എസ്ബിഐ ബാങ്കിന്‍റെ സ്പോൺസർഷിപ്പിൽ കൊച്ചിയിൽ മാരത്തോൺ സംഘടിപ്പിക്കുന്നു എന്ന പേരിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറൈൻ ഡ്രൈവിൽ നടക്കുന്ന 5 കിലോ മീറ്റർ മാരത്തണിൽ വിജയിക്കുന്നയാൾക്ക് 5 ലക്ഷം രൂപ സമ്മാനമെന്നാണ് പോസ്റ്ററിലെ വാഗ്ദാനം.
ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു. എസ്ബിഐയുടെ പേര് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണ് ഇതെന്ന് ഞങ്ങൾ കണ്ടെത്തി.
698 രൂപ കൊടുത്ത് രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും സ്പോർട്സ് ഷൂസ്, ടി-ഷർട്ട്, റീഫ്രഷ്മെന്റുകൾ, ഗുഡ്ഡി ബാഗ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകുമെന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്. എസ്ബിഐ സ്പോൺസർ ചെയ്തിരിക്കുന്നു എന്ന് രേഖപ്പെടുത്തിയതിന് അപ്പുറം ഇതിന്‍റെ സംഘാടകർ ആരെന്നതടക്കമുള്ള വിവരങ്ങളൊന്നും പോസ്റ്ററിൽ ഇല്ല.
മാരത്തോൺ പ്രേമികളാരും ഇതുകണ്ട് രജിസ്റ്റർ ചെയ്യാൻ നിൽക്കേണ്ട, കാരണം തങ്ങളുടെ പേരിൽ മാരത്തൺ നടക്കുന്ന കാര്യം എസ്ബിഐ പോലും അറിഞ്ഞിട്ടില്ല. അതായത്, ഇത് ശുദ്ധ തട്ടിപ്പാണ്, എഐ ഉപയോഗിച്ച് നിർമിച്ചെടുത്ത പോസ്റ്ററിനൊപ്പം പണമടക്കാനുള്ള ലിങ്കും നൽകിയായിരിക്കും തട്ടിപ്പ്. ഇത്തരം വ്യാജ ലിങ്കുകൾ ഫിഷിങ് ലിങ്കുകൾ ആകാറുണ്ട്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്ന് കൂടാനും സാധ്യതയുണ്ട്.
മാത്രമല്ല, "മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 " എന്ന പേരിൽ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് കേരള പോലീസും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ ബാങ്കിന്‍റെ പേരിൽ വ്യാജ പരസ്യം പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ നിന്നും രജിസ്ട്രേഷന്‍റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് സൈബർ കുറ്റവാളികളുടെ ലക്ഷ്യം. ഇതിൽ ജാഗ്രത പാലിക്കണമെന്നാണ് പോസ്റ്റിൽ പറയുന്നത്. രജിസ്ട്രേഷൻ ഫീസ് ലഭിച്ച ശേഷം 'കാലാവസ്ഥാ സാഹചര്യം, മറ്റ് തടസങ്ങൾ തുടങ്ങിയ ഒഴിവുകൾ ചൂണ്ടിക്കാട്ടി മാരത്തോൺ മാറ്റിവെച്ചതായി സന്ദേശം അയയ്ക്കുകയും പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി എന്നും പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി രജിസ്ട്രേഷൻ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും പരിപാടികളുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. പരിപാടിയുടേതെന്ന് അവകാശപ്പെടുന്ന ഔദ്യോഗിക വെബ്സൈറ്റ്, സംഘാടകർ, സർക്കാരിൽ നിന്നും ലഭിച്ച അനുമതി തുടങ്ങിയവയും പരിശോധിക്കണം. വളരെ ചെറിയ തുകയാണെന്ന കാരണത്താൽ ഒരിക്കലും പണമടയ്ക്കരുത്. സംശയകരമായ വെബ്സൈറ്റുകൾ, പേയ്മെൻറ് ലിങ്കുകൾ, പ്രശസ്ത സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ പരസ്യങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യണം.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

സംസ്ഥാന പോലീസ് മീഡിയ സെൻററിന്‍റെ എഫ്ബി പോസ്റ്റിന്‍റെ സക്രീൻഷോട്ട്
https://www.facebook.com/photo.php?fbid=1589586889198243&set=pb.100044408407189.-2207520000&type=3
Content Highlights: The Kerala Police have issued an urgent warning exposing a viral social media campaign for a "Marine Drive Marathon Kochi 2026" as a fraudulent scam. The deceptive campaign relies on an AI-generated poster that falsely claims the event is sponsored by the State Bank of India (SBI) and scheduled for April 19, 2026. Anyone who has fallen victim to this cyber financial fraud should immediately report it by calling the national helpline at 1930 or by visiting the official national cybercrime portal (cybercrime.gov.in).
Published: 18 Jul 2026, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented