ഷെൻഷെൻ (ചൈന): ആഗോളരാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ചൈനയിലെ ഷെൻഷെൻ നഗരം ഒരുങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ എന്നിവർ വ്യാഴാഴ്ച ആദ്യമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തും.

To advertise here,

ഏഷ്യ -പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് (അപെക്) മൂന്ന് വൻശക്തികളുടെ നേതാക്കൾ പങ്കെടുക്കുന്ന ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച. ഫിലിപ്പീൻസ് സന്ദർശനത്തിനുശേഷം ബുധനാഴ്ച ഷെൻഷെനിലെത്തിയ ട്രംപിനെ ഷി ജിൻപിങ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ചുവന്ന പരവതാനിയും സൈനിക ബഹുമതികളും നൃത്തസംഘങ്ങളുടെ അകമ്പടിയോടെയുമായിരുന്നു സ്വീകരണം. നേരത്തേ എത്തിയ പുതിനുമായി ഷി രണ്ടുമണിക്കൂറോളം ചർച്ച നടത്തി.

വ്യാപാരയുദ്ധവും ഉപരോധങ്ങളും വിഷയം

ലോകവ്യാപാരത്തിൽ കൂടുതൽ തുറന്ന സമീപനവും തുല്യമായ വളർച്ചയും വേണമെന്ന് ഷി അപെക് വേദിയിൽ ആവശ്യപ്പെട്ടു. നികുതി വർധനയും വ്യാപാരനിയന്ത്രണങ്ങളും ഉൾപ്പെടുന്ന ട്രംപിന്റെ ’അമേരിക്ക ആദ്യം’ നയത്തിന് വിപരീതമായ നിലപാടാണിത്. അമേരിക്ക ചൈനീസ് ഉത്പന്നങ്ങൾക്കുമേലേർപ്പെടുത്തിയ അധികതീരുവകളും എൻവിഡിയയുടെ അത്യാധുനിക എ.ഐ. ചിപ്പുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ കയറ്റുമതിനിയന്ത്രണങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്കവിഷയങ്ങളാണ്. ആഗോള നിക്ഷേപകർക്കായി ചൈന വിപണി കൂടുതൽ തുറക്കുമെന്നും ഷി പ്രഖ്യാപിച്ചു.

അതേസമയം, റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങളെയും തീരുവകളെയും കയറ്റുമതിനിയന്ത്രണങ്ങളെയും പുതിൻ വിമർശിച്ചു. ഇവയ്ക്ക് പഴയതുപോലെ ഭീഷണിപ്പെടുത്താനുള്ള ശേഷിയില്ലെന്നും ഏഷ്യ -പസഫിക് മേഖല റഷ്യയുടെ വ്യാപാരബന്ധങ്ങളിൽ നിർണായകമാണെന്നും പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാരതർക്കങ്ങൾക്കിടെ ചൈനയുമായി സാമ്പത്തികബന്ധം ശക്തമാക്കാനുള്ള നീക്കത്തിലാണ് കാനഡയും. ഷിയുമായുള്ള കൂടിക്കാഴ്ചയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പരസ്പര തീരുവകൾ കുറയ്ക്കാൻ ധാരണയിലെത്തി.

ചർച്ചയിൽ ആഗോള സംഘർഷങ്ങൾ

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകളും ആണവായുധ നിയന്ത്രണവും ഇറാനിലെ സംഘർഷവും എ.ഐ. വളർച്ച ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളും ചർച്ചയിൽ ഇടംപിടിക്കും. റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ സഹായിക്കുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. തായ്‍വാന്റെ പരമാധികാരവും ചൈന-അമേരിക്ക ബന്ധത്തിലെ നിർണായക വിഷയമാണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ പ്രധാന ആണവായുധ നിയന്ത്രണകരാറായ ‘ന്യൂ സ്റ്റാർട്ടി’ന്റെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു.