തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിഷയത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച അവകാശവാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തുറന്നുപറഞ്ഞതോടെ സർക്കാരിന്റെ വിശ്വാസ്യത തകർന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. 

To advertise here,

കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്നും കരാർ അപ്രായോഗികമാണെന്നുമുള്ള മന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ ജിഎൻഎ വെറുമൊരു ഇടനില ഏജൻസി മാത്രമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുകയാണ് ചെയ്യുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. കരാറിലെ ക്രമക്കേടുകൾ കയ്യോടെ പിടികൂടിയപ്പോഴാണ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറിയത്. ജിഎൻഎയ്ക്ക് വേണ്ടി തീരുമാനം എടുത്തത് താൻ തന്നെയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പ്രസ്താവിച്ചത് ജനങ്ങൾ കേട്ടതാണ്. അതിനാൽ, ഇത്തരം വഴിവിട്ട നീക്കങ്ങൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയും നേതൃത്വത്തിലുമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുൻ കെ.എസ്.ഇ.ബി ചെയർമാന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവെച്ച് അന്വേഷണം പ്രഖ്യാപിച്ചശേഷം സർക്കാർ അതിൽനിന്ന് പിന്നോട്ട് പോയത് പ്രതിസന്ധിയിലാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. മുൻ ചെയർമാൻ രാജമാണിക്യം ചൂണ്ടിക്കാണിച്ച അഭിപ്രായത്തോടാണ് വൈദ്യുതി മന്ത്രിക്കും യോജിപ്പുള്ളതെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള സർക്കാരിന്റെ തന്ത്രം പൊളിഞ്ഞിരിക്കുകയാണ്. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളെ അതേ മന്ത്രിസഭയിലെ അംഗംതന്നെ തള്ളിയതിലൂടെ ഭരണത്തിലെ ഭിന്നതയും കൂട്ടുത്തരവാദിത്വമില്ലായ്മയുമാണ് മറനീക്കി പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാതെതന്നെ സംസ്ഥാനത്തെ സാഹചര്യം കൈകാര്യംചെയ്യാമെന്ന് റെഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടും ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിൽ ഇടപെടൽ നടത്താതെ നിഷ്ക്രിയത്വം പാലിച്ചത് മനഃപൂർവം വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാനാണോ എന്നും പിണറായി ചോദിച്ചു. ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും കരാറിനായി ആരാണ് സമ്മർദം ചെലുത്തിയതെന്ന് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഒളിച്ചോടാതെ വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി കൂട്ടിച്ചേർത്തു.