എന്റെ മദ്യപാന ശീലവും ജീവിതരീതിയും മുന്നോട്ടുകൊണ്ടുപോകാന്‍ ഞാന്‍ ഭൂമിയും സ്വത്തുക്കളും മുഴുവന്‍ നശിപ്പിച്ചു.

സമ്പന്നമായ കുടുംബപശ്ചാത്തലമുണ്ടായിരുന്നിട്ടും മദ്യപാനശീലത്തിന് അടിമപ്പെട്ട് സ്വന്തം സ്വത്തുക്കളെല്ലാം വിറ്റുതുലച്ചതിനെക്കുറിച്ചും, അതിൽ നിന്നും തിരിച്ചുവന്ന് ജീവിതം പടുത്തുയർത്തിയതിനെക്കുറിച്ചും തുറന്നുപറയുകയാണ് വ്യവസായി നവീൻ അൻസാൽ. ഐശ്വര്യ വിവേകിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് തന്റെ പഴയകാല ദുരനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ 'അൻസാൽ പ്രോപ്പർട്ടീസ്'കുടുംബത്തിലെ കണ്ണിയായി, എല്ലാവിധ ആഡംബരങ്ങളുടെയും നടുവിലായിരുന്നു നവീൻ അൻസാലിന്റെ ജനനം.എന്നാൽ അതിരുകളില്ലാത്ത സമ്പത്തും ലഹരിയോടുള്ള അടിമത്തവും അദ്ദേഹത്തിന്റെ ജീവിതത്തെ കൊണ്ടെത്തിച്ചത് വലിയൊരു കയത്തിലേക്കായിരുന്നു. ഇതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
മദ്യം ഒരു തെറ്റായ കാര്യമായി കാണാത്ത അന്തരീക്ഷത്തിലാണ് താൻ വളർന്നതെന്ന് അൻസാൽ ഓർത്തെടുക്കുന്നു. മദ്യപാനം എന്നത് എന്റെ കുടുംബത്തിലും സൗഹൃദവലയത്തിലും ഒരു സാധാരണ കാര്യമായിരുന്നു. 'ചെറുപ്പത്തിൽ വളരുമ്പോൾ മദ്യം എന്നത് മാറ്റിനിർത്തപ്പെടേണ്ട ഒന്നായി തോന്നിയിട്ടില്ല. അത് എവിടെയും വളരെ സാധാരണമായ ഒരു കാര്യമായിരുന്നു. ഭൂസ്വത്തുള്ള ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചതും വളർന്നതും.'-അൻസാൽ തുറന്നുപറഞ്ഞു.
സമ്പത്തും പണവും കൈയിലുള്ളവർക്ക് ലഹരി അടിമത്തം ബാധിക്കില്ലെന്ന പൊതുധാരണ തെറ്റാണെന്നും അൻസാൽ തന്റെ അനുഭവം ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു.'ഏഴ് തലമുറകൾക്ക് ഇരുന്നു തിന്നാനുള്ള സ്വത്ത് നിനക്കുണ്ടെന്ന് ആളുകൾ എന്നോട് പറയുമായിരുന്നു. എന്നാൽ വെറും 10 വർഷം കൊണ്ട് ഞാൻ അതെല്ലാം വിറ്റുപെറുക്കി. പണമോ സ്വത്തോ നല്ല രീതിയിലുള്ള വളർത്തലോ ഒന്നും ലഹരിയോടുള്ള അടിമത്തത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കില്ല. എന്റെ മദ്യപാന ശീലവും ജീവിതരീതിയും മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ ഭൂമിയും സ്വത്തുക്കളും മുഴുവൻ നശിപ്പിച്ചു.
1991-ൽ തന്റെ 33-ാം വയസ്സിലാണ് ജീവിതത്തിലെ ഏറ്റവും ദാരുണമായ അവസ്ഥയിലൂടെ താൻ കടന്നുപോയതെന്ന് അദ്ദേഹം ഓർക്കുന്നു. അന്ന് എല്ലാം അവസാനിച്ചു എന്ന് കരുതിയ ഘട്ടത്തിൽ നിന്നാണ് അദ്ദേഹം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തനിക്ക് സ്വയം ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും, അനുഭവങ്ങൾ തല്ലിപ്പഠിപ്പിച്ചാണ് തന്നെ തിരിച്ചറിവിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.'എല്ലാം നഷ്ടപ്പെട്ട എന്നെപ്പോലൊരു വ്യക്തിക്ക് ജീവിതത്തിന്റെ സന്തോഷം വീണ്ടും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ആർക്കും സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം - കാര്യങ്ങൾ തുറന്നുസമ്മതിക്കുക, സഹായം ചോദിക്കുക. മദ്യപാനത്തിൽ നിന്നും ലഹരിയിൽ നിന്നും മുക്തി നേടിയ ഒരാളെ കണ്ടെത്തി സഹായം അഭ്യർത്ഥിക്കുക.-അദ്ദേഹം പറഞ്ഞു.
ജീവിതം കൈവിട്ടുപോയെന്ന തിരിച്ചറിവിൽ നിന്നാണ് നവീൻ ലഹരിമുക്തി കേന്ദ്രത്തിലേക്ക് എത്തുന്നത്. സ്വയം തെറ്റ് തിരുത്താനും സഹായം ചോദിക്കാനും തയ്യാറായതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. ലഹരിയിൽ നിന്ന് പൂർണ്ണമായി മുക്തനായ ശേഷം 1993-ൽ അദ്ദേഹം ബിസിനസ്സ് രംഗത്തേക്ക് ശക്തമായി തിരിച്ചുവന്നു. തന്റെ ഭാര്യയും പ്രശസ്ത കലാകാരൻ സതീഷ് ഗുജ്‌റാളിന്റെ മകളുമായ ആർക്കി ഗുജ്‌റാൾ അൻസാലുമായി ചേർന്ന് അദ്ദേഹം 'കാസ പാരഡോക്‌സ്' എന്ന ലക്ഷ്വറി ലൈഫ് സ്‌റ്റൈൽ ആൻഡ് ഇന്റീരിയർ ബ്രാൻഡ് ആരംഭിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖർക്കായി അതിമനോഹരമായ വീടുകളും ഫർണിച്ചറുകളും ഡിസൈൻ ചെയ്തുകൊണ്ട് ഈ മേഖലയിലെ മുൻനിരക്കാരായി അവർ മാറി. തന്റെ ഭൂതകാലത്തെ മറച്ചുവെക്കാൻ നവീൻ അൻസാൽ ഒരിക്കലും ശ്രമിക്കാറില്ല. 'ആൽക്കഹോളിക്‌സ് അനോണിമസ്' പോലെയുള്ള കൂട്ടായ്മകളിലൂടെയും അഭിമുഖങ്ങളിലൂടെയും തന്റെ കഥ തുറന്നുപറഞ്ഞ്, ലഹരിക്ക് അടിമപ്പെട്ട ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹം പ്രവൃത്തിക്കുന്നു. എത്ര വലിയ പ്രതിസന്ധിയിലാണെങ്കിലും ലഹരിഅടിമത്തത്തിൽ നിന്ന് കരകയറാൻ സാധിക്കുമെന്ന വലിയൊരു സന്ദേശമാണ് നവീൻ അൻസാലിന്റെ ജീവിതം നൽകുന്നത്.
Content Highlights: Naveen Ansal's descent from a wealthy real estate family into severe alcoholism., The loss of seven generations of ancestral wealth within a decade due to addiction., The critical turning point at age 33 leading to rehabilitation., The successful founding of luxury lifestyle brand 'Casa Paradox' in 1993., His ongoing commitment to helping others overcome substance abuse through advocacy.
Published: 07 Aug 2026, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented