
ന്യൂഡൽഹി: ജന്തർ മന്തറിന് സമീപം നടന്ന പ്രതിഷേധ ചിത്രീകരണത്തിനിടെ വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം നേരിടുന്ന ഡൽഹി പോലീസ് എ.സി.പി വിവേക് ഭഗതിന് അഡീഷണൽ ഡി.സി.പിയായി സ്ഥാനക്കയറ്റം നൽകി. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് ഈ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ഒക്ടോബർ 3-ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് ഈ സ്ഥാനക്കയറ്റം വന്നിരിക്കുന്നത്. ഈ പരാതികൾ നിഷ്പക്ഷമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പോലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനക്കയറ്റം.
ഉദ്യോഗസ്ഥന്റെ ഔദ്യോഗിക സ്ഥാനക്കയറ്റ വിജ്ഞാപനം പങ്കുവെച്ചുകൊണ്ട്, അന്വേഷണം നടക്കുന്നതിനിടെ വിവേക് ഭഗതിന് എന്തിനാണ് സ്ഥാനക്കയറ്റം നൽകിയതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്‌കെ ചോദിച്ചു. പീഡനത്തിന് ഉദ്യോഗസ്ഥന് 'സമ്മാനം നൽകുകയാണോ' എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയെ കസ്റ്റഡിയിലെടുക്കുന്നത് കവർ ചെയ്യുന്നതിനിടെ, സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ എ.സി.പി വിവേക് ഭഗത് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും പുറകോട്ട് തള്ളുകയും ചെയ്തുവെന്നാണ് ഒരു മാധ്യമപ്രവർത്തക പരാതിയിൽ വ്യക്തമാക്കിയത്. തുടർന്ന് ഇവർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതേ പ്രതിഷേധത്തിനിടെ മറ്റ് രണ്ട് വനിതാ മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇവരുടെ പരാതികൾ പരിശോധിച്ചുവരുന്ന ക്രൈംബ്രാഞ്ച്, മൊഴികൾ രേഖപ്പെടുത്തുകയും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു.
അതേസമയം വനിതാ പ്രതിഷേധക്കാർ ആക്രമിക്കപ്പെട്ടുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. വനിതാ പ്രതിഷേധക്കാരെ വനിതാ ജീവനക്കാർ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും മാന്യമായ പരിഗണന നൽകാറുണ്ടെന്നും പോലീസ് അറിയിച്ചു. നിയമവും നിർദ്ദിഷ്ട നടപടിക്രമങ്ങളും പാലിച്ചാണ് കസ്റ്റഡിയിലെടുക്കലും വിട്ടയക്കലും നടത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Delhi police officer Vivek Bhagat promoted despite ongoing investigation into harassment allegations by female journalists during a protest near Jantar Mantar.
Published: 05 Oct 2026, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented