
ചെന്നൈ: തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപ ചെലവിലായിരിക്കും നിർമാണം. വ്യാഴാഴ്ച നിയമസഭയിൽ 110-ാം ചട്ട പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. എല്ലാ സർക്കാർ വകുപ്പുകളെയും ഒരേ കുടക്കീഴിൽ കൊണ്ടുവന്നുകൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും പുതിയ സമുച്ചയം ഒരുങ്ങുകയെന്ന് വിജയ് പറഞ്ഞു.
ഭരണ നിർവഹണവും ഏകോപനവും എളുപ്പമാക്കുന്ന വിധത്തിലായിരിക്കും കെട്ടിടങ്ങൾ. നിയമസഭാ സമുച്ചയം നിർമ്മിക്കുന്നതിന് മൂന്നുസ്ഥലങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത് എന്നാണ് അറിയുന്നത്. ഗിണ്ടിയിലെ ഹൈവൈ റിസർച്ച് സ്റ്റേഷൻ (എച്ച്.ആർ.എസ്.) സമുച്ചയം, ഫോർഷോർ എസ്റ്റേറ്റിലെ ഹൗസിങ് ബോർഡ് കോളനി, നന്ദമ്പാക്കത്തെ ഇന്ത്യൻ ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് വളപ്പ് എന്നിവയാണ് അവ. സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഈ മാസം പകുതിയോടെയുണ്ടാവും.
ഗിണ്ടിയിലെ എച്ച്.ആർ.എസ്. സമുച്ചയം ലോക് ഭവന് എതിർവശത്താണ്. മുന്നിൽ വീതിയേറിയ റോഡുണ്ട് എന്നതാണ് പ്രധാന അനുകൂലഘടകം. ജയലളിത മുഖ്യമന്ത്രിയായിരിക്കേ 2003-ൽ ഇവിടെ നിയമസഭാ മന്ദിരം പണിയാൻ തീരുമാനമെടുത്തതാണ്. ധാരാളം കുട്ടികൾ പഠിക്കുന്ന അണ്ണാ സർവകലശാലയ്ക്ക് അടുത്താണ് എന്നതു മാത്രമാണ് പ്രതികൂലഘടകം. ഫോർഷോർ എസ്റ്റേറ്റിലെയും നന്ദമ്പാക്കത്തെയും സ്ഥലങ്ങൾ നഗരമധ്യത്തിൽത്തന്നെയാണ്. രണ്ടിടത്തെയും റോഡിന് ഗിണ്ടിയിലേതുപോലെ വീതിയില്ല. എന്നാൽ, പുതിയ മെട്രോ പാതകളുടെ നിർമാണം പൂർത്തിയാവുന്നതോടെ രണ്ടിടത്തും എത്തിച്ചേരാൻ എളുപ്പമാവും.
വിജയ്ക്ക് മുൻപ് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയും കരുണാനിധിയും പുതിയ നിയമസഭാമന്ദിരം പണിയാൻ തീരുമാനിച്ചതാണ്. തറക്കല്ലിട്ടതല്ലാതെ ജയലളിതയുടെ കാലത്ത് നിർമാണ പ്രവർത്തനം മുന്നോട്ടുപോയില്ല. എന്നാൽ, കരുണാനിധി സർക്കാർ ഓമന്ദുരാറിൽ പുതിയമന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കുകതന്നെ ചെയ്തു. പക്ഷേ, 2011-ൽ അധികാരത്തിൽ തിരിച്ചെത്തിയ ജയലളിത ഈ കെട്ടിടം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കിമാറ്റി. 2021-ൽ എം.കെ. സ്റ്റാലിന്റെ ഡി.എം.കെ. സർക്കാർ വന്നപ്പോൾ തീരുമാനം മാറ്റിയില്ല. പുതിയ മന്ദിരം പണിയാൻ നടപടിയെടുത്തതുമില്ല.
ചെന്നൈയിൽ ലോകോത്തര നിലവാരത്തിൽ ഒളിമ്പിക് സിറ്റി
ചെന്നൈ: ചെന്നൈയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റിയും കാറോട്ട മത്സരങ്ങൾക്ക് കുതിപ്പേകാനായി മോട്ടോർ സ്‌പോർട്‌സ് സിറ്റിയും സ്ഥാപിക്കുമെന്നും വിജയ് വ്യാഴാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽനിന്ന് ഒളിമ്പിക്‌സിലും മറ്റ് അന്താരാഷ്ട്ര കായിക ഇനങ്ങളിലും മെഡലുകൾ നേടാൻ കഴിവുള്ളവരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് സ്‌പോർട്‌സ് ഡിവലപ്‌മെന്റ് അതോറിറ്റി (എസ്.ഡി.എ.ടി.)യുടെ നേതൃത്വത്തിലാണ് ഒളിമ്പിക് സിറ്റി സ്ഥാപിക്കുക.
ഇവിടെ ലോകോത്തര നിലവാരമുള്ള കായികവേദികൾ, നൂതന കായിക ഉപകരണങ്ങൾ, മികച്ച പരിശീലനസൗകര്യങ്ങൾ, കായിക ശാസ്ത്ര, കായിക വൈദ്യ കേന്ദ്രങ്ങൾ, അത്‌ലറ്റുകൾക്കും പരിശീലകർക്കും വേണ്ടിയുളള താമസ സൗകര്യങ്ങൾ തുടങ്ങിയവ സജ്ജമാക്കും. ഫോർമുല 1 മുതൽ 4 വരെയുള്ള കാർ പന്തയങ്ങൾ ലോകോത്തരനിലവാരത്തിൽ നടത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് മോട്ടോർ സ്‌പോർട്‌സ് സിറ്റി.
ഇതിലൂടെ കാറോട്ടത്തിൽ തത്പരരായ പുത്തൻപ്രതിഭകളെ കണ്ടെത്താനും, ഒപ്പം ടൂറിസം, വാഹന നിർമാണ മേഖല, തൊഴിലവസരങ്ങൾ, സാമ്പത്തിക രംഗം എന്നിവയ്ക്ക് വൻ ഉത്തേജനം നൽകാനും ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുവ മോട്ടോർ-സ്‌പോർട്സ് പ്രതിഭകളെ തിരിച്ചറിയുന്നതിലും ദേശീയ അന്തർദേശീയ തലങ്ങളിൽ മത്സരിക്കാൻ പാകത്തിൽ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനവും മത്സരാവസരങ്ങളും ഇതിലൂടെ നൽകുമെന്നും വിജയ് പറഞ്ഞു.
എല്ലാ ചോദ്യങ്ങൾക്കും തിങ്കളാഴ്ച മറുപടി -വിജയ്
ചെന്നൈ: നിയമസഭയിൽ പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തിങ്കളാഴ്ച വിശദമായമറുപടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചു. അതു കേൾക്കുന്നതിനായി ഇറങ്ങിപ്പോകാതെ സഭയിൽ തന്നെയിരിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷാംഗങ്ങളോട് ആവശ്യപ്പെട്ടു.
ക്രമസമാധാന പ്രശ്‌നങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വെള്ളിയാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഭയിൽ ഉയർന്ന ചോദ്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടെന്നും അവയ്ക്ക് ഒന്നൊന്നായി മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. അതുകേൾക്കാൻ പ്രതിപക്ഷാംഗങ്ങൾ സഭയിലുണ്ടാവുമെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം സ്പീക്കറോട് അഭ്യർഥിച്ചു.
Content Highlights: Tamil Nadu Chief Minister Joseph Vijay announced the construction of a new legislative assembly-secretariat complex, covering 20 lakh square feet at a cost of ₹1,200 crore, to house all government departments under one roof with modern facilities.
Published: 04 Sept 2026, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented