തിരുവനന്തപുരം: പത്തുവർഷം കാത്തിരുന്ന് ലഭിച്ച അധികാരത്തിന് ആറുമാസം തികയുന്ന മുഹൂർത്തത്തിൽത്തന്നെ അപശ്രുതി. കഴിവിലും കാമ്പിലും മുന്നിൽനിൽക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഭരണനിർവഹണ ശൈലിയോടുള്ള എതിർപ്പാണ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിലുയർന്നത്. ശക്തനായ മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസിൽ കാവൽ പ്രസിഡന്റുമെന്ന നിലവന്നതോടെ തീരുമാനമെടുക്കലെല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതിയാണ് പ്രശ്‌നങ്ങൾക്കുള്ള യഥാർഥ കാരണം.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിലെ തർക്കംതന്നെ ദിശാസൂചികയായിരുന്നു. നിർദേശിച്ച മൂന്ന് അംഗങ്ങളോടും മന്ത്രിമാർക്ക് വലിയ എതിർപ്പുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് ഫയൽ കൊണ്ടുചെന്ന് കൈയോടെ ഒപ്പിടീക്കാൻ തുനിഞ്ഞത് ചില മന്ത്രിമാർക്ക് പിടിച്ചില്ല.
ഈ സാഹചര്യം നിലനിൽക്കെയാണ് പി.എസ്.സി. അംഗങ്ങളുടെ പട്ടികയും സമാനരീതിയിൽ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വെച്ചത്. ഇതിൽ രണ്ട് ലക്ഷ്യങ്ങളുണ്ടാകാം. എല്ലാ തീരുമാനങ്ങളും മുൻകൂർ ചർച്ചചെയ്യണമെന്ന നിർബന്ധം പ്രായോഗികമല്ല, അതിന് കീഴ്പ്പെടുന്നില്ല. തീരുമാനമെടുക്കുന്നതിൽ മുഖ്യമന്ത്രിക്കുതന്നെയാണ് മേൽക്കൈ.
കെ.പി.സി.സി. പ്രസിഡന്റ്, മുൻ പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ എന്നിവരെല്ലാം മന്ത്രിസഭയിലുണ്ടെന്നിരിക്കേ, എല്ലാ കാര്യങ്ങളും അവരറിയുന്നുണ്ടെന്ന പ്രതിരോധമായിരുന്നു മുഖ്യമന്ത്രിയുടെ പരിച. ഒന്നും ചർച്ചചെയ്യുന്നില്ലെന്ന യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തെ മുഖ്യമന്ത്രി നേരിട്ടതും ഇങ്ങനെ. എന്നാൽ, തന്റെ വകുപ്പിലെ കാര്യംപോലും പത്രത്തിൽനിന്നാണ് അറിഞ്ഞതെന്നു പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റുതന്നെ രംഗത്തെത്തിയപ്പോൾ ഈ വാദത്തിന്റെ മുനയൊടിഞ്ഞു.
രമേശ് ചെന്നിത്തല ഇടപെട്ട് വി.ഡി. സതീശനുമായും സണ്ണി ജോസഫുമായും സംസാരിച്ച് അനുനയിപ്പിച്ചെങ്കിലും അതിനുശേഷവും സണ്ണി ജോസഫ് നിലപാട് പരസ്യമായി പറഞ്ഞു.
ആസൂത്രണ ബോർഡിലേക്ക് രണ്ടു വനിതകളെ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത് അതിലൊരാൾ സുധാ മേനോൻ ആകണമെന്ന താത്പര്യത്തിലാണ്. കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ ആവശ്യമായാണ് ഈ പേര് ഉയർന്നുവന്നത്. ആസൂത്രണബോർഡിലേക്ക് മുഖ്യമന്ത്രി നിയമിച്ചതാകട്ടെ ബിന്ദു കൃഷ്ണയടക്കം രണ്ടു വനിതാ മന്ത്രിമാരെ. ഇതിൽ ശക്തമായ അതൃപ്തി പുകയുന്നുണ്ട്.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നിരുന്ന എ ഗ്രൂപ്പ് നേതാക്കളും പ്രതിഷേധത്തിലാണ്.
Content Highlights: Friction emerged in the cabinet after six months of coming to power., Ministers are unhappy with the Chief Minister's centralized decision-making style., Controversies arose over Guruvayur Devaswom Board and PSC member appointments., KPCC leaders and various factions expressed strong dissatisfaction over lack of prior discussions.
Published: 19 Nov 2026, 04:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented