ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്നത് ടി.വി.കെ. എം.എൽ.എ.മാരുടെയും പ്രവർത്തകരുടെയും ആഗ്രഹമാണെന്ന് പാർട്ടി ഖജാൻജിയും മന്ത്രിയുമായ പി. വെങ്കിടരമണൻ. പാർട്ടി നേതൃത്വം ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്‌യെ ഉയർത്തിക്കാണിക്കുന്നത് ചിലരുടെ ശ്രദ്ധതിരിക്കൽ തന്ത്രമാണെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാണിക്കം ടാഗോറിന്റെ പ്രതികരണം.

പൊതുതിരഞ്ഞെടുപ്പ് കഴിയുമ്പോൾ വിജയ് പ്രധാനമന്ത്രിയാവുമെന്ന ടി.വി.കെ. നേതാക്കളുടെ പ്രസ്താവനയെച്ചൊല്ലി സഖ്യകക്ഷിയായ കോൺഗ്രസിൽ അമർഷമുയരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

വിജയ് പ്രധാനമന്ത്രിയാകണമെന്നത് ചില എം.എൽ.എമാരുടെ വ്യക്തിപരമായ പ്രസ്താവനകളാണ്. ആർക്കും ആഗ്രഹം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ഇതുസംബന്ധിച്ച് പാർട്ടി തീരുമാനമൊന്നുമെടുത്തിട്ടില്ല. അതിനു ധാരാളം സമയമുണ്ട് - വെങ്കിട്ടരമണൻ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അഴിമതിമുക്ത തമിഴ്‌നാട് കെട്ടിപ്പടുക്കാനാണ് മുഖ്യമന്ത്രി വിജയ് ശ്രമിക്കുന്നതെന്നും യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ചിലർ പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ വിരുദുനഗറിൽ പറഞ്ഞു.

ജ്യോതിഷികളുടെ പ്രവചനങ്ങളെപ്പറ്റി അഭിപ്രായം പറയാനില്ലെന്നായിരുന്നു കനിമൊഴി സന്തോഷ് എം.എൽ.എ.യുടെ പ്രസ്താവനയെപ്പറ്റിയുള്ള പ്രതികരണം. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിജയ്‌െയ കൈപിടിച്ച് പ്രധാനമന്ത്രിക്കസേരയിൽ ഇരുത്തുമെന്നാണ് ടി.വി.കെ. എം.എൽ.എ. കനിമൊഴി സന്തോഷ് ബുധനാഴ്ച അവകാശപ്പെട്ടത്.

തമിഴ്‌നാട്ടിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണമെന്നത് ജനാഭിലാഷമാണെന്ന് മന്ത്രി സി.ടി.ആർ. നിർമൽ കുമാറും ആധവ് അർജുനയും പറഞ്ഞിരുന്നു. രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ ടി.വി.കെ. തയ്യാറല്ലെങ്കിൽ തമിഴ്‌നാട്ടിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവെക്കുമെന്ന് സംസ്ഥാന വിനോദസഞ്ചാരമന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പു നൽകിയിരുന്നു.

അതേസമയം, തമിഴ്‌നാട്ടിൽ ടി.വി.കെ. സഖ്യത്തിലുണ്ട് എന്നതുകൊണ്ട് കോൺഗ്രസ് ആരുടെയും അടിമയല്ലെന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസാമി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.