ന്യൂഡൽഹി: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി വാസ്തവമെന്ന് കണ്ടെത്തിയതിന് പിന്നാലെ കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിനുകീഴിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ അധ്യാപകനും ഇന്നർ മണിപ്പുരിൽനിന്നുള്ള എംപിയുമായ അൻഗോംച ബിമൊൽ അകോയിജാമിനെയാണ് സർവകലാശാല പുറത്താക്കിയത്.

To advertise here,

കുറഞ്ഞത് പത്ത് വിദ്യാർഥികളെങ്കിലും ഇയാൾക്കെതിരേ പരാതി നൽകിയിരുന്നുവെന്നാണ് വിവരം. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി(ഐസി)യുടെ ശുപാർശപ്രകാരമാണ് നടപടി.

ഏകദേശം ഒരുമാസം മുൻപാണ് അകോയിജാമിനെതിരേ വിദ്യാർഥിനികൾ ഐസിക്ക് പരാതി നൽകിയത്. ക്യാംപസിൽ താമസിക്കുന്ന ഇയാൾ, വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികതാൽപര്യത്തോടെ സമീപിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.

ക്ലാസിൽ അശ്ലീലം നിറഞ്ഞതും അനാവശ്യവുമായ പരാമർശങ്ങൾ അകോയിജാം നടത്തിയിരുന്നതായും ചില പരാതികളിലുണ്ട്. എന്നാൽ ആരോപണങ്ങൾ അകോയിജാം നിഷേധിച്ചിരുന്നു.