
കാക്കനാട്: 'എന്റെ കൈ എവിടെ അമ്മേ' എന്ന മകളുടെ ഇടയ്ക്കിടെയുള്ള ചോദ്യത്തിൽ ഉത്തരം മുട്ടുകയായിരുന്നു 123 ദിവസമായി ഒൻപതുവയസ്സുകാരി വിനോദിനിയുടെ മാതാപിതാക്കൾ. എന്നാൽ ഞായറാഴ്ച അവൾ തന്റെ ശരീരത്തിൽവന്ന മാറ്റത്തെ ആദ്യം പേടിയോടെ നോക്കി, പിന്നെ അമ്പരപ്പായി... മനസ്സിനൊത്ത് കൈവിരലുകൾ ചലിച്ചപ്പോൾ സന്തോഷമായി. ചികിത്സാപ്പിഴവുമൂലം വലതുകൈ നഷ്ടപ്പെട്ട പാലക്കാട്ടെ ഒൻപതുവയസ്സുകാരി വിനോദിനിക്കാണ് കാക്കനാട് ഓലിമുകൾ ജങ്ഷന് സമീപത്തെ കൊല്ലംകുടിനഗറിലെ 'ഹോപ്പ്' എന്ന സ്ഥാപനത്തിൽവെച്ച് കൃത്രിമക്കൈ പിടിപ്പിച്ചത്.
തുടക്കത്തിൽ ചില പ്രയാസങ്ങളുണ്ടാവുമെങ്കിലും കുറച്ചു ദിവസത്തെ വ്യായാമവും പരിശീലനവും കഴിയുന്നതോടെ എഴുതാനും വരയ്ക്കാനും വഴങ്ങുന്ന വിരലുകളായി മാറുമെന്ന് അധികൃതർ പറഞ്ഞു. നൂതന സാങ്കേതികവിദ്യയോടുകൂടിയ കൃത്രിമക്കൈകൊണ്ട് വിനോദിനി തന്നെ കാണാനെത്തിയ പ്രതിപക്ഷ നേതാവിന് പൂക്കൂട നൽകി. കുട്ടിയുടെ കൃത്രിമക്കൈതൊട്ട വി.ഡി. സതീശൻ താൻകൊണ്ടുവന്ന ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചു. പിതാവ് വിനോദും അമ്മ വി. പ്രസീതയും പ്രതിപക്ഷനേതാവിന് നന്ദിപറഞ്ഞു.
വലതുകൈ നഷ്ടപ്പെട്ടതിനുശേഷം പിന്നീട് വിനോദിനി സ്‌കൂളിലേക്ക് പോയിട്ടില്ല. എഴുതാനും വരയ്ക്കാനും വഴങ്ങുന്ന വിരലുകളുമായി ഇനി കൊച്ചുവിനോദിനിക്ക് സ്‌കൂളിലേക്ക് പോകാം. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ വലതുകൈ നഷ്ടപ്പെട്ട കുട്ടിക്ക് കൈയ്ക്കുപകരം കൃത്രിമക്കൈ വെച്ചുനൽകാമെന്ന് പ്രതിപക്ഷ നേതാവ് ഈ കുടുംബത്തെ അറിയിച്ചിരുന്നു. ആ വാക്ക് പാലിക്കുകയായിരുന്നു ഞായറാഴ്ച കുട്ടിക്ക് വലതു കൃത്രിമക്കൈ വെച്ചു നൽകിയതിലൂടെ. ഇതിന് ചെലവായ ആറുലക്ഷത്തോളം രൂപ നേരത്തേതന്നെ 'ഹോപ്പ്'എന്ന സ്ഥാപനത്തിന് പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു.
കുട്ടി വെള്ളിയാഴ്ചയാണ് കാക്കനാട് എത്തിയത്. ഇവർക്ക് സഹായവുമായി മുൻമന്ത്രി വി.സി. കബീറും എത്തിയിരുന്നു. രണ്ടുദിവസം കൃത്രിമക്കൈ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയശേഷം ജർമൻ സാങ്കേതിക വിദ്യയിൽ രൂപകല്പനചെയ്ത കൃത്രിമക്കൈ ഹോപ്പ് മാനേജിങ് ഡയറക്ടർ കവിത പഞ്ചലിന്റെ നേതൃത്വത്തിലാണ് പിടിപ്പിച്ചത്. ഉമാതോമസ് എംഎൽഎ, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ, കൗൺസിലർ തോമസ് തുതിയൂർ, കോൺഗ്രസ് നേതാക്കളായ സി.സി. വിജു, നൗഷാദ് പല്ലച്ചി തുടങ്ങിയവരും പങ്കെടുത്തു.
കളിക്കിടെ വീണുപരിക്കേറ്റ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കൈയിൽ അണുബാധയുണ്ടായതിനെത്തുടർന്ന് വിനോദിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാറ്റി. അവിടെവെച്ച് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ഒക്ടോബർ രണ്ടിന് കുടുംബം പരാതി നൽകി. തുടർന്ന്, കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. കുട്ടിക്ക് രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൃത്രിമക്കൈ വെയ്ക്കാൻ എല്ലാവിധ ചെലവുകളും വഹിക്കാമെന്ന് അറിയിച്ചത്.
കുടുംബത്തിന് ഭൂമി വാങ്ങിനൽകും-വി.ഡി. സതീശൻ
വാടകവീട്ടിൽ കഴിയുന്ന ഒൻപതുവയസ്സുകാരിക്ക് ഭൂമി വാങ്ങിനൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന് കുട്ടിയുടെ അമ്മ പ്രസീത പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. വിവിധ സംഘടനകൾ വീട് നിർമിച്ചുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ, സ്ഥലമില്ലെന്ന് അറിയിച്ചതോടെയാണ് ഭൂമി വാങ്ങി നൽകാമെന്ന് വി.ഡി. സതീശൻ ഇവർക്ക് ഉറപ്പുനൽകിയത്. പ്രായവ്യത്യാസത്തിനനുസരിച്ച് വിനോദിനിയുടെ കൃത്രിമക്കൈക്ക് ഭാവിയിൽ രൂപമാറ്റം വേണ്ടിവരുമ്പോൾ അതിനുള്ള ചെലവുകൾ വഹിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
Content Highlights: 9-year-old Vinodini, who lost her arm due to medical negligence, receives a state-of-the-art prosthetic limb in Kakkanad
Published: 02 Feb 2026, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented