തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസിന് സമീപത്ത് നിന്ന് എൺപതിലധികം കടൽവെള്ളരികൾ വിൽക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി വനപാലകർക്ക് മുന്നിൽ കീഴടങ്ങി. വിഴിഞ്ഞം തൊഴിച്ചൽ വസന്ത ഭവനിൽ സുരേഷ് (44) ആണ് വനംവകുപ്പ് ഓഫീസിൽ കീഴടങ്ങിയത്. പ്രതിയെ നെടുമങ്ങാട് വനംകോടതി റിമാൻഡ് ചെയ്തു.

To advertise here,

മുൻകൂർ ജാമ്യത്തിനായി സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതോടെയാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനപാലകർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോവളം ലൈറ്റ് ഹൗസ് ഭാഗത്തുനിന്ന് മൂന്നുപേരെ പിടികൂടിയത്. മൂന്ന് കുപ്പികളിലാക്കിയാണ് കടൽവെള്ളരികളെ എത്തിച്ചിരുന്നത്. കണ്ണൂർ സ്വദേശികളാണ് ഇവ വാങ്ങാനെത്തിയത്. റെയ്ഡിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന സുരേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

പവിഴപ്പുറ്റുകളിൽ കാണപ്പെടുന്ന കടൽവെള്ളരികൾ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവികളാണ്. ഇവയെ കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും കടുത്ത കുറ്റമാണ്.

കടൽവെള്ളരികൾ വിൽപ്പനയ്ക്കായി എത്തിച്ചത് സുരേഷാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കോവളത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു.