
ഇക്കഴിഞ്ഞ ഡിസംബർ അഞ്ചാം തീയതി ഒരു പത്രപ്രവർത്തകന്റെ നൂറ്റിയഞ്ചാം ജന്മദിനമായിരുന്നു. അദ്ദേഹം മരിച്ചിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞു. എന്നാൽ, 1940 -1990 വരെയുള്ള അരനൂറ്റാണ്ടിൽ കേരളത്തിൽ ഒരു പത്രലേഖകൻ ജീവിച്ചതെങ്ങനെ എന്നതോർക്കാൻ തിരുവാർപ്പ് ബാലൻ എന്ന ഓർമ മാത്രം മതി.
എന്റെ ബാല്യത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടുതുടങ്ങി. 1960-കളിൽ. മുറിക്കയ്യൻ ഖദർ ഷർട്ടിട്ട ഒരു കൃശഗാത്രൻ 'ലോകത്തിൽ ആരേയും ശല്യപ്പെടുത്താനിടവരരുതേ' എന്ന വിചാരത്തോടെ മൃദുപാദനായി, നഗ്‌നപാദനായി നടന്നുപോകുന്നതാണ് എന്റെ മനസ്സിലെ ആദ്യ തിരുവാർപ്പ് ബാലൻ ചിത്രം.
കോട്ടയത്തിനടുത്ത് തിരുവാർപ്പ് എന്ന ഒരു സ്ഥലമുണ്ടെന്ന് ഞാനറിയുന്നതിനും മുൻപേ ആയിരുന്നു തിരുവാർപ്പ് ബാലൻ എന്ന പേര് ഞാൻ കേട്ടത്. കോട്ടയത്ത് കാരാപ്പുഴ എൻഎസ്എസ് ലോവർ പ്രൈമറി സ്‌കൂളിൽ ഞാൻ പഠിക്കുമ്പോഴായിരുന്നു അത്.1967 -68 കാലമായിരുന്നിരിക്കണം. അച്ഛൻ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി, ' ഇത് തിരുവാർപ്പ് ബാലൻ. പത്രപ്രവർത്തകനാണ്'. ഞാൻ അന്ന് പത്രം വായിച്ചുതുടങ്ങിയിട്ടില്ല. പത്രം വായിച്ചു തുടങ്ങുന്നതിനും മുൻപേ അങ്ങനെ ഒരു പത്രപ്രവർത്തകനെ പരിചയപ്പെട്ടു.അങ്ങനെ ജീവിതത്തിൽ ഞാനാദ്യം കണ്ട പത്രപ്രവർത്തകനായിമാറി തിരുവാർപ്പ് ബാലൻ.
ഞാൻ അഞ്ചാം ക്ലാസിൽ ആയപ്പോഴേക്കും പത്രം ശ്രദ്ധിച്ചു വായിക്കാൻ തുടങ്ങിയിരിക്കണം. എനിക്കോർമയുള്ള ആദ്യ പത്രവാർത്ത ഒരു പക്ഷേ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതായിരിക്കണം. അത് വാർത്തയായിരുന്നില്ല, മഹാവാർത്ത ആയിരുന്നു. ആ ദിവസങ്ങളിലൊന്നിൽ തിരുവാർപ്പ് ബാലൻ എന്റെ അച്ഛനോടൊപ്പം വീട്ടിൽ വന്നപ്പോൾ എൺപതു വയസ്സുണ്ടായിരുന്ന എന്റെ അപ്പൂപ്പൻ പറഞ്ഞതോർക്കുന്നു, 'ഇതൊക്കെ കോട്ടയത്തെ ലേഖാ സ്റ്റുഡിയോയിൽ എടുത്ത പടമായിരിക്കും, അല്ലാതെ മഹാശിവന്റെ തലയിലിരിക്കുന്ന ചന്ദ്രനിൽ എങ്ങനെയാണ് മനുഷ്യനിറങ്ങാൻ കഴിയുന്നത്'.
വാക്കിലും ചിരിയിലും ലുബ്ധനായി എനിക്കു തോന്നിയിരുന്ന തിരുവാർപ്പ് ബാലൻ ചേട്ടൻ പൊട്ടിചിരിച്ചതോർക്കുന്നു. പത്രപ്രവർത്തനം അന്നും ഇന്നും പ്രയാസമാണ്. ഇന്നും വിശ്വാസിയുടെ ഗണപതിഹോമവും അതിനുശേഷം അതേ ശാസ്ത്രജ്ഞൻ ശ്രീഹരിക്കോട്ടയിൽ നടത്തുന്ന റോക്കറ്റ് വിക്ഷേപണവും സർക്കസ്സുകാരന്റെ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്താലേ പത്രപ്രവർത്തനത്തിന് രക്ഷയുള്ളൂ.
പുന്നപ്ര -വയലാർ സമരം സമരഭൂമിയിൽനിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനായിരുന്ന തിരുവാർപ്പ് ബാലൻ. നഗ്‌നപാദനായി നൂറ്റിയൊന്നു തവണ ശബരിമല കയറിയിരുന്നു. നൂറ്റിയൊന്നു തവണ മല കയറിക്കഴിഞ്ഞപ്പോൾ അന്ന് ഹിന്ദു ദിനപ്പത്രം അത് വാർത്തയാക്കിയിരുന്നു. ഒരേസമയം മനോരമ, മാതൃഭൂമി, മലയാളരാജ്യം, കേരളഭൂഷണം, പൗരധ്വനി, പൗരപ്രഭ എന്നീ പത്രങ്ങൾക്ക് ശബരിമലയിൽ നിന്നുള്ള റിപ്പോർട്ടുകൾ അദ്ദേഹം അയച്ചിരുന്നത്രേ. അദ്ദേഹം ശബരിമലയിൽനിന്ന് റിപ്പോർട്ടുകൾ അയച്ചിരുന്ന 1950-കളിൽ ഒരു കൊല്ലത്തിൽ ശബരിമല സന്ദർശിച്ചിരുന്നവരുടെ എണ്ണം അയ്യായിരത്തിലും കുറവായിരുന്നത്രേ.
ഞാൻ ഹൈസ്‌കൂളിലെത്തുന്ന കാലത്ത് അച്ഛൻ വീട്ടിൽ രണ്ടു പത്രങ്ങൾ വരുത്തിയിരുന്നു, രണ്ടിലൊന്ന് ദേശാഭിമാനിയായിരുന്നു. രണ്ടു പത്രങ്ങളിൽ ഞാൻ ദേശാഭിമാനി ആദ്യം വായിക്കാനെടുക്കുന്നു എന്ന് അച്ഛൻ കണ്ടതിന്റെ പിറ്റേന്നുമുതൽ ആ പത്രം വരുത്തുന്നത് അച്ഛൻ നിർത്തി. സർക്കാരുകൾ മാത്രമല്ല പത്രങ്ങൾ നിരോധിക്കുന്നത്, അച്ഛന്മാരുമാണ്. അധികാരത്തിന് വീട്ടിലും നാട്ടിലും ഒരേ രൂപമാണ്. പിന്നെ ഞാൻ ദേശാഭിമാനി വായിച്ചിരുന്നത് കോട്ടയത്ത് ഇന്നത്തെ കുട്ടികളുടെ ലൈബ്രറിയുടെ സമീപം അലക്കുകമ്പനി നടത്തിയിരുന്നയാളിന്റെ മേശപ്പുറത്തുനിന്നായിരുന്നു.
പഴയ തിരുവിതാംകൂറിന്റെയും കൊച്ചി രാജ്യത്തിന്റെയും ചെമ്പുനാണയങ്ങൾ നിർത്തിവച്ചിരുന്ന ആ മേശയുടെ മേൽ ഒരു ചില്ലുപാളി ഉണ്ടായിരുന്നു. അതിന്റെ മേൽ ദേശാഭിമാനി പത്രവും. അതു വായിച്ചിട്ടായിരുന്നു ഞാൻ സ്‌കൂളിലേക്ക് പോയിരുന്നത്. അപ്പോൾ ആ കടയുടെ മുന്നിലൂടെ തിരുവാർപ്പു ബാലൻ ചേട്ടൻ കക്ഷത്തിൽ ഒരു പത്രവും വെച്ച് നടന്നുപോകുമായിരുന്നു. എന്നെ തിരിച്ചറിഞ്ഞിട്ട് ചോദിച്ചു, വീട്ടിൽ പത്രമില്ലേ എന്ന്. എന്നിട്ട് കൈയ്യിലെ പത്രം എനിക്കുവായിക്കുവാൻ തന്നു. അത് 'മലയാളരാജ്യം' പത്രമായിരുന്നു. നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ ഇറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു.
പത്തുവയസ്സുള്ളപ്പോൾ ഞാൻ നേരിൽ കണ്ടിട്ടുള്ള മറ്റു രണ്ടു പത്രപ്രവർത്തകർ ദേശാഭിമാനിയിലെ പണിക്കരു ചേട്ടനും മാതൃഭൂമിയിലെ എൻ.ചെല്ലപ്പൻ പിള്ളയുമായിരുന്നു. ചെല്ലപ്പൻപിള്ളച്ചേട്ടന്റെ ലേഖാ സ്റ്റുഡിയോയിലാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നു ചന്ദ്രയാനത്തിന് പുറപ്പെട്ട അപ്പോളോ-2 ചാന്ദ്രഗ്രഹത്തിലിറങ്ങിയെന്ന നുണയുടെ ഫോട്ടോ എടുത്തതെന്ന് എന്റെ അപ്പൂപ്പൻ വിശ്വസിച്ചിരുന്നത്. ആ സ്റ്റുഡിയോയിൽനിന്നു നൂറു മീറ്റർ അകലത്തിലാണ് തിരുനക്കരയിലെ ചന്ദ്രശേഖര മഹാദേവൻ അപ്പൂപ്പനെ അനുഗ്രഹിച്ചിരുന്നത്.
മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ പിറ്റേന്ന് ശാസ്ത്രകുതുകികൾ കോട്ടയത്തെ പബ്ലിക് ലൈബ്രറിക്കവലയിൽ മധുരം വിതരണം ചെയ്തപ്പോൾ മുണ്ടു മടക്കിക്കുത്തി തിരുവാർപ്പു ബാലൻ അവിടെ നിൽപ്പുണ്ടായിരുന്നു. പിറ്റേന്ന് പത്രങ്ങളിൽ ആ വാർത്ത വന്നു. മറ്റൊരോർമയുമുണ്ട്. 1975 ജൂൺ മാസത്തിലെ ഒരു വൈകുന്നേരം. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു . കോട്ടയത്തെ ഗാന്ധിപ്രതിമയ്ക്കു സമീപം ഞാൻ അച്ഛനോടൊപ്പം നിൽക്കുമ്പോൾ തിരുവാർപ്പ് ബാലൻ വന്നറിയിച്ചു , 'രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ജയപ്രകാശ് നാരായണൻ ജയിലിലായി'.
തിരുവാർപ്പു ബാലൻ ചേട്ടനും ഞങ്ങളുടെ കുടുംബവും തമ്മിൽ കുടുംബബന്ധമുണ്ടായിരുന്നു. അതിനാൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരു വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും കോട്ടയത്തെ ഒറവയ്ക്കലുള്ള ബാലൻ ചേട്ടന്റെ വീട്ടിൽ ഞാൻ പോകുമായിരുന്നു. പുറമേ ശാന്തനും സൗമ്യശാലിയുമായിരുന്ന തിരുവാർപ്പ് ബാലൻ വീട്ടിൽ അതിപ്രതാപശാലിയായ പുരുഷകേസരിയായിരുന്നു എന്നെനിക്കു തോന്നിയിരുന്നു. അദ്ദേഹത്തിന്റെ വാക്കും മൗനവുമായിരുന്നു അവിടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. മെലിഞ്ഞ ശരീരക്കാർ കർശനക്കാരായിരിക്കുമെന്ന് എന്റെ മലയാളാധ്യാപകൻ കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ചു പറഞ്ഞപ്പോൾ നിരീക്ഷിച്ചതോർമ വരുന്നു.
പൗരധ്വനി, മലയാളരാജ്യം, പൗരപ്രഭ, കേരളഭൂഷണം, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലും ആകാശവാണിക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചുവെങ്കിലും തിരുവാർപ്പ് ബാലനെ നാം ഓർക്കുന്നത് ഏതെങ്കിലും പത്രസ്ഥാപനവുമായി ബന്ധപ്പെടുത്തിയല്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ആരുടെ സ്വന്തം ലേഖകനായിരുന്നു എന്നു പറയുക വിഷമകരമാണ്. ആരും അദ്ദേഹത്തെ സ്വന്തമാക്കിയില്ല, എന്നാൽ എല്ലാവരും അദ്ദേഹത്തിന് സ്വന്തക്കാരായിരുന്നു.
പത്രവിതരണത്തിൽനിന്നു ജോലി തുടങ്ങി കോട്ടയത്തിന്റെ സ്വന്തം ലേഖകനായി മാറിയ തിരുവാർപ്പ് ബാലൻ കാലുചവുട്ടിയ മണ്ണിൽ ഉറച്ചു നിന്നു . അദ്ദേഹം ഒരിക്കലും ചെരിപ്പിട്ടില്ല. സൗമ്യമായി, ഒതുങ്ങി, പിൻവാങ്ങി നിന്ന് കോട്ടയത്തെ വർത്തമാനങ്ങൾ റിപ്പോർട്ട് ചെയ്ത തിരുവാർപ്പ് ബാലനെ വിഴുങ്ങാൻ പത്രവ്യാളികൾക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ അവരുടെ വിശപ്പകറ്റാൻ ആ കൃശഗാത്രത്തിലെ പത്രലേഖകന്റെ ജീവിതം മതിയാകില്ലായിരുന്നിരിക്കണം. എന്നാൽ, ഇക്കാലത്ത് തിരിഞ്ഞുനോക്കുമ്പോൾ പത്രസ്ഥാപനങ്ങളിൽനിന്നു വേറിട്ട് സ്വന്തം സ്വത്വത്തെ നിർണയിക്കാൻ പറ്റുന്ന പത്രപ്രവർത്തകരുടെ എണ്ണം തുലോം കുറവാണല്ലോ എന്ന് നാം മനസിലാക്കുന്നു. പത്രവ്യവസായത്തിന് വന്ന സ്വഭാവഗതികളാകാം ഇതിനുകാരണം.
അച്ചടി വാർത്താമാധ്യമങ്ങളുടെ കാര്യം മാത്രമാണ് ഞാൻ പറയുന്നത് . തിരുവാർപ്പ് ബാലൻ അച്ചടി വാർത്തയുടെ സൃഷ്ടിയാണല്ലോ. തിരുവാർപ്പ് ബാലൻ അച്ചടി വാർത്തകളുടെ സ്രഷ്ടാവുമായിരുന്നല്ലോ.
കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് മകൾ ബി. സരസ്വതി എഴുതിയ 'ചന്ദനഗന്ധം പോലെ' എന്ന പുസ്തകത്തിൽ പലതവണ തിരുവാർപ്പ് ബാലൻ എന്ന പേര് കടന്നുവരുന്നുണ്ട്. ഈ ഡിസംബറിലാണല്ലോ സരസ്വതി ടീച്ചർ അന്തരിച്ചത്. ആ വേളയിൽ ആ പുസ്തകം ഒന്നുകൂടി വായിച്ചു. കാരൂരിന്റെ വീട്ടിൽനിന്നാണ് കേരളത്തിലെ പുസ്തക പ്രസാധന ലോകത്തിലെ വസന്തകാലത്തിന്റെ രഥയാത്ര തുടങ്ങിയത്. ആ വീട്ടിൽ തകഴിയും പൊൻകുന്നം വർക്കിയും ബഷീറും എം.പി. പോളും എം. ഗോവിന്ദനും ലളിതാംബിക അന്തർജനവും വയലാർ രാമവർമയും എം.എൻ. ഗോവിന്ദൻ നായരും സി.എൻ. ശ്രീകണ്ഠൻ നായരും ഡി.സി. കിഴക്കേമുറിയും കാവാലം നാരായണപ്പണിക്കരും അയ്യപ്പപ്പണിക്കാരുമൊക്കെ സ്ഥിരസന്ദർശകരായിരുന്ന കാലത്ത് അവരോടൊപ്പം സൗമ്യശാലിയായിരുന്ന മറ്റൊരാളുടെ നിറസാന്നിധ്യവുമുണ്ടായിരുന്നു എന്ന് ബി. സരസ്വതിയുടെ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. അത് തിരുവാർപ്പ് ബാലനായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആദ്യ നിർവാഹക സമിതി അംഗമായിരുന്നു അദ്ദേഹം.
