കോട്ടയം: അടിമാലി സ്വദേശിനി സന്ധ്യക്ക്‌ ഇനി ആശ്വാസത്തോടെ കൃത്രിമക്കാലുമായി പുതുജീവിതത്തിലേക്ക് നടന്നുതുടങ്ങാം. വാടകവീട്ടിൽ കഴിയുന്ന സന്ധ്യക്ക്‌ മലങ്കര ഓർത്തഡോക്സ് സഭ തണലാകും. മലങ്കരസഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനകജൂബിലുടെ ഭാഗമായി നിർമിക്കുന്ന 100 സഹോദരഭവനത്തിലൊന്ന് സന്ധ്യക്ക്‌ നൽകും.

To advertise here,

നിരണം പള്ളിയിൽ നടന്ന സഭയുടെ ‘സഹോദരൻ ജീവകാരുണ്യപദ്ധതി’ നാലാം വാർഷികച്ചടങ്ങിലാണ് ബാവാ ഇക്കാര്യം അറിയിച്ചത്. നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ, അദ്ദേഹം ഇക്കാര്യം കാതോലിക്കാ ബാവായുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സന്ധ്യയുടെ ചികിത്സ പൂർണമായും ഏറ്റെടുത്തിരിക്കുന്നത് കെയർ ആൻഡ് ഷെയറാണ്. സഹോദരൻ പദ്ധതിയിലൂടെ നൂറ് വീടല്ല, ഈശ്വരന്റെ സ്നേഹം നിറയുന്ന നൂറ് ദേവാലയമാണ് നിർമിക്കാനാഗ്രഹിക്കുന്നതെന്ന്, ചടങ്ങ് ഉദ്ഘാടനംചെയ്ത് കാതോലിക്കാ ബാവാ പറഞ്ഞു.

നിരണം സെയ്‌ന്റ് മേരീസ് വലിയപള്ളിയിൽ നടന്ന ചടങ്ങിൽ, എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ അധ്യക്ഷതവഹിച്ചു. നിരണം പള്ളി ഇടവകാംഗമായ പിന്നണിഗായകൻ കെ.ജി. മാർക്കോസിനെ ചടങ്ങിൽ ആദരിച്ചു.

ഫാ. ഗീവർഗീസ് ജോൺസൺ, മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തിരുവല്ല ശ്രീരാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, വൈദികട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂർ എന്നിവർ പ്രസംഗിച്ചു.

കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യക്ക് ഇടതുകാൽ നഷ്ടമായിരുന്നു. ഭർത്താവും വീടും 20 സെന്റ് സ്ഥലവും മണ്ണിലമർന്നു.