എഴുത്തിൻ്റെ പശ്ചാത്തലത്തിൽ ചില കെട്ടുകളെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുകയാണ് ഞാൻ. സെമിത്തേരികൾ ഭൂദൃശ്യങ്ങളിൽ എവിടെയെങ്കിലും മറഞ്ഞു കിടന്നാലും, ദീപസ്‌തംഭങ്ങൾ ചിലപ്പോൾ ഉയർന്നു നിൽക്കുന്നത് കാണാം. ഉയർച്ചത്താഴ്‌ച്ചകളെ മാത്രം ആസ്‌പദിച്ചുള്ള ഈ സാധാരണ വസ്‌തുത എൻ്റെ സഞ്ചാരങ്ങൾക്കിടയിൽ, മറ്റൊരു തലത്തിൽ എന്നെ സ്വാധീനിച്ചിരിക്കണം.

To advertise here,

പല സെമിത്തേരികൾക്കരികിലൂടെ ഞാൻ നടന്നിട്ടുണ്ട്  — ഇന്ത്യക്കകത്തും പുറത്തും. അപ്പോളൊന്നും ചുവടുകൾക്കിടയിൽ തീക്ഷ്‌ണമായ മരണചിന്തകൾ എന്നെ അലട്ടിയിട്ടില്ല. ചുറ്റും പരേതരാണെന്ന ബോധം ഇല്ലായ്‌മയോളം മനസ്സിൽ  അവ്യക്തമായിരുന്നിരിക്കണം. അഷൻറ്റ് എന്ന ഫ്രഞ്ച് ദ്വീപിനെ പശ്ചാത്തലമാക്കി ഒരു ശാസ്ത്രകഥ ('റെനിസെൻബിൻ്റെ തുമ്പികൾ') എഴുതുമ്പോൾ, അവിടത്തെ ചില പഴയ ശവസംസ്‌കാര രേഖകൾ തേടിപ്പിടിച്ചാണ് കഥാപാത്രങ്ങൾക്ക്  ഞാൻ പേരിട്ടത്. സെമിത്തേരി ഒരു റെഫറൻസായിരുന്നു.

ദീപസ്‌തംഭങ്ങളാകട്ടെ കടലിലേക്കുള്ള വെളിച്ചമാകാതെത്തന്നെ കഥയുടെ ഭൂദൃശ്യത്തിൽ നിൽക്കുന്നു. കൂട്ടത്തിലൊന്ന് ആഖ്യാനത്തിൻ്റെ അന്തരീക്ഷത്തിൽ കേന്ദ്രീയം  — സ്‌മൃതികളായും, പ്രവചനങ്ങളായും. തൂലാൻ എന്ന കഥാപാത്രം അഷൻറ്റിലെ ഒരു ലൈറ്റ്ഹൗസ് കീപ്പറാണ്. അയാൾ പ്രവർത്തിക്കുന്ന ദീപസ്‌തംഭം ഒരു സെമിത്തേരിയുടെ വിപരീതമല്ല; മരണത്തിൻ്റെയും വിപരീതമല്ല. ഇടയിൽ തുടർച്ചകളുണ്ട് — ജീവിതത്തിൻ്റെ നിമ്നോന്നതങ്ങൾ. ഇവയുടെ കൂട്ടത്തിൽ ദീപസ്‌തംഭം ഒരു ഉന്നതം. തൂലാന് ഇതൊരു മഹാശ്ചര്യമായിരുന്നില്ല.  

ആ ദീപസ്‌തംഭത്തിനകത്താണ് തൂലാൻ കൂടുതൽ സമയവും ചെലവിടുന്നത്. (ഭാര്യയും രണ്ട് കുട്ടികളുമുള്ളൊരു സംതൃപ്‌ത കുടുംബമുണ്ടെങ്കിലും). നിരന്തര   സമ്പർക്കത്തിൽ, പഴയ ദീപസ്‌തംഭങ്ങളുടെ യന്ത്രസംവിധാനത്തിലെ മെർക്കുറി വിഷബാധയാകാം. ഇതൊരു വസ്‌തുത. ഒരു ശാസ്ത്രകഥ (sci-fi) അനുവദിക്കുന്ന സ്വാതന്ത്ര്യത്തിൽ, അഷൻറ്റിലെ അന്തരീക്ഷത്തിൽ ശാസ്ത്രീയ ആധാരമുള്ള പ്രവചനങ്ങളുണ്ട്. ഒരു പ്രവചനമനുസരിച്ച് ആ ദീപസ്‌തംഭത്തിൽനിന്നും ഒരാൾ ചുവട്ടിലേക്ക് ചാടിയിരിക്കും..

തൂലാൻ്റെ ആരോഗ്യം അല്പാല്പമായി ക്ഷയിക്കുകയാണ്. ഈ മനുഷ്യൻ ആത്മഹത്യയെക്കുറിച്ച്  എന്നെങ്കിലും ഗൂഢമായി ചിന്തിച്ചിരുന്നോ? കഥക്കകത്ത് ഇതറിയപ്പെടുന്നില്ല. തൂലാൻ ദീപസ്‌തംഭത്തിൽനിന്നും ചാടിയില്ല; അകത്തു കിടന്ന് മരിച്ചു..

'വിസ്‌ലർ' എന്ന അന്യഗ്രഹത്തിലെ പെൺകുട്ടിയായ റെനിസെൻബാണ് ഒരു പ്രവചനം പൂർത്തിയാക്കാൻ  ദീപസ്‌തംഭത്തിൽനിന്നും ചാടുന്നത്. തീർച്ചയായും അവൾ മരിക്കില്ല. അവൾക്ക് ചില സിദ്ധികളുണ്ട്, അഭൗമിക സുരക്ഷിതത്വമുണ്ട്. പക്ഷേ വീഴ്‌ചക്കു ശേഷം. റെനിസെൻബ് ഒരു കാര്യം തിരിച്ചറിയുന്നു: ഭൂമിയുടെ ഒരു ജൈവ അതുല്യത തൻ്റെ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. 

ഭൂമിയിലെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ അവൾ കരയുകയാണ്! അവളുടെ ഗ്രഹത്തിലെ നിവാസികൾ കരയാറില്ല; അവർക്ക് കണ്ണീർഗ്രന്ഥികൾ ഇല്ല! 

സെമിത്തേരി: മരണത്തിൽനിന്ന് ഒരു മറവിടമാകാതെ 

യാത്രകളിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ചില സ്‌മാരകലേഖങ്ങൾ (epitaphs), വ്യക്തിനിഷ്ഠമായ കാരണങ്ങളാൽ, എന്നെ ഇന്നും പിന്തുടരുന്നുണ്ട്. ഇവയെ ഞാൻ ഇവിടെ പിന്തുടരുന്നില്ല. പകരം, ഒരു സെമിത്തേരിക്കരികിലൂടെ നടക്കാനാണ് ഞാൻ ഇപ്പോൾ  ആഗ്രഹിക്കുന്നത്.

ചെറുപ്പത്തിലെ ശ്‌മശാന സന്ദർശനങ്ങളാണ് മരണത്തെയും മരിക്കലിനെയും സംസ്‌കാരചരിത്രത്തിൻ്റെ ഭാഗമാക്കുന്നൊരു കാഴ്‌ചപ്പാടിലെത്താൻ ആൽബർട് ഹാമക്കർക്കറെ പ്രചോദിപ്പിച്ചത്. ഇരുപതു വർഷം മുൻപ് എൻ്റെ അറിവിൽപ്പെട്ട ഹാമക്കറുടെ ചരിത്രഗവേഷണ പ്രബന്ധങ്ങൾ വീണ്ടും മറിച്ചുനോക്കുമ്പോൾ, എല്ലാ സെമിത്തേരികളുടെയും ഓർമ്മകൾക്കും ദൃശ്യങ്ങൾക്കും ഇടയിൽ, ഒരു ദീപസ്‌തംഭം പോലെ കുത്തനെ ഉയരുന്നൊരു ഇതിവൃത്തമുണ്ട്. 

സെമിത്തേരികളുടെ ഉയിർത്തെഴുന്നേൽപ്പ്!  

ഹാമക്കറുടേതല്ല ഈ പ്രയോഗം. ഇത് ജീസസിൻ്റെ ഉയിർത്തെഴുന്നേൽപ്പിനെ സൂചിപ്പിക്കുന്നുമില്ല. എൻ്റെ സൂചനയിലുള്ളത് ഇപ്പോളും മരിച്ചിട്ടില്ലാത്തവരുടെ ജീവിതത്തിൽ സംഭവിക്കേണ്ട ഉയിർത്തെഴുന്നേൽപ്പാണ് — ഒരു മനഃശാസ്ത്ര നിരീക്ഷണത്തിൽ  'എസ്‌കേപ്  റ്റ്റെഡ്‌മിൽ' എന്ന പേരിൽ അറിയപ്പെടുന്ന ദുരവസ്ഥയിൽനിന്നുള്ള മോചനം. 

എന്തിനും നിറയാനുള്ള നിമിഷങ്ങൾ (15) നാം ധൃതിപ്പെട്ട് കുത്തിനിറക്കുന്നു. ദീർഘമായ പ്രവൃത്തികൾ, കൂടുതൽ മീറ്റിങ്ങുകൾ, പൊതുമദ്യശാലകളിൽ വിസ്‌തരിച്ച് ഒത്തുകൂടൽ, വീണ്ടും വീണ്ടും കയ്യിലെ ഫോൺ പരിശോധിക്കൽ, ഷോപ്പിങ് കേന്ദ്രങ്ങളിൽച്ചെന്ന് സാധനങ്ങൾ വാങ്ങിച്ചുകൂട്ടൽ… എല്ലാം ഒരു കാര്യം തെളിയിക്കാൻ: മരണത്തെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് സമയമില്ല! 

ഇതാണ് ആർനോഡ് വൈസ്മൻ വിശകലനം ചെയ്‌ത  'എസ്‌കേപ്  റ്റ്റെഡ്‌മിൽ'. പ്രശ്‌നത്തിന് പരിഹാരം ഇതിൽ ഇല്ല, പക്ഷേ നാം പലായനം തുടരുന്നു —  എന്തിനും നിറയാനുള്ള നിമിഷങ്ങളിലൂടെ. 

ഫിലിപ്പ് ഏരീസ് 1974-ൽ എഴുതിയൊരു വാചകം ഒരു യുഗപ്പകർച്ചയുടെ ആകത്തുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: "പതിനെട്ടാം നൂറ്റാണ്ട് വരെ മരണശയ്യാരംഗങ്ങൾ പകർത്തുന്ന ഒരൊറ്റ പോർറ്റ്ററ്റ് ചിത്രം പോലും കുട്ടികളെ ഒഴിവാക്കിയിട്ടില്ല." പിന്നീട്? ഇപ്പോൾ? ദൈനംദിനജീവിതം മരണത്തിനു നേർക്ക് തുറന്നിടുന്നതിനു പകരം അടച്ചിടൽ അത്രയേറെ പഴക്കമുള്ളൊരു സാംസ്‌കാരിക സമീപനമല്ലെന്ന് ഏറെ ചരിത്രരേഖകളിലൂടെ ഏരീസ് ബോധ്യപ്പെടുത്തുന്നു. 

ഡോൺ കിഹോതെ (17) മരണത്തോടുള്ള പ്രതികരണത്തിൽ പതിനേഴാം നൂറ്റാണ്ടിൻ്റെ ലക്ഷണമൊത്ത പ്രതിനിധിയായിരുന്നവെന്ന് ഞാൻ അറിയിക്കട്ടെ..  .  തികച്ചും ഭ്രാന്തമായിത്തന്നെ തുടരുന്ന ബോധധാരകൾക്കിടയിൽ, ശാന്തമായും  പ്രയോഗികവുമായാണ് കിഹോതെ അന്ത്യത്തെ നേരിട്ടത്. ഒരു അനന്തിരവളോട് കിഹോതെ പറയുന്നു, ഞാൻ മരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. "മരണം അറിയിക്കൽ" ആ പഴയ യുഗങ്ങളിലെ ഒരു ചര്യയായിരുന്നു. കിഹോതെക്ക് മരണം മറ്റൊരു കാറ്റുമില്ലായിരുന്നില്ല.  

മധ്യയുഗങ്ങൾ തൊട്ട് തുടങ്ങുന്നൊരു ആഖ്യാനത്തിൽ, "വിലക്കപ്പെട്ട മരണം" (forbidden death) സെമിത്തേരികളിൽ പോലും, ഭൂദൃശ്യങ്ങളുമായുള്ള ആന്തരിക ബന്ധത്തിൽ, എങ്ങനെയൊരു ഇതിവൃത്തം പോലെ നൂറ്റാണ്ടുകളിലൂടെ പടരാൻ  തുടങ്ങിയെന്ന് ഏരീസ് വളരെ നിഷ്‌കർഷയോടെ രേഖപ്പെടുത്തിയത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതൊരു ഓർമ്മപ്പെടുത്തലാണ്.

ഒരു കാറ്റ്: ഭൂമിയിൽ ജീവൻ മരണഗന്ധിയാണ്‌ 

ചെറിയൊരു വിശദാംശത്തിൽനിന്ന് തുടങ്ങുക. പഴയ സെമിത്തേരികളിൽ കുത്തനെ നിന്നിരുന്ന തലക്കല്ലുകൾ (headstones) ഓർമ്മിപ്പിക്കും: പുല്ല് വെട്ടി നിരപ്പാക്കാൻ സമയമായി! / കൂടുതൽ നടപ്പാതകൾ, വക്കുകളിൽ ഇരുവശത്തും വളരുന്ന ചെടികളും മരങ്ങളും, ഇടക്കിടെക്കിടെ കാണാവുന്ന ബെഞ്ചുകൾ.. ഇവയെല്ലാം ദുഖാചരണത്തിൽ ഏർപ്പെട്ട വ്യക്തികൾക്ക് വളരെ സ്വസ്ഥമായി ഒരിടത്തിരുന്ന് മരിച്ചവരുമായി ഒത്തുകൂടാൻ ആവശ്യമായ അന്തരീക്ഷം നൽകിയിരുന്നു. 

ആപേക്ഷികമായി, പിൽക്കാല ശ്മശാനങ്ങളിൽ കൂടുതലും കാണാവുന്നത് ചെറിയ പച്ചപ്പരപ്പുകളും തിരശ്ചീനമായ തലക്കല്ലുകളുമാണ്. ഉപയോഗത്തിൻ്റെ മൗലിക/സ്വാഭാവിക പടുതിയിൽ ലംബമായ മൊബൽ ഫോണുകൾ സൃഷ്‌ടിച്ച 'വർറ്റികൽ' സംസ്‌കാരത്തിൽ പോലും മരണാംഗീകാരം തിരശ്ചീനമാണ് — ഭൂമിയെപ്പോലെ. എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്, ജ്യാമിതിയിൽ പോലും മരണം ഭൂപ്പരപ്പിനെപ്പോലെ തിരശ്ചീനമാണ്.      

ആധുനിക ഭൂദൃശ്യങ്ങളിൽ അപൂർവമായ നടപ്പാതകൾ പറയുന്നു: "ഇവിടെ അങ്ങനെയാരും വരാറില്ല! "സെമിത്തേരിയിൽ ഏറ്റവും ചുരുക്കമായ അതിക്രമ ഘടകങ്ങൾ മരിച്ചവർ തന്നെയാണ്," ഹാമക്കർ ഒരിക്കൽ പറഞ്ഞു, "വിലക്കപ്പെട്ട മരണത്തിൻ്റെ മാതൃകാപരമായ ഉദാഹരണമാണിത്. സെമിത്തേരികളിൽ പോലും മരണം മുൻനിരയിലല്ല."  

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

എൻ്റെ മനസ്സിൽ ഒരു തോക്കുണ്ട് (04). ഒരിക്കലും അത് എൻ്റെ കൈകളിൽ എത്തിയില്ലെന്ന് വരാം. എത്തിയാലും ഒരു പ്രത്യേക സമയപരിധി വരെ ഞാൻ അതെടുത്ത് ഉപയോഗിക്കുകയുമില്ല. എൻ്റെ സുഹൃത്തുക്കളുടെ പ്രത്യാശ ഈ വിശദാംശങ്ങളിലാണ്. പക്ഷേ, ഒരു തോക്കിൻ്റെ  കാഞ്ചിയിൽ എൻ്റെ ചൂണ്ടുവിരൽ അമരുന്ന നിമിഷം വരെ മനസ്സിലൂടെയുള്ള പ്രയാണം കഴിഞ്ഞ് വർത്തമാനത്തിൽ തിരിച്ചെത്തുമ്പോൾ എന്നെ കാത്തിരിക്കുന്നൊരു അനുഭവമുണ്ട്: സഞ്ചാരങ്ങളിൾ  പണ്ടു കണ്ട സെമിത്തേരികളിലൂടെ കടന്നു വരുന്നൊരു കാറ്റ്. 

ഇപ്പോൾ ഞാനൊരു സെമിത്തേരിക്കരികിലൂടെ നടക്കുകയാണെങ്കിൽ, അതേ സമയത്ത് പല സ്ഥലകാലങ്ങളിൽ വ്യത്യസ്‌ത സെമിത്തേരികൾക്കരികിലൂടെ പലരും നടക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം. ഇവർക്ക് പ്രചോദനമായി റമോണ ലിസയുടെ പാട്ട് ('Walking In The Cemetery') ആവശ്യമില്ല; സെമിത്തേരികളുടെ വെറും സാമീപ്യം പോലും അബോധപൂർവ്വം മനസ്സിലുണ്ടാക്കാവുന്ന ഉദാരതയെക്കുറിച്ച്  കെനെത്ത് വെയ്ൽ എഴുതിയ ശാസ്ത്രീയ പഠനം ആവശ്യമില്ല (ആവശ്യമായത് എനിക്ക് മാത്രം). ഭൂമിയിൽ ജീവൻ മരണഗന്ധിയാണ്‌. 

എന്നെങ്കിലും ഞാൻ എത്താവുന്നൊരു അവസ്ഥയല്ല, 
എന്നും എന്നിലുണ്ടായിരുന്നൊരു അവസ്ഥയാണ് മരണം.
ശ്വാസോച്ഛ്വാസങ്ങളുടെ ഇടവേളയിൽ മരണം ശ്വസിക്കുന്നു;
ഹൃദയമിടിപ്പുകളുടെ ഇടവേളയിൽ മരണം മിടിക്കുന്നു. 
എല്ലാ പ്രവർത്തനങ്ങളും നിലച്ചാൽ  ഇടവേളകൾ ആവശ്യമില്ല. 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം