൽനിന്ന് സംസാരിക്കുന്നതിന്റെ ആനുഷംഗികതയുടെ ഭാഗമായിട്ടുകൂടിയാകാം, സക്കറിയ പറഞ്ഞു: ' മലയാളിയുടെ ഭാവിയെക്കുറിച്ചുള്ള ഈ ചിന്തകൾക്ക് മനഃപൂർവമല്ലാത്തതും സ്വാഭാവികവുമായ ഒരു തുടക്കം ഞാൻ കാണുന്നത് എഴുത്തച്ഛനിൽ തന്നെയാണ് . മലയാളം എന്ന മാതൃഭാഷയാണ് നമ്മെ മലയാളിയാക്കുന്നത്. നൂറ്റാണ്ടുകളിലൂടെയുള്ള കൊടുക്കൽ - വാങ്ങലുകളിലൂടെ രൂപപ്പെട്ടതാണ് ആ ഭാഷ. അതെങ്ങനെ ആസൂത്രിതമായി, ഭാവനയുടേയും ചിന്തയുടേയും ഉപകരണമാക്കി മാറ്റാമെന്ന് എഴുത്തച്ഛൻ കാണിച്ചു തന്നു.'
ഇതിഹാസങ്ങളുടെ കഥ പറയാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്ത വാഹനത്തിന്റെ ഇന്ധനം ഭക്തിയായിരുന്നു എന്നു പറയുന്ന സക്കറിയ പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഇന്നത്തെ കേരളത്തിൽ സർവ്വമതങ്ങളിലും വിശ്വാസം എന്ന മനുഷ്യാലംബത്തെ അതിഭക്തി വിഴുങ്ങിക്കഴിഞ്ഞു എന്ന അപകടസൂചന കാണിച്ചുതരുന്നുണ്ട്. വിശ്വാസമല്ല പ്രശ്നം അതിന്മേൽ ഭക്തിയുടെ കോയ്മ വരുന്നതാണ്.
'എഴുത്തച്ഛൻ ഒരു പക്ഷേ ചെയ്തത് ഭക്തിക്ക് ഒരു സൗന്ദര്യശാസ്ത്രം നൽകുകയാണ്. ഏതായാലും നാലു നൂറ്റാണ്ടുകൾക്കു ശേഷവും, നവോത്ഥാനത്തേയും വിപ്ലവചിന്തയേയും ആധുനികതയേയും ഉത്തരാധുനികതയേയും അതിജീവിച്ചുകൊണ്ട് ഭക്തി മലയാളസാഹിത്യത്തിൽ ശക്തിമത്തായ സാന്നിദ്ധ്യമായി നിലനിൽക്കുന്നു. എന്നുമാത്രമല്ല, ഇന്ന് കേരളീയ മുഖ്യധാരാ ഭാവുകതയുടെ തന്നെ ഭാഗമാണ് ഭക്തി . ഭരണകൂടങ്ങളും മാദ്ധ്യമങ്ങളും രാഷ്ട്രീയപാർട്ടികൾ പോലും ഭക്തിനിർഭരങ്ങളാണ്. മലയാളിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഭക്തി'.
സക്കറിയ ഇതു പറയുമ്പോൾ കേരളത്തിലെ ഒരു പ്രമുഖ ദേവാലയത്തിൽ നടന്ന സ്വർണ്ണമോഷണം പോലീസ് വിദഗ്ദ്ധമായി അന്വേഷിക്കേണ്ട ഒരു മോഷണം എന്ന ശ്രദ്ധാകേന്ദ്രവിഷയത്തിൽനിന്നു വഴി മാറി രാഷ്ട്രീയവും ഭക്തിയും ഇടകലർന്ന മലയാളിയുടെ നവാസക്തിയെ ഉത്തേജിതമാക്കുന്ന ഊർജ്ജദായനിമരുന്നായി മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
മലയാളി സ്വന്തം പരിശ്രമത്താൽ മലയാളിയായതല്ല. ആ പരിണാമത്തിൽ നിരവധി പങ്കാളികളുണ്ടെന്ന്‌ന്ന് സക്കറിയ ചരിത്രപരമായി എടുത്തുകാണിക്കുന്നുണ്ട്. അതിൽ ഭൂഖണ്ഡ കുടിയേറ്റക്കാരുടേയും കപ്പലോട്ട വാണിജ്യസംഘങ്ങളുടേയും പങ്കുണ്ട്. ജൈനമതത്തിനും ബുദ്ധമതത്തിനും റോമക്കാർക്കും അറബികൾക്കും പങ്കുണ്ട്. ജനിതകമായിപ്പോലും മലയാളിയെ രൂപപ്പെടുത്തുന്നതിൽ വിവിധ ലോകജനവിഭാഗങ്ങളുടെ പങ്കുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങളുടെ ചുവടുപിടിച്ച് സക്കറിയ പറയുന്നുമുണ്ട്.
എന്നാൽ, സക്കറിയ പ്രസംഗത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോൾ ഇങ്ങനെ പറഞ്ഞു : 'ഇതിനൊപ്പം മറ്റൊരു പ്രധാനമായ കാര്യം കൂടി സംഭവിച്ചു. മലയാളം പറയുന്നവരുടെ സമൂഹം ലോകത്തെ സമീപിച്ച, അഥവാ ലോകത്തോട് പ്രതികരിച്ച, രീതികളിൽ നാം ലോകത്തെക്കാണാൻ നാം പഠിച്ചു. അഥവാ പരിശീലിപ്പിക്കപ്പെട്ടു. രാവിലേ കുളിയ്ക്കണം, അതു നമ്മുടെയുള്ളിൽ ആഴ്ന്നിറങ്ങി. സ്ത്രീകളുടെ സ്ഥാനം പുരുഷന്മാർക്ക് കീഴെയാണ്, അത് നമ്മുടെയുള്ളിൽ ആഴ്ന്നിറങ്ങി. മനുഷ്യസ്നേഹത്തേക്കാൾ ശ്രേഷ്ഠം ഭക്തിയാണ്, അത് നമ്മുടെയുള്ളിൽ ആഴ്ന്നിറങ്ങി. ജാതി ആഴ്ന്നിറങ്ങി. മതം ആഴ്ന്നിറങ്ങി. നാം ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആണെന്ന് ചോദ്യമില്ലാതെ വിശ്വസിച്ചു.'
ഭാഷയുടെ പരിണാമത്തോടൊപ്പം മലയാളി മറ്റുപരിണാമഘട്ടങ്ങളിലൂടെ ഇന്നത്തെ മലയാളിയായി രൂപപ്പെട്ടതിനെക്കുറിച്ചു പറഞ്ഞിട്ടാണ് സക്കറിയയുടെ പ്രസംഗം പുരോഗമിച്ചത്. മലയാളിയുടെ അതിജീവനശേഷിയെ പ്രകീത്തിക്കുന്ന സക്കറിയ അതുണ്ടായിവരാനുള്ള ഒരു പ്രധാന കാരണം 'ജനിതക മിശ്രണ' മായിരിക്കാം എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. അധ്വാനിച്ച് കുടുംബത്തെ പോറ്റുന്ന മലയാളി എല്ലാ രാഷ്ട്രീയപാർട്ടികളേയും മനുഷ്യനെ സ്വാധീനിക്കാനുള്ള അടവുനയങ്ങളെ അതിജീവിച്ച രീതി സക്കറിയയെ അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാൽ പിന്നാലേ സക്കറിയ ഇങ്ങനെ പറയുന്നു: 'പക്ഷേ, കക്ഷിരാഷ്ട്രീയം നമുക്ക് ഭക്തി പോലെ ഒരാസക്തിയാണ്. ഭക്തിയെപ്പോലെ തന്നെ കക്ഷിരാഷ്ട്രീയവും മലയാളികളുടെ സ്വത്വപരമായ അടയാളപ്പെടുത്തലാണ്. രണ്ടും മലയാളികളെ വികാരവിക്ഷോഭങ്ങളിലേക്ക് നയിക്കുന്നു'. 1949 നവംബർ 25-ന് നിയമനിർമ്മാണസഭയിൽ അംബേദ്‌കർ പറഞ്ഞ ഒരു വാചകമുണ്ട്: ' രാഷ്ട്രീയത്തിലെ ഭക്തി മൂല്യശോഷണത്തിനിടവരുത്തും . അത് ആത്യന്തികമായി ഏകാധിപത്യത്തെ ക്ഷണിച്ചുവരുത്തും'.
ദൈവഭക്തിയും ദേവാലയങ്ങളും രാഷ്ട്രീയപ്പാർട്ടികളും ചതിച്ചപ്പോഴും അതിനെയെല്ലാം അതിജീവിച്ച മലയാളിയുടെ അതിജീവനശേഷി പക്ഷേ 'ഭക്തി'യുടെ നിർദയശൂന്യതയോട് കണ്ണടയ്ക്കുന്നു. എല്ലാത്തരം നിർദ്ദയ ഭക്തികളുടെയും ഇടയിലാണ് മലയാളി ഇങ്ങനെ അതിജീവിച്ച് ഭാവിയിലേക്കു പോകുന്നത്.
ഈ അതിജീവനത്തിൻ്റെ ഭാഗമാണ് കുടിയേറിയ മലയാളികൾ കേരളത്തിലേക്കൊഴുക്കിയ സമ്പത്ത്. പ്രതിവർഷമുള്ള കേരളാ ബഡ്‌ജറ്റിനേക്കാൾ കൂടിയ തുകയാണ് മറുനാടൻ മലയാളി കേരളത്തിലേക്കെത്തിക്കുന്നതെന്നു പറഞ്ഞ സക്കറിയ പറയുന്നു: ' ഈ നിക്ഷേപം കള്ളപ്പണമല്ല. തുറന്നു പരിശോധിക്കാവുന്ന ബാങ്ക് അക്കൗണ്ടുകളാണ്. ആ പണം മലയാളിയുടെ നിത്യജീവിതത്തിലേക്ക് അലിഞ്ഞുചേർന്നു'.
അതിജീവനത്തിൻ്റെ മറ്റൊരുദാഹരണമായി സക്കറിയ ചൂണ്ടിക്കാട്ടുന്നത് ഉന്നത വിദ്യാഭ്യാസത്തിലേക്കും മത്സരപ്പരീക്ഷകളിലേക്കുമുള്ള മലയാളിപ്പെൺകുട്ടികളുടെ പ്രത്യേകിച്ച് മുസ്‌ലിം പെൺകുട്ടികളുടെ കടന്നുകയറ്റമാണെന്നാണ്.
എന്നാൽ, മലയാളിയുടെ അതിജീവനത്തിൻ്റെ ഏറ്റവും സുപ്രധാന ഘടകമായി സക്കറിയ കാണുന്നത് വിവിധ മതവിഭാഗങ്ങൾ കേരളത്തിൽ നടത്തിയ ആരോഗ്യകരമായ സഹജീവനത്തെയാണ്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛൻ രാമായണമെഴുതിയപ്പോൾ എഴുതാൻ ഉപയോഗിച്ച ഓല ഏതു മതവിശ്വാസിയുടെ പറമ്പിൽ നിന്നായിരിക്കാം വന്നത്, നമുക്കതറിയില്ല എന്ന ഒരു സുപ്രധാനകാര്യം സക്കറിയ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. 'ഏത് മതവിശ്വാസി നെയ്ത പായയിൽ ഇരുന്നായിരിക്കാം അദ്ദേഹം അതെഴുതിയത് ?'
മതസൗഹാർദ്ദം എന്നല്ല ഈ ആവേശകരമായ ചരിത്രയാഥാർഥ്യത്തെ വിളിക്കേണ്ടത്, സഹജീവനം എന്നുതന്നെയാണ്. എന്നാൽ, ആ സഹജീവനരീതി മലയാളി ഉപേക്ഷിക്കുകയാണ് എന്ന് സക്കറിയയിലെ എഴുത്തുകാരൻ ഒരു ഞെട്ടലിലൂടെ തിരിച്ചറിയുന്നതാണ് പ്രഥമ എം.ടി അനുസ്മരണപ്രഭാഷണത്തെ കൂടുതൽ പ്രസക്തമാകുന്നത് .
ഇപ്പറഞ്ഞ കാര്യങ്ങൾ പറയുന്നതിന് സക്കറിയ ഒരു തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്നുണ്ട് . അതിങ്ങനെയാണ്: ' ഞാൻ ഒരെഴുത്തുകാരൻ മാത്രമാണ്. മതവിശ്വാസിയോ ജാതിവിശ്വാസിയോ അല്ല. പ്രവാചകരുടെയോ ആൾദൈവങ്ങളുടെയോ അനുയായിയല്ല'.
മലയാളിയുടെ അതിജീവനത്തിന് കാരണമായ മൂന്നു മതവിഭാഗങ്ങളുടെ സഹജീവനത്തിനിടയിൽ ഈ മൂന്നു വിഭാഗങ്ങളിൽ നിന്നുമുണ്ടായ മനുഷ്യരിൽ നിന്നുമുളവായ ഒരു ചിന്താരീതി ഭക്തിയുടെ പാരവശ്യത്താൽ കേരളത്തിൽ നാനാവിധമായതിനെക്കുറിച്ചും സക്കറിയ വ്യാകുലപ്പെടുന്നുണ്ട്, അത് വസ്തുതാനിഷ്ഠമായ യുക്തിചിന്തയാണ്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിൽ അത് വലിയ പങ്കുതന്നെയാണ് നിർവഹിച്ചത്.
മതസഹജീവനമെന്ന കൂട്ടായ്മയാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ നിലനിർത്തുന്നതെന്നും ആ സഹജീവനം ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ മൂന്നു മതവിഭാഗങ്ങളിലും തീവ്രമായി നടന്നുവരുന്നു എന്നതാണ് ഭാവിയിലെ മലയാളി അഭിമുഖീകരിക്കുവാൻ പോകുന്ന ഏറ്റവും വലിയ വിപത്തെന്നുമുള്ള ആശയം മുന്നോട്ടുവെയ്ക്കുന്ന ഈ പ്രസംഗം ഒരു മലയാളി എഴുത്തുകാരൻ തൻ്റെ എഴുത്തിനെ രൂപപ്പെടുത്തിയ ഭാഷയോടും സംസ്കാരത്തോടുമുള്ള കടപ്പാടിനാൽ ചെയ്ത അമൂല്യ സംഭാവനയായി കാണാവുന്നതാണ്.
Published: 09 Jan 2026, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented