രമ്യ തുറവൂര്‍ എഴുതുന്ന ആത്മകഥ പതിയാത്ത കാല്‍പ്പാടുകള്‍

To advertise here,

ഒന്നോ രണ്ടോ വര്‍ഷത്തിനപ്പുറം ഒരു കാലുപയോഗിക്കാന്‍ പറ്റില്ല. പ്രായത്തിനനുസരിച്ച് എന്റെ പൊക്കവും വണ്ണവും കൂടുന്നതിനനുസരിച്ച് കാലു പാകമാകാതെ വരികയും നടക്കാന്‍ പറ്റാതാവുകയും ചെയ്തുകൊണ്ടേയിരുന്നു. ഓരോ തവണ മാറ്റിവെക്കുമ്പോഴും ആദ്യത്തെയെന്നപോലെ കഠിനമായ വേദന അനുഭവിക്കണം. ശരീരം അതുമായി പൊരുത്തപ്പെടുന്നതുവരെ വേദനയുടെ നാളുകളാണ്. നാല് വയസ്സുമുതലനുഭവിക്കുന്ന വേദനയുടെ കഠിനമായ ദിനങ്ങള്‍ ഇനിയുള്ള ജീവിതകാലം മുഴുവനും അനുഭവിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ ജീവിതത്തെ വെറുക്കാനും ഒളിച്ചോടാനും മറ്റൊന്നും വേണ്ടായിരുന്നു എനിക്ക്. ഒരു മനുഷ്യന്‍ തന്റെ വേദനകളെ സഹിക്കേണ്ടതില്ല എന്ന് സ്വയം തീരുമാനിച്ചാല്‍ അതെങ്ങനെ കുറ്റമാകും? വേദനകള്‍ക്കും അപ്പുറം ജീവിതത്തില്‍ നിലനില്‍ക്കാന്‍ മാത്രം ശക്തമായ കാരണങ്ങള്‍ ഒന്നും തന്നെ എനിക്കുണ്ടായിരുന്നില്ല. മരണം എന്നെ വലിച്ചടുപ്പിപ്പിച്ചുകൊണ്ടേയിരുന്നു. ഓരോ തവണയും ആശുപത്രിയില്‍ പോകുമ്പോള്‍ അവിടെ കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ വേദനകളും എന്നെ കൂടുതല്‍ വിഷാദിയാക്കി. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നിന്നും എന്നും പുറന്തള്ളപ്പെട്ടവരാണ് ഞങ്ങളെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

 പുതിയ കാലുമായി നടന്നുനടന്നു വേദനിച്ച് ആശുപത്രിയിലെ പരിശീലന മുറിയിലിരിക്കുമ്പോഴാണ് ഒരു സ്ത്രീ വരുന്നത് കണ്ടത്. നടക്കാന്‍ പ്രയാസപ്പെട്ടിരുന്നെങ്കിലും അതൊന്നും അവരുടെ മുഖത്ത് പ്രകടമായിരുന്നില്ല. അവര്‍ എന്റെ അടുത്ത കസേരയില്‍ ഇരുന്നു. അവരെന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. എന്റെ വേദന മനസ്സിലാക്കിയിട്ടെന്നപോലെ അവരെന്റെ മുടിയില്‍ തലോടി. എനിക്കവരോട് അതിയായ സ്‌നേഹം തോന്നി. അവര്‍ എന്തിനാണ് വന്നതതെന്നും അവരുടെ ശാരീരിക പ്രശ്നം എന്താണെന്നും ഞാന്‍ ചോദിച്ചില്ല. എങ്കിലും നിശബ്ദമായ സ്‌നേഹത്തിന്റെ ഒരു നേര്‍ത്ത പാലത്തിലൂടെ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. കൈകാലുകള്‍ നഷ്ടപ്പെട്ടവരും നട്ടെല്ല് തളര്‍ന്നവരും ജന്മനാശാരീരികശേഷി ഇല്ലാതായവരുമായ ആളുകള്‍ ആ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ നഷ്ടപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കും വേണ്ടി മാത്രമുള്ള ഒറ്റവീടായി എനിക്കാ മുറിയെ തോന്നി. ഞരക്കങ്ങളും നെടുവീര്‍പ്പുകളും മാത്രം മുഴങ്ങുന്ന ഗുഹാഭിത്തികള്‍ പോലെയായിരുന്നു അതിന്റെ ചുമരുകള്‍.

കൃത്രിമക്കാലുകള്‍ നിര്‍മിക്കുന്ന വിഭാഗത്തിലെ ജീവനക്കാരന്‍ ജോസഫ് ഞങ്ങളിരിക്കുന്ന ആ ഭാഗത്തേക്ക് വന്നു. അയാള്‍ ആ സ്ത്രീയോട് പറഞ്ഞു: 'അഴിക്ക്' ഉടന്‍തന്നെ അവര്‍ സാരി ഉയര്‍ത്തി അവരുടെ അരയ്ക്കുചുറ്റും കെട്ടിയിരിക്കുന്ന ബെല്‍റ്റ് അഴിച്ചുമാറ്റി പതുക്കെ കസേരയില്‍ ഇരുന്നുകൊണ്ട് അവരുടെ തുടകളില്‍ നിന്നും രണ്ട് കൃത്രിമ കാലുകള്‍ മെല്ലെ ഇളക്കിമാറ്റി. രണ്ടു കാലുകളുമില്ലാത്ത, പാതിമാത്രമായ അവരുടെ ശരീരം  കണ്ട് എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എന്റെ തൊണ്ടയില്‍ നിന്നും പുറത്തേക്ക് വരുന്ന ശബ്ദത്തെ ഞാന്‍ ഉള്ളംകൈകൊണ്ട് അമര്‍ത്തിപ്പിടിച്ചു. ഞാന്‍ കുമ്പിട്ടിരുന്നു. കണ്ണുനീര്‍ എന്റെ വസ്ത്രങ്ങളില്‍ വീണുകുതിര്‍ന്നിരുന്നു. ജോസഫ് ഞങ്ങള്‍ക്കരികില്‍നിന്നും പോയശേഷം അവരെന്റെ കവിളില്‍ തലോടി. ഞാനവരെ ഏറ്റവും സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. അവരെന്റെ മുടിയില്‍ തലോടി. പരസ്പരം പേരുപോലും അറിയാത്ത രണ്ട് മനുഷ്യര്‍ ദുഃഖങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഈ ഭൂമിയിലെ മുഴുവന്‍ സ്‌നേഹവും വാത്സല്യവും എന്റെ നെറുകിലൂടെ ഒഴുകിയിറങ്ങുന്നതായെനിക്ക് തോന്നി. അവരെന്റെ മുഖം കൈകളില്‍ കോരിയെടുത്തിട്ട് എന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു:  'നീ എത്ര സുന്ദരിയാണ് കുഞ്ഞേ... നിന്റെ ഈ മനോഹരമായ കണ്ണുകള്‍ ഇനിയൊരിക്കലും നിറയരുത് നോക്കൂ ഞാന്‍ വളരെ സന്തോഷവതിയാണ്. മറ്റുള്ളവരുടെ കാഴ്ചയില്‍ മാത്രമാണ് എനിക്ക് കാലുകളില്ലാത്തത്. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. നിനക്കും അങ്ങനെതോന്നാന്‍ പാടില്ല.' 

 അത് പറയുമ്പോള്‍ അവരുടെ കണ്ണുകളിലെ ധൈര്യവും ആത്മവിശ്വാസവും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എനിക്കവരോട് അതിരറ്റ ബഹുമാനവും സ്‌നേഹവും തോന്നി. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ക്കിടയില്‍ കാലങ്ങളായുള്ള ആത്മബന്ധം തോന്നിയിരുന്നു. അവര്‍ അധ്യാപിക ആണെന്നും സന്ധ്യയെന്നാണ് പേരെന്നും അപ്പോഴാണ് എന്നോട് പറഞ്ഞത്. അല്ലെങ്കിലും മനുഷ്യരുടെ വേദനകള്‍ അറിയാന്‍ വേദനിക്കുന്ന മറ്റൊരു മനസ്സ് മതിയല്ലോ. അവിടെ പേരിന് എന്ത് പ്രസക്തി!

 സന്ധ്യ ടീച്ചര്‍ നര്‍ത്തകിയായിരുന്നു. വളരെ ചെറുപ്പം മുതലേ നൃത്തത്തോട് പ്രണയമായിരുന്നു. ആറു വയസ്സുമുതലേ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി.
സ്‌കൂള്‍ യുവജനോത്സവങ്ങളിലും മറ്റു വേദികളിലും ടീച്ചര്‍ അവരുടെ കഴിവ് തെളിയിച്ചിരുന്നു. വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ടീച്ചറുടെ കഴിവില്‍ മതിപ്പും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഈ ലോകം മുഴുവന്‍ അറിയപ്പെടുന്ന നര്‍ത്തകിയാകുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. കോളേജ് പഠന കാലത്ത് ടീച്ചറിന്റെ നൃത്തം കണ്ട് സഹപാഠിയായ ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷവും ടീച്ചര്‍ നൃത്തത്തില്‍ മുഴുകി ജീവിക്കുമ്പോഴായിരുന്നു ആ അപകടം സംഭവിച്ചത്. തൊടുപുഴയില്‍ ഒരു പ്രോഗ്രാം കഴിഞ്ഞു തിരികെ വരുന്ന വഴി ടീച്ചറിന്റെ കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ടീച്ചര്‍ വാഹനത്തില്‍ നിന്ന് തെറിച്ചു റോട്ടില്‍ വീഴുകയും ലോറിയുടെ ടയര്‍ അവരുടെ ഇരുകാലുകളിലൂടെ കയറിപ്പോകുകയും ചെയ്തു. ആറേഴു മാസത്തെ ആശുപത്രി ജീവിതത്തിനുശേഷം തിരികെ വരുമ്പോള്‍ ടീച്ചറിന്റെ ഇരുകാലുകളും പൂര്‍ണമായും നീക്കം ചെയ്തിരുന്നു. അവിടുന്നിങ്ങോട്ട് വേദനയുടെയും പരീക്ഷണത്തിന്റെയും നാളുകളായിരുന്നു. ജീവന് തുല്യം പ്രണയിച്ച ഭര്‍ത്താവ് ടീച്ചറെ ഉപേക്ഷിച്ചു പോയി അച്ഛനും അമ്മയും ഒരനിയത്തിയുമല്ലാതെ മറ്റാരും ടീച്ചറിന്റെ കൂടെ ഉണ്ടായിരുന്നില്ല. കരഞ്ഞും സ്വയം ശപിച്ചും നാളുകള്‍ തള്ളിനീക്കി. 

 നൃത്തം എന്ന സ്വപ്നം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍, ജീവിതവും മരണവും ഒരേ രൂപമണിഞ്ഞു മുന്നില്‍ വന്നു നിന്നപ്പോള്‍, സന്ധ്യ ടീച്ചര്‍ മരണം തിരഞ്ഞെടുത്തു. അവിടെയും അവര്‍ തോറ്റു പിന്‍വാങ്ങി. വായനയും സംഗീതവുമായി നാളുകള്‍ കഴിച്ചുകൂട്ടി. എഴുന്നേറ്റ് നടക്കാനുള്ള തീവ്രമായ ആഗ്രഹമാണ് ടീച്ചറെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിപ്പോള്‍ ടീച്ചറിന്റെ മൂന്നാമത്തെ കാലുകളാണ്. ആത്മവിശ്വാസവും ഇച്ഛാ ശക്തിയുമായിരുന്നു അവരെ മുന്നോട്ട് നയിച്ചത്. ജീവിതത്തോടുള്ള എന്റെ കാഴ്ച്ചപ്പാടുകളെ മാറ്റിമറിച്ച സ്ത്രീയായിരുന്നു സന്ധ്യ ടീച്ചര്‍. ടീച്ചറോടൊപ്പമിരുന്ന കുറച്ചു മണിക്കൂറുകള്‍ എന്നെ രണ്ടായി വിഭജിച്ചു. സന്ധ്യ ടീച്ചറെ കണ്ടുമുട്ടുന്നതിനു മുന്‍പും ശേഷവും എന്ന് ഞാനെന്റെ ജീവിതത്തെ അന്നുമുതല്‍ അടയാളപ്പെടുത്തുന്നു.

 ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നാട്ടില്‍ത്തന്നെയുള്ള ഒരകന്ന ബന്ധുവിന്റെ മകളുമായി ഞാന്‍ കൂട്ടുകൂടുന്നത്. എന്നെക്കാള്‍ അഞ്ചു വയസ്സ് പ്രായക്കൂടുതലുള്ള ചേച്ചിയുടെ പേര് രാധിക എന്നായിരുന്നു. നല്ല വായനാശീലമുള്ള ഒരാളായിരുന്നു ചേച്ചി. കഥയും കവിതയുമൊക്കെ ഏറെ ഇഷ്ടമായിരുന്നു. അതിനാലാവാം ഞങ്ങള്‍ വളരെ പെട്ടെന്ന് അടുത്തു. മിക്ക ദിവസങ്ങളിലും എന്നെ കാണാന്‍ വീട്ടിലേക്ക് വരുമായിരുന്നു. എന്റെ അടുത്തിരുന്ന്  ഒരുപാട് സംസാരിക്കുമായിരുന്നു.
 
 തമാശകള്‍ പറഞ്ഞും ജീവിതാനുഭവങ്ങള്‍ പങ്കുവച്ചും കഥകള്‍ പറഞ്ഞുമൊക്കെ എന്നോടൊപ്പം ഏറെനേരം ചെലവഴിക്കുമായിരുന്നു ചേച്ചി. ആദ്യമായി നെരൂദയുടെ കവിതകള്‍ എനിക്ക് വായിക്കാന്‍ തന്നത് രാധികേച്ചിയായിരുന്നു. ഞാനെഴുതിയ ചില കവിതകള്‍ ചേച്ചിക്ക് വായിക്കാന്‍ കൊടുക്കുമായിരുന്നു. നല്ല കവിതകളാണെന്നും ഇത് പ്രസിദ്ധീകരിക്കാനായി അയച്ചുകൊടുക്കണമെന്നും ആദ്യമായി എന്നോട് പറഞ്ഞത് ചേച്ചിയായിരുന്നു. ഞങ്ങളറിയാതെ തന്നെ ഞങ്ങളില്‍ ആഴമേറിയതും ദൃഢമായതുമായ ഒരു ബന്ധം രൂപപ്പെട്ടു. ഓരോ ദിവസവും ചേച്ചിയുടെ വരവിനായി ഞാന്‍ കാത്തിരുന്നു. ഇത്ര മനോഹരമായി മനുഷ്യര്‍ക്ക് സ്‌നേഹിക്കാന്‍ കഴിയുമെന്ന് കുട്ടിയമ്മ കഴിഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കുന്നത് ചേച്ചിയില്‍ നിന്നുമായിരുന്നു. നല്ല ഉയരവും  ഇളം തവിട്ടുനിറവും കൂട്ടുപുരികങ്ങളും കൈകാലുകളിലെ ചെമ്പന്‍ രോമങ്ങളുമായിരുന്നു ചേച്ചിയുടെ പ്രത്യേകത. േചച്ചിയെ കണ്ടാല്‍ ഒരുത്തരേന്ത്യക്കാരിയാണെന്നേ പറയൂ.
        
 രാധികേച്ചിയുടെ സഹപാഠിയായിരുന്ന ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ ഒരാളോട് ചേച്ചിക്ക് കടുത്ത പ്രണയമുണ്ടായിരുന്നു. അരുണ്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ചേച്ചിയുടെ ഉറക്കം കെടുത്തിയ പ്രണയത്തെപ്പറ്റി ഒരിക്കല്‍പ്പോലും അരുണിനോട് പറഞ്ഞിട്ടില്ലായിരുന്നു. ഇനിയത് പറയാതെ പറ്റില്ല എന്ന അവസ്ഥ വന്നപ്പോള്‍ പേരോ വിലാസമോ വയ്ക്കാതെ അരുണിനൊരു കത്തെഴുതാന്‍ ചേച്ചി തീരുമാനിച്ചു. ആ പ്രണയ ലേഖനം എഴുതാന്‍ ചേച്ചി എന്നോട് ആവശ്യപ്പെട്ടു. ഞാനത് സമ്മതിക്കുകയും ചെയ്തു. 
 
 അന്നുരാത്രി എന്നിലെ പ്രണയിനി ഉണര്‍ന്നു. കാട്ടുകടന്നല്‍ക്കൂടിളകിയ പോലെ ഞാന്‍ എന്റെയുള്ളില്‍ ഒളിപ്പിച്ച പ്രണയത്തെ വരികളാക്കി. കുറച്ചു നേരത്തേക്ക് ഞാനയാളെ എന്റെ കാമുകനാക്കി ആകാശത്തോടും കാറ്റിനോടും കടലിനോടുമൊക്കെ ഉപമിച്ചുകൊണ്ട് ഞാനയാളെ എന്റെ പ്രപഞ്ചമാക്കി. എഴുതുമ്പോള്‍ എന്റെ കൈവിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ സ്‌നേഹത്തില്‍ അതീവ ദുര്‍ബലയും സ്വാര്‍ത്ഥയാണെന്നും വീണ്ടും ഞാന്‍ തിരിച്ചറിയുകയായിരുന്നു. ഒരു പ്രണയലേഖനം കൊണ്ട് ഞാനയാളെ എന്റെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും എന്നപോലെ നൈമിഷികമായ എന്റെ വൈകാരികാവസ്ഥയേയും മറച്ചുപിടിച്ചുകൊണ്ട് ഞാന്‍ കത്ത് രാധികേച്ചിക്ക് കൊടുത്തു. പിറ്റേന്ന് രാധികേച്ചി കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. എം എ മലയാളം ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിക്കുമ്പോള്‍ അരുണിനെന്തെങ്കിലും മാറ്റമുണ്ടോ എന്നായിരുന്നു രാധികേച്ചി ശ്രദ്ധിച്ചുകൊണ്ടിരുന്നത്. ക്ലാസ്സിലെ കൂട്ടുകാരോട് ആരോടെങ്കിലും തന്റെ കത്തിനെക്കുറിച്ചു പറയുമോ എന്ന് ശ്രദ്ധിച്ചു പക്ഷെ അതുണ്ടായില്ല. അരുണില്‍ ഒരു മാറ്റവും കാണാതിരുന്നതിനാലും വിലാസം വയ്ക്കാതിരുന്നതിനാല്‍ കത്തിന്റെ ഉടമയെ അറിയാനുള്ള സാധ്യത ഇല്ലാതിരുന്നതുകൊണ്ട് ദിവസം ചെല്ലുംതോറും പ്രതീക്ഷയ്ക്കൊപ്പം അരുണിനോടുള്ള ചേച്ചിയുടെ പ്രണയവും വറ്റിക്കൊണ്ടിരുന്നു. പക്ഷെ എന്റെയുള്ളില്‍ ആശങ്കയും ആകാംഷയും കൂടിക്കൂടി വന്നു.

 കത്ത് അയാള്‍ക്ക് കിട്ടിയിട്ടുണ്ടാകുമോ? അരുണത് വായിച്ചു കാണുമോ? അയാളുടെ മനസ്സില്‍ എന്തായിരിക്കും? അങ്ങനെ പലവിധ ചിന്തകള്‍ എന്റെ മനസ്സില്‍ കെട്ടുപിണഞ്ഞു കിടന്നു. ഓരോ നിമിഷവും ഞാനയാളെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരുന്നു. മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും അയാളെന്ന ചിന്ത എന്നെ തടവിലിട്ടു. ഞാന്‍ പോകുന്ന വഴിയിലെവിടെയെങ്കിലും വച്ച് അയാളെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. രാധികേച്ചിയെ ഒരിക്കല്‍പ്പോലും അയാള്‍ തിരിച്ചറിയരുതേ എന്നാഗ്രഹിക്കാന്‍ മാത്രം സ്വാര്‍ത്ഥത എന്നില്‍ നിറഞ്ഞു. ചിലപ്പോഴൊക്കെ ഈ ലോകത്തെ മുഴുവന്‍ വെറുക്കുന്ന സമയത്ത് തന്നെ അതിശക്തമായി പ്രണയിക്കപ്പെടാനും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ വേരുകളറ്റുപോയൊരു പരാദസസ്യം പോലെ ഞാന്‍ ലോകത്ത് നിന്നും പറിച്ചെറിയപ്പെട്ടവളായി എന്ന തോന്നല്‍ എന്നെ തളര്‍ത്തി.

 എന്റെ അപകര്‍ഷതാബോധവും ജീവിതത്തിന്റെ കഠിനവുമായ അനുഭവങ്ങള്‍ക്കുമിടയില്‍ അരുണിനെ ഞാന്‍ മറന്നുതുടങ്ങിയിരുന്നു. അതിനിടയില്‍ രാധികേച്ചിയുടെ വിവാഹം കഴിഞ്ഞ് ചേച്ചി നാട്ടില്‍നിന്നു പോയി. ചേച്ചി പോയതോടുകൂടി എന്റെ ഒറ്റപ്പെടലിന്റെ ആഴം കൂടി. സമയം നിശ്ചയിക്കപ്പെട്ട ഏകാന്ത തടവുകാരിയെപ്പോലെ ഞാന്‍ എന്റെ ഓര്‍മകളില്‍ മാത്രം ജീവിച്ചു. അരുണിന് ഞാനെഴുതിയ അനാഥമായ പ്രണയലേഖനം ശ്വാസകോശത്തില്‍ തടഞ്ഞ കുപ്പിച്ചില്ലുപോലെ എന്റെ ഉള്ളില്‍ തറഞ്ഞുകിടന്നു.

 പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ യാദൃച്ഛികമായാണ് ഞാന്‍ അരുണിനെ കാണാനിടയായത്. എന്നെ കണ്ടതും അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. എന്റെ  അടുത്ത് വന്നു ഏറെ നേരം സംസാരിച്ചു. പലതും പറഞ്ഞു പിരിയാന്‍ നേരം അരുണ്‍ എന്റെ കണ്ണുകളെ നോക്കി ചോദിച്ചു: ''പണ്ട് എനിക്കൊരു കത്തെഴുതിയിരുന്നോ?'' അതുകേട്ടതും എന്റെ ആത്മാഭിമാനാം രണ്ടായി പിളരുന്നത് പോലെ തോന്നി. എന്റെ തൊണ്ട വരണ്ടു. അത് ഞാനെഴുതിയ കത്താണെന്ന് അരുണ്‍ എങ്ങനെയാണ് അറിഞ്ഞത്? പിന്നീടുള്ള ദിവസങ്ങളില്‍ ആ കത്തിന് പിന്നിലെ സത്യാവസ്ഥ അരുണിനെ ബോധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ആയിരുന്നു ഞാന്‍. ആ കത്ത് എനിക്കുവേണ്ടി എഴുതിയതല്ലെന്നും ചേച്ചിക്ക് വേണ്ടിയാണെന്ന് പറഞ്ഞിട്ടും അയാളത് വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഞാനെഴുതിയതാണെന്നു വിശ്വസിക്കാനാണിഷ്ടം എന്ന് പറയുകയും ചെയ്തു. ആ കത്ത് ഞാനെഴുതിയതാണെന്നു അറിഞ്ഞപ്പോള്‍ മുതല്‍ എന്നോടുള്ള പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്നു പറഞ്ഞു. ഇന്നും അയാളെന്നെ പ്രണയിക്കുന്നുണ്ടെന്ന അറിവ് എന്നെ സന്തോഷിപ്പിക്കുന്നു. ചില ഇഷ്ടങ്ങള്‍ക്കും ഓര്‍മകള്‍ക്കുമൊക്കെ എന്തൊരു നിഗൂഢ സൗന്ദര്യമാണ്! എനിക്കയാളോട് ചോദിക്കാന്‍ ഒത്തിരി ചോദ്യങ്ങള്‍ ഉണ്ട്. ഉത്തരങ്ങള്‍ അയാളില്‍  ഉണ്ടാകാം. പക്ഷെ ഞാനതൊരിക്കലും ചോദിക്കില്ല എന്ന് മാത്രം പറയുന്നു.

രമ്യ തുറവൂറിന്റെ ആത്മകഥ പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം.

(തുടരും)