ന്ത്യൻ തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിവരുന്ന വെളിപ്പെടുത്തലുകളുടെ മൂന്നാമത്തെ പത്രസമ്മേളനം ഡൽഹിയിൽ നടക്കുമ്പോൾ ന്യൂയോർക്കിൽ ഡൊണാൾഡ് ട്രംപിനെ ആശയപരമായി പരാജയപ്പെടുത്തി സൊഹ്‌റാൻ മംദാനി എന്ന സോഷ്യലിസ്റ്റ് അർദ്ധ-മുസ്ലിം (അദ്ദേഹം സ്വയം ഞാനൊരു മുസ്ലിം ആണെന്നാണ് പറയുന്നത് ) വിജയിക്കുകയായിരുന്നു. ജനങ്ങളോട് സംസാരിക്കുന്ന ഭാഷയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയും മംദാനിയും തമ്മിൽ സമാനതകളുണ്ട്. കാല്പനികമായ നെഹ്രുവിയൻ ഊർജ്ജം രണ്ടുപേരിലുമുണ്ട്. രണ്ടുപേരുടേയും എതിരാളികളിൽ തീവ്ര വലതുപക്ഷ, ദേശീയവാദ, അപരമതവിദ്വേഷ, ഫാഷിസ്റ്റ് പ്രവണതകൾ ഉണ്ട്. മംദാനി യുഎസ് തിരഞ്ഞെടുപ്പിൽ പ്രസിഡണ്ടുസ്ഥാനത്തേക്കല്ല ജയിച്ചത്, മറിച്ച് ന്യൂയോർക്കിലെ മേയറായിട്ടാണ്. മംദാനി ജയിച്ചത് പരമ്പരാഗതമായി ഡെമോക്രറ്റുകൾ ജയിച്ചുപോരുന്ന ന്യൂയോർക്കിലാണ്, അയാൾ ആയിരുന്നില്ല സ്ഥാനാർഥി മറ്റേതെങ്കിലും ഡെമോക്രാറ്റ് ആയിരുന്നുവെങ്കിലും അവിടെ ജയിക്കാനായിരുന്നു ഇട. പക്ഷേ, ഈ വിജയത്തിനെ വ്യത്യസ്തമാക്കുന്നത് ആ ചെറുപ്പക്കാരൻ പറഞ്ഞ രാഷ്ട്രീയമാണ്. അമേരിക്കയിൽ വർഷങ്ങളായി ഡെമോക്രാറ്റുകൾ പറയാതെ ഒഴിവാക്കിയിരുന്ന ഇടതുപക്ഷ രാഷ്ട്രീയം അയാൾ വിചാരവായ്‌പിനെക്കാൾ വികാരവായ്‌പോടെ പറഞ്ഞു.

To advertise here,

'ന്യൂയോർക്കിലെ പാവപ്പെട്ടവരുടെ ജീവിതസൗകര്യങ്ങൾ ഞാൻ മെച്ചപ്പെടുത്താം' എന്നാണ് അയാൾ പറഞ്ഞത്, അമേരിക്കയെ വീണ്ടും ലോകശക്തിയാക്കാം എന്നല്ല. ആഗോളശക്തിയുടെ പേശീബലമുള്ള ദേശാഭിമാനത്തിൻ്റെ സമ്പന്നസ്വപ്നമല്ല മംദാനി വിറ്റത്, മറിച്ച് ന്യൂയോർക്കിലെ ഇടത്തരക്കാരൻ്റെ വീട്ടുവാടക കുറയ്ക്കാൻ ശ്രമിക്കുമെന്നാണ്. അത് അയാൾ പറഞ്ഞത് പരമ്പരാഗതമായി റിപ്പബ്ലിക്കൻ നേതാക്കളോ ഡെമോക്രറ്റുകളോ പറയുന്ന മുനയൊടിഞ്ഞ, സ്വപ്നങ്ങളുടെ ശവകുടീരമായ ഔപചാരിക രാഷ്ട്രീയഭാഷയിൽ ആയിരുന്നില്ല. ന്യൂയോർക്കിലെ സാധാരണക്കാരും കുടിയേറ്റക്കാരും ദരിദ്രരും കുടുംബം പോറ്റാൻ പണിപ്പെടുന്ന സ്ത്രീകളും പൊതുരാഷ്ട്രീയബോധത്തിൽ അസ്പർശ്യരായി തീർന്ന മുസ്ലീങ്ങളും മംദാനിയ്ക്കു ചുറ്റും പ്രത്യാശാസ്വപ്നങ്ങളുടെ ചിത്രശലഭങ്ങൾ പറക്കുന്നതുകണ്ടു, സ്വപ്നത്തിൽ നിന്നും വിരുന്നുവരാറുള്ള ചിത്രശലഭങ്ങൾ. ആ ചിത്രശലഭങ്ങൾ എന്തെങ്കിലും ദിശാസൂചനകൾ നൽകുന്നുണ്ടോ? നെഹ്രുവിയൻ സ്വപ്നങ്ങളിൽ നിന്നും പിൻമാറി ദീർഘനിദ്രയിലായിപ്പോയ ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയെ പണ്ടേ ഉപേക്ഷിച്ച ആ ചിത്രശലഭങ്ങൾ തിരികേ വന്ന് രാഹുൽ ഗാന്ധിയ്ക്കു ചുറ്റും പറക്കുന്നുണ്ടോ ? മംദാനിയുടേയും രാഹുലിന്റെയും ഭാഷയിലെ സമാനതകളിൽ അതുകാണാം. എന്നാൽ ഇന്ത്യൻ രാഷ്ട്രീയ സങ്കീർണത ന്യൂയോർക്ക് നഗരത്തിന്റെ സങ്കരസങ്കീർണതയേക്കാൾ വിശാലവും വിപുലവും ഇന്നും നഗരഭാവം കൈക്കൊള്ളാത്തവിധം ഗ്രാമീണവുമാണ്. ന്യൂയോർക്ക് നഗരത്തിന്റെ ഒരു പ്രത്യേകത അവിടെ ആരും സ്വയം സാധാരണക്കാർ, സമ്പന്നർ, ദരിദ്രർ എന്നൊന്നും കരുതാറില്ല എന്നതാണ്. ആ നഗരത്തിന്റെ ചരിത്രത്തിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു 'ന്യൂയോർക്ക് സ്വത്വ'മുണ്ട്.

മംദാനിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും മുന്നിൽ രണ്ട് വഴികളേ ഉള്ളൂ , ഒന്ന്, ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള രാഷ്ട്രീയം പറയുക , പ്രവർത്തിക്കുക. മറ്റൊന്ന് അമിത ദേശാഭിമാനബോധത്തിൽ വേരൂന്നിയ, അപരമതവിദ്വേഷിയും അമിതാധികാരകേന്ദ്രീകൃതവുമായ തീവ്രവലതുപക്ഷത്തിന്റെ വിജയവൈജയന്തിയ്ക്ക് ദൃക്‌സാക്ഷിയായി വെറുതേ നിൽക്കുക. മംദാനിയും ഡെമോക്രാറ്റുകളും ന്യൂയോർക്കിൽ അത് ഫലപ്രദമായി പറഞ്ഞു, പൊതുജനങ്ങൾ അവരെ വിശ്വസിച്ചു.

ന്യൂയോർക്കിൽ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ യാഥാസ്ഥിതികപത്രമായ ന്യൂയോർക് പോസ്റ്റ് ഒരു പ്രത്യേക എഡിഷൻ പുറത്തിറക്കി . കൈയ്യിൽ അരിവാളും ചുറ്റികയുമായി വിജയശ്രീലാളിതനായി നിൽക്കുന്ന സൊഹ്‌റാൻ മംദാനിയും ആകാശത്തിൽ ചുവപ്പുതാരകളുമായിരുന്നു മുഖചിത്രം. പത്രത്തിന്റെ തലക്കെട്ട് ഇതായിരുന്നു :

On your Marx, Set, Zo!

Socialist Mamdani wins the race for Mayor

THE RED APPLE

പത്രത്തിന്റെ പ്രസാധകരെപ്പോലും അമ്പരിപ്പിക്കുന്ന വിധത്തിലായിരുന്നു വിൽപ്പന. ആദ്യമണിക്കൂറിൽ തന്നെ കോപ്പികൾ വിറ്റുതീർന്നു. അവർക്ക് വീണ്ടും അച്ചടിക്കേണ്ടിവന്നു. തിരഞ്ഞെടുപ്പുപ്രചാരണകാലത്ത് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു : ' "ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി എന്തെങ്കിലും കാരണത്താൽ വിജയിച്ചാൽ, ഫെഡറൽ ഫണ്ടില്‍നിന്ന്, മിനിമം തുകയല്ലാതെ, മറ്റൊരു ചില്ലിക്കാശും ഞാന്‍ നല്‍കുകയില്ല” എന്ന് . മറ്റു ഡെമോക്രാറ്റുകളിൽ നിന്നും മംദാനിയെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാനഘടകത്തിലാണ് ട്രംപ് പിടി മുറുക്കിയത്. താൻ ഒരു കറകളഞ്ഞ സോഷ്യലിസ്റ്റ് ആണ് എന്ന ഉറച്ച നിലപാടെടുക്കുന്ന മംദാനിയെ എതിർക്കാനായി എന്നോ ഇല്ലാതായ അമേരിക്കൻ -സോവിയറ്റ് ഇരുധ്രുവകാലത്തെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ ശ്രമിച്ച് ട്രംപ് പരാജയപ്പെടുകയായിരുന്നു . എന്നാൽ മംദാനിയാകട്ടെ അമേരിക്കൻ സമ്പന്നപൊതുബോധത്തെ തൃപ്തിപ്പെടുത്താനായി 'താനൊരു കമ്മ്യൂണിസ്റ്റല്ല' എന്നൊന്നും പറയാൻ മെനക്കെട്ടതുമില്ല. ഈ തിരഞ്ഞെടുപ്പുവിജയം അതിനാൽ വെറുമൊരു ഡെമോക്രാറ്റ് വിജയമല്ല, മറിച്ച് അമേരിക്കൻ ഡെമോക്രാറ്റുകളുടെ രാഷ്ട്രീയത്തിന് കൂടുതൽ ഇടതുപക്ഷധൈര്യം നൽകുന്ന ഒന്നാണ് .

ഇവിടെയാണ് ഇന്ത്യൻ അവസ്ഥയിൽ രാഹുൽ ഗാന്ധിയുടെ ഭാഷയിലെ, ധൈര്യത്തിലെ വലതുവിരുദ്ധസ്വഭാവത്തെ മനസ്സിലേക്കേണ്ടത്. എന്നാൽ ആ രാഷ്ട്രീയത്തെ ഇന്ത്യൻ സമൂഹത്തിലേക്ക് ആഴത്തിൽ ഇറക്കിക്കൊണ്ടുപോകാനുള്ള സംഘടനാസംവിധാനം കോൺഗ്രസ്സ് പാർട്ടിയ്ക്ക് ഇല്ലാതെപോയിരിക്കുകയാണ്. ഇടതുപാർട്ടികൾ കൂടി അംഗങ്ങളായിട്ടുള്ള ഇന്ത്യാസഖ്യത്തിനാകട്ടെ ഒരു പ്രബലസ്വാധീനമായി വളരാനും കഴിയുന്നില്ല. അതിനും പുറമേയാണ് തിരഞ്ഞെടുപ്പു കമ്മീഷനുമേൽ സംശയത്തിൻ്റെ കരിനിഴൽ വീണിരിക്കുന്നത്.

ലോകമാകമാനം വലതുപക്ഷ -സങ്കുചിതദേശാഭിമാനപ്രചോദിത രാഷ്ട്രീയത്തിന് ശക്തിയുണ്ടാകുന്നു എന്ന പൊതുധാരണ നിലവിൽ നിൽക്കുമ്പോഴാണ് ഗാസയിൽ ഇസ്രയേൽ നടത്തുന്ന വലിയ ക്രൂരതയ്‌ക്കെതിരേ ലോകമാകമാനം ജനങ്ങൾ തെരുവിലിറങ്ങിയത്. ഭരണകൂടങ്ങളുടെ പിന്തുണയില്ലാതെ ജനങ്ങൾ സ്വാർജ്ജിതനൈതികതയുടെ ആത്മബലത്താൽ വഴിയിലിറങ്ങുന്നതാണ് നാം കണ്ടത് , കാണുന്നത്. രാഷ്ട്രേതാരമായ ഈ സാമൂഹ്യബോധ്യത്തിന്റെ അന്തരീക്ഷത്തെ ന്യൂയോർക്ക് നഗരത്തിലെ അതിസാധാരണരുടെ ജീവിതവുമായി മംദാനി ബന്ധപ്പെടുത്തി. അതിൻ്റെ മുന്നിൽ ട്രമ്പിന്റെ തിരക്കഥകൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയായിരുന്നു.

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ മതേതര - ജനാധിപത്യവിശ്വാസികൾക്ക് ആത്മവിശ്വാസം നൽകേണ്ടതാണ്. പാവപ്പെട്ടവരുടെയും അതിസാധാരണരുടേയും ജീവിതത്തെക്കുറിച്ച് പറയുന്നത് കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് രാഷ്ട്രീയ ആചാരമല്ല, ഒരു മഴയത്ത് നൂറ്റാണ്ടുകളുടെ ജനിതകചൈതന്യവുമായി പൊട്ടിമുളയ്ക്കുന്ന നാമ്പുകളെപ്പോലെ ഒരു നിത്യസാധ്യതയാണ്. ശരിയായ മാതൃകകൾ, ബദൽ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കാനുള്ള ധൈര്യം കാണിക്കാതെ തളം കെട്ടിക്കിടക്കുന്ന നിശ്ചലജലം പോലെ പൂപ്പൽ പിടിച്ച ലോകത്തിലെ സോഷ്യലിസ്റ്റ് പാർട്ടികളോട് മംദാനിയുടെ വിജയം പറയുന്ന പാഠങ്ങൾക്ക് നമുക്ക് ചെവികൊടുക്കാം.

ഉപസംഹാരം : ബോംബെയിൽ പണ്ട് മഹാസോഷ്യലിസ്റ്റ് യൂസഫ് മെഹ്‌റലി മേയറായിരുന്നു. ബോംബെയിൽ ഒരു ഖാനേയും മേയറാകാൻ അനുവദിക്കില്ല എന്ന് കഴിഞ്ഞ ദിവസം ബി ജെ പി മുംബൈ അധ്യക്ഷൻ അമിത് സാഠം പറഞ്ഞിരിക്കുന്നു. മംദാനിയുടെ വിജയത്തിനു പിന്നാലെയാണ് ഈ പ്രസ്താവന. പ്രതിപക്ഷം ബോംബെയിൽ പോയി പറയണം, 1942 മുതൽ 1943 വരെ ബോംബെ നഗരത്തിൽ മെഹർ അലിയ്ക്ക് മേയറാകാമായിരുന്നെങ്കിൽ ഞങ്ങൾ അടുത്ത മേയർ സ്ഥാനാർത്ഥിയായി മറ്റൊരു സോഷ്യലിസ്റ്റ് മെഹർ അലിയെ നിർത്തുമെന്ന്.