ഞാന്‍ കുതിരകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നില്ല. മേശപ്പുറത്ത് ഒരു ചെസ്‌ബോഡ് എടുത്തുവെച്ചിരുന്നുമില്ല. കുതിരയുടെ വരവ് അവിചാരിതമാണ്. പക്ഷേ ഒരു തീന്‍മേശ തീര്‍ച്ചയായും എന്റെ വിചാരങ്ങളുടെ നടുവില്‍ത്തന്നെ സ്ഥലം പിടിച്ചിരുന്നു.
 
 'സെമിത്തേരികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്'(18) അവതരിപ്പിക്കുമ്പോള്‍, മരണവര്‍ജ്ജനം സ്വാഭാവികമായ പുത്തന്‍ ജീവിതശൈലിയിലെ തിരക്കുപിടിച്ച ('ഐ ആം ബിസി') ദുരവസ്ഥയോട് പ്രതികരിക്കുകയായിരുന്നു ഞാന്‍. പിന്നീട്, 'ഭൂമിയില്‍ ജീവന്‍ മരണഗന്ധിയാണ്' എന്ന ഓര്‍മ്മപ്പെടുത്തലിനെത്തുടര്‍ന്ന്, എന്റെ മനസ്സില്‍ ഉണര്‍ന്നൊരു ചോദ്യമുണ്ട്: ഞാന്‍ സൂചിപ്പിച്ച മരണഗന്ധത്തെ ഒരു അത്താഴമുറിയിലേക്ക് ആവാഹിച്ചാല്‍ എങ്ങനെയിരിക്കും?

To advertise here,

അല്ല, പല തരം ജന്തുക്കളുടെയും സസ്യങ്ങളുടെയും ജഡാവശിഷ്ടങ്ങളാണ് തീന്‍മേശപ്പുറത്തെ വിഭവങ്ങളുടെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാണിക്കലല്ല എന്റെ ഉദ്ദേശ്യം. ഇത് തികച്ചും അധികപ്പറ്റാവും. ഹത്യ ആഹാരത്തില്‍ അന്തര്‍ലീനമാണ്. മെരുക്കപ്പട്ട തീയും, കൂടുതല്‍ക്കൂടുതല്‍ മാംസക്കൊതിയുമാണ് പ്രാചീന (വാ)നര മാതൃകകളില്‍നിന്ന് ഒരു മസ്തിഷ്‌ക വിസ്താരത്തോടെ ആധുനിക മനുഷ്യനെ വേര്‍തിരിച്ചെടുത്തതെന്ന് ഒരു നാടവെര പറഞ്ഞു തരും. മൊത്തം പ്രക്രിയയുടെ ഒരു ഉപോത്പന്നമാണ് നാടവെരയെന്ന് പെന്‍സ്റ്റേറ്റ് ഗവേഷകയായ നറ്റാലിയ ഗ്രൂബ് പറഞ്ഞുതരും.

തീന്മേശക്ക് ചുറ്റുമിരുന്നുള്ള സംഭാഷണത്തിന്റെ റൂലെറ്റ് വലയത്തില്‍ മരണചര്‍ച്ചയും കറങ്ങട്ടെയെന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. ചെറിയൊരു ചൂതാട്ടം. പരമാവധി നഷ്ടം എന്താകാനാണ്! എനിക്കുള്ളില്‍ ഇങ്ങനെയൊരു ചിന്ത അനായാസമായി എത്തിയതിനാല്‍, തീര്‍ച്ചയായും വേറെയാരെങ്കിലും ഈ വഴിക്ക് സഞ്ചരിച്ചിരിക്കുമെന്ന് എനിക്ക് തോന്നി. ധൃതിപ്പെട്ട് അന്വേഷിച്ചു, ആളെ കണ്ടെത്തി: ഡോ: റിച്ചാഡ് കാലിഷ്. 

ഒരു റൂലെറ്റ് മേശക്കരികിലായിരുന്നില്ല ഈ മനഃശാത്രജ്ഞന്‍, പകരം ഒരു തീന്‍മേശക്കരികിലായിരുന്നു. മേശപ്പുറത്ത് ഒരു കുതിര! എന്റെ 'കാസ്റ്റിങ്' അനുസരിച്ചുള്ള കഥാപാത്രങ്ങളോടെ ഡോ: കാലിഷിന്റെ തിരക്കഥ ഞാന്‍ ഇവിടെ അവതരിപ്പിക്കട്ടെ.  

സങ്കല്പിക്കുക: നിങ്ങള്‍ക്കും ഭാര്യക്കും (അല്ലെങ്കില്‍ ഒരു സുഹൃത്തിനും) ഒരു വീട്ടില്‍ അത്താഴത്തിന് ക്ഷണം ലഭിക്കുന്നു. ആ വീട്ടിലെത്തിയപ്പോള്‍ നിങ്ങളെ (അതിഥികളെ) ആരോ അത്താഴമുറിയിലേക്ക് ആനയിക്കുന്നു. അവിടത്തെ ഒരു കാഴ്ച നിങ്ങളെ അമ്പരപ്പിക്കുന്നു. തീന്‍മേശപ്പുറത്തുള്ള കിണ്ണങ്ങള്‍, പാത്രങ്ങള്‍ എന്നിവക്കിടയില്‍ കാലുകള്‍ വെച്ച് ഒരു കുതിര നില്‍ക്കുന്നു! 

അതിഥികള്‍ക്കും, തുടര്‍ന്ന് രംഗത്തെത്തിയ ആതിഥേയര്‍ക്കും ആനയോളം ബൃഹത്തായി കുതിരയെ കാണാം, പ്രതികരണങ്ങള്‍ ഉച്ചത്തില്‍ പ്രകടിപ്പിക്കാം. പക്ഷേ സഹജാവബോധം പറയുന്നു, നാവടക്കുക! കുതിരയുടെ സ്പര്‍ശം ഒഴിവാക്കും വിധം, കിട്ടുന്നേടത്ത് കൈകള്‍ ഒതുക്കി വെച്ച്, എല്ലാവരും മേശയ്ക്ക് ചുറ്റുമായി ഞെരുങ്ങിയിരിക്കുന്നു; അടുത്തൊരു കുതിര ഇല്ലെന്ന് നടിച്ച് അതുമിതും സംസാരിക്കുന്നു.

സമീപകാലത്ത് സംഭവിച്ചൊരു മരണത്തിന്റെ ഈര്‍മ്മം, അതല്ലെങ്കില്‍ ആരുടെയോ മാരകമായൊരു രോഗത്തിന്റെ നിര്‍ണയത്തെക്കുറിച്ചുള്ള ആശങ്ക അന്തരീക്ഷത്തില്‍ കനത്തു നില്‍ക്കുകയാണ്. അതാണ് അത്താഴമുറിയില്‍ എല്ലാവരും കാണുന്ന  കുതിര.  ഡോ: റിച്ചാഡ് കാലിഷ് ഉപസംഹരിക്കുന്നു: ആരുടെ തീന്‍മേശപ്പുറത്തും എന്നെങ്കിലും ഈ കുതിര എത്തും. ഒരൊറ്റ ആള്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍  ധൈര്യപ്പെട്ടാല്‍, പിന്നെ ഏറെ ആളുകള്‍ ധൈര്യപ്പെടും. ഒരു നിബന്ധന മാത്രം. സംസാരം ആര്‍ദ്രമായിരിക്കട്ടെ. 

ബക്കറ്റ് ലിസ്റ്റ്: എല്ലാം ആദ്യം തൊട്ട് തുടങ്ങല്‍?  

കയറിലെ കുരുക്ക് കഴുത്തിലാക്കി മുറുക്കാനാവുന്നേടത്തോളം ശരീരത്തെ ഉയര്‍ത്താനും, പിന്നെ തൂങ്ങുമ്പോള്‍ കാലുകള്‍കൊണ്ട് തട്ടിക്കളയാനും ഉതകുന്ന ബക്കറ്റ്. ആത്മഹത്യയുടെ ഈ ഇതിവൃത്തത്തിലെ ബക്കറ്റാണ് 'കിക്ക് ദ ബക്കറ്റ്' (മരിക്കുക) എന്ന ശൈലി സൃഷ്ടിച്ചതെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. പക്ഷേ ഈ ഭീതിദ രൂപകത്തിന് 'പരോള്‍' എന്ന മോചനം നല്‍കുന്നു 'ബക്കറ്റ് ലിസ്റ്റ്' —  മരിക്കും മുന്‍പ് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ പട്ടിക. 

നീലക്കോളര്‍ വയോധികരായ കാര്‍റ്റര്‍ (മോര്‍ഗന്‍ ഫ്രീമന്‍), എഡ്വേഡ് (ജാക്ക് നിക്കല്‍സന്‍) എന്നിവര്‍ ശ്വാസകോശാര്‍ബുദ ചികിത്സക്ക് ഒരു ഹോസ്പിറ്റലില്‍ എത്തുന്നതോടെ തുടങ്ങുന്ന ചലച്ചിത്രം (The Bucket List) ലോകപ്രശസ്തമാക്കിയ അന്ത്യാഗ്രഹപ്പട്ടിക ആല്‍ബര്‍ട് ഹാമക്കര്‍ക്കറെ ആകര്‍ഷിച്ചിരുന്നു.

placeholder
'ബക്കറ്റ് ലിസ്റ്റ്' പോസ്റ്റര്‍ (കടപ്പാട്: IMDb)

മതം മരണത്തിനൊരു സമയച്ചട്ടം നല്‍കി —  വളരെ അയഞ്ഞതാണെങ്കിലും, മൂര്‍ത്തമായ ബദലുകളുടെ അഭാവത്തില്‍, എല്ലാവര്‍ക്കും അറിയാവുന്ന പരിധി. ഞാന്‍ ഇതിനെ ഇഹലോകമെന്ന് വിളിക്കട്ടെ. ഇവിടം വെടിഞ്ഞാല്‍ പിന്നെന്തെന്ന കാര്യത്തില്‍ തര്‍ക്കമുള്ളവര്‍ക്കും 'ഇഹലോകം' മനസ്സിലാകും. കൂടുതല്‍ കൃത്യത നല്‍കുന്നൊരു സമയച്ചട്ടമായി ഹാമക്കര്‍ക്കര്‍ അന്ത്യാഗ്രഹപ്പട്ടികയെ ഗണിച്ചത് എത്ര ഉചിതമെന്ന് എനിക്ക് മനസ്സിലാകും.

ഇഹലോകം വെടിയല്‍ അനന്തതയോളം നീട്ടിവെക്കാനാവില്ലെന്ന് നാം തിരിച്ചറിയുന്നു —  ഒരു പക്ഷെ, ആദ്യമായി! പട്ടികയില്‍ ചേര്‍ത്ത ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശാരീകമായും മാനസികമായും ആവശ്യമുള്ള കഴിവ് നമ്മില്‍ എത്രയുണ്ടെന്ന കണക്കിലെ അക്കങ്ങള്‍ കൂടുതല്‍ യഥാതഥമാകുന്നു. ബക്കറ്റ് ലിസ്റ്റ് മരണം ഉറപ്പിക്കുന്നു, പക്ഷേ നാം ശരിക്കും ആഗ്രഹിക്കുന്നതെന്തെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു; പൂര്‍ത്തീകരണത്തിലെ സാഫല്യം വിലയിരുത്തുന്നു; മുന്‍ഗണനകള്‍ തിട്ടപ്പെടുത്തലില്‍ പഴയ ബന്ധങ്ങളും നിലവിലുള്ള ബന്ധങ്ങളും പുനഃപരിശോധിക്കുന്നു. ഓര്‍മ്മകള്‍ തുടങ്ങുന്നേടം തൊട്ട് 'ഇപ്പോള്‍' വരെയുള്ള ജീവിതമാകെ പരിശോധിക്കലാണ് ഒരു ബക്കറ്റ് ലിസ്റ്റ് ആവശ്യപ്പെടുന്നത്. 

എഡ്വേഡ് സ്വന്തം മകളുമായി അടുപ്പത്തിലല്ലായിരുന്നു. ഒടുവില്‍ ഇവര്‍ യോജിപ്പിലെത്തുന്നത് ഒരു ശസ്ത്രക്രിയയില്‍ കാര്‍റ്റര്‍ മരിച്ചതിനു ശേഷമാണ്! മകളുടെ മകള്‍ എന്നൊരാളുണ്ടെന്ന് എഡ്വേഡ് അറിയുന്നതു പോലും ഇപ്പോളാണ്. സാഫല്യബോധത്തോടെ പൗത്രിയെ ചുംബിച്ചതിന് ശേഷം, എഡ്വേഡ് തന്റെ ബക്കറ്റ് ലിസ്റ്റില്‍ 'ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ ചുംബിക്കുക' എന്ന ആഗ്രഹം വെട്ടിക്കളയുന്നു. 

എണ്‍പത്തൊന്നാം വയസ്സില്‍ എഡ്വേഡ് മരിച്ചതിനു ശേഷം, അദ്ദേഹത്തിന്റെ സേവകനായി പ്രവര്‍ത്തിച്ചിരുന്ന മാത്യു ഹിമാലയത്തിലെ ഒരു കൊടുമുടിയില്‍ എത്തുന്നു, രണ്ട് തകരപ്പാത്രങ്ങള്‍ പുറത്തെടുത്തു വെക്കുന്നു. ഒന്നില്‍ കാര്‍റ്ററുടെ ചാരമാണ്; മറ്റേതില്‍ എഡ്വേഡിന്റെ ചാരം. മാത്യു തന്റെ സ്വന്തം ബക്കറ്റ് ലിസ്റ്റ് ആ തകരപ്പാത്രങ്ങള്‍ക്കിടയില്‍ തിരുകിവെക്കുന്നു. അതിലെ അവസാന ആഗ്രഹം ഇതായിരുന്നു: 'ശരിക്കും രാജോചിതമായ എന്തിനെങ്കിലും സാക്ഷ്യം വഹിക്കുക.' 

ഒരു ചലച്ചിത്രത്തിലെന്നല്ല, ജീവിതത്തിലും ബക്കറ്റ് ലിസ്റ്റ് ആശ്ചര്യങ്ങള്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെറിയൊരു തോതിലെങ്കിലും, പലതും ആദ്യം തൊട്ടു തുടങ്ങലാണത്. നമ്മുടെ അപ്‌ഡേറ്റുകള്‍ മറ്റുള്ളവരെക്കാള്‍ നമ്മെ അമ്പരപ്പിച്ചേക്കാം. ആത്മഹത്യ മനസ്സിലുള്ള വ്യക്തികള്‍ക്ക് ജീവിതത്തെയോ മരണത്തെയോ കൂടുതല്‍ അടുപ്പിക്കാം. 

ഷീബ: ഒരു കബറിടം കണ്ടെത്താന്‍ കഴിയാതെ 

ലോറെയാല്‍ എന്ന സ്ഥാപനം നിങ്ങള്‍ക്ക് പരിചിതമായിരിക്കും. കേശ- ചര്‍മ്മ സംരക്ഷണ ദ്രവ്യങ്ങളടങ്ങുന്ന ബ്രാന്‍ഡിന് ഇവര്‍ നല്‍കിയ പേരാണ് ഗാര്‍ണിയര്‍ (ഫ്രഞ്ച് ഉച്ചാരണം ഇങ്ങനെയല്ല). ഇതിന്റെ മുദ്രാവാക്യം Take Care  —  ഓണ്‍ലൈന്‍ സന്ദേശങ്ങളില്‍ മലയാളികള്‍ പോലും ധാരാളമായി ഉപയോഗിക്കുന്ന അവസാന വരി! ഇതിനു ബദലായി ഞാന്‍ ആദ്യത്തെ കൗതുകത്തില്‍  'ഗാര്‍ണിയര്‍' (Garnier) എന്ന വാക്ക് ഉപയോഗിച്ചത് ഷീബക്കയച്ചൊരു കുറിപ്പിലായിരുന്നു. 

ഷീബ ചോദിച്ചു,'ഇതെന്ത്, ഗാര്‍ണിയര്‍?' 

ഞാന്‍ വിവരിച്ചു. /ഷീബയുടെ അടുത്ത സന്ദേശത്തിലെ സമാപന വരി 'ഗാര്‍ണിയര്‍' എന്നായിരുന്നു./ പോയ ഒരു ദശകത്തിലധികം കാലയളവില്‍ രണ്ടു പ്രാവശ്യമെങ്കിലും ഞങ്ങളുടെ വിനിമയത്തില്‍ നീണ്ട ഇടവേളകളുണ്ടായിരുന്നു. ഇതിനിടയില്‍ 'ഗാര്‍ണിയര്‍' എന്ന വാക്കിന്റെ ഉറവിടം ഞങ്ങള്‍ രണ്ടു പേരും ഒരേ പോലെ മറന്നുപോയിരുന്നു. ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പാണ് ഞാന്‍ ഉറവിടം തപ്പിപ്പിടിച്ചെടുത്തത്. എങ്കിലും, ഞങ്ങള്‍ക്കിടയില്‍ ഒരു അടയാളവാക്യം പോലെ (അഥവാ, ഇ- തപാലിലെ സിഗ്‌നചര്‍ പോലെ), ഷീബയുടെ സന്ദേശങ്ങളിലെ അവസാനവരി ഇപ്പോളും 'ഗാര്‍ണിയര്‍' എന്നാണ്!

Take Care! ആംഗലത്തില്‍ ഈ പ്രയോഗത്തിനൊരു ലാഘവതയുണ്ട്. നമ്മുടെ വിവര്‍ത്തനത്തില്‍ 'സൂക്ഷിക്കുക' എന്നാവുമ്പോള്‍, ആശങ്കയുടെ നേരിയൊരു നിഴല്‍ ധ്വനിക്കുന്നില്ലേ? എന്നോട് ഞാന്‍ ചോദിക്കുന്ന ചോദ്യമാണിത്. ഇപ്പോള്‍ എന്നെ അലട്ടുന്നൊരു നിഴലുണ്ട്. 'ഭൂമിയില്‍ ജീവന്‍ മരണഗന്ധിയാണ്'(18) എന്ന ലേഖനത്തോട് ഉടനടി പ്രതികരിച്ച് ഷീബ എനിക്കെഴുതിയ വരികള്‍ ഞാന്‍ ചുവട്ടില്‍ 'കട്ട് ആന്‍ഡ് പേസ്റ്റ്' ചെയ്യുന്നു:

placeholder
ചിത്രീകരണം: കെ. ഷെരീഫ്

~  മരണഗന്ധിയായ അധ്യായം! എങ്കിലും മേതില്‍ നടന്ന സെമിത്തേരികള്‍.., അവയെന്നെ ഭയപ്പെടുത്തുന്നില്ല. ഓരോ ഖണ്ഡിക വായിക്കുമ്പോഴും ഞാനും നടന്നു ചില സെമിത്തേരികളിലൂടെ.

~  ഒന്ന്: മലേഷ്യയില്‍ ഇടയ്ക്കിടെ ബെഞ്ചുകള്‍ ഉള്ള, വൃത്തിയും വെടിപ്പും നിറയെ ചെടികളും ഉള്ള, ഒരു ക്രിസ്ത്യന്‍ സെമിത്തേരിയിലൂടെ. അവിടെയാണ് അച്ഛനെ അടക്കം ചെയ്തിരിക്കുന്നത്.  

~ രണ്ടും മൂന്നും: കേരളത്തില്‍ ഒരിടത്ത്, അത്ര വലിയ വിശേഷങ്ങളൊന്നും ഇല്ലാത്തൊരു മുസ്ലിം സെമിത്തേരിയിലൂടെ. അമ്മയെയും, ആത്മഹത്യ ചെയ്ത അനിയത്തിയെയും അടക്കം ചെയ്തിരിക്കുന്നത് അവിടെയാണ്. ആ ഇടത്തില്‍, പള്ളിക്കാട്ടില്‍, വഴി തെറ്റിയാല്‍ തുടങ്ങിയേടത്തു തന്നെ എത്തിച്ചേരുമെന്നാണ് വിശ്വാസം. വെറും ഒരു തോന്നലാണതെന്ന് അമ്മയോട് തര്‍ക്കിച്ചത് കൊണ്ടാകാം, ഒരിക്കല്‍ എന്നെയത് വഴി തെറ്റിച്ചു, ഭ്രാന്ത് പിടിപ്പിച്ചു! അമ്മയുടെ ആത്മാവ് കുസൃതി കാട്ടിയതാകാം. 

~  അനിയത്തി എന്തിന് ആത്മഹത്യ ചെയ്തുവെന്ന് കൃത്യമായി അറിയാത്തതു പോലെത്തന്നെ, അവളുടെ ഖബര്‍ എവിടെയെന്ന് കണ്ടെത്താനും സാധിക്കുന്നില്ല. അവളെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങള്‍ ഇന്നും ചികയുന്ന മനസ്സിന്റെ  ഭാരം താങ്ങാന്‍ കഴിയാത്തതു കൊണ്ട് സ്വന്തം ജീവിതത്തില്‍ നിന്ന് ആത്മഹത്യ എന്ന ചിന്ത അടര്‍ത്തി മാറ്റി. എങ്കിലും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല.:) 

~  എന്നെ കാണാന്‍ സെമിത്തേരിയില്‍ ആരും വരാന്‍ സാധ്യതയില്ലാത്തതു കൊണ്ട് മരിച്ചാല്‍ എന്നെ ചാരമാക്കി മാറ്റണമെന്ന് തീരുമാനിച്ചു കഴിഞ്ഞു. മരിക്കാന്‍  തോക്കല്ലാതെ മറ്റെന്തിലും ആശയം ഡോക്റ്റര്‍ മേതിലിന്* കിട്ടിയാല്‍ ഷെയര്‍ ചെയ്യൂ:)  

~  പിന്നെ... എന്തുകൊണ്ട്  സെമിത്തേരികളില്‍ ഒരു യഥാര്‍ത്ഥ ദീപസ്തംഭം ആയിക്കൂടാ! ജീവിച്ചിരിക്കുന്നവര്‍ക്ക് വഴി തെറ്റാതെ മരിച്ചവരെ കാണാമല്ലോ. 

~  ഗാര്‍ണിയര്‍.

(*ചില സുഹൃത്തുക്കള്‍ ശാരീരിക/മാനസിക പ്രശ്നങ്ങള്‍ അറിയിക്കുമ്പോള്‍, എന്റെ നിര്‍ദ്ദേശങ്ങള്‍ 'ഡോ: മേതില്‍ പറയുന്നു' എന്ന തമാശയോടെയാവും ഞാന്‍ അവരെ അറിയിക്കുക. എന്റെ വലയത്തിന് പരിചിതമായ ഈ തമാശക്ക് പിന്നില്‍ ഒരു കാരണമുണ്ട്. റീസര്‍ച്‌ഗേറ്റില്‍ പല ഗവേഷകരും എന്നെ 'പ്രിയപ്പെട്ട ഡോക്റ്റര്‍ മേതില്‍' എന്നാണ് സംബോധന ചെയ്യാറുള്ളത്! ദിവസങ്ങള്‍ക്കു മുന്‍പൊരിക്കല്‍ ഷീബ ആത്മഹത്യയോടുള്ള ഉന്മുഖത വെളിപ്പെടുത്തിയപ്പോള്‍, എന്റെ മനസ്സില്‍ ഒരു തോക്കുണ്ടായിരുന്നെങ്കിലും, ഞാന്‍ പറഞ്ഞു: 'ഡോക്റ്റര്‍ മേതില്‍ അത്ര പെട്ടെന്ന് ആത്മഹത്യ പ്രസ്‌ക്രൈബ് ചെയ്യുമെന്ന് തോന്നുന്നില്ല.')

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം