
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മൂന്നുവർഷങ്ങൾക്കു മുൻപ് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ ജനിച്ച ഒരു ജൂത പെൺകുട്ടിയെക്കുറിച്ച് പറഞ്ഞുതുടങ്ങട്ടെ. 1930-കളിൽ ജർമനിയിൽ നിന്ന് അഭയാർഥികളായി ഈജിപ്തിലെ അലക്‌സാൻഡ്രിയയിലെത്തിയ ഹാൻസ് ഓപ്പൻഹൈമറിനും ലിസ്ബത്തിനുമുണ്ടായ മകളായിരുന്നു മാർഗരറ്റ് ഹോജ്. രണ്ടാം ലോകയുദ്ധം ആ മൂന്നുപേരേയും സ്വരാജ്യമില്ലാത്തവരാക്കി, ജനാധിപത്യമര്യാദയിൽ പറഞ്ഞാൽ, പൗരത്വമില്ലാത്തവരാക്കി മാറ്റി. പൗരത്വമില്ലാതാകുക എന്നത് തീവ്രമായ അനാഥത്വമാണ്. പൊള്ളുന്ന പൗരത്വരാഹിത്യം അനുഭവിച്ചിട്ടുള്ളവരുടെ ലോകമോ ലോകവീക്ഷണമോ അല്ല അത് അനുഭവിക്കാത്തവരുടെ ലോകവും ലോകവീക്ഷണവും. മനുഷ്യന്റെ ചരിത്രത്തിൽ രണ്ടാം ലോകയുദ്ധം ചെയ്തത്ര പൗരത്വ നിഷേധം അതിനുമുൻപും അതിനുശേഷവുമുണ്ടായിട്ടില്ല. ദേശീയതയിലടിസ്ഥാനമിട്ട പുതിയ വലതുപക്ഷ രാഷ്ട്രീയത്തിന് കോയ്മ ലഭിക്കുന്ന വർത്തമാന സാഹചര്യത്തിൽ മാർഗരറ്റിനെ കുറിച്ച് പറയുവാനുള്ള പ്രത്യേക കാരണം അവർ എൺപത്തിയൊന്നാം വയസ്സിൽ, കഴിഞ്ഞയാഴ്ച, എഴുതിയ ഒരു ലേഖനമാണ്. നാം ജീവിക്കുന്ന ഇക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ആ ലേഖനത്തിൽ നിന്നും ഒരു മന്ത്രം പഠിക്കേണ്ടതുണ്ട്, മൂന്നുപ്രാവശ്യം ആ മന്ത്രം ഓരോ സാമൂഹ്യപ്രവർത്തകനും എന്നും ഉരുവിടേണ്ടതാണ്, Connect, Connect, Connect.
ഭൂഖണ്ഡങ്ങൾ സമുദ്രങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നുവെങ്കിലും സമുദ്രത്തിന്റെ അടിത്തട്ടിൽ അവയെല്ലാം പരസ്പരം ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു എന്നതുപോലെ എല്ലാ മനുഷ്യസമൂഹങ്ങളേയും ബന്ധിപ്പിക്കുന്ന അടിത്തട്ടുകളുണ്ട്. ആ അടിത്തട്ടുകളെക്കുറിച്ചുള്ള ബോധ്യങ്ങൾ നഷ്ടമാകുമ്പോഴാണ് സമൂഹങ്ങൾ ഒറ്റപ്പെടുന്നത്. 1994 മുതൽ 2024 വരെ ഇംഗ്ലണ്ടിൽ ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗമായിരുന്നു മാർഗരറ്റ്. അവർ കഴിഞ്ഞയാഴ്ച ഒരു ലേഖനമെഴുതി, എങ്ങനെ തീവ്രവലതുവ്യതിയാനങ്ങളെ ചെറുക്കാം എന്ന വിഷയത്തെ മുൻനിർത്തി. കിഴക്കൻ ലണ്ടനിലെ നദീതീരനഗരമായ ബാർകിങ്ങിൽ 2010 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ തീവ്ര -വലതു - ഫാസിസ്റ്റ് രാഷ്ട്രീയം പറയുന്ന ബ്രിട്ടീഷ് നാഷണൽ പാർട്ടിയെ എങ്ങനെയാണ് പരാജയപ്പെടുത്താൻ കഴിഞ്ഞത് എന്ന പുരാവൃത്തം അവർ ഗാർഡിയൻ പത്രത്തിൽ എഴുതിയിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനമായി അവർ പറയുന്നത് ആഗോള സാഹചര്യവും ദേശീയസാഹചര്യവുമൊന്നുമല്ല ആളുകളെ ഏറ്റവും സ്വാധീനിക്കുന്നത്, മറിച്ച് പ്രാദേശിക ജീവിതപരിസരങ്ങളാണ് എന്നാണ്. വളരെ ചുരുക്കി പറഞ്ഞാൽ, ലാറ്റിൻ അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം കൊടുത്ത, മോട്ടോർ സൈക്കിൾ ഡയറി എഴുതിയ, ബൊളീവിയയിൽ കൊല്ലപ്പെട്ട ചെ ഗുവേര എന്ന വിപ്ലവകാരിയെക്കാൾ ഒഞ്ചിയംകാർക്ക് ബന്ധം ഒരു മോട്ടോർ സൈക്കിളിൽ അന്നാട്ടിലേക്ക് വരുമ്പോൾ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരൻ എന്ന നേതാവിനോടായിരിക്കും എന്നുതന്നെ. എന്നാൽ മറ്റൊരുദാഹരണത്തിനാണ് ഈ ലേഖനത്തിൽ ഊന്നൽ കൊടുക്കുന്നത്. ആ ഉദാഹരണമാണ് മാർഗരറ്റിന്റെ വാദത്തെ ഇന്ത്യയുമായി കൂടുതൽ 'Connect' ചെയ്യുന്നത്.
കഴിഞ്ഞ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അയോദ്ധ്യയിലെ തിരഞ്ഞെടുപ്പുഫലം മാർഗരറ്റ് ഹോജിൻ്റെ ലേഖനത്തിനോടൊപ്പം വെച്ച് നമുക്ക് വായിക്കാവുന്നതാണ്. ആ തിരഞ്ഞെടുപ്പുഫലത്തിൽ നിന്നും ഇന്ത്യയിലെ പ്രതിപക്ഷസഖ്യം പാഠങ്ങൾ ഉൾക്കൊണ്ടില്ല എന്നതുകൊണ്ട് മുന്നണി സ്വയം പരാജയപ്പെടുന്നു എന്നതു മാത്രമല്ല അവർ അയോദ്ധ്യയിലെ ജനങ്ങൾ വിളിച്ചുപറഞ്ഞ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയും ചെയ്തു. രാമക്ഷേത്രം ഉണ്ടായിടത്ത് ജനങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയും, ആ രാഷ്ട്രീയത്തിന്റെ ലോഗോ ആയ രാമക്ഷേത്രം ഇന്ത്യയുടെ മറ്റിടങ്ങളിൽ ഹിന്ദുത്വയെ വിജയിപ്പിക്കുകയും ചെയ്തു എന്ന വസ്തുതയിൽ മാർഗരറ്റ് ഹോജ് പറയുന്ന പ്രാദേശികഘടകമെന്ന ആശയം എങ്ങനെ പ്രവർത്തിച്ചു എന്നു നോക്കാം.
1990- ൽ തിരുവനന്തപുരത്തെ ബാലരാമപുരത്ത് നടന്ന കേരളസർക്കാരിന്റെ ഒരു പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഒന്നു കൊണ്ടുപോകട്ടെ. അന്ന് മുഖ്യമന്ത്രി ഇ.കെ നായനാർ ആയിരുന്നു. പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് ഓർമ്മയിൽ നിന്നെഴുതുന്നു :
'കരുണാകരൻ പറയുന്നത് ഉത്പാദനക്ഷമമല്ലാത്ത മേഖലകളിൽ ഈ സർക്കാർ പണം ദുർവ്യയം ചെയ്യുന്നുവെന്നാണ്. (ഇത്രയും പറഞ്ഞിട്ട് സദസ്സിൽ മദ്ധ്യനിരയിൽ നിലത്തുകുത്തിയിരുന്ന ഒരു വൃദ്ധനെ നായനാർ പേരെടുത്തുവിളിച്ചു) 'ഗോപാലാ, നീ പറ, ഈ പെൻഷനൊക്കെ വാങ്ങിച്ചിട്ട് തൻ്റെ ഉത്പാദനക്ഷമത വർദ്ധിച്ചാൽ നല്ലതല്ലേടോ ?'
ജനം ചിരിച്ചിളകിമറിഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിയത് നായനാർ സദസ്സിലെ ഒരു വൃദ്ധനെ പേരെടുത്തു വിളിച്ചപ്പോൾ ഉണ്ടായ 'Connect' ആയിരുന്നു. യോഗശേഷം ഞാൻ സി.പി.എമ്മിന്റെ പ്രാദേശിക നേതാവിനോട് ചോദിച്ചു, 'അങ്ങനെയൊരു ഗോപാലൻ ഉണ്ടോ, അതോ മുഖ്യമന്ത്രി വെറുതെ ഒന്നെറിഞ്ഞു നോക്കിയതാണോ?'. അപ്പോൾ അദ്ദേഹം പറഞ്ഞു, 'നായനാർ സഖാവിന് ഈ പ്രദേശത്തെ പലരേയും പേരെടുത്തു വിളിക്കാൻ സാധിക്കും'.
അങ്ങനെയാണ് അവധേഷ് പ്രസാദ് അയോദ്ധ്യയിൽ ഭാരതീയ ജനതാ പാർട്ടിയെ തോൽപിച്ചത്.
ദേശീയത എന്നത് വളരെ പെട്ടെന്ന് വ്യക്തികൾക്കും സമൂഹങ്ങൾക്കും അനുഭവമാകുന്ന ഒരു പാലം (Connect) ആണ്. മതവും ജാതിയും രക്തബന്ധവും തൊഴിലും തൊഴിൽബന്ധങ്ങളും അയൽവാസവും അങ്ങനെതന്നെ അനുഭവമാകുന്ന പാലങ്ങളാണ്. ബ്രിട്ടീഷ് നാഷണൽ പാർട്ടി ഇന്ത്യയിലെ ഭാരതീയ ജനത പാർട്ടി പോലൊന്നാണ്. 1982-ലാണ് BNP രൂപം കൊണ്ടത്, BJP യാകട്ടെ 1980-ലും. ബ്രിട്ടനിലെ തീവ്രവലതു-നവ ഫാസിസ്റ്റ് സംഘടനയാണ് BNP. കിഴക്കൻ ലണ്ടനിലെ ബാർക്കിങ്ങിൽ 2006-ൽ പതിമൂന്ന് സീറ്റുകളിൽ മത്സരിച്ച അവർ പന്ത്രണ്ടിലും ജയിച്ചു. ആ പ്രദേശത്ത് നാമാവശേഷമായത് ലേബർ പാർട്ടി ആയിരുന്നു.
മാർഗരറ്റ് ഹോഡ്‌ജിൻ്റെ വാക്കുകൾ നോക്കൂ:
'വൈറ്റ് ഹൌസിലേക്കുള്ള ഡൊണാൾഡ് ട്രംപിൻ്റെ തിരിച്ചുവരവ് യൂറോപ്പിലാകമാനമുള്ള തീവ്രവലതുശക്തികൾക്ക് മുന്നോട്ടുപോകാനുള്ള ധൈര്യം നൽകിയിരിക്കുകയാണ്. പോപ്പുലിസത്തിന്റെ വേഷം കെട്ടി അവതരിച്ചിരിക്കുന്ന തീവ്രവാദത്തെ പിന്തിരിപ്പിക്കാൻ, 2010-ൽ ബാർക്കിങ്ങിൽ ബിഎൻപിയെ തകർത്ത, തീവ്ര വലതുപക്ഷത്തിനെതിരായ പോരാട്ടത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന പാഠങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ സമ്മതിക്കുന്നു, കാലം മാറി, രണ്ടു സന്ദർഭങ്ങളും വ്യത്യസ്തമാണുതാനും. 2010- നു മുൻപ് സോഷ്യൽ മീഡിയ ഇത്രയും ശക്തമായിരുന്നില്ല. ലോകം മഹാമാരിയിലൂടെ കടന്നുപോയിരുന്നില്ല. യൂറോപ്പിൽ യുദ്ധങ്ങൾ നടക്കുന്നുണ്ടായിരുന്നില്ല. അന്താരാഷ്ട്രക്രമത്തിന് വലിയ ഭീഷണികളും ഉണ്ടായിരുന്നില്ല. എന്നാൽ അന്നത്തെ സാഹചര്യത്തിലെ ചില കാര്യങ്ങൾ ഇന്നും പ്രസക്തമാണുതാനും'.

രണ്ടു കാലഘട്ടങ്ങളിലുമുള്ള സമാനത സമൂഹത്തിൽ പടരുന്ന നുണകളാണ്. തീവ്രവലതുപക്ഷം അടിസ്ഥാനമില്ലാതെ പടർത്തുന്ന അവാസ്തവങ്ങളും നുണകളുമാണ് BNP യുടെ സ്വാധീനത്തിനു കാരണമായത്. അതിനെ നേരിടാൻ ആണ് connect, connect, connect എന്ന മന്ത്രം മാർഗരറ്റ് പറയുന്നത്. അങ്ങനെ മാത്രമാണ് 2010-ൽ BNP യെ അമ്പേ പരാജയപ്പെടുത്തി ബാർക്കിങ്ങിൽ ലേബർ പാർട്ടിയ്ക്ക് വിജയം തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. ബ്രിട്ടനിലെ ലേബർ രാഷ്ട്രീയത്തിന്റെ ഗതി - വിഗതികൾ ഈ ലേഖനത്തിന് വിഷയമല്ല. മാർഗരറ്റിന്റെ അഭിപ്രായത്തിലെ കേന്ദ്രബിന്ദു 'വലതുപക്ഷത്തിനെതിരേ പ്രാദേശികബന്ധങ്ങൾ' എന്നതാണ്. മാർഗരറ്റ് ഹോഡ്‌ജിൻ്റെ ഈ അഭിപ്രായത്തിൻ്റെ പശ്ചാത്തലത്തിലാണ് ഉത്തർ പ്രദേശിലെ ഫൈസബാദ് (അയോദ്ധ്യ) തിരഞ്ഞെടുപ്പുഫലത്തെ നോക്കുവാൻ ശ്രമിക്കുന്നത്. പുതിയ രാമമന്ദിരം പണിത സ്ഥലത്ത് 54567 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇന്ത്യ രാഷ്ട്രീയ സഖ്യത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി അവധേഷ് പ്രസാദ് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. 2014- ലും 2019 -ലും അവിടെനിന്നു ജയിച്ച ലല്ലു സിങ്ങിനെയാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ വലതുപക്ഷത്തെ മതേതരരാഷ്ട്രീയത്തിന് തോൽപിക്കാൻ കഴിയുമെന്ന വലിയ പാഠമാണ് 2024-ൽ ഫൈസാബാദ് നൽകിയത്. വീട്ടിലെ പൂജാമുറിയിലെ ദേവതയല്ല പ്രദേശത്തെ രാഷ്ട്രീയത്തെ നിർണയിക്കുന്നതെന്നും ജനജീവിതത്തിൻ്റെ പ്രാഥമികതകളാണ് പ്രധാനമെന്നും ഫലപ്രദമായി ജനങ്ങളോട് പറയാൻ കഴിഞ്ഞതിനാലാണ് പുതിയ രാമക്ഷേത്രത്തിൻ്റെ വെള്ളിവെളിച്ചത്തിലും അവിടുത്തെ ജനങ്ങൾ അങ്ങനെയൊരു വിധിയെഴുതിയത്. (2011- ലെ സെൻസസ് പ്രകാരം) 84.75 ശതമാനം ഹിന്ദുക്കളുള്ള ഒരു പാർലമെന്റ് നിയോജകമണ്ഡലത്തിലാണ് ഈ ജനവിധിയുണ്ടായത്. അപ്പോൾ ഏത് പ്രാദേശിക connect ആണ് അവിടെ ഹിന്ദുത്വയുടെ ദേശീയതാ രാഷ്ട്രീയത്തിനെതിരെ പ്രവർത്തിച്ചത്? സമാജ്വാദി പാർട്ടി നേതൃത്വം കൊടുത്ത ഉത്തർപ്രദേശിലെ INDIA മുന്നണിയ്ക്ക് എങ്ങനെ ഇങ്ങനെയൊരു അത്ഭുതം കാണിക്കാൻ കഴിഞ്ഞു? തൊട്ടുമുൻപ് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ആ മണ്ഡലത്തിലെ ഏഴു സീറ്റുകളിൽ ഏഴിലും ജയിച്ച BJP യെ ഏത് ഘടകങ്ങളാണ് കൈയ്യൊഴിഞ്ഞത്? ദേശീയരാഷ്ട്രീയവും, മതവും, ശ്രീരാമനും മാത്രം പോര ജീവസന്ധാരണത്തിന് എന്ന രാഷ്ട്രീയം ഫലപ്രദമായി പറയാൻ കോൺഗ്രസ്സിനും സഖ്യകക്ഷികൾക്കും ഉത്തർപ്രദേശിൽ ആ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞു എന്നതാണ് കാരണം. എന്നാൽ ആ ഊർജം നിലനിർത്താൻ INDIA മുന്നണിയ്ക്ക് തൊട്ടുപിന്നാലെ ഫൈസബാദ് ലോക്സഭാ മണ്ഡലത്തിലെ മിൽക്കിപ്പൂർ അസംബ്ലി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞില്ല. അവിടെ BJP ജയിച്ചു.
മാർഗരറ്റ് ഹോഡ്‌ജിൻ്റെ വാക്കുകൾ തുടരുന്നു:
'ഞങ്ങളുടെ വോട്ടർമാരിൽ വിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ കടമ, അവിടെ എത്താൻ നാല് വർഷത്തെ കഠിനാധ്വാനം നിറഞ്ഞ ശ്രദ്ധാകേന്ദ്രീകൃതമായ പ്രവർത്തനം വേണ്ടിവന്നു. ചെറിയ രീതിയിൽ പ്രചാരണത്തിന് പോയിരുന്നെങ്കിൽ ഞങ്ങൾ പരാജയപ്പെടുമായിരുന്നു, ഉറപ്പായും ബാർക്കിങ് ബിഎൻപി എംപിയെ തിരഞ്ഞെടുക്കുമായിരുന്നു. അന്ന് ദേശീയതലത്തിൽ ലേബറിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു, ലേബർ സർക്കാരിന്റെ അവസാനത്തിലേക്ക് നീങ്ങുകയായിരുന്നു. അതിനാൽ ബാർക്കിങ്ങിൽ അവധേഷ് പ്രസാദ് ദേശീയ വിഷയങ്ങളിൽ പ്രചാരണം നടത്തുക എന്നത് ഞങ്ങളുടെ സമീപനമേ ആയിരുന്നില്ല. എല്ലാ രാഷ്ട്രീയവും ആരംഭിക്കുന്നത് പ്രാദേശികതയിൽ നിന്നാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ആളുകൾ അവരുടെ തൊട്ടടുത്ത പരിതസ്ഥിതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആവേശത്തോടെ ശ്രദ്ധിക്കുന്നു. വെസ്റ്റ്മിൻസ്റ്റർ ആസക്തികളിൽ അവർക്ക് താൽപ്പര്യമില്ല; ആഗോളരാഷ്ട്രീയവും ദേശീയരാഷ്ട്രീയവും നേതാക്കൾക്ക് സുപ്രധാനമാകുന്നത് അവർക്ക് പ്രാദേശിക connects ഇല്ലാതാകുമ്പോഴാണ്. പ്രാദേശിക വിഷയങ്ങളിൽ, വ്യക്തിബന്ധങ്ങളിൽ സ്വാധീനം ചെലുത്തുമ്പോൾ മാത്രമേ അവർ പറയുന്ന ദേശീയ വിഷയങ്ങൾ വോട്ടർമാർക്ക് പ്രധാനമാകൂ. 2006 -നും 2010-നും ഇടയിൽ, കുടിയേറ്റവും താങ്ങാനാവുന്ന വിലയുള്ള വീടുകളുടെ അഭാവവുമായിരുന്നു എന്റെ നിയോജകമണ്ഡലങ്ങൾ ശ്രദ്ധിച്ച രണ്ട് പ്രധാന ദേശീയ വിഷയങ്ങൾ. ഞങ്ങളുടെ വോട്ടർമാർക്ക് പ്രാധാന്യമുള്ള കാര്യങ്ങളിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒന്നുകൂടിപ്പറയട്ടെ, എന്റെ പ്രവർത്തനരീതിയും ഞാൻ മാറ്റി. അനന്തമായ പാർട്ടി മീറ്റിംഗുകളിലും ടൗൺഹാൾ പരിപാടികളിലും പങ്കെടുക്കുന്നത് ഞാൻ നിർത്തി. കഴിയുന്നത്ര വോട്ടർമാരുമായി നേരിട്ടു ബന്ധപ്പെടുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. വോട്ടർമാർക്ക് ഞാൻ നേരിട്ട് കത്തെഴുതി, എൻ്റെ കൂടെ രാവിലെ കാപ്പി കുടിക്കുവാൻ ഞാനവരെ വിളിച്ചു. ആശുപത്രിയിലേക്ക് ബസ് റൂട്ട് വഴിതിരിച്ചുവിടുന്നത് പോലുള്ള പ്രാദേശിക പ്രചാരണങ്ങളിൽ ഞാൻ അവരുടെ പിന്തുണ തേടി. ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്തുക എന്നത് ഞങ്ങളുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു. അവരുടെ ആശങ്കകൾ ഞങ്ങൾ ശ്രദ്ധിച്ചു; വാ തോരാതെ പ്രസംഗിക്കുന്നത് ഞങ്ങൾ നിർത്തി. ഞങ്ങളുടെ അജണ്ട പ്രസംഗിച്ചില്ല. പ്രധാനമായും ഞങ്ങൾ കേൾക്കുകയായിരുന്നു. കേൾക്കൽ ആണ് പ്രധാനം. ഓരോ ഉച്ചഭക്ഷണത്തിലും ഒരു പ്രാദേശിക പ്രശ്‌നം എപ്പോഴും ഉയർന്നുവന്നു. തുടർന്ന് ഞങ്ങൾ ആ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ആളുകൾ പറയുന്നത് അനുസരിച്ച് പ്രവർത്തിച്ചു, എന്താണ് ഞങ്ങൾ ചെയ്യുന്നതെന്ന് എല്ലാ വോട്ടർമാരുമായും തിരികെ അറിയിച്ചു. വിശ്വാസം പുനരാർജ്ജിക്കാൻ ഇതെല്ലാം ഞങ്ങളെ സഹായിച്ചു.'
ഫൈസാബാദാകട്ടെ, ബനാറസ്സാകട്ടെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചുജീവിച്ച്, പണിയെടുത്ത്, ഒരുമിച്ചു നിലനിർത്തുന്ന സമ്പദ് വ്യവസ്ഥയും കാർഷിക വ്യവസ്ഥയുമാണ്. ആ ജീവിതമാണ് മതത്തേക്കാൾ, ഇന്ത്യ എന്ന ദേശീയതാബോധത്തേക്കാൾ അവരുടെ ഉടൻ പരിസരങ്ങളെ നിയന്ത്രിക്കുന്നത്. ആ പരിസരങ്ങൾക്കുള്ള പ്രാദേശിക connect ദൈവങ്ങൾക്കില്ല. എന്നാൽ, പൂജാമുറിയിലെ ദേവത പൊതുതിരഞ്ഞെടുപ്പിൽ മുഖ്യഘടകമാകുന്നത് രാഷ്ട്രീയപ്രവർത്തനത്തിലെ ഇണക്കുകണ്ണികളായ local connects തിരോധാനം ചെയ്യുമ്പോഴാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അക്ഷരം A യും എട്ടാമത്തെ അക്ഷരം H ഉം ആയതിനാൽ നാസി ജർമനിയിൽ 18 എന്ന സംഖ്യ ഹിറ്റ്‌ലറെ സൂചിപ്പിക്കുന്നതായിരുന്നു. ബ്രിട്ടീഷ് നാഷണൽ പാർട്ടി Combat 18 എന്ന പാരാമിലിട്ടറി സംവിധാനം ഉണ്ടാക്കിയപ്പോൾ അതിന് പ്രാദേശിക connect-നേക്കാൾ നാസി തീവ്രതയായിരുന്നു ഉണ്ടായിരുന്നത്. 2000 ജനുവരിയിലെ Economic and Political Weekly യിൽ ഇറ്റാലിയൻ ചരിത്രകാരി മാർസിയാ കാസൊലാരി (Marzia Casolari, Associate professor of Asian History, University of Turin, Italy) എഴുതിയ ഒരു ലേഖനം ഉണ്ടായിരുന്നു, 'Hindutva’s foreign tie-up in the 1930s: Archival evidence'.
രേഖകളുടെ വെളിച്ചത്തിൽ അവർ പറയുന്നുണ്ട് എങ്ങനെയാണ് ഹിന്ദു മഹാസഭാ നേതാവ് ബാലകൃഷ്ണ ശിവറാം മൂൻജെ (സർവർക്കറുടെ രാഷ്ട്രീയഗുരു) 1931-ൽ ഇറ്റലിയിൽ മുസ്സോളിനിയെ സന്ദർശിച്ചതിനുശേഷം ഫാസിസ്റ്റ് സംഘടനാരൂപത്തിൽ ഇന്ത്യൻ ഹിന്ദു സന്നദ്ധ സംഘടനയെ രൂപപ്പെടുത്തേണ്ടതെന്ന ആശയം മുന്നോട്ടുവെച്ചതെന്ന്. ടാഗോറും ഗാന്ധിജിയും മുസ്സോളിനിയെ കണ്ടിരുന്നു എന്നതും മറക്കരുത്. എന്നാൽ ഇറ്റലിയിൽ ഗാന്ധിജി നടത്തിയ പ്രസംഗത്തിൽ അഹിംസ എന്ന വാക്ക് ഉപയോഗിച്ചതെല്ലാം വെട്ടിക്കളഞ്ഞിട്ടാണ് ഇറ്റാലിയൻ പത്രങ്ങൾ അത് പ്രസിദ്ധീകരിച്ചത് എന്നറിഞ്ഞപ്പോൾ ഗാന്ധി ഞെട്ടിപ്പോയിരുന്നു. ടാഗോറാകട്ടെ, മുസ്സോളിനിയുണ്ടായിരുന്ന സദസ്സിൽ വെച്ചുതന്നെ പ്രസംഗിച്ചു, 'മൈക്കലാഞ്ജലോ മാർബിളിൽ കൊത്തിയ പ്രതിമ പോലുള്ള ശരീരമാണ് മുസ്സോളിനിയുടേത്' എന്ന്. ഗാന്ധിജി മുസ്സോളിനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും അകന്നുനടന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരം മുന്നോട്ടുകൊണ്ടുപോയതെങ്കിൽ ഹിന്ദു മഹാസഭയും ആർ എസ് എസ്സും കരുതിയത് ഫാസിസ്റ്റ് മാതൃകയാണ് 'ഇന്ത്യയുടെ മുസ്‌ലിം പ്രശ്നം' പരിഹരിക്കാൻ നല്ലതെന്നാണ്. മുസ്സോളിനിയോടും ഹിറ്റ്ലറോടുമുള്ള സമീപനത്തിൽ ഗാന്ധിജിയ്ക്കും ഹിന്ദുദേശീയവാദത്തിനുമുള്ള വ്യത്യാസമാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൽ അവസാനിച്ചത്. (മനീഷ് ഫിറാഖ് ഭട്ടാചാർജി എഴുതിയ പുതിയ പുസ്തകം (14 April 2025) Gandhi: The End of Non - Violence ജീവിതവസാനത്തിൽ ഗാന്ധിജി നേരിട്ട പ്രത്യയശാസ്ത്ര പ്രതിസന്ധിയെ ആഴത്തിൽ അപഗ്രഥിക്കുന്നു).
കേരളത്തിൽ നമുക്കൊരു കേരളഗാന്ധി ഉണ്ടായിരുന്നു, കേളപ്പനിൽ. കേരളത്തിൽ എത്രയോ ഇടങ്ങളിൽ മോസ്കോ കവലകൾ ഉണ്ട്. ഇത് പ്രാദേശികമായ connects- ൽ നിന്നുണ്ടാകുന്നതാണ്. കേരളത്തിൽ ഇതുവരെ ആരേയും കേരള സവർക്കർ എന്ന് വിളിച്ചിട്ടില്ല. എന്നാൽ, അതിനി ഉണ്ടായിക്കൂടെന്നില്ല. ഇതുവരെ അതില്ലാത്തത്ത് സവർക്കർ ഒരു local connect ആയിട്ടില്ല എന്നതിനാലാണ്, അതേസമയം കേരളത്തിന് പാണ്ഡവൻ പാറയും, സീതക്കുളവും, ജടായു പാറയും ഉണ്ടെന്നതും മറക്കരുത്. ആ പാറകളേയും കുളങ്ങളേയും ഒരു കേരള സവർക്കർക്ക് ഇതുവരെ ഏകോപിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും സമീപഭാവിയിൽ അതുണ്ടാകും കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയശക്തികൾ local connects- ൽ പിന്നോട്ടുപോയാൽ. ഗാന്ധിജിയുടെ ചോരയും നാരായണഗുരുവിന്റെ മുദ്രാവാക്യങ്ങളും സഹായിച്ചുകൊള്ളണമെന്നില്ല. വടക്കേയിന്ത്യയിലെ മര്യാദാപുരുഷോത്തമൻ ശ്രീരാമന് കേരളത്തിൽ ചെയ്യാൻ കഴിയാത്ത അത്ഭുതം കേരളത്തിലെ ഹിന്ദുമഹാസഭകൾക്ക് ചെയ്യാൻ കഴിഞ്ഞത് പ്രാദേശിക connect ആയ അയ്യപ്പൻെറ ബ്രഹ്മചര്യം കൊണ്ടാണെന്നത് മാർഗരറ്റ് ഹോഡ്‌ജിൻ്റെ വാക്കുകളുടെ ഇരുതലമൂർച്ച വർദ്ധിപ്പിക്കുന്നുമുണ്ട്.
ഇ.എം ഫോസ്‌റ്ററിൻ്റെ Howard's End എന്ന നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്: “Only connect! That was the whole of her sermon. Only connect the prose and the passion, and both will be exalted, and human love will be seen at its height. Live in fragments no longer.”
ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യമൊന്നു നോക്കൂ. യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന ഇന്ത്യ. പഹൽഗാമിലെ കൂട്ടക്കൊലയും അതിനുശേഷമുള്ള ഇന്ത്യയുടെ 'സിന്ദൂര' മറുപടിയും സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന വികാരം രാജ്യസ്നേഹത്തിന്റേതാണ്. ആ വികാരമെന്നത് ഈ ലേഖനം ഉയർത്തുന്ന 'connect' എന്ന രാഷ്ട്രീയപ്രവർത്തനത്തിന് വിപരീതമല്ല. ജനങ്ങളുമായി connected ആയി നിൽക്കുന്നവർ രാജ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ലോകസ്നേഹത്തിനെതിരായ സങ്കുചിത ദേശസ്നേഹമാകുന്നില്ല. രാജ്യത്തിന്റെ പ്രതിരോധം എന്നത് ലോകസ്നേഹത്തിൻ്റെ, സ്വന്തം ഉടൻ പരിസരത്തോടുള്ള സ്നേഹത്തിന്റെ ഭാഗം മാത്രമാണ്.
തുണ്ടുകളായി ജീവിക്കരുത്, ഒരിക്കലും...
Content Highlights: s gopalakrishnan azhchappadukal margaret hodge local connects and political strategies
Published: 08 May 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented