ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാണയിലും ജമ്മു-കശ്മീരിലുമായി 200 മണ്ഡലങ്ങളിൽ 2024-ൽ നടന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൈകുന്നേരം അഞ്ചിനുശേഷം വോട്ട് ചെയ്തവരുടെ കണക്കുകൾ തിരഞ്ഞെടുപ്പുകമ്മിഷനിൽ ഇല്ലെന്ന് റിപ്പോർട്ട്.

To advertise here,

ഈ 200 മണ്ഡലത്തിൽ എങ്ങനെ പോളിങ് പൂർത്തിയാക്കിയെന്ന കാര്യത്തിൽ കമ്മിഷൻ പൂർണമായും ഇരുട്ടിലായിരുന്നെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണറിപ്പോർട്ടിൽ കണ്ടെത്തി. 2024-ൽ 530-ഓളം പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് സമയം വൈകീട്ട് ആറുവരെയുണ്ടായിരുന്നു.

വോട്ടെടുപ്പുദിവസം ഓരോ രണ്ടുമണിക്കൂർ ഇടവിട്ടും വോട്ടിന്റെ കണക്ക് രേഖപ്പെടുത്തണമെന്നത് തിരഞ്ഞെടുപ്പുകമ്മിഷന്റെ പൊതു നിർദേശമാണ്. ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം പ്രത്യേകമായി 17-എ എന്ന ഫോമിലും രേഖപ്പെടുത്തണം. അവസാനം ഇതും പോളിങ് കണക്കും തമ്മിൽ ഒത്തുനോക്കണമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ രേഖപ്പെടുത്തുന്ന കണക്കാണ് ആധികാരികം. പ്രത്യേകമായി രേഖപ്പെടുത്തുന്ന വോട്ടുകൾ തിട്ടപ്പെടുത്തി അടുത്തദിവസമേ അന്തിമ പോളിങ് ശതമാനം പുറത്തുവരാറുള്ളൂ എന്നിരിക്കേ, വൈകീട്ടത്തെ കണക്കുകളൊന്നും ലഭ്യമല്ലാതിരിക്കുന്നത് കമ്മിഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നു.

പോളിങ് സമയം അവസാനിക്കുന്നത് സാധാരണയായി വൈകുന്നേരം അഞ്ചുമണിക്കാണെങ്കിലും ആ സമയത്ത് ബൂത്തിനുമുന്നിലെ വരിയിൽ നിൽക്കുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കാറാണ് പതിവ്. എന്നാൽ, 2024-ൽ റിപ്പോർട്ടേഴ്സ് കളക്ടീവ് പരിശോധിച്ച 200 മണ്ഡലങ്ങളിൽ ഈ കണക്കുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടില്ല. ഈ സമയത്ത് നടക്കുന്ന പോളിങ്ങിന്റെ ശതമാനം പലപ്പോഴും തിരഞ്ഞെടുപ്പുഫലത്തിൽ നിർണായകമാകാറുണ്ട്. കാരണം ഏറ്റവുമധികം കള്ളവോട്ടുകൾക്ക് സാധ്യതയുള്ളത് ഈ സമയത്താണ്.

എന്നാൽ, സമയം അവസാനിച്ച ശേഷമുള്ള പോളിങ് സംബന്ധിച്ച് പ്രത്യേകിച്ചൊരു നിയമപരമായ രേഖയില്ലെന്നും പോളിങ് അവസാനിച്ച ശേഷമേ അന്തിമ കണക്ക് ലഭ്യമാകാറുള്ളൂവെന്നുമാണ് ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയത്. കമ്മിഷൻ പുറത്തുവിടുന്ന ഇൻഡക്സ് കാർഡിൽ ആധികാരിക കണക്ക് ലഭ്യമാണെന്നിരിക്കേ ആരോപണത്തിൽ കാര്യമില്ലെന്ന് മഹാരാഷ്ട്രയുടെയും ജമ്മു-കശ്മീരിന്റെയും സി.ഇ.ഒ.മാർ ചൂണ്ടിക്കാട്ടി.