ഞാന്‍ ഒരു നിഴലല്ല. നിഴലിന്റെ നിഴലുപോലുമല്ല. അറുപത്തിഅഞ്ച് വര്‍ഷങ്ങളായി 'ഫിക്ഷന്‍' വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍, ഞാന്‍ സ്വരൂപിച്ച നിഴലിനെക്കുറിച്ചുള്ള സങ്കല്പം പോലും ഫിക്ഷണലൈസ്ഡ് അഥവാ കെട്ടുകഥാ സ്വഭാവമുള്ളതാണ്. ഈ കാലം മുഴുവനും ഫിക്ഷന്‍ വായിച്ച് കാലം കഴിച്ചുകൂട്ടിയത് എന്തിനാണെന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്. വായന, ചര്‍ച്ച, വാദങ്ങള്‍, പ്രതിവാദങ്ങള്‍, സെമിനാറുകള്‍, അപൂര്‍വ്വമായെങ്കിലും ഓണ്‍ലൈന്‍ സാഹസങ്ങള്‍, പുസ്തകങ്ങള്‍, എഴുത്തുകാരുമായുള്ള സൗഹൃദങ്ങള്‍, ഇങ്ങനെയൊരു ജീവിതമാണോ യഥാര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിച്ചത്? വിനയം കൊണ്ട് പറയുകയാണെന്ന് തോന്നരുത്; അല്ല, സത്യമായും അല്ലേ അല്ല. ഈ കെട്ട കാലത്തും ഞാനറിയാതെ സ്വയേച്ഛക്ക് വിരുദ്ധമായി ഞാനും ചിലതൊക്കെ എഴുതിപ്പോകാറുണ്ട്. അയവെട്ടല്‍ ശീലമാക്കിയ ഒരു പശു പുല്ലു തിന്നുന്നത് പോലെയേ അതിനെ കണക്കാക്കേണ്ടതുള്ളൂ.

To advertise here,

 ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനം, മഹാനായ കഥാകാരന്‍ ടി.ആര്‍.ന്റെ പത്രാധിപത്യത്തില്‍ മലയാളത്തിലെ കൊച്ചുമാസികകളിലെല്ലാം ഒരു മാസികയുടെ പരസ്യം കണ്ടുപോന്നിരുന്നു.  മാസികയുടെ പേര് 'നൂതന പ്രവേശന ദ്വാരം' എന്നായിരുന്നു. (എന്തൊരു പേര് അല്ലേ?) ''സാഹിത്യം ഇല്ല, ഇല്ലേയില്ല; ഇല്ലല്ലോ ടെന്നിസി വില്യംസ് കാനായി'' എന്നായിരുന്നു മാസികയുടെ പരസ്യവാചകം. സാഹിത്യം ഇല്ല, ഇല്ലേയില്ല എന്ന വാക്യം എന്നെ വലുതായി സ്വാധീനിക്കുക തന്നെ ചെയ്തു. അവനവനില്‍ മാത്രം അഭിരമിക്കുകയും മറ്റ് സഹജീവികളുടെ പുസ്തകങ്ങള്‍ വായിക്കാതിരിക്കുകയും ശീലമാക്കിയ തൊണ്ണൂറ് ശതമാനം എഴുത്തുകാരെയും ആദരവോടെ ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

 അങ്ങനെയിരിക്കെ 1978-ല്‍ ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ നാടകോത്സവത്തിന് പോയത്. കാസര്‍കോട് നിന്ന് പി.എം. മുരളീധരനും ജി. ബി. വത്സനും ഞാനുമാണ് പോയത്. അതിനിടയില്‍ കുട്ടികള്‍ക്ക് വേണ്ടി 'ചരിത്രഗാഥ' 'അനന്തരം' എന്നീ നാടകങ്ങള്‍ ജി.ബി. വത്സനും ഞാനും ചേര്‍ന്ന് എഴുതിയിരുന്നു. എം. സുകുമാരന്റെ ചരിത്രഗാഥ എന്ന കഥയെ അവലംബിച്ച് അതേ പേരില്‍ ഞാന്‍ ഒരു സ്വതന്ത്രരംഗാവിഷ്‌കാരവും എഴുതി. എന്റെ നാടകങ്ങളില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിച്ചത് ചരിത്രഗാഥയാണ്. ബാലന്‍ ടി. തിരുവനന്തപുരം എന്ന അകാലത്തില്‍ പൊലിഞ്ഞുപോയ എന്റെ സുഹൃത്ത് തിരുവനന്തപുരത്ത് ചരിത്രഗാഥ ചെയ്യുമ്പോള്‍ അതിന്റെ സ്റ്റേജ് ഡിസൈന്‍ നിര്‍വ്വഹിച്ചത് സാക്ഷാല്‍ ജോണ്‍ അബ്രഹാമായിരുന്നു.

 ഏതായാലും എറണാകുളത്തെ നാടകോത്സവം നാടകത്തെക്കുറിച്ചുള്ള പല ഉള്‍ക്കാഴ്ചകളും എനിക്ക് തന്നു. നാടകമെന്ന പേരില്‍ ഇതുവരെ എഴുതിയതും അവതരിപ്പിച്ചതുമെല്ലാം നാടകമല്ലെന്നും നാടകത്തിന് അതിന്റേതായ ഭാഷയും വ്യാകരണവുമുണ്ടെന്നും ജീവിതത്തിലാദ്യമായി എനിക്ക് ബോധ്യപ്പെട്ടു.

  ഒരു കവിക്കോ കഥാകാരനോ നോവലിസ്റ്റിനോ തന്റെ കവിതയോ കഥയോ നോവലോ തന്റെ മാത്രം സര്‍ഗ്ഗാത്മക വിജയമാണെന്ന് (അങ്ങനെ പറയുന്നത് സാമൂഹികമായ അര്‍ത്ഥത്തില്‍ വെറും ഭോഷ്‌കാണു താനും) വേണമെങ്കില്‍ അവകാശപ്പെടാം. പക്ഷേ ഒരു നാടകകൃത്തിന് ഒരിക്കലും അങ്ങനെ അവകാശപ്പെടാന്‍ അധികാരമില്ല. നാടകം എന്ന സാമൂഹികമായ കൂട്ടായ്മയുടെ ഒരു ചെറിയ അംശം മാത്രമാണ് നാടകകൃതി.

  നാടകത്തിന്റെ മറ്റൊരു സവിശേഷത കാണികളുടെ നാടകാവബോധത്തിനും അരങ്ങിന്റെ പ്രബുദ്ധതയ്ക്കും അനുസരിച്ച് അവതരിപ്പിക്കുന്ന ഓരോ നാടകവും ഓരോന്നാണ്. ദേശീയ നാടകോത്സവത്തില്‍ കണ്ട 'അവനവന്‍ കടമ്പ', 'ഖാസിറാം കൊത്തുവാള്‍' തുടങ്ങിയ അനേകം നാടകങ്ങള്‍ നാടക മേന്മയെയും നാടകാവിഷ്‌കാരത്തെയും കുറിച്ചുള്ള ഞങ്ങളുടെ ധാരണകള്‍ പാടേ തിരുത്തിയെഴുതി.
 എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിന്റെ നിര്‍ബന്ധിത ലോകത്തിനപ്പുറം മനുഷ്യരുടെ കൂട്ടായ്മയുടെയും സാമൂഹികമായ പങ്കാളിത്തത്തിന്റെയും മറ്റൊരു തുറസ്സ് ജീവിതത്തിലാദ്യമായി കണ്ടെത്തപ്പെടുകയായിരുന്നു.

 അരങ്ങിലെ വെളിച്ചത്തില്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ കെട്ടിയാടുന്ന അഭിനേതാക്കളും സദസ്സിലെ ഇരുട്ടിലിരുന്ന് അതില്‍ പങ്കാളികളാവുന്ന പ്രേക്ഷകരും തമ്മില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ അനുകൂലമായോ പ്രതികൂലമായോ ഉള്ള ഒരു വിമര്‍ശനപാഠം അറിയാതെ പങ്കുവയ്ക്കുന്നുണ്ട്. നാടകത്തിലല്ലാതെ മറ്റൊരു കലാരൂപത്തിനും ഇത് അവകാശപ്പെടാനാവില്ല.
 നാടകത്തിന്റെ ദര്‍ശനമോ സാമൂഹ്യവിരുദ്ധമായാല്‍ പോലും ചിലപ്പോള്‍ നാടകം നാം പ്രതീക്ഷിക്കാത്തവിധത്തില്‍ ഗുണപരമായിത്തീരുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. അസംബന്ധ നാടകവേദിയുടെ ആചാര്യനായ സാമുവല്‍ ബക്കറ്റിന്റെ വെയ്റ്റിംഗ് ഫോര്‍ ഗോദോ എന്ന നാടകത്തെപ്പറ്റി കേള്‍ക്കാത്തവരുണ്ടാവില്ല. ഒരിക്കലും വന്നെത്താത്ത  ഗോദോ എന്ന രക്ഷകനെ കാത്തുനില്‍ക്കുന്ന കുറെ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെ നിസ്സഹായതയും ജീവിതത്തിന്റെ ആത്യന്തികമായ നിരര്‍ത്ഥകതയുമാണ് നാടകകൃത്ത് പറഞ്ഞുവയ്ക്കുന്നത്. പക്ഷേ ദക്ഷിണാഫ്രിക്കയിലെ ഒരു ചേരിപ്രദേശത്ത് യുവാവായ ഒരു സംവിധായകന്‍ ഈ നാടകം അവതരിപ്പിച്ചു. ആ ചേരിയിലെ കള്ളന്മാരും കുഷ്ഠരോഗികളും പിടിച്ചുപറിക്കാരും വേശ്യകളും തന്നെയായിരുന്നു അതിലെ അഭിനേതാക്കള്‍. നാടകം കഴിഞ്ഞപ്പോള്‍ 500 ലധികം വരുന്ന കാണികളും അഭിനേതാക്കളും വാവിട്ട് നിലവിളിക്കുന്നതാണ് കണ്ടത്. തങ്ങളുടെ ജീവിത ദൈന്യതയുടെ ആഴവും അസ്തിത്വപരമായ വ്യര്‍ത്ഥതയുമാണ് നാടകം അവരെ ഓര്‍മിപ്പിച്ചിട്ടുണ്ടാവുക.

 ഏതായാലും സാഹിത്യത്തില്‍ നിന്ന് എന്നെ വിമോചിപ്പിച്ച് മനുഷ്യനാക്കിത്തീര്‍ത്ത 'നാടകദൈവ'ത്തിന് നന്ദി.

എന്‍.ശശിധരന്‍ എഴുതിയ പുസ്തകങ്ങള്‍ വാങ്ങാം

 

Content Highlights :writers diary n sasidharan shares  personal experiences in writing