ഞാൻ കോളേജിൽ പഠിക്കുന്ന കാലമായപ്പോഴേക്കും മലയാള പത്രപ്രവർത്തനത്തിന്റെ കെട്ടും മട്ടും മാറിയിരുന്നു. എന്നാൽ, ബാലൻ ചേട്ടൻ പഴയ അച്ചുകൂടത്തിൽ മാത്രം പതിയിരിക്കുന്ന ചിത്രശലഭമെന്നോണം അക്കാലത്തും കാണപ്പെട്ടു. വഴിയിൽ എന്നെ കാണുമ്പോൾ പണ്ട് കുട്ടിക്കാലത്ത് എന്നോട് കാണിച്ചിരുന്ന വാത്സല്യം മുതിർന്ന കരുതലായി വളരുന്നത് എനിയ്ക്ക് അനുഭവമായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ കക്ഷത്തിൽ വിശുദ്ധപുസ്തകം പോലെ ഒരു പത്രമുണ്ടായിരുന്നു. സുവിശേഷകർ അക്കാലത്ത് കക്ഷത്തിൽ ബൈബിൾ കൊണ്ടുനടന്നിരുന്നതുപോലെ. മെലിവാർന്ന കാറ്റുപോകുന്നതുപോലെ അദ്ദേഹം എപ്പോഴും ഒറ്റയ്ക്ക് നടന്നുപോകുമായിരുന്നു.
1984 അവസാനമായിരുന്നു ഞാൻ കോട്ടയം വിട്ട് ആകാശവാണിയിൽ ചേർന്നത്. അതിനുശേഷം വർഷങ്ങളോളം എനിക്ക് തിരുവാർപ്പ് ബാലൻ എന്നത് മറ്റൊരു തരംഗദൈർഘ്യമായിരുന്നു. അത് ശബ്ദതരംഗത്തിന്റേതായിരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും തൃശൂരിലും ആകാശവാണിയിൽ പ്രവർത്തിക്കുമ്പോൾ കോട്ടയത്ത് എന്ത് നടക്കുന്നു എന്ന് ഞാനറിഞ്ഞിരുന്നത് ആഴ്ചയിലൊന്നിൽ അദ്ദേഹം റേഡിയോയിൽ ചെയ്തിരുന്ന കോട്ടയം വാർത്താപത്രികയിൽ നിന്നായിരുന്നു. അപ്പോഴത്തേക്കും നമ്മുടെ അച്ചടിപ്പത്രങ്ങളെ പ്രാദേശിക എഡിഷൻ എന്ന കമ്പോളപ്പരുന്ത് റാഞ്ചിയിരുന്നു.
കേരള ഗാന്ധി കേളപ്പൻ അനുസ്മരണം തിരുവനന്തപുരത്തു നടന്നാൽ അദ്ദേഹം ഉപ്പു കുറുക്കിയ പയ്യന്നൂരെ കടപ്പുറത്ത് അതറിയില്ല എന്ന നിലയിൽ വാർത്താമരങ്ങളുടെ selective felling തുടങ്ങിയിരുന്നു. അഴീക്കോട് മാഷ് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു എടോ താൻ ട്രാൻസ്ഫർ ആയി ഊട്ടിക്കു പോകുകയാണല്ലേ. ഞാൻ മരിച്ചാൽ ഞാൻ താമസിക്കുന്ന വിയ്യൂർ ഭാഗത്തെ എഡിഷനിൽ മാത്രമേ വരൂ. താനെങ്ങനെ എന്റെ മരണം അറിയും ?'
പിന്നീട് 1995-ൽ സ്ഥലംമാറ്റം കിട്ടി ഞാൻ ഡൽഹിക്കു പോയി. അപ്പോഴും തിരുവാർപ്പു ബാലനെ ഓർക്കാൻ കാരണങ്ങളുണ്ടായി. ഡൽഹിയിലുണ്ടായിരുന്ന രണ്ടു കോട്ടയം ജില്ലക്കാരായിരുന്നു കാരണം. ഒന്ന് കോട്ടയത്ത് ഞങ്ങളുടെ അയൽവാസിയായി കുറേ നാളുണ്ടായിരുന്ന ജോസഫ് ഇടമറുകായിരുന്നു.
1996-ൽ ഡൽഹിയിൽ വെച്ച് ഞാനദ്ദേഹത്തോട് സംസാരിച്ചപ്പോൾ തിരുവാർപ്പ് ബാലൻ എന്ന പേരും പരാമർശിച്ചതോർക്കുന്നു. ബാലൻ ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ വീട്ടിലെ പുസ്തകാലയത്തിൽനിന്നു ഒരു പഴയ പുസ്തകം പൊടി തട്ടി എടുത്തുകൊണ്ടുവന്നിട്ട് ഇടമറുക് എന്റെ കൈയ്യിൽ തന്നു. 1947-ൽ പ്രസിദ്ധീകരിച്ച പുസ്തകം 'സോഷ്യലിസവും ജയപ്രകാശും', എഴുതിയത് തിരുവാർപ്പ് ബാലനായിരുന്നു. എനിക്കതുവരെ ബാലൻ ചേട്ടൻ അങ്ങനെയൊരു പുസ്തകമെഴുതിയിട്ടുണ്ട് എന്നറിയില്ലായിരുന്നു. ഇറങ്ങാൻ നേരത്ത് കുസൃതിയോടെ ഞാൻ ചോദിച്ചു, 'അപ്പോൾ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എങ്കിലും ജയപ്രകാശ് നാരായണനും തിരുവാർപ്പ് ബാലനും ജീവിച്ചിരുന്നു' അല്ലേ . അദ്ദേഹം ദൈവം ചിരിക്കുന്നതുപോലെ നിഷ്‌കളങ്കമായി ചിരിച്ചു.
ഡൽഹിയിൽവെച്ച് തിരുവാർപ്പ് ബാലനെക്കുറിച്ച് സ്‌നേഹപൂർവം എന്നോട് സംസാരിച്ചിട്ടുള്ള മറ്റൊരാൾ ഓംചേരി നാരായണപിള്ളയായിരുന്നു. എന്റെ കണ്ണിലേക്ക് മാത്രം നോക്കി സംസാരിച്ചിരുന്ന ഓംചേരി തിരുവാർപ്പ് ബാലന്റെ കാര്യങ്ങൾ പറയുമ്പോൾ മറ്റേതോ കാലത്തിന്റെ ഭ്രമണപഥത്തിലേക്ക് കണ്ണുതെറ്റി സഞ്ചരിച്ചു .
പലതരം കവികൾ എന്നപേരിൽ പ്രശസ്തമായ ഒരു കവിത ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗത്തിൽ കവികൾ എന്ന വാക്കിനെ പത്രപ്രവർത്തകർ എന്ന പേരിൽ മാറ്റാനുള്ള ഒരു ദുഃസ്വാതന്ത്ര്യം ഞാനെടുക്കുകയാണ്.
'അപൂർവം ചില പത്രപ്രവർത്തകർ
പ്രൈമറി സ്‌കൂൾ അധ്യാപകരെപ്പോലെയാണ്.
ഗ്രാമത്തിനുവെളിയിൽ അവർ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നിൽ വന്നിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകൾ അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും
വിശ്വപ്രസിദ്ധിയുടെയോ അനശ്വരതയുടെയോ
വ്യാമോഹങ്ങളും ഉൽക്കണ്ഠകളും ഇല്ലാതെ ഒരു ദിവസം അവർ
സംതൃപ്തിയോടെ ദൈവത്തിലേക്കു പെൻഷൻ പറ്റും'.
ഇപ്പറഞ്ഞ വിഭാഗത്തിൽ പെട്ടയാളായിരുന്നു കോട്ടയത്തിന്റെ സ്വന്തം ലേഖകനായിരുന്ന തിരുവാർപ്പ് ബാലൻ.
കോട്ടയത്തിനു വെളിയിൽ ബാലൻചേട്ടൻ അറിയപ്പെട്ടില്ല.
എങ്കിലും നിത്യം മുന്നിൽ വന്നിരിക്കുന്ന വാർത്തകളുടെ-
ദൈവദീപ്തമായ കണ്ണുകൾ ബാലൻ ചേട്ടനെ ശുദ്ധീകരിച്ചുകൊണ്ടിരുന്നു.
വിശ്വപ്രസിദ്ധിയുടെയോ അനശ്വരതയുടെയോ
വ്യാമോഹങ്ങളും ഉൽക്കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അദ്ദേഹം
സംതൃപ്തിയോടെ ദൈവത്തിലേക്കു പെൻഷൻ പറ്റി.
Published: 25 Dec 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented