അമ്മയെ മത്സരത്തില് പങ്കെടുക്കാന് പ്രേരിപ്പിച്ചത് താനാണെങ്കിലും അമ്മ ഒന്നാമതായി എത്തുമെന്ന് കരുതിയിരുന്നില്ലെന്ന് പൂജ പറഞ്ഞു.

മക്കളുടെ പഠനത്തിന് പണം കണ്ടെത്താൻ സാരിയും ഉടുത്ത് നഗ്നപാദയായി മാരത്തോണിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഒരു നാൽപത്തിയേഴുകാരി. പേര് രമാഭായ് രൺവീർ, സ്വദേശം മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗായ്. രണ്ടാമതായി മാരത്തോണിൽ ഫിനിഷ് ചെയ്യത് മകൾ പൂജയും! ഒരു പ്രാദേശിക സംഘടന നടത്തിയ അമൃത് ദൗഡ് മാരാത്തൺ മത്സരത്തിലാണ് രമാഭായ് പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയത്. 3000 രൂപയാണ് ഒന്നാംസമ്മാനം.
മുംബൈയിലുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചതോടെയാണ് രമാഭായിയുടെ ജീവിതം പ്രതിസന്ധിയിലായത്. തുടർന്ന് രണ്ട് പെൺമക്കളുടെ പഠനച്ചെലവും കുടുംബത്തിന്റെ ചുമതലയും രമാഭായുടെ ചുമലിലായി. എന്തൊക്കെ സംഭവിച്ചാലും രണ്ടുപെൺകുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നൽകുമെന്ന് രമാഭായ് തീരുമാനിച്ചിരുന്നു. അങ്ങനെ ഒരു സ്വകാര്യ അക്കാദമിയിൽ പാചകക്കാരിയായി അവർ ജോലിക്ക് കയറി. അവിടെത്തന്നെയാണ് മൂത്തമകളെ മത്സരപരീക്ഷയുടെ കോച്ചിങ്ങിനായി ചേർത്തു.
ട്രാക്ക് സ്യൂട്ടും ഷൂസുമിട്ട് ഓടാനെത്തിയ യുവതലമുറയ്ക്കൊപ്പമാണ് സാധാരണ സാരിയും ചെരിപ്പുമിട്ട് രമാഭായ് ഓടാനായി തയ്യാറായത്. എന്നാൽ ഓട്ടം തുടങ്ങിയതിന് പിന്നാലെ കാലിലെ ചെരിപ്പ് ഊരിപ്പോകാൻ തുടങ്ങിയതോടെ രമാഭായ് ചെരിപ്പൂരി കയ്യിൽ പിടിച്ച് നഗ്നപാദയായി ഓടുകയായിരുന്നു.
റോഡിലെ കല്ലുകളും തണുപ്പും വകവെക്കാതെ സാരിത്തലപ്പ് വരിഞ്ഞുമുറുക്കി ഓടിയ രമാഭായ്, മറ്റു മത്സരാർത്ഥികളെ പിന്തള്ളി ഒന്നാമതായി ഫിനിഷ് ലൈൻ തൊട്ടപ്പോൾ കാണികൾ കരഘോഷത്തോടെ അമ്മയെ സ്വീകരിച്ചു.
'ഒരുപാട് പേർ മത്സരത്തിലുണ്ടായിരുന്നു. പക്ഷെ എനിക്ക് ആ സമ്മാനം നേടിയേ തീരൂ എന്നുണ്ടായിരുന്നു. ഓടുമ്പോൾ എന്റെ മനസ്സിൽ മക്കളുടെ ഭാവി മാത്രമായിരുന്നു. ഈ 3,000 രൂപ കൊണ്ട് മക്കൾക്ക് വേണ്ട പുസ്തകങ്ങൾ വാങ്ങും,' - വിജയത്തിനുശേഷം രമാഭായ് പറഞ്ഞു.
പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകൾ പൂജ രണ്ടാം സ്ഥാനത്തെത്തി. അമ്മയെ മത്സരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത് താനാണെങ്കിലും അമ്മ ഒന്നാമതായി എത്തുമെന്ന് കരുതിയിരുന്നില്ലെന്ന് പൂജ പറഞ്ഞു. പൂജയുടെ സഹോദരി ബാങ്കിങ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിലാണ്. കഠിനാധ്വാനം ചെയ്യാനുള്ള പൂജയുടെ മാനസികനില മനസ്സിലാക്കിയ അക്കാദമി ഡയറക്ടർ നേരത്തെതന്നെ പൂജയുടെ പഠനഫീസ് ഒഴിവാക്കി നൽകിയിരുന്നു.
ദാരിദ്ര്യത്തോടും വിധിയോടും പൊരുതി മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ കയ്യിൽ ചെരിപ്പും പിടിച്ച് ഓടിയ രമാഭായിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
Published: 01 Sept 2026, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented