വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും സൈനികാക്രമണം ആരംഭിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനിടെ, ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ വാഷിങ്ടണിൽ എത്തി. യു.എസ്. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തിവരികയാണെന്ന് ആക്സിയോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അധികാരത്തിൽനിന്ന് പടിയിറങ്ങുംമുമ്പ് ഇറാനെതിരെ വീണ്ടുമൊരു സൈനികനീക്കം നടത്താനാണ് നെതന്യാഹുവിന്റെ നീക്കം. ഇതിനുവേണ്ടി ട്രംപിനെ പ്രേരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് റിപ്പോർട്ടിൽ പറയുന്നു. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി മൊസാദ് ഡയറക്ടർ റോമൻ ഗോഫ്മാൻ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കൂടാതെ, വൈറ്റ്ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കാണാൻ മിയാമിയിലേക്കും അദ്ദേഹം പോകുമെന്നാണ് സൂചന.
ഇറാനെതിരേ പെട്ടെന്ന് മറ്റൊരു സൈനികാക്രമണത്തിന് യു.എസ്. താൽപ്പര്യപ്പെടുന്നില്ല. പകരം, സാമ്പത്തിക ഉപരോധങ്ങളിലൂടെയും തുറമുഖ ഉപരോധങ്ങളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാനാണ് ട്രംപ് ഭരണകൂടം മുൻഗണന നൽകുന്നത്. എന്നാൽ, സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സൈനികബലം വീണ്ടും ഉപയോഗിക്കാൻ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നെതന്യാഹുവിനോട് ട്രംപ് ഫോണിൽക്കൂടി ദേഷ്യപ്പെട്ട് സംസാരിച്ചുവെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഇത് തീർത്തും അസംബന്ധമാണെന്നും വ്യാജവാർത്തയാണെന്നുമായിരുന്നു നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.
യുദ്ധം പുനരാരംഭിക്കാനുള്ള ആവശ്യങ്ങളെ ട്രംപ് ചെറുക്കുകയും ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ സാമ്പത്തിക സമ്മർദ്ദം തുടരാൻ തീരുമാനിക്കുകയുമായിരുന്നു. ഒരു അഭിമുഖത്തിൽ യുദ്ധം പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, "അതിന് യാതൊരു കാരണവുമില്ല" എന്നാണ് ട്രംപ് മറുപടി നൽകിയത്.
ഇറാനുമായുള്ള സംഘർഷവും ആണവതർക്കങ്ങളും നിലനിൽക്കെ, ഇസ്രായേൽ രഹസ്യാന്വേഷണ മേധാവിയുടെ യു.എസ്. സന്ദർശനം അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
Content Highlights: Mossad Director Roman Gofman held high-level talks in Washington., PM Netanyahu is reportedly pressuring US President Donald Trump for a military strike against Iran., The Trump administration currently favors economic and port blockades over immediate military action., Trump dismissed reports of an angry phone call with Netanyahu regarding the Iran issue.
Published: 13 Nov 2026, 09:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented