ക്രിസ്തീയ വേദപുസ്‌തകം എപ്പോളും ഡെസ്‌ക്റ്റോപ്പിനരികിൽ. സ്ഥിരഘടകം. സൂസൻ വിൽസൻ (07) ഇങ്ങനെയാണ് തൻ്റെ കിടപ്പറയിലെ സാഹചര്യം ഒരിക്കൽ വിവരിച്ചിരുന്നത്. ഇപ്പോളിത് കൃത്യമായ ഫോകസിങ്! ചിലർ ഓജോ ബോർഡെന്ന് വിളിക്കുന്ന വീജ ബോർഡ് ഇവിടെയില്ല.  

To advertise here,

പക്ഷേ, ഹാ, സൂസൻ അതിലെത്തുന്നു. അവൾ പറയുന്നത് കേൾക്കുവിൻ.: "ഇന്നലെ രാത്രി ജോലിക്കിടയിൽ ഒരു സംഭവമുണ്ടായി. ഓർക്കാപ്പുറത്ത് ആരോ പ്രോഗ്രാം ചെയ്തൊരു റോബോട്ടിനെപ്പോലെ ഞാൻ പെരുമാറാൻ തുടങ്ങി. ഒരു പക്ഷേ, ഒരു വീജ ബോർഡിലെ പ്രേതങ്ങളുടെ കളിയിൽ പെട്ടുപോയതാണോ ഞാൻ? അല്ല, വിരലുകൾ കീബോഡിൽനിന്ന് പിൻവലിഞ്ഞ് വേദപുസ്‌തകത്തിനു മേലായി. ഈ മാറ്റം ഒരു  പേപ്പർവേറ്റ് — ചിന്തയിൽ ഉലഞ്ഞ ചില കടലാസുകൾ കാറ്റിൽ പറന്നു പോകാതെ സംരക്ഷിക്കാൻ!" 

ഒരു കടലാസ് സൂസനോട് പറയുന്നു: കുരിശിലേറ്റലിനെക്കുറിച്ച് ഒരു പ്രത്യേക രീതിയിൽ ആലോചിക്കാൻ ശ്രമിക്കുക. വിരലുകൾ വീണ്ടും കീബോഡിനു മേൽ.. പ്രോഗ്രാമിലെ ചോദ്യം: നാല്‌ ദിവസം മുൻപ് ഒരു സംഭാഷണത്തിൽ അങ്കിൾ (ഡാലിയയുടെ അച്‌ഛൻ) നിന്നോട് അവസാനമായി പറഞ്ഞതോർക്കുന്നോ?, പച്ചകുത്തിയതു പോലെ ഉള്ളിൽ പതിഞ്ഞിട്ടുണ്ട്. 

"ഹോസ്‌പിറ്റലിൽ താൻ കണ്ട ജീസസിൻ്റെ ശിരസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ട മുൾക്കിരീടമാണ് ഡാലിയ ധരിക്കുന്നതെന്ന് ഞാൻ പറയില്ല. പക്ഷേ, ഡാലിയയുടെ  കിരീടം തുല്യനിലയിൽ ദുസ്സഹമാണ്."

ദൈവവും മതവുമൊന്നും ഇല്ലാത്തൊരാളുടെ ഈ വരികളിൽ സൂചകങ്ങൾ തേടുന്ന സൂസൻ്റെ മുഖഭാവം പോലും എനിക്ക് മനസ്സിൽ കാണാം. രാത്രിയിലെ  ജോലി മാറ്റിവെച്ച് സൂസൻ തയ്യാറാക്കിയ കുറിപ്പുകൾ ഇന്ന് രാവിലെയാണ് ഞാൻ  കാണുന്നത്. കട്ട്- ആൻഡ്‌- പേസ്‌റ്റ് ഭാഷ്യം ചുവടെ ചേർക്കുന്നു.

~ ഡാലിയ ഒരു കുരിശ് ചുമക്കുകയാണെന്നോ, ക്രൂശിക്കപ്പെടുകയാണെന്നോ അങ്കിൾ പറയുന്നില്ല. കുരിശ് എന്ന വാക്ക് പോലും അദ്ദേഹം ഉപയോഗിക്കുന്നില്ല. പകരം അദ്ദേഹം കിരീടത്തെക്കുറിച്ച് പറയുന്നു. പഴയ റോമാ സാമ്രാജ്യത്തിലെ കുരിശിലേറ്റലിൻ്റെ ചരിത്രത്തിലൂടെ ഞാൻ കടന്നുപോകുന്നു; ബൈബിളിലെ ചില പരിചിത ഭാഗങ്ങളിലൂടെ വീണ്ടും കടന്നുപോകുന്നു. എന്നോ ഒരിക്കൽ അങ്കിൾ ഇതേ രേഖകളിലൂടെ കടന്നു പോയിരിക്കാമെന്ന ഉള്ളുണർവ്വിൽ ചെറിയൊരു വിറയൽ ഞാൻ അറിയുന്നു. 

~ പഴയ റോമാ പ്രമാണമനുസരിച്ച്, ശിക്ഷ വിധിക്കപ്പെട്ടവർ കുരിശ് ചുമക്കും. ചുമത്തപ്പെട്ട കുറ്റം എന്തെന്നെഴുതിയൊരു പലക കഴുത്തിൽ തൂങ്ങിക്കിടക്കും. ശിക്ഷാസ്ഥലം എത്തുന്നതു വരെ, വഴിയിൽ ഉടനീളം, അടിയും ഇടിയും കുത്തും സഹിക്കണം. മർമ്മസ്ഥാനങ്ങളിൽ പ്രയോഗം ഇല്ലെങ്കിലും, വ്രണങ്ങളും ചോരയും സാധാരണം. പക്ഷേ, റോമൻ പ്രോടകോളിൽ കിരീടധാരണം ഇല്ല! 

~ കിരീടം നസ്രത്തിലെ ജീസസിന് മാത്രം! കുരിശും പീഡനങ്ങളുമെല്ലാം എല്ലാ കുറ്റവാളികൾക്കുമുള്ള  ശിക്ഷയായിരിക്കേ, ജീസസിന് മാത്രം പ്രത്യേകമായുള്ള ശിക്ഷയായിരുന്നു ആ കിരീടം. അതുല്യതയിൽ ദ്രവ്യം കനക്കുന്നു.   

~ അങ്കിൾ ആദ്യമേ മനസ്സിലാക്കിയിരിക്കാവുന്നൊരു സത്യം എൻ്റെ കൊച്ചു  ബുദ്ധിയിലും ഇപ്പോൾ ഉണരുകയാണ്: ജീസസിന് ഏറ്റവും ദുസ്സഹമായിരുന്നത് ആ കിരീടമായിരുന്നിരിക്കണം — നിന്ദാപൂർവ്വം അതിൽ മുദ്രിതമായ പദവി!. അജ്ഞമായൊരു കൂട്ടത്തിൻ്റെ ക്രൂരത! അങ്കിൾ മറ്റൊരു സന്ദർഭത്തിൽ എന്നോട് പറഞ്ഞിരുന്നു, "കിരീടം അടിച്ചേൽപ്പിക്കപ്പെടുന്നേടത്തെല്ലാം അജ്ഞമായ ഒരു കൂട്ടത്തെ കാണാം."     

പെൺകുട്ടി: തലമുടി നഷ്‌ടപ്പെട്ടവളുടെ കിരീടം 

തലമുടി പെണ്ണിൻ്റെ കിരീടമാണെന്ന് ഡ്രീഡ ഹാവ്‌ലാക്ക് (ഒരു ഫെമിനിസ്‌റ്റ്,  മതവിശ്വാസി) പറഞ്ഞിരിക്കാം. കീമോത്തൊപ്പി ധരിക്കുന്ന ഡാലിയയോടുള്ള സഹാനുഭൂതിയിൽ, ബൈസ്‌റ്റാൻഡറായ ആനിയുടെ മനസ്സിൽ ഈ പ്രസ്‌താവന ഉൽക്കടമായി മാറ്റൊലിക്കുന്നത് ഡാലിയയുടെ ഡാഡിക്ക് മനസ്സിലാക്കാം. പക്ഷേ ഡാലിയയെക്കുറിച്ച് ഡ്രീഡക്കും ആനിക്കും അറിയാനാവാത്തൊരു വസ്‌തുത അദ്ദേഹം അറിയിക്കുന്നു: "അർബുദത്തിൽ തലമുടി നഷ്‌ടപ്പെട്ടൊരു പെണ്ണിൻ്റെ ശിരസ്സിലും ഒരു കിരീടമുണ്ട്. അതൊരു അഭാവമല്ല, ചുമടാണ്." 

ശ്രോതാവ് സൂസൻ വിൽസൻ. അവൾ വല്ലാതെ സംഭ്രമിച്ചിരിക്കയാണ്. ഫെബ്രുവരി 3, സമയം: 1.52. ഡാലിയയുടെ ഒരു സന്ദേശം: "ഞാൻ കീമോതെറപി നിർത്തുകയാണ്." വിശദീകരണം ഇല്ല; കൂടുതലായി ഒരൊറ്റ വാക്കില്ല. കൃത്യം നടക്കും മുൻപ് ഒരു ആത്മഹത്യാക്കുറിപ്പ് വായിക്കുന്നതു പോലെയാണ് സൂസന് തോന്നിയത്. കാലത്തിൽ അരികത്ത്, സ്ഥലത്തിൽ വളരെയകലെ. അവൾ വരിവരിയായി റ്റെക്സ്റ്റ് ചെയ്യാൻ തുടങ്ങുന്നു.

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

"എന്ത്!"

"ഡാലിയാ, എന്തു പറ്റി?"

"ദയവ് ചെയ്‌ത്‌ എന്തെങ്കിലും പറയ്."

"ഡാലിയ, നീ അവിടെയുണ്ടോ?"

പ്രജ്ഞാപരമായി കൂട്ടുകാരി എവിടെയും ഇല്ല. മോബൽ ഫോൺ അണച്ച് തളർച്ചയുടെ ഗുരുത്വത്തിൽ മറിഞ്ഞു വീണിരുന്നു ഡാലിയ. തലകീഴായൊരു ചുഴിയല്ലേ കിരീടം? അല്ലേ? അല്ലേ?...  

പതിനൊന്നു  മണിയോടടുത്ത് സൂസൻ ഉത്ക്കൺഠയോടെ ഡാലിയയുടെ അച്‌ഛനെ വിളിക്കുന്നു, "അങ്കിൾ, സോറി, ഞാൻ വിളിക്കുന്നത് …" / "അറിയാം. കീമോ നിർത്തുമെന്ന് ഡാലിയ പറഞ്ഞിരിക്കും, അല്ലേ?" / "ഉം." / "രാവിലെ പത്തു മണിക്കാണ് എന്നോട് പറഞ്ഞത്. ആദ്യം ഞെട്ടി. പക്ഷേ പിന്നീടോർത്തു, അങ്ങനെ പറഞ്ഞില്ലെങ്കിൽ എൻെറ കുട്ടി ലോയിസിനെപ്പോലെ ഡിസി കോമിക്‌സിലെ ഒരു സൂപ്പർവുമൻ ആയിരിക്കണം. ഹാ, ഒരു ബ്ളഡ് റ്റ്റാൻസ്ഫ്യൂഷനിലൂടെയല്ലേ ലോയിസിന് എല്ലാ അമാനുഷിക സിദ്ധികളും ഉണ്ടായത്! ചുവന്ന കീമോയിൽ ചിലപ്പോൾ മാനുഷിക സിദ്ധികൾ പോലും ചോർന്നു പോകും."  

തുടർന്നുള്ള സഭാഷണത്തിലാണ് തലമുടി നഷ്‌ടപ്പെട്ടവരുടെ കിരീടം ഒരു വിഷയമായത്. സൂസൻ വിചാരിക്കുന്നു, എനിക്കാവശ്യമായ വിവരം കിട്ടുന്നില്ല! സൂസൻ വിചാരിക്കുന്നത് ഡാലിയയുടെ ഡാഡിക്കറിയാം. പതിന്നാലാം കീമോ നാളിലെ സംഭവങ്ങൾ (15) വിവരിച്ച് അദ്ദേഹം കൂട്ടിച്ചേർത്ത വാക്കുകൾ സൂസൻ രേഖപ്പെടുത്തിയിട്ടുണ്ട്. 

"രാവിലെ ഒമ്പത് മണി തൊട്ട് നാലു മണിക്കൂറോളം ഹോസ്‌പിറ്റലിൽ കാത്തിരിപ്പും ഡ്രിപ്പുകളും കഴിഞ്ഞ് ഫ്‌ളാറ്റിൽ തിരിച്ചെത്തുമ്പോൾ തോന്നും, തളർച്ച തീർക്കാൻ ഇനി മൂന്നാഴ്‌ചയോളമെങ്കിലും റിപ് വാൻ വിങ്കിളിനെപ്പോലെ കിടന്നുറങ്ങാം. കിട്ടിയത് ഐസിലും ഹീറ്ററിലും വിശ്രമം. മാറിമാറി കുളിരൽ, വിയർക്കൽ. ഛർദ്ദിയുടെ പരമ്പര. സന്ധ്യക്ക് ഏഴു മണി തൊട്ട് മണിക്കൂറുകളോളം വീണ്ടും അതേ ഹോസ്‌പിറ്റലിൽ. ഒന്നും മനസ്സിലാക്കാത്ത നഴ്‌സുകളുടെയും ഒന്നും മനസ്സിലാക്കാത്തൊരു ഡോക്റ്ററുടെയും മേൽനോട്ടത്തിൽ തെറ്റായൊരു ഡ്രിപ്പും പിന്നെ ശരിയായൊരു ഡ്രിപ്പും എല്ലാം കഴിഞ്ഞ് പിറ്റേന്ന് ഒന്ന് ഏയെമ്മിന് ശേഷം വീട്ടിൽ തിരിച്ചെത്തുന്നൊരു ശരീരം എന്താണ് പറയുക! പേടിക്കേണ്ട. മനസ്സ്  മാറ്റാൻ ഡാലിയക്ക് സമയമുണ്ട്."     

അങ്കിൾ അവസാനമായി പറഞ്ഞ വാക്കുകൾ സൂസൻ എന്നും മറക്കില്ല. 

"ഹോസ്‌പിറ്റലിൽ താൻ കണ്ട ജീസസിൻ്റെ ശിരസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ട മുൾക്കിരീടമാണ് ഡാലിയ ധരിക്കുന്നതെന്ന് ഞാൻ പറയില്ല. പക്ഷേ, ഡാലിയയുടെ  കിരീടം തുല്യനിലയിൽ ദുസ്സഹമാണ്."

തുടർച്ച: സൂസൻ വിൽസൻ്റെ കുറിപ്പുകൾ  

~ സംഭാഷണത്തിൽ ഡാലിയയുടെ ഡാഡി ജീസസിനെക്കുറിച്ച് പറയുന്നു. ഹോസ്‌പിറ്റൽ "സന്ദർശിച്ച"  ജീസസാണ് ഈ ജീസസ് , ബൈബിളിലെ ജീസസ് അല്ല. ഇതിൽ സംഘർഷമുണ്ടോ? ഡാലിയയുടെ ഒരു മതിഭ്രമമാണ് ഈ ജീസസെന്ന് അങ്കിൾ പറഞ്ഞിട്ടുണ്ട്. പക്ഷേ രണ്ടാം കീമോ നാളിൽ സംഭവിച്ച ഈ "മതിഭ്രമം" ഒരു പ്രതിസന്ധിയിൽ ഡാലിയയുടെ മനസ്സിൻ്റെ ഒരാവശ്യമാണെന്ന്‌ അങ്കിൾ തിരിച്ചറിയുന്നു. 

~ അതേ ദിവസം കീമോവാർഡിൽ ഡാലിയയെ സമീപിച്ച് ഒരു കീർത്തനം ചൊല്ലിയ പാസ്റ്ററെയും, ഒരു വഴിത്തിരിവിൽ JESUS LOVES YOU എന്നെഴുതിയ പലക പ്രദർശിപ്പിച്ച അജ്ഞാതരെയും, ഡാലിയയെ സംരക്ഷിക്കാൻ ജീസസിനോട് അപേക്ഷിക്കുമെന്ന് പലപ്പോളായി അറിയിച്ച അപരിചിതരെയും എല്ലാം ഒരൊറ്റ ധാരയുടെ തുടർച്ചയിലാക്കാൻ അങ്കിൾ ഉപയോഗിച്ച വാക്കാണ് 'പരിവാരം'. ഇതിൽ പരിഹാസമില്ല. ഡാലിയ ജീസസിനെ ധ്യാനിക്കുമ്പോൾ ഈ പരിവാരം ഗ്രീക്ക് നാടകങ്ങളിലെ കോറസ് പോലെ അവളുടെ കൂടെയുണ്ട്. 

~ കുരിശുമാല ഉപേക്ഷിച്ചപ്പോൾ (01) ഒപ്പം മറവിയിലായ ജീസസിനെ ഈ ദിവസങ്ങളിൽ ഡാലിയ വീണ്ടും ധ്യാനിക്കാൻ തുടങ്ങിയത് അവളുടെ ഡാഡി മനഃദൃഷ്ടമാക്കിയ തുടർച്ചയിലാണ്. ഡാലിയ എന്നെ നേരിട്ടറിയിച്ച സത്യമാണിത്. 

~ ഇന്നു രാവിലെ ഞാൻ അങ്കിളിനെ വിളിച്ചതിനു ശേഷം ഡാലിയ എനിക്കൊരു ടെക്സ്റ്റ് അയച്ചിരുന്നു: "സൂസൻ, ഞാൻ നിന്നെ ഞെട്ടിപ്പിച്ചെങ്കിൽ ക്ഷമിക്കുക. ഇന്നലെ  മുഴുവൻ ഞാനൊരു പോസ്റ്റ്-മോർടം അനുഭവത്തിലായിരുന്നു. തലയിലെ കാപ്പ് പോലും താങ്ങാനാവാത്ത അവസ്ഥയിലാണ് കീമോ നിർത്തുകയാണെന്ന് ഞാൻ പറഞ്ഞത്. നീ പേടിക്കരുത്, നിങ്ങളാരും പേടിക്കരുത്. എന്നോടോപ്പം ഒരു  24/7 ബൈസ്‌റ്റാൻഡർ  ഈ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്, അറിയാമല്ലോ? "  

~ അറിയാം. ഡാഡിയുടെ വിഭാവനമനുസരിച്ച് ജീസസിൽ ആരംഭിക്കുന്ന  'പരിവാരം', ഞങ്ങളുടെ വെബ്സൈറ്റിൽ പ്രവർത്തിക്കുന്ന ഉറ്റ സുഹൃത്തുക്കൾ, ഡാഡിയുടെ സുഹൃത്തുക്കൾ… എല്ലാവരും ഡാലിയയുടെ കൂടെയുണ്ട്. സ്നേഹം, സഹായം, ധ്യാനം, സമ്മാനം, വിനിമയം… പക്ഷേ എനിക്കറിയാം, ഡാലിയയുടെ ഏറ്റവും വലിയ കരുത്ത് ഡാഡിയാണ്.

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം