ന്യൂഡൽഹി: ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നെ തൂക്കിക്കൊല്ലണമെന്നും ജീവനോടെ കത്തിക്കണമെന്നും പറഞ്ഞവർ ആത്മപരിശോധന നടത്തണമെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. കേസിലെ കൂട്ടുപ്രതിയും ഡബ്ല്യുഎഫ്‌ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. ഡൽഹി വിചാരണ കോടതിയുടേതാണ് വിധി.
‘ആദ്യ ദിവസം, ആദ്യത്തെ പ്രസ്താവനയിൽ തന്നെ ഞാൻ പറഞ്ഞു, വിധി വന്ന് കുറ്റം തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്. ഇന്ന് കോടതി എന്നെ ബഹുമാനത്തോടെ വെറുതെ വിട്ടു. ഇത് എനിക്കും എന്നെ പിന്തുണയ്ക്കുന്നവർക്കും സന്തോഷം നൽകുന്നതാണ്. ഇന്ന് സന്തോഷത്തിൻ്റെ ദിവസമാണ്.’ - ബ്രിജ് ഭൂഷൺ പറഞ്ഞു.
‘ഇതൊരു ഗൂഢാലോചനയാണെന്ന് ഞാൻ പറഞ്ഞു. എൻ്റെ പേരിലുള്ള ആരോപണങ്ങളിൽ ഏതെങ്കിലും ശരിയാണെന്ന് തെളിഞ്ഞാൽ ഞാൻ തൂങ്ങിമരിക്കുമെന്ന് പറഞ്ഞിരുന്നു. ഈ നിമിഷംവരെ ഞാൻ ആ പ്രസ്താവനയിൽ ഉറച്ചുനിന്നു. ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷം, കോടതി എന്നെയും വിനോദിനെയും ബഹുമാനത്തോടെ വെറുതെ വിട്ടിരിക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘എപ്പോഴും ദുർബലരായവർക്ക് വേണ്ടിയും അവകാശങ്ങൾ ലംഘിക്കപ്പെട്ടവർക്ക് വേണ്ടിയും നിലകൊണ്ടിട്ടുണ്ടെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിച്ചു. കുറ്റബോധം ഒരിക്കലും തോന്നിയിട്ടില്ല. അവകാശങ്ങൾ ലംഘിക്കപ്പെട്ട ജൂനിയർ അത്ലറ്റുകൾക്ക് വേണ്ടിയാണ് ഞങ്ങൾ പോരാടിയത്. ആ പോരാട്ടത്തിൽ ഞങ്ങൾ വിജയിച്ചതിൽ സന്തോഷമുണ്ട്.’
‘എന്നെ തൂക്കിക്കൊല്ലണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ, അത്തരം ആളുകൾ ആത്മപരിശോധന നടത്തണം. സമയം വരുമ്പോൾ അവർക്ക് മറുപടി ലഭിക്കും.’ - ബ്രിജ് ഭൂഷൺ പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പരാതിയെത്തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നെങ്കിലും പരാതിക്കാരി പിന്നീട് കേസ് പിൻവലിച്ചു. 2016-നും 2019-നും ഇടയിൽ ഡബ്ല്യുഎഫ്‌ഐ ഓഫീസിലും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലുംവെച്ച് ലൈംഗികാതിക്രമങ്ങൾ നടന്നതായാണ് പരാതിയിൽ ആരോപിച്ചിരുന്നത്. വനിതാ ഗുസ്തി താരങ്ങൾക്ക് വേണ്ടി സീനിയർ അഡ്വ. റെബേക്ക ജോൺ ഹാജരായപ്പോൾ ബ്രിജ് ഭൂഷൺ സിങിന് വേണ്ടി അഡ്വ. രാജീവ് മോഹൻ ഹാജരായി.
Content Highlights: Brij Bhushan Singh and Vinod Tomar acquitted by Delhi trial court., Court cleared charges of sexual harassment and criminal intimidation
Published: 03 Aug 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented