
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മാണീം ഇന്ദിരാ ഗാന്ധീം’ എന്ന പുസ്തകത്തിൻെറ ആമുഖം വായിക്കാം.
'No need to hurry. No need to sparkle.
No need to be anybody but oneself' -Virginia Woolf
ഞാൻ കാവൽമാലാഖമാരിൽ വിശ്വസിക്കുന്ന ആളാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആരോ പറഞ്ഞുവിട്ടതുപോലെ എവിടെനിന്നോ അവർ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ആ ഒരു കാര്യം കഴിയുമ്പോൾ അവർ പിൻവാങ്ങിയേക്കാം അല്ലെങ്കിൽ, ഒപ്പം ഓരംചേർന്ന് നടന്നേക്കാം.
'ഷിക്കാഗോയിൽനിന്ന് പ്രിയയുടെ മലയാളം വരികൾ മലയാളിയെ തേടിയെത്തുന്നതാണ് എന്റെ പ്രിയ സ്വപ്നം. ജ്വാലകൾ, അവ പുറത്തു വരികതന്നെ ചെയ്യും' എന്ന് പ്രിയ എ.എസ്. 2018-ൽ, ഫേസ്ബുക്കിൽ കുറിക്കുന്ന സമയത്ത്, ഞാൻ എഴുതുക പോയിട്ട്, മലയാള പുസ്തകങ്ങൾ വായിക്കുന്നുപോലുമില്ലായിരുന്നു. പ്രിയ ഇപ്പോൾ ഒന്നും എഴുതാറില്ലേയെന്ന് ചില പഴയ കൂട്ടുകാർ ചോദിക്കുമ്പോൾ ഗ്രോസറി ലിസ്റ്റ് കണക്കിൽപ്പെടുത്താമെങ്കിൽ എഴുതാറുണ്ടെന്നു മറുപടി പറയും.
കോളേജുകാലത്തു കിട്ടിയ 'ഗൃഹലക്ഷ്മി' അവാർഡിന് പുല്ലുവിലപോലും തന്നിരുന്നില്ല വീട്ടുകാര്‍. അവരുടെ ഭാഷയിൽ പറഞ്ഞാൽ,
'നിനക്കോ ബോധമില്ല ആ എം.ടിക്കെങ്കിലും അൽപം ബോധം കാണുമെന്നാ ഞങ്ങൾ വിചാരിച്ചത്. നിന്റെയീ ആവറേജ് കഥയ്ക്ക് ഇവരല്ലാതെ വേറെയാരെങ്കിലും സമ്മാനം തരുമോ?'
രണ്ടുതവണ എനിക്കു കിട്ടിയ അവാർഡും എം.ടിയുടെ വിവരക്കേടായി ചിരിച്ചുതള്ളുന്ന ഒരു വീട്ടിൽനിന്ന് വന്നതുകൊണ്ടായിരിക്കും, ഒരുകാലത്ത് ഞാൻ എഴുതിയിരുന്നുവെന്ന് പുറത്തു പറയാൻപോലും മടിയായിരുന്നത്. അങ്ങനെ മലയാളം വായനയും എഴുത്തും വട്ടപൂജ്യമായിരുന്ന ജീവിതത്തിൽ ആദ്യമായി വന്നുവീണ കനലായിരുന്നു പ്രിയയുടെ ഈ വരികൾ. ഉള്ളിലെവിടെയോ ജീവനില്ലാതെ കിടന്ന ഏതൊക്കെയോ അവസ്ഥകളിലേക്ക് ശ്വാസം ഊതുന്നതുപോലെയായിരുന്നു അത്.
ആദ്യമെഴുതിയതു വായിച്ച് അഭിപ്രായം പറഞ്ഞതും തിരുത്തിത്തന്നതും അതെടുത്ത് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിലെ എഡിറ്റർ സഞ്ജയ് മോഹന്‍ കൊടുത്തതും പ്രിയയാണ്. പ്രിയ വായിച്ച് ഓക്കേ എന്നു പറഞ്ഞാൽ മാത്രമേ പ്രസിദ്ധീകരണത്തിനയയ്ക്കാൻ അക്കാലങ്ങളിൽ എനിക്കു ധൈര്യമുണ്ടായിരുന്നുള്ളൂ. അന്നു തുടങ്ങിയ എഴുത്ത് ഇന്ന് ആദ്യപുസ്തകത്തിലെത്തിനിൽക്കുമ്പോൾ സ്നേഹത്തോടെ, നന്ദിയോടെ ആലോചിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം പ്രിയ എ.എസ്സിനുതന്നെയാണ്. എന്റെ എഴുത്തുവഴിയിൽ നിയോഗംപോലെ ദൈവം നിർത്തിയ കാവൽമാലാഖ!
അമേരിക്കയിൽ വിശ്വവിഖ്യാതമായ 'ദ അമേരിക്കൻ ഡ്രീം' എന്ന ഒരു സങ്കൽപമുണ്ട്. 1931-ലെ ബെസ്റ്റ് സെല്ലർ ആയ Epic of America എന്ന ബുക്കിലാണ് ഈയൊരു കൺസെപ്റ്റ് ആദ്യമായി വന്നത്. അതൊരു വിശ്വാസമാണ്. ഏതു രാജ്യത്തു ജനിച്ചവരാകട്ടെ, ഏത് വർഗത്തിലുള്ളവരാകട്ടെ, നിങ്ങൾ കഠിനാധ്വാനിയും ത്യാഗമനസ്ഥിതിയും റിസ്ക് എടുക്കാൻ മടിയില്ലാത്തവരുമാണോ? എങ്കിൽ, അമേരിക്കയിൽ വിജയം ഉറപ്പ്.
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളിൽ പാലായിൽനിന്ന് നടന്നും കാളവണ്ടിയിലും ബസ്സിലും ട്രെയിനിലും കയറി, മലബാറിൽപ്പോയി സ്ഥലം വാങ്ങിച്ച വല്യപ്പച്ചന്റെ ജീൻ സ്ട്രോങ്ങായിട്ടുള്ളതുകൊണ്ട് മുന്നും പിന്നും നോക്കാതെ ഞാനും ആ സ്വപ്നത്തിന്റെ പിറകെയായിരുന്നു. ഇവിടെയെത്തുന്ന ഓരോ പ്രവാസിയേയുംപോലെ!
അമേരിക്കൻ ജീവിതത്തിനിടെ മലയാളം മിസ്സ് ചെയ്യാനുള്ള സമയമില്ലായിരുന്നു എന്നുള്ളതാണ് സത്യം. ഇതിനിടയിൽ നൊസ്റ്റാൾജിയ, ഗൃഹാതുരത്വം എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അതെന്നതാ എന്ന് തിരിച്ചു ചോദിക്കുന്നതുപോലെ തിരക്കായിരുന്നു. 'ദ അമേരിക്കൻ ഡ്രീം' ഏറെക്കുറെ യാഥാർഥ്യമായിക്കഴിഞ്ഞപ്പോഴാണ് എത്ര തൂത്താലും തുടച്ചാലും പോകാത്ത ആ പഴയ ഇഷ്ടത്തിലേക്ക് വീണ്ടും നോക്കിയത്. കുടഞ്ഞെറിയാൻ നോക്കിയിട്ടും പോകാതെ കിടക്കുന്ന ഇഷ്ടം. ചാരത്തിനുള്ളിൽ എരിയുന്ന കനൽപോലെയോ അതോ ശംഖിനുള്ളിൽ മുഴങ്ങുന്ന കടൽപോലെയോ!
ജുംബാ ലാഹിരിയുടെ 'ദ തേർഡ് ആൻഡ് ഫൈനൽ കോൺടിനെന്റ്' എന്ന ചെറുകഥയിൽ പറഞ്ഞിരിക്കുന്നതുപോലെ, 'എന്റെ നേട്ടങ്ങളെല്ലാം തികച്ചും സാധാരണമായിരിക്കാം. ജീവിതഭദ്രതതേടി വീടും നാടും വിട്ട് ദൂരങ്ങളിലേക്കുപോയ ആദ്യത്തെ വ്യക്തിയൊന്നുമല്ല ഞാൻ; അവസാനത്തേതുമായിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷേ, എന്നിട്ടും ചില നേരങ്ങളിൽ ഞാൻ സഞ്ചരിച്ച ഓരോ മൈലും ഞാൻ കഴിച്ച ഓരോ ഭക്ഷണവും ഞാൻ പരിചയപ്പെട്ട ഓരോ മനുഷ്യനും ഞാൻ ഉറങ്ങിയ ഓരോ മുറിയും എന്നെ ഭയങ്കരമായി അമ്പരപ്പിക്കാറുണ്ട്. എത്ര സാധാരണമാണ് അതെല്ലാമെന്നു തോന്നിയാലും, ചില നേരങ്ങളിൽ എന്റെ സങ്കൽപങ്ങൾക്കും അതീതമാണത്.'
എന്തായാലും, എന്റെ തികച്ചും സാധാരണ ജീവിതത്തിൽ ചവിട്ടിനിന്ന് വീണ്ടും എഴുതിത്തുടങ്ങി. ചില നേരങ്ങളിൽ എന്തിനെഴുതുന്നു എന്ന തോന്നൽ ശക്തമാകുമ്പോൾ ഓർക്കുന്നത് വിർജിനിയ വൂൾഫിന്റെ A Room of One's Own-ൽ പറഞ്ഞിരിക്കുന്ന ചില വരികളാണ്. എഴുതാനിരിക്കുമ്പോഴും എഴുതാതിരിക്കുമ്പോഴും ഞാൻ ഉരുവിടുന്ന എന്റെ മന്ത്രം!
'No need to hurry. No need to sparkle.
No need to be anybody but oneself.'
അതെ! ഒരു ധൃതിയുമില്ല, ജ്വലിച്ചുനിൽക്കണമെന്ന് ആഗ്രഹവുമില്ല. മറ്റാരെയും അനുകരിക്കാതെ എനിക്ക് എഴുതാൻ ഇഷ്ടംതോന്നുന്നതു മാത്രം എഴുതുക. ഞാനായി മാത്രം നിൽക്കുക. മനസ്സിൽ തോന്നുന്ന ഈ ഉറപ്പിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്നത് മനോഹരമാവും എന്ന് എന്നോടു പറയുന്നത് ഏതു ശക്തിയാണ്? എനിക്കു ചുറ്റും സംരക്ഷണവലയം തീർക്കുന്നതും എന്നെ കവചംപോലെ പൊതിയുന്നതും എന്നെ എഴുതിപ്പിക്കുന്നതും ഏതു ശക്തിയാണ്? ആ ശക്തിക്കു മുന്നിൽ എന്റെ അക്ഷരങ്ങൾ ഞാൻ സമർപ്പിക്കുന്നു.
Content Highlights: Priya Joseph, Maneem Indira Gandheem, Mathrubhumi Books, Malayalam literature, writing journey, Priya A.S., Virginia Woolf, writer`s block, inspiration, emigration
Published: 26 Sept 2025, 05:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